UPDATES

സിനിമ

‘സെക്‌സി ദുര്‍ഗ’ എന്തുകൊണ്ട് ഐ എഫ് എഫ് കെ മത്സര വിഭാഗത്തില്‍ വേണം?

ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം വിദേശ ചലച്ചിത്രമേളയില്‍ നേടിയ ഏക മലയാള ചലച്ചിത്രമാണ് സെക്‌സി ദുര്‍ഗ.

സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് സെക്‌സി ദുര്‍ഗ പിന്‍വലിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമടക്കം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തെ, മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താതെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സനല്‍കുമാര്‍ ഫെസ്റ്റിവലില്‍ നിന്ന് പിന്‍വലിച്ചത് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് സനല്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നേരത്തെ ഹിന്ദു ദേവതയായ ദുര്‍ഗയെ അപമാനിക്കുന്നതാണ് ചിത്രത്തിന്റെ പേരെന്ന് ആരോപിച്ച് ആക്രമണവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു.

മത്സരവിഭാഗത്തില്‍ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് തനിക്ക് ഒരു നിര്‍ബന്ധവുമില്ലെന്നും നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ചിത്രത്തെ, അപ്രധാനമായ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അപമാനിച്ച ചലച്ചിത്ര അക്കാഡമിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ഇത് ശ്രദ്ധിക്കപ്പെടാത്തതും പിന്തുണ ആവശ്യമുള്ളതുമായ മലയാള ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള വിഭാഗമാണ്. ഒരു പക്ഷെ സെക്‌സി ദുര്‍ഗയേക്കാള്‍ മികച്ചതും എന്നാല്‍ അര്‍ഹിക്കുന്ന ശ്രദ്ധ ലഭിക്കാതെ പോയതുമായ ചിത്രങ്ങളുണ്ടാകും. അത്തരം ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടി ആഗോളശ്രദ്ധ ലഭിച്ച് കഴിഞ്ഞ സെക്‌സി ദുര്‍ഗ ഇത്തരത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. ഈ ചിത്രത്തിന് അര്‍ഹമായ പരിഗണന വേണമെന്ന് അക്കാഡമിക്ക് തോന്നിയിരുന്നെങ്കില്‍ അത് അര്‍ഹിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു – സനല്‍ പറയുന്നു. അതേസമയം മത്സര വിഭാഗത്തില്‍ തന്നെയാണ് ഈ ചിത്രം എന്തുകൊണ്ടും ഉള്‍പ്പെടെണ്ടിയിരുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. പിന്നെ ഈ ചിത്രം ഉള്‍പ്പെടുത്താമായിരുന്ന ഒരു വിഭാഗം ഇന്ത്യന്‍ സിനിമ ആയിരുന്നു. എന്നാല്‍ സാധാരണയായി ഐഎഫ്എഫ്കെയില്‍ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാള ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് വിരളമാണ്.

മലയാള സിനിമ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ “താങ്കളുടെ ഇഷ്ടം പോലെ എന്നാണ് ചലച്ചിത്ര അക്കാഡമിയിലെ ഒരു ഭാരവാഹി പ്രതികരിച്ചതെന്നും സനല്‍ പറയുന്നു. നിങ്ങള്‍ക്ക് വലിയ പ്രശസ്തിയായില്ലേ. ഐഎഫ്എഫ്‌കെയൊക്കെ നിങ്ങളെ സംബന്ധിച്ച് ചെറുതായിരിക്കും. ഞങ്ങളുടെ നഷ്ടം എന്നായിരുന്നു” – ആ പ്രതിനിധിയുടെ പരിഹാസമെന്ന് സനല്‍ പറയുന്നു. ഇതാണ് ഫെസ്റ്റിവല്‍ അധികൃതരുടെ മനോഭാവം. ഇത് വൃത്തികെട്ട കോംപ്ലക്‌സിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. സെക്‌സി ദുര്‍ഗയ്ക്ക് റോട്ടര്‍ഡാമില്‍ പുരസ്‌കാരം കിട്ടിയപ്പോള്‍ തന്നെ അഭിനന്ദിച്ച് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ ഇട്ട പഴയ പോസ്റ്റും സനല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

സെക്‌സി ദുര്‍ഗയും വിവരമില്ലാത്ത ഭക്തരും; ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടതുണ്ട്‌

“സെക്സി ദുര്‍ഗ നാല്പത്തിയഞ്ചിലധികം ചലച്ചിത്ര മേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രത്തിനുള്ള മൂന്ന് പ്രധാന അവാര്‍ഡുകളും സംവിധാനം, മ്യൂസിക്, ഛായാഗ്രഹണം തുടങ്ങിയവയ്ക്കുള്ള പ്രത്യേക പുരസ്‌കാരങ്ങളും നേടി. ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ പറയുമ്പോള്‍ സെക്‌സി ദുര്‍ഗയെ പരാമര്‍ശിക്കാത്ത നിരൂപണങ്ങള്‍ വിരളമായി, സെക്‌സി ദുര്‍ഗയെക്കുറിച്ചുള്ള നിരൂപങ്ങളില്‍ മലയാളത്തിലെ സ്വതന്ത്ര സിനിമകളെക്കുറിച്ചും IFFK യെക്കുറിച്ച് തന്നെയും പരാമര്‍ശങ്ങളുണ്ടായി. പക്ഷെ ഇപ്പോള്‍ നമ്മുടെ സിനിമാ വകുപ്പിന് കീഴിലുള്ള ചലച്ചിത്ര അക്കാദമി നടത്തുന്ന IFFK വന്നപ്പോള്‍ സെക്‌സി ദുര്‍ഗയ്ക്ക് നല്‍കിയ സ്ഥാനം മലയാള സിനിമ ഇന്ന്. ബഹു മന്ത്രി ഫെയ്സ്ബുക്കിലിട്ട കുറിപ്പ് വെറും ചടങ്ങ് തീര്‍ക്കല്‍ ആയിരുന്നു എന്നതല്ലേ ഇതിനര്‍ത്ഥം? മറ്റേതെങ്കിലും ഭാഷയിലായിരുന്നു ഇങ്ങനെ ഒരു സിനിമ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നതെങ്കില്‍ ആ ചിത്രം ആ സ്ഥലത്തു ഇങ്ങിനെയായിരിക്കുമോ പരിഗണിക്കപ്പെടുക? ചലച്ചിത്ര അക്കാദമിയും സിനിമാവകുപ്പുമൊക്കെ വെറും പ്രഹസന സ്ഥാപനങ്ങള്‍ മാത്രമായിരിക്കും എന്നല്ലേ ആര്‍ട്ട് സിനിമയുമായി മുന്നോട്ട് വരുന്നവര്‍ മനസിലാക്കേണ്ടത്? ഇക്കാര്യത്തില്‍ ബഹു സിനിമാ വകുപ്പു മന്ത്രി ഒരു ഫെയ്സ് ബുക്ക് പോസ്റ്റിട്ട് ചടങ്ങ് തീര്‍ക്കുകയാവുമോ ചെയ്യുക?” @A.K.Balan – സനല്‍കുമാര്‍ ശശിധരന്‍ ചോദിക്കുന്നു.

ആര്‍ട്ട് സിനിമകളും കമേഴ്‌സ്യല്‍ സിനിമകളും തമ്മില്‍ കൃത്യമായ വേര്‍തിരിവ് ഉണ്ടാകണമെന്ന് മറ്റൊരു പോസ്റ്റില്‍ സനല്‍ അഭിപ്രായപ്പെടുന്നു. ഈ രണ്ട്് വിഭാഗം സിനിമകള്‍ക്ക് അവയുടേതായ പ്ലാറ്റ്‌ഫോമുകളുണ്ട്. ചലച്ചിത്രമേളകള്‍ കലാപരമായ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ളതാണ്. വാണിജ്യ സിനിമകള്‍ക്ക് തീയറ്ററുകളുടേതായ മറ്റൊരു പ്ലാറ്റ്‌ഫോമുണ്ട്്. എല്ലാ ചലച്ചിത്രോത്സവങ്ങളുടേയും മാനിഫെസ്റ്റോകളില്‍ ഇത് വ്യക്തമാക്കുന്നുണ്ടെന്നും സനല്‍ പറയുന്നു. എന്നാല്‍ അടുത്തിടെയായി നമ്മുടെ ചലച്ചിത്രോത്സവ സംഘാടകര്‍ ഇത്തരം അടിസ്ഥാന തത്വങ്ങളില്‍ വ്യതിചലിക്കുകയാണ്. ഇത്തരം വേദികളും താല്‍പര്യ ഗ്രൂപ്പുകള്‍ കയ്യടക്കി തുടങ്ങിയാല്‍ സിനിമയിലെ കലാപരമായ പരീക്ഷണങ്ങള്‍ അവസാനിക്കുമെന്നും സനല്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം വിദേശ ചലച്ചിത്രമേളയില്‍ നേടിയ ഏക മലയാള ചലച്ചിത്രമാണ് സെക്‌സി ദുര്‍ഗ. നേരത്തെ എലിപ്പത്തായത്തിലൂടെ മികച്ച ഭാവനാത്മകമായ ചിത്രത്തിന്റെ സംവിധായകനുള്ള ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സതര്‍ലാന്‍ഡ് ട്രോഫി (ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ – 1982) എലിപ്പത്തായത്തിലൂടെ അടൂര്‍ ഗോപാലകൃഷ്ണനും, പിറവി (1988), സ്വം (1994) എന്നീ ചിത്രങ്ങളിലൂടെ (കാന്‍ ചലച്ചിത്രോത്സവം – പാം ഡി ഓര്‍, കാമറ ഡി ഓര്‍ പുരസ്കാരങ്ങള്‍) ഷാജി എന്‍ കരുണും മരണസിംഹാസനം (1999) എന്ന ചിത്രത്തിലൂടെ കാന്‍ ഫെസ്റ്റിവലില്‍ കാമറ ഡി ഓര്‍ പുരസ്‌കാരം നേടിയ മുരളി നായര്‍ക്കും ശേഷം ആദ്യമായാണ് ഒരു പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഒരു മലയാളി ഇത്തരത്തില്‍ വലിയൊരു അന്താരാഷ്ട്ര പുരസ്‌കാരം നേടിയത്.

ആദ്യ ചിത്രമായ ഒരാള്‍പ്പൊക്കത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സനല്‍കുമാര്‍ നേടിയിരുന്നു. രണ്ടാമത്തെ ചിത്രമായ ഒഴിവ് ദിവസത്തെ കളി മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. മൂന്നാമത്തെ ചിത്രം ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനകരമായ വിധത്തില്‍ ഒരു വിദേശ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി ആഗോള ശ്രദ്ധ നേടി. വ്യാപകമായ നിരൂപക പ്രശംസയും നിരവധി പുരസ്‌കാരങ്ങളും നേടി. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സെക്സി ദുര്‍ഗയ്ക്ക് വലിയ പ്രസക്തിയുണ്ട്. ഇത് കബീര്‍ എന്ന മലയാളി മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടുന്ന ദുര്‍ഗ എന്ന അന്യസംസ്ഥാന കുടിയേറ്റക്കാരിയുടെ കഥയാണ്. ഒരു രാത്രി ദുര്‍ഗ നേരിടേണ്ടി വരുന്ന പല തരക്കാരായ മനുഷ്യരുടേയും കഥയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍