UPDATES

സിനിമ

ഒരു 96 മലയാളത്തില്‍ ഉണ്ടായേക്കാം, പരിയേറും പെരുമാളോ?

പാ. രഞ്ജിത്ത്, മാരി സെല്‍വരാജ്, വെട്രിമാരന്‍ എന്നിവരെ പോലുള്ളവര്‍ തങ്ങള്‍ വരുന്ന സമുദായത്തിന്റെ, സാഹചര്യത്തിന്റെ കഥകള്‍ പറയുമ്പോള്‍ നമ്മുടെ സംവിധായകര്‍ ചെയ്യുന്നതെന്താണ്?

2018 അവസാനിക്കുമ്പോള്‍ ഒരു ചോദ്യത്തോടു കൂടി മലയാള സിനിമയെ പുതുവര്‍ഷത്തിലേക്ക് സ്വീകരിക്കാമെന്നു തോന്നുന്നു. ഈ വര്‍ഷം മലയാളി പ്രേക്ഷകര്‍ കൈയടിച്ച് സ്വീകരിച്ച രണ്ട് സിനിമകളാണ് 96ഉം പരിയേറും പെരുമാളും. രണ്ടും തമിഴ് ചിത്രങ്ങള്‍. എന്നിരിക്കിലും പ്രേക്ഷക പ്രശംസയും ബോക്‌സ് ഓഫീസ് കളക്ഷനും ഈ രണ്ടു ചിത്രങ്ങളും കേരളത്തില്‍ നിന്നും സ്വന്തമാക്കി. ഭാഷാവ്യത്യാസമില്ലാതെ മലയാളി പ്രകടിപ്പിക്കുന്ന ഈ കലാസ്വാദനത്തെ അഭിനന്ദിച്ചുകൊണ്ട് തന്നെയാണ് ചോദ്യം; 96ഉം പരിയേറും പെരുമാളും പോലുള്ള സിനിമകള്‍ ഇവിടെ ഉണ്ടാകുമോ?

96 ഉണ്ടായേക്കാം. 96 നെക്കാള്‍ മികച്ച പ്രണയ സിനിമകള്‍ ഉണ്ടായിട്ടുള്ള നാടാണ് കേരളം എന്നു പറഞ്ഞാലും ശരികേടില്ല. അങ്ങനെയെങ്കില്‍ സമ്മതിക്കാം, അടുത്ത വര്‍ഷം നമുക്കിവിടെയും 96 നെ മറികടക്കുന്നൊരു സിനിമ ഉണ്ടാകും. എങ്കില്‍ അടുത്ത ചോദ്യം ഇതാണ്; പരിയേറും പെരുമാളോ? അടുത്ത വര്‍ഷം ഉണ്ടാകുമോ? അല്ലെങ്കില്‍ അതിനടുത്ത വര്‍ഷം? അതിനുമപ്പുറം…

പറയാന്‍ ന്യായങ്ങളുണ്ടാകാം. ഇറാനിലും ലാറ്റിന്‍ അമേരിക്കയിലും ഉള്ള രാഷ്ട്രീയ-മനുഷ്യജീവിത കാലാവസ്ഥകളില്‍ നിന്നാണ് അവിടുന്നുള്ള മികച്ച സിനിമകള്‍ ഉണ്ടാകുന്നതെന്നും ഇന്ത്യന്‍ സാഹചര്യം അതില്‍ നിന്നും വ്യത്യസ്തമായതുകൊണ്ടാണ് നമുക്കിവിടെ മധേഷ്യന്‍ ലാറ്റിന്‍ അമേരിക്കന്‍ ശൈലി സിനിമകള്‍ ഉണ്ടാകാത്തതെന്നു ന്യായം പറയുന്നതുപോലെ, പരിയേറും പെരുമാള്‍ ഉണ്ടാകുന്നത് തമിഴ്‌നാട്ടിലെ ജീവിതാവസ്ഥകളില്‍ നിന്നാണെന്നും കേരളത്തില്‍ അങ്ങനെയൊരു സാഹചര്യവുമില്ല, അതിനാല്‍ അത്തരം സിനിമകളുമില്ല എന്നുള്ള ന്യായം.

96, രാക്ഷസൻ, പരിയേറും പെരുമാൾ: ഉറപ്പിച്ചു പറയാം, ഇന്ത്യൻ സിനിമയെ മുന്നില്‍ നിന്നു നയിക്കുകയാണ് തമിഴ് സിനിമ

നമ്മുടെ സിനിമയില്‍ 96 ന് സാധ്യത നില്‍ക്കുമ്പോഴും എന്തുകൊണ്ടൊരു പരിയേറും പെരുമാള്‍ ഉണ്ടാകുന്നില്ലെന്നു ചോദിക്കുമ്പോള്‍ ഇവിടെ അതിമനോഹരമായ പ്രണയം ഉണ്ടെന്നും എന്നാല്‍ ജാതീയത ഇല്ലെന്നുമാണ് ഉത്തരമെങ്കില്‍ അതില്‍പ്പരം കപടത എന്താണുള്ളത്? കല സമൂഹത്തിന്റെ പ്രതിഫലനമാണ്. അതിഭാവനകളുടെതുമാത്രമല്ല, യാഥാര്‍ത്ഥ്യങ്ങളുടെ കൂടെ ആവിഷ്‌കാരമാണ് സിനിമയായാലും കഥയായാലും കലാസൃഷ്ടികളുടെ ധര്‍മം. പക്ഷേ, നമ്മുടെ സിനിമകള്‍(മറ്റ് കലാസാഹിത്യ രൂപങ്ങളെ തത്കാലം മാറ്റിവയ്ക്കുന്നു) അത്തരമൊരു ധര്‍മം പാലിക്കാന്‍ തയ്യാറാകുന്നില്ല എന്നതുമാത്രമാണ് പരിയേറും പെരുമാളുകള്‍ ഇവിടെ ഉണ്ടാകാത്തതിനു കാരണം. അല്ലാതെ നമുക്ക് അത്തരം അനുഭവങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. ജാതി-മത-വര്‍ഗ-രാഷ്ട്രീയ കാലൂഷ്യമാര്‍ന്ന അന്തരീക്ഷം കേരളത്തിനുമേല്‍ ഇല്ലെന്ന വാദത്തിന് ഒരു മുടിനാരിന്റെ ഉറപ്പ് പോലുമില്ല.

തമിഴ് സംവിധായകന്‍ വെട്രിമാരന്റെ ഒരു ചോദ്യമുണ്ടായിരുന്നു. മലയാളത്തില്‍ പഴശ്ശിരാജയെ പറ്റിയും മറ്റ് രാജവംശങ്ങളെ കുറിച്ചും സിനിമകളുണ്ട്. എപ്പോഴാണ് ദളിത് ജീവിതങ്ങള്‍ക്ക് സിനിമയില്‍ ഇടമുണ്ടാകുക? അവരുടെ പോരാട്ടങ്ങളെ, സന്തോഷങ്ങളെ, ആഘോഷങ്ങളെ, ജീവിതങ്ങളെ സിനിമയില്‍ കൊണ്ടുവരിക? നമുക്ക് എന്തുത്തരമാണ് പറയാനുള്ളത്? നമുക്കിവിടെ പ്രിയം മാടമ്പിമാരുടെയും നാട്ടുരാജാക്കന്മാരുടെയും വീരകഥകള്‍ തന്നെയാണ്. ഈ സിനിമ മേഖലയുടെ വളര്‍ച്ചയുടെ തുടക്കം മുതല്‍ അതങ്ങനെ തന്നെയാണു താനും. ഇവിടുത്തെ പ്രഗത്ഭരായ എഴുത്തുകാരും സംവിധായകരുമൊക്കെ എന്നും സവര്‍ണ ചുറ്റുപാടുകളുടെയും അവിടെ നിന്നുള്ള നായകന്മാരുടെയും കഥകളാണ് ആവര്‍ത്തിച്ചിട്ടുള്ളതെന്നു കാണാം. ഒരു ദളിതന്റെയോ ആദിവാസിയുടെയോ ജീവിതവും ആഘോഷവും പോരാട്ടവും നമുക്ക് പ്രമേയങ്ങളാകുന്നില്ല. മറിച്ച് അത്തരം കഥാപാത്രങ്ങള്‍ നമുക്ക് വില്ലന്മാരും തമാശക്കാരുമാണ്. മണ്ണാര്‍ത്തൊടി ജയകൃഷ്ണന്‍ എന്ന മാടമ്പിയുടെ വഷളത്തരവും ആഘോഷവും പ്രണയവും നമ്മളെ കോള്‍മയിര്‍ കൊള്ളിക്കുമ്പോള്‍ തൂവാനത്തുമ്പികളില്‍ ജഗതി അവതരിപ്പിക്കുന്ന കുടിയാന്‍ കഥാപാത്രം നമുക്ക് വെറും കോമഡിയാണ്. താന്‍ വിശാലമായ ഭൂമിയുടെ ഉടമയാണെന്നു പറയുന്ന ജയകൃഷ്ണന്‍ തന്നെയാണ് തന്റെ വീടിന്റെ മുന്നില്‍ കുടില്‍ കെട്ടി താമസിക്കുന്ന കുടിയാനോട് അവിടെ നിന്നു മാറാനും അതിനു സമ്മതിക്കാതെ വരുമ്പോള്‍ സഹൃത്തുക്കളെ ഉപയോഗിച്ച് അയാളെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്നതും. തന്റെ വീടിനു മുന്നില്‍ ഒരു താഴ്ന്നജാതിക്കാരന്‍ കിടക്കുന്നതില്‍ ജയകൃഷ്ണനെന്ന മാടമ്പിക്കുള്ള അസഹ്യതയാണ് ഇവിടെ നിലനില്‍ക്കുന്ന ജാതീയത. നമ്മളതിനെ തമാശവത്കരിച്ചപ്പോള്‍ അതേ കുടിയാന്റെ അല്ലെങ്കില്‍ കീഴ്ജാതിക്കാരന്റെ പ്രതിനിധിയായ പരിയനെ കേന്ദ്രകഥാപാത്രമാക്കി തമിഴില്‍ സിനിമയിറങ്ങി. ജാതീയത തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലുമുണ്ട്. പക്ഷേ, നമ്മളതിനെ അദൃശ്യവത്കരിക്കുന്നു, തമിഴനത് തുറന്നു കാട്ടുന്നു. അവിടെയാണ് നമുക്ക് തൂവാനത്തുമ്പികളും അവര്‍ക്ക് പരിയേറും പെരുമാളും ഉണ്ടാകുന്നത്. തമിഴന്‍ കറുപ്പിനെ പുകഴ്ത്തി പറയുമ്പോള്‍, നിന്റെ ശരീരത്തിനെക്കാള്‍ കറുത്തതാണ് നിന്റെ മനസിലെ കറുപ്പ് എന്ന വെറുപ്പ് പ്രകടിപ്പിക്കുകയാണ് മലയാളി ഇന്നും. തമിഴന്‍ ഒരു നായയെ മനുഷ്യാവസ്ഥകളോട് ഉപമിക്കുമ്പോള്‍, നമുക്കിപ്പോള്‍ ചിരി പടര്‍ത്താന്‍ പുറകെ ഓടി വരുന്ന ഒരു ക്രൂര ജന്തു മാത്രമാണത്.

എനിക്ക് ഭയമാണ്, എന്റെ സിനിമയുടെ വിജയം ആസ്വദിക്കാന്‍ കഴിയുന്നില്ല; പരിയേറും പെരുമാള്‍ സംവിധായകന്‍ മാരി സെല്‍വരാജ് പറയുന്നു

മലയാളി സ്വാംശീകരിച്ചിരിക്കുന്നൊരു വരേണ്യ മനോഭാവമുണ്ട്. അതിനെ തൃപ്തിപ്പെടുത്താനാണ് നമ്മുടെ സിനിമകള്‍ എന്നും ശ്രമിക്കുന്നത്. ആറാം തമ്പുരാനും ദേവാസുരവും നസ്രാണിയുമൊക്കെ ഉണ്ടാകുന്നത് ആ തൃപ്തിപ്പെടുത്തലിനായാണ്. ഇതിനു നേരെ എതിര് നില്‍ക്കുന്ന, അല്ലെങ്കില്‍ ബ്രാഹ്മണിക്കല്‍ അധികാര ഘടനയ്ക്ക് പുറത്തു നില്‍ക്കുന്ന ജാതികളെ നാം അദൃശ്യവത്കരിക്കുകയും ചെയ്യുന്നു. തമിഴിലും ഇതുപോലെയുള്ള സവര്‍ണജാതി നായകരുടെ ഹീറോയിസം കാണിക്കുന്ന സിനിമകള്‍ ഉണ്ടായിട്ടില്ലെന്നോ ഉണ്ടാകുന്നില്ലെന്നോ അല്ല. പക്ഷേ അതിനു സമാന്തരമായി, അത്തരം സിനിമ സങ്കല്‍പ്പങ്ങളെ പൊളിക്കാനുള്ള വെല്ലുവിളി ഉയര്‍ത്തി കാലയും മദ്രാസും പരിയേറും പെരുമാളും ജോക്കറും പോലുള്ള സിനിമകള്‍ അവര്‍ ഉണ്ടാക്കുന്നുണ്ട്. അത്തരം സമാന്തര പോരാട്ടം മലയാളത്തില്‍ നടക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യം. നമുക്കിവിടെ തമിഴന്‍ പറയുന്ന രാഷ്ട്രീയമോ ജാതിപ്രശ്‌നങ്ങളോ ഇല്ലാത്തതല്ല കാരണം. മലയാളി എപ്പോഴും പുരോഗമനം പറയുന്നൊരു കൂട്ടമാണ്. ജാതിയതയെയൊക്കെ നാമവിടെ മറച്ചുവയ്ക്കും. അതു നമ്മുടെ വരേണ്യസ്വഭാവത്തിന്റെ പ്രശ്‌നമാണ്. വെളുപ്പ്, തറവാട്, കസവാടകള്‍ ഇതൊക്കെയാണ് നമ്മുടെ നായകസങ്കല്‍പ്പങ്ങളുടെ ചേരുവകകള്‍. ഒരു ആദിവാസി സ്ത്രീ നായികയായി വരുമ്പോള്‍ പോലും നാമവിടെ വെളുത്ത് ഉടലഴകുകളേറിയൊരു പെണ്‍രൂപത്തേയാണ് കൊണ്ടുവരുന്നത്. ആദിവാസിയെ, ദളിതനെ ആ രീതിയില്‍ ചിത്രീകരിക്കാന്‍ നമുക്ക് കഴിയുന്നില്ല. ലോഹിതദാസിനെ പോലുള്ളവര്‍ ആശാരിയേയും കൊല്ലനേയും കേന്ദ്രകഥാപാത്രങ്ങളാക്കിയിട്ടുണ്ടെന്നു പറയുമ്പോള്‍ പോലും ആ കഥാപാത്രങ്ങളില്‍ ഒരു സവര്‍ണത പ്രതിഫലിക്കാന്‍ വേണ്ടി അതിനുതകുന്ന നായക ശരീരങ്ങളെയാണ് ഉപയോഗിച്ചിരിക്കുന്നത്. കമ്മട്ടിപ്പാടം പോലൊരു സിനിമയില്‍ പോലും അതിന്റെ വിജയത്തിന് ഒരു സവര്‍ണ നായക ശരീരത്തിന്റെ ആവശ്യകത വേണമെന്നു തോന്നുന്നവരാണ് നമ്മള്‍.

പാ. രഞ്ജിത്ത്, മാരി സെല്‍വരാജ്, വെട്രിമാരന്‍ എന്നിവരെ പോലുള്ളവര്‍ തങ്ങള്‍ വരുന്ന സമുദായത്തിന്റെ, സാഹചര്യത്തിന്റെ കഥകള്‍ പറയുമ്പോള്‍ പോലും നമ്മുടെ സിനിമാക്കാര്‍ തങ്ങളിലും മുകളിലുള്ള ജാതികളെ തൃപ്തിപ്പെടുത്താനും തന്റെയോ തനിക്കും താഴെയുള്ളവരുടയോ കഥകളില്‍ തമാശ നിറയ്ക്കാനെ നോക്കുന്നുള്ളൂ. എം എക്കാരനായാലും തെങ്ങു കയറ്റക്കാരന്റെ മകന്‍ തെങ്ങു കയറുന്നതില്‍ യാതൊരു കുറച്ചിലുമില്ലെന്നും എന്നാല്‍ തറവാട്ടുകാരനായ ഒരു സ്‌കൂള്‍ മാഷിന്റെ മകന്‍, അന്തസ്സുള്ള ജോലി ചെയ്തില്ലെങ്കില്‍ കുറച്ചിലാണെന്നു പറയുന്ന സിനിമകളെടുക്കുന്ന ശ്രീനിവാസനും സത്യന്‍ അന്തിക്കാടുമൊക്കെ വരേണ്യതയുടെ അടിമകളായി തന്നെയാണ് നില്‍ക്കുന്നത്. നിങ്ങള്‍ നിങ്ങളായും ഞാന്‍ ഞാനായി തന്നെയുമിരിക്കണമെന്നു കരുതുന്ന കാലത്തോളം ഇവിടെ ഒന്നും മാറാന്‍ പോകുന്നില്ലെന്ന പരിയന്റെ വാക്കുകള്‍ മലയാള സിനിമയും കൂടി കേള്‍ക്കേണ്ടതാണ്. നമ്മുടെ ബ്രാഹ്മണിക്കല്‍ വരേണ്യതയുടെ ശീലങ്ങളില്‍ നിന്നും പുറത്തു കടക്കാന്‍ ശ്രമം ഉണ്ടാകാത്തിടത്തോളം ഇവിടെയൊരു പരിയേറും പെരുമാള്‍ ഉണ്ടാകുമെന്ന് കരുതേണ്ടതില്ല.

വണ്ണാര്‍പേട്ടെ തങ്കരാജ്; തെരുവിലാടി ജീവിച്ചവന്‍, വെള്ളരിത്തോട്ടത്തിലെ കാവല്‍ക്കാരന്‍, കീഴ്ജാതി നിസ്സഹായത കാണിച്ച് ഉള്ളുപൊള്ളിച്ച നടന്‍

പുകവലിക്കുന്ന പെണ്‍കുട്ടി പ്രണയത്തിന് അര്‍ഹയല്ലാത്ത നിങ്ങളുടെ സദാചാര മൂല്യത്തെ തൃപ്തിപ്പെടുത്തുന്നുണ്ട് 96

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍