UPDATES

സിനിമാ വാര്‍ത്തകള്‍

കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ‘ബോംബ് കഥ’

ഏതായാലും ഇപ്പോള്‍ ബോംബും അത് ഉണ്ടാക്കിയ പിള്ളാരുമെല്ലാം സൂപ്പറായിട്ട് വൈറലാണ്.

ടെക്‌നോപാര്‍ക്കിലെ ഒരു ടെക്കി 2017 ജനുവരിയില്‍ ഒരു ‘ബോംബ് കഥ’ പറഞ്ഞു. അത് കേട്ട മലയാളികളെല്ലാം ആ കഥയങ്ങ് വിശ്വസിക്കുകയും ചെയ്തു. അതും പോരാഞ്ഞ് ഈ സെപ്റ്റംബറില്‍ ആ ബോംബ് കഥയുടെ അടുത്തതും കൊണ്ട് ഇറങ്ങി. ഈ കഥയും മല്ലൂസ് ഏറ്റെടുത്തു. ഏതായാലും ഇപ്പോള്‍ ബോംബും അത് ഉണ്ടാക്കിയ പിള്ളാരുമെല്ലാം സൂപ്പറായിട്ട് വൈറലാണ്. പുനലൂരുകാരന്‍ ജോഫിന്‍ വര്‍ഗീസ് എന്ന ചങ്ങായി കേരളത്തിലെ പല ചെറുപ്പക്കാരെപ്പോലെ ഒരു ടെക്കിയാണ്. പക്ഷെ സിനിമയിലേക്കാണ് ഈ ടെക്കിയുടെ കണ്ണ് മുഴുവന്‍.

അത് കൂടി കണ്ടിട്ടാണ് ജോഫിന്‍ കഴിഞ്ഞ വര്‍ഷം ‘ബോംബ് കഥ – ഇമ്മിണി ബല്യ ബോംബ് കഥ’ എന്ന ഷോര്‍ട്ട് ഫിലിം പിടിച്ചത്. തന്റെ കൂട്ടുകാരെയും കൂട്ടി കൈയിലുള്ള ക്യാമറയും ഒക്കെ വച്ച് ഉണ്ടാക്കിയ ആ ബോംബ് അത്യാവശ്യം നന്നായി ഏറ്റു. അതോടെ വീണ്ടും ഒരു ഉഗ്രന്‍ ബോംബ് ഉണ്ടാക്കാനുള്ള എനര്‍ജി ജോഫിനും ടീമിനും ഉണ്ടാവുകയും ചെയ്തു. പിന്നെ അതിനുള്ള പണിയായി. സാങ്കേതിക വശങ്ങളുടെയും പ്രൊഫഷണലിസത്തിന്റെ കുറവും ഒക്കെ ആദ്യ ബോംബിന്റെ ചെറിയ പ്രശ്‌നങ്ങളായിരുന്നു.എന്നാല്‍ അടുത്ത ബോംബില്‍ ടെക്കിയും പിള്ളേരും ശരിക്കും അങ്ങ് ഞെട്ടിച്ചു.

‘ബോംബ് കഥ 2 : ദ ഏലീയന്‍ സാഗ’ എന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ കയറിയങ്ങ് കൊളുത്തി. സ്പൂഫ് കാറ്റഗറിയില്‍പ്പെട്ട രണ്ടാമത്തെ ബോംബിലും ജോഫിന്റെ നാട്ടുകാരും കൂട്ടുകാരും ഒക്കെ തന്നെയാണ് മുന്നിലും പിന്നിലുമുള്ളത്. രാഷ്ട്രീയവും, മറ്റു ചില സാമൂഹിക വിഷയങ്ങളും തമാശയില്‍ അവതരിപ്പിച്ച ബോംബ് കഥ 2-ഉം മലയാളികള്‍ ഏറ്റെടുത്തത്തോടെ ജോഫിന്റെ സിനിമ സ്വപ്‌നങ്ങള്‍ക്ക് ധൈര്യം കൂടി. രണ്ട് പതിറ്റാണ്ട് മലയാളികളെ കുടുകുട ചിരിപ്പിച്ച നാദിര്‍ഷയും മറ്റ് മിമിക്രി താരങ്ങളുമൊക്കെ ബോംബ് കഥ കണ്ട് ചിരിച്ച് പണ്ടാരമടങ്ങി ജോഫിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ജോഫിന്‍ ബോംബ് കഥ 2നെക്കുറിച്ചും അടുത്ത ലക്ഷ്യത്തെക്കുറിച്ചും പറഞ്ഞത് ഇങ്ങനെയാണ്- ‘ഞങ്ങള്‍ പറഞ്ഞ കഥ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. രാഷ്ട്രീക്കാരെ അല്‍പം പരിഹസിച്ചിരുന്നുവെങ്കിലും ആരും മോശമായിട്ട് പെരുമാറി എത്തിയിട്ടില്ല. സത്യത്തില്‍ രാഷ്ട്രീയം തന്നെയാണ് പറയാന്‍ ഉദ്ദേശിക്കുന്നത്. ഞങ്ങള് അരാഷ്ട്രീയ വാദികളൊന്നുമല്ല. രാഷ്ട്രീയ ആശയങ്ങള്‍ മാറ്റിയിട്ട് സ്വാര്‍ഥ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നവരെക്കുറിച്ചാണ് ഞങ്ങള്‍ പറഞ്ഞത്. അതുപോലെ വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന ആളുകളെക്കുറിച്ചുമൊക്കെ പറഞ്ഞിട്ടുണ്ട്. ഇതില്‍ ജനങ്ങള്‍ക്ക് അത് മനസ്സിലായി. അതുകൊണ്ട് അവര്‍ നല്ല രീതിയില്‍ പോസ്റ്റീവായിട്ട് തന്നെയാണ് പ്രതികരിച്ചത്. ഞങ്ങടെ ടീമില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നത് ഒരു കോമഡിയായിട്ടുള്ള സംഭവങ്ങളാണെന്ന് തോന്നുന്നു. നല്ലൊരു വിഷയം കിട്ടിയാല്‍ അത് സിനിമയാക്കിയാല്‍ കൊള്ളാമെന്നുണ്ട്.’

‘ബോംബ് കഥ 2 : ദ ഏലീയന്‍ സാഗ’ കാണാം..

ഒന്നാം ബോംബ് കഥ കാണാം

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ബൊളീവിയന്‍ കാടുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍