UPDATES

സിനിമ

നവാസുദ്ദീന്‍ സിദ്ദിഖിയുടെ ബാല്‍ താക്കറെ എന്തുകൊണ്ട് പരിഹാസ്യമാകുന്നു

പദവികളും സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളുമുള്ളവര്‍ വ്യവസ്ഥിതിയുടെ എല്ലാ കൊള്ളരുതായ്മകളേയും അനുകൂലിക്കും. യാഥാസ്ഥിതികത്വം, പാരമ്പര്യവാദം തുടങ്ങിയവയോടുള്ള അടുപ്പം സ്വാഭാവികമായും ഈ താരങ്ങളെ വലതുപക്ഷവുമായി അടുപ്പിക്കും.

ഡെയ്ലി ഒ യില്‍ (danilyo.in) ഗൗതം ബെനഗല്‍ എഴുതിയതില്‍ നിന്ന്:

തന്റെ ഗ്രാമത്തിലെ രാംലീലയില്‍ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച നവാസുദ്ദീന്‍ സിദ്ദിഖിയെ ശിവസേന രൂക്ഷമായി വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത് ഒരു വര്‍ഷം കഴിയുമ്പോള്‍ അദ്ദേഹം സിനിമയില്‍ ശിവസേന തലവന്‍ ബാല്‍ താക്കറെ ആയി അഭിനയിക്കുകയാണ്. തീവ്ര ഹിന്ദുത്വ വലതുപക്ഷ നേതാവായ ബാല്‍ താക്കറെ മുസ്ലീംവിരുദ്ധ പരാമര്‍ശങ്ങള്‍ വളരെ പരസ്യമായി തന്നെ നടത്തിയിട്ടുള്ളയാളാണ്. 900ത്തിലധികം പേര്‍ കൊല്ലപ്പെട്ട ബോംബെ വര്‍ഗീയ കലാപത്തില്‍ ബാല്‍ താക്കറെയുടെ പങ്ക് വ്യക്തമാക്കിയിരുന്ന ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഏത് കഥാപാത്രം ചെയ്യാനുമുള്ള സ്വാതന്ത്ര്യവും ഏതൊരു അഭിനേതാവിനുമുണ്ട്. എന്നാല്‍ മുസ്ലീമായത് കാരണം തന്നെ രാംലീലയില്‍ നിന്ന് വിലക്കിയ അസഹിഷ്ണുതയില്‍ ദുഖം പ്രകടിപ്പിച്ച നവാസുദീന്‍ സിദ്ദിഖി ഒരു വര്‍ഷത്തിന് ശേഷം വീഡിയോ സന്ദേശത്തില്‍ പറയുകയാണ് ഇത്രയും മഹാനായ ഒരു വ്യക്തിയെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും ബാലാസാഹേബിന്റെ അനുഗ്രഹം എനിക്കുണ്ടെന്നും മറ്റും പറയുമ്പോള്‍ അതില്‍ കാര്യമായ പ്രശ്നമുണ്ട്.

ഈ രാജ്യത്തിന്റെ ശരിക്കുമുള്ള രാജാവിനെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ നവാസുദ്ദീന്‍ സിദ്ദിഖി അഭിമാനം പ്രകടിപ്പിച്ചിരുന്നു. ബാല്‍ താക്കറെയുടെ മകനും നിലവിലെ ശിവസേന തലവനുമായ ഉദ്ധവ് താക്കറെ ചിത്രം നിര്‍മ്മിക്കുന്ന ശിവസേന എംപി സഞ്ജയ് റാവത്ത്, ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയ, ബാല്‍ താക്കറെയുടെ സുഹൃത്ത് കൂടിയായ അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ക്കെല്ലാം നവാസുദ്ദീന്‍ നന്ദി പറയുന്നുണ്ട്. ഈ ട്വീറ്റിനുള്ള മറുപടിയായി ഒരാള്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു – ഉത്തര്‍പ്രദേശില്‍ നിന്നടക്കമുള്ള കുടിയേറ്റക്കാര്‍ മറാത്തികളുടെ ജോലി അപഹരിക്കുന്നു എന്ന മുറവിളിയാണ് ബാല്‍ താക്കറെ ജീവിതകാലം മുഴുവന്‍ നടത്തിയത് എന്നതാണ് വൈരുദ്ധ്യം. അവസാനം താക്കറെയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ഒരു യുപി കുടിയേറ്റക്കാരന്‍ തന്നെ വേണ്ടി വന്നു (അമിതാഭ് ബച്ചന്റെ കുടുംബവും യുപി സ്വദേശികളാണ്.). ടീസര്‍ പുറത്തിറക്കിയതിന് ശേഷം അമിതാഭ് ബച്ചന്‍ ഇങ്ങനെ പറഞ്ഞു – എനിക്ക് വ്യക്തിപരവും കുടുംബപരവുമായി വളരെയടുത്ത ബന്ധം ബാലാസാഹെബ് താക്കറെയുമായി ഉണ്ട്. ബാലാസാഹെബ് ഏത് ചടങ്ങിന് വിളിച്ചാലും ഞാന്‍ പോകുമായിരുന്നു. അദ്ദേഹം എനിക്ക് പിതൃതുല്യനായിരുന്നു.

അന്തരിച്ച നടനും മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സുനില്‍ ദത്ത് ഒരു കാലത്ത് താക്കറെയുടെ വീടായ മാതോശ്രീയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ബോംബെ സ്‌ഫോടന പരമ്പര കാലത്ത് നിയമവിരുദ്ധമായി ആയുധം (എകെ 47) കയ്യില്‍ വച്ച കേസില്‍ മകനും നടനുമായ സഞ്ജയ് ദത്ത് ജയിലില്‍ പോയ സമയത്തായിരുന്നു അത്. ടാഡ ഭീകരവിരുദ്ധ നിയമപ്രകാരമാണ് സഞ്ജയ് ദത്ത്് ജയിലിലായത്. താക്കറെ ആ സമയം പ്രധാനമന്ത്രി നരസിംഹ റാവുവിനെ ഫോണില്‍ ബന്ധപ്പെട്ടു – സഞജയ് ദത്തിന് വേണ്ടി. സഞജയ് ദത്തിന് ജാമ്യം അനുവദിക്കാനുള്ള ശുപാര്‍ശകള്‍ വന്നു. മുംബൈ സിനിമാ വൃത്തങ്ങളില്‍ താക്കറെമാര്‍ക്കുള്ള സ്വാധീനം വ്യക്തമാണ്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമെല്ലാം ബാല്‍ താക്കറെ പിന്തുണ നല്‍കി.

താക്കറെയോട് വിധേയത്വം കാണിക്കാത്ത സിനിമാക്കാര്‍ വളരെ അപൂര്‍വമായിരുന്നു. നടന്‍ എകെ ഹംഗല്‍ ഇതിനൊരു അപവാദമാണ്. 1993ല്‍ തന്റെ ജന്മദേശമുള്ള പാകിസ്ഥാനിലേയ്ക്ക് പോകാന്‍ അദ്ദേഹം വിസയ്ക്ക് അപേക്ഷിച്ചു. ബോംബെയിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിന്റെ ക്ഷണപ്രകാരം പാകിസ്ഥാന്‍ ദിനാഘോഷങ്ങളില്‍ പങ്കെഅദ്ദേഹം പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ അപ്പോളാണ് ബാല്‍ താക്കറെയും ശിവസേനയും കടുവ പോലെ ചാടി വീണത്. എകെ ഹംഗലിനെ രാജ്യദ്രോഹിയെന്നും ചതിയനെന്നും ബാല്‍ താക്കറെ വിളിച്ചു. ഹംഗലിന്റെ കോലം കത്തിച്ചു. അദ്ദേഹത്തിന്റെ സിനിമകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടു. സിനിമകളില്‍ നിന്ന് അദ്ദേഹമുള്ള സീനുകള്‍ വെട്ടി മാറ്റി. എന്നാല്‍ താക്കറെയ്ക്ക് മുന്നില്‍ തല കുനിക്കാന്‍ ഹംഗല്‍ തയ്യാറായില്ല. ബാല്‍ താക്കറെയെ കടുവയെന്ന് വിളിച്ചാല്‍ പോര, സിംഹമെന്ന് തന്നെ വിളിക്കണമെന്ന് ദിലീപ് കുമാര്‍ ഒരിക്കല്‍ പറഞ്ഞു. എന്നാല്‍ പാകിസ്ഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ നിഷാന്‍ ഇ പാകിസ്ഥാന്‍ തിരിച്ചുനല്‍കണമെന്ന് 1999ല്‍ ബാല്‍ താക്കറെ ദിലീപ് കുമാറിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അത് തള്ളിക്കളഞ്ഞു. എന്നാല്‍ പൊതുവില്‍ താക്കറെ കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലഴഞ്ഞതാണ് ബോളിവുഡിന്റെ ചരിത്രം.

1976ല്‍, അതായത് അടിയന്തരാവസ്ഥയുടെ ഏറ്റവും ഭീതിദമായ മൂര്‍ദ്ധന്യ കാലത്ത്, സഞജയ് ഗാന്ധിയും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്ന് നിര്‍ബന്ധിച്ച വന്ധ്യംകരണമടക്കം രാജ്യത്ത് ഭീകരത അഴിച്ചുവിടുകയായിരുന്നു. അക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടിയെ പ്രൊമോട്ട് ചെയ്യുന്നതിനായി ഒരു സംഗീത പരിപാടി സംഘടിപ്പിച്ചു. ഷോലെയുടെ തീം മ്യൂസിക് അടക്കം ഓര്‍ക്കസ്ട്രയായി അവതരിപ്പിച്ചു. ഈ ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്ന ആര്‍ഡി ബര്‍മന്‍, ദിലീപ് കുമാര്‍ തുടങ്ങിയവരടക്കം പരിപാടിയില്‍ പങ്കെടുത്തു. സഞജയ് ഗാ്ന്ധിയുടെ ക്ഷണം നിരസിക്കാനുള്ള ധൈര്യം പോലും അക്കാലത്ത് ബോളിവുഡിനുണ്ടായിരുന്നില്ല. എന്നാല്‍ ഗായകന്‍ കിഷോര്‍ കുമാറിന് ആ ധൈര്യമുണ്ടായിരുന്നു. സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന കേന്ദ്ര മന്ത്രി വിസി ശുക്ലയോട് പരിഹാസപൂര്‍വം അദ്ദേഹം ഇങ്ങനെ പറഞ്ഞു. നിങ്ങള്‍ പണം തരൂ, ഞാന്‍ വരാം. നട്ടെല്ലുണ്ടാകുന്നതിന് വലിയ വില കൊടുക്കേണ്ട കാലമായിരുന്നു. കിഷോര്‍ കുമാറിന്റെ പാട്ടുകളൊന്നും ഇനി കേള്‍പ്പിക്കരുതെന്ന് സഞ്ജയ് ഗാന്ധി ഓള്‍ ഇന്ത്യ റേഡിയോയോട് ഉത്തരവിട്ടു. ഓള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും കിഷോറിന് വിലക്ക് വന്നു. പിന്നീട് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ ആവശ്യപ്രകാരമാണ് കിഷോറിനുള്ള വിലക്ക് നീക്കിയത്. 1985ല്‍ പ്രീതിഷ് നന്ദിയുമായുള്ള അഭിമുഖത്തില്‍ ഇതേക്കുറിച്ച് കിഷോര്‍ ഇങ്ങനെ പറഞ്ഞു – എനിക്ക് താല്‍പര്യമില്ലാത്ത ഒരു കാര്യം എന്നെക്കൊണ്ട് ചെയ്യിക്കാന്‍ ആര്‍ക്കും കഴിയില്ല. ഞാന്‍ ആരുടേയും ആജ്ഞകള്‍ക്ക് അനുസരിച്ചല്ല പാട്ട് പാടുന്നത്.

പദവികളും സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളുമുള്ളവര്‍ വ്യവസ്ഥിതിയുടെ എല്ലാ കൊള്ളരുതായ്മകളേയും അനുകൂലിക്കും. യാഥാസ്ഥിതികത്വം, പാരമ്പര്യവാദം തുടങ്ങിയവയോടുള്ള അടുപ്പം സ്വാഭാവികമായും ഈ താരങ്ങളെ വലതുപക്ഷവുമായി അടുപ്പിക്കും. നോട്ട് നിരോധന കാലത്ത് യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത സിനിമ ഇന്‍ഡ്‌സ്ട്രി അതിനെ പ്രശംസിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. 1981ല്‍ പുറത്തിറങ്ങിയ മെഫിസ്റ്റോ എന്ന ചിത്രം ഓര്‍ക്കാവുന്നതാണ്. ഹിറ്റ്‌ലറുടെ ജര്‍മ്മനിയാണ് പശ്ചാത്തലം. ഹെന്‍ട്രിക് ഹോഫ്‌ഗെന്‍ ആണ് കേന്ദ്ര കഥാപാത്രം. തീയറ്റര്‍ രംഗത്തെ കഷ്ടപ്പാടുകളിലൂടെ മുന്നോട്ടുപോകുന്ന ഹോഫ്ഗനെ ഒരു താരമാകാന്‍ സഹായിക്കാമെന്ന് നാസി പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. അദ്ദേഹം ആ വാഗ്ദാനം സ്വീകരിക്കാന്‍ മടി കാണിക്കുന്നില്ല. മികച്ച റോളുകളും വലിയ പ്രശംസകളും വന്നുകൊണ്ടിരിക്കുന്നു. ഹെന്‍ട്രിക് ഹോഫ്ഗന്‍ വിജയത്തില്‍ മതിമറന്ന് ഉന്മാദിക്കുന്നു. മെഫിസ്റ്റോ എന്ന കഥാപാത്രമാവുകയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. എല്ലാ ധാര്‍മ്മിക ബാധ്യതകളേയും അദ്ദേഹം വിസ്മരിക്കുന്നു. ഇത്തരത്തില്‍ സ്വാര്‍ത്ഥമായ ഒരു സമൂഹം ലോകത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നു.

(ഡെയ്ലി ഒ യില്‍ (danilyo.i) ഗൗതം ബെനഗല്‍ എഴുതിയതില്‍ നിന്ന്)

വായനയ്ക്ക്: https://goo.gl/wncXNE

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍