UPDATES

സിനിമ

‘ഫിലിം’ എന്തുകൊണ്ട് ഫിലിം ആകണം? ക്രിസ്റ്റഫര്‍ നോളനും ഡിജിറ്റല്‍ കാലത്തെ സെല്ലുലോയ്ഡ് പ്രേമവും

ഫിലിമില്‍ പകര്‍ത്തുന്ന ചിത്രത്തില്‍ ഡിജിറ്റലിന് അവകാശപ്പെടാന്‍ കഴിയാത്ത റൊമാന്‍സും മാജിക്കുമുണ്ടെന്ന് കെയു മോഹനന്‍ അഭിപ്രായപ്പെടുന്നു. പുതിയതിലേയ്ക്ക് കടക്കുമ്പോള്‍ പഴയതിനെ സംരക്ഷിച്ച് സൂക്ഷിക്കുന്ന സംസ്‌കാരം ഇന്ത്യക്കാര്‍ക്കില്ല.

ഡിജിറ്റല്‍ സാങ്കേതിക വിദ്യ ദ്രുതഗതിയില്‍ വികസിക്കുന്ന കാലത്തും സിനിമ ചിത്രീകരണത്തിന് വേണ്ടി ഫിലിമും ഉപയോഗിക്കണമെന്ന് കരുതുന്നവരാണ് പല പ്രമുഖ സിനിമാട്ടോഗ്രാഫര്‍മാരും. ബോളിവുഡിലെ പ്രമുഖ സിനിമാട്ടോഗ്രാഫര്‍മാരായ കെയു മോഹനനും രവി കെ ചന്ദ്രനും അടക്കമുള്ളവര്‍ ഈ അഭിപ്രായമുള്ളവരാണ്. ക്രിസ്റ്റഫര്‍ നോളന്റെ ഡണ്‍കിര്‍ക്ക് 65 എംഎം ഫിലിം കാമറയിലാണ് പകര്‍ത്തിയത്. എന്തുകൊണ്ടാണ് നോളന്‍ അടക്കമുള്ള സംവിധായകരും ഇന്ത്യയിലെ പ്രമുഖ സിനിമാട്ടോഗ്രാഫര്‍മാരും എല്ലാം ഇപ്പോഴും സെല്ലുലോയിഡ് നിലനില്‍ക്കണമെന്ന് താല്‍പര്യപ്പെടുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ മോഹ്വ ദാസ് പരിശോധിക്കുന്നത്.

അനുദിനം വികസിക്കുന്ന സാങ്കേതികവിദ്യ പുതിയ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ആര്‍ക്കും എന്തും ഷൂട്ട് ചെയ്യാം. എന്നാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണവും ഫാസ്റ്റ് ഫുഡും തമ്മിലുള്ള വ്യത്യാസം അറിയാന്‍ കഴിയും – രവി കെ ചന്ദ്രന്‍ അഭിപ്രായപ്പെടുന്നു. ഫിലിമില്‍ പകര്‍ത്തുന്ന ചിത്രത്തില്‍ ഡിജിറ്റലിന് അവകാശപ്പെടാന്‍ കഴിയാത്ത റൊമാന്‍സും മാജിക്കുമുണ്ടെന്ന് കെയു മോഹനന്‍ അഭിപ്രായപ്പെടുന്നു. പുതിയതിലേയ്ക്ക് കടക്കുമ്പോള്‍ പഴയതിനെ സംരക്ഷിച്ച് സൂക്ഷിക്കുന്ന സംസ്‌കാരം ഇന്ത്യക്കാര്‍ക്കില്ല. പഴയ കാമറകളും സ്‌കാനിംഗ് മെഷിനുകളും പ്രൊജക്ടറുകളുമെല്ലാം ഉപേക്ഷിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഫിലിമിനെ ഉപേക്ഷിക്കുക ഒട്ടും ശരിയല്ല – മോഹനന്‍ പറയുന്നു.

ധൂം 3, സഞ്ജയ് ലീല ബന്‍സാലിയുടെ ബാജിറാവു മസ്താനി, പദ്മാവത് തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്ത സുദീപ് ചാറ്റര്‍ജി പറയുന്നത് താന്‍ ഡിജിറ്റല്‍ വിരുദ്ധനൊന്നും അല്ലെന്നാണ്. എന്നാല്‍ ഫിലിം ഉപയോഗിക്കാനുള്ള സാധ്യതയും വേണം. എല്ലാ സിനിമകള്‍ക്കും ഗ്രാഫിക്‌സും വിഷ്വല്‍ എഫക്ട്‌സുമായി വലിയ ഡിജിറ്റല്‍ ഇടപെടല്‍ ആവശ്യമില്ല. പിന്നെ എന്തിനാണ് ഫിലിം പൂര്‍ണമായും ഉപേക്ഷിക്കുന്നത് – സുദീപ് ചാറ്റര്‍ജി ചോദിക്കുന്നു. സിനിമ ഒരു കെമിക്കല്‍ പ്രോസസാണ്. ലൈറ്റ് ലെന്‍സില്‍ കടന്ന് നെഗറ്റീവില്‍ തട്ടുന്നു. കെമിക്കല്‍ റിയാക്ഷന്‍ നിറങ്ങളും വെളിച്ചവും ഷേഡ് ഡൈനമാമിക്കുകളും സ്വപ്‌നതുല്യമായ ടെക്‌സ്ചറുകളുമുണ്ടാക്കുന്നു. ഡിജിറ്റല്‍ ദൃശ്യങ്ങള്‍ക്ക് നഷ്ടമാകുന്നവയാണ് ഇവ. ഫിലിം റോളുകളുടെ പരിമിതി ടേക്കുകളെ അഭിനേതാക്കള്‍ കൂറേകൂടി ഗൗരവത്തോടെ സമീപിക്കാന്‍ സഹായിക്കുമെന്നും സുദീപ് ചാറ്റര്‍ജി അഭിപ്രായപ്പെടുന്നു. എത്ര ടേക്ക് വേണമെങ്കിലും സാധ്യമായ ഡിജിറ്റലില്‍ ഒരു ഷോട്ടിന്റെ പവിത്രത നഷ്ടപ്പെടുന്നുണ്ട് – സുദീപ് പറയുന്നു.

The Digital Dilemma എന്ന തലക്കെട്ടില്‍ 2007ലും 2012ലും അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് ഡിജിറ്റല്‍ മെറ്റീരിയല്‍ എത്ര കാലത്തേയ്ക്ക് നിലനില്‍ക്കും എന്ന ആശങ്ക പങ്കുവച്ചിരുന്നു. പ്രത്യേക ടെംപറേച്ചറുകളിലും ഹ്യുമിഡിറ്റിയും ഫിലിം സ്റ്റോക്കുകള്‍ ദീര്‍ഘകാലം സൂക്ഷിക്കാം. അതേസമയം 100 വര്‍ഷമോ അതില്‍ കൂടുതലോ ഡിജിറ്റല്‍ കണ്ടന്റ് എങ്ങനെ സൂക്ഷിക്കാം എന്ന പ്രശ്‌നമുണ്ട്. ഇതുകൊണ്ടാണ് ചില പിന്തിരിപ്പന്മാര്‍ സെല്ലുലോയ്ഡ് സംരക്ഷിക്കുന്നതിന് വേണ്ടി വാദിച്ചുകൊണ്ടിരിക്കുന്നത്. ഫിലിം ആര്‍കൈവിസ്റ്റ് ആയ ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍ അവരിലൊരാളാണ്. 2014ല്‍ ഇതിനായി ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ദുംഗാര്‍പൂര്‍ സ്ഥാപിച്ചു. ഇതറിഞ്ഞ ക്രിസ്റ്റഫര്‍ നോളന്‍ ഇന്ത്യയിലെ ഫിലിം സംരക്ഷണ പ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ക്രിസ്റ്റഫര്‍ നോളന് പുറമെ വിഷ്വല്‍ ആര്‍ട്ടിസ്റ്റും സേവ് ഫിലിം സ്ഥാപകനുമായ ടസീറ്റ ഡീന്‍ അടക്കമുള്ളവരും ഫിലിം സംരക്ഷണത്തിനായി സജീവമായി രംഗത്തുണ്ട്. ഫിലിം സംരക്ഷണവുമായി ബന്ധപ്പെട്ട് യുനെസ്‌കോയെ സേവ് ഫിലിം സമീപിച്ചിട്ടുണ്ട്. ഫോട്ടോകെമിക്കല്‍ ഫിലിം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണത്തിനായി നോളനും ടസീറ്റ ഡീനും അടുത്തയാഴ്ച മുംബൈയില്‍ എത്തുന്നുണ്ട്. ശ്രീലങ്കയില്‍ 30,000 ഫിലിം റീലുകള്‍ സംരക്ഷിക്കാന്‍ ദുംഗാപൂരിന്റെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

ഹോളിവുഡില്‍ സെല്ലുലോയ്ഡ് തിരിച്ചുവരുകയാണ്. ഈ വര്‍ഷം ഓസ്‌കര്‍ നോമിനികളായിരുന്ന ഡണ്‍കിര്‍ക്, ഫാന്റം ത്രെഡ്, ദ പോസ്റ്റ്, ഐ ടോണ്യ, കോള്‍ മീ ബൈ യുവര്‍ നെയിം തുടങ്ങിയവയെല്ലാം ഫിലിം കാമറയില്‍ ചിത്രീകരിച്ചവയാണ്. ക്രിസ്റ്റഫര്‍ നോളന്‍, സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ക്വെന്റിന്‍ ടറന്റിനോ തുടങ്ങിയവരെല്ലാം സെല്ലുലോയ്ഡ് ഉപയോഗിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇവിടെയും അത് ഉടന്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും രവി കെ ചന്ദ്രന്‍ പറഞ്ഞു.

വായനയ്ക്ക്: https://goo.gl/jcwwfv

ഡണ്‍കിര്‍ക്കിലുണ്ടായിരുന്ന ഇന്ത്യന്‍ സൈനികരെ ക്രിസ്റ്റഫര്‍ നൊളാന്‍ എവിടെയാണ് ഒളിപ്പിച്ചത്‌ (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍