UPDATES

സിനിമാ വാര്‍ത്തകള്‍

“ഹഗ് ഫ്രം തഗ്”: 53ാം പിറന്നാളിന് ഷാരൂഖിന് ആമിറിന്റെ കെട്ടിപ്പിടിത്തം

ഇരുവരും തമ്മില്‍ അല്‍പ്പം അകല്‍ച്ചയുമുണ്ടായിരുന്നു. എന്നാല്‍ ആ അകല്‍ച്ചയുടെ കാലത്തെ ഇരുവരും കുഴിച്ചുമൂടിയിരിക്കുന്നു.

നാളെ 53ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കുന്ന തന്റെ വീട്ടിലെത്തി നേരത്തെ തന്നെ പ്രിയ സുഹൃത്ത് ജന്മദിനാശംസകള്‍ അറിയിച്ചതിനെപ്പറ്റി ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു – “Hug from the Thug….!! Beat that!” പിറന്നാള്‍ ദിനത്തില്‍ എസ്ആര്‍കെയെ കെട്ടിപ്പിടിച്ച് ഹാപ്പി ബര്‍ത്ത് ഡേ പറഞ്ഞ ആ ‘കൊള്ളക്കാരന്‍’ ആമിര്‍ ഖാനാണ്. വേഷം മാറി സൗരവ് ഗാംഗുലിയുടെ വീട്ടില്‍ പോയി സെക്യൂരിറ്റികാരെ പറ്റിച്ച പോലെയല്ല, ആമിര്‍ ഖാനായിട്ട് തന്നെയാണ് പോയത്. പുതിയ സിനിമയായ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്റെ റിലീസിനൊരുങ്ങുകയാണ് ആമിര്‍. അമിതാഭ് ബച്ചനും കത്രീന കൈഫുമടക്കം അഭിനയിക്കുന്ന ബഹുതാര സിനിമയാണിത്. ബുധനാഴ്ച പുറത്തിറങ്ങിയ “മന്‍സൂറെ ഖുദാ” എന്ന ടീസര്‍ ഗാനം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഷാരൂഖ് ഖാന്‍ എല്ലാ കാലത്തും ബോളിവുഡിന്റെ കിംഗ് ഖാനായും ബാദ്ഷാ ആയും വാണിജ്യ സിനിമയുടെ ചോദ്യം ചെയ്യപ്പടാത്ത താരമായി തിളങ്ങുമ്പോള്‍ ആമിര്‍ തീര്‍ത്തും വ്യത്യസ്തമായ സിനിമകളിലൂടെ ‘മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്’ എന്ന പെരും നേടി, തനിക്ക് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന പ്രേക്ഷക സമൂഹത്തിനൊപ്പം മുന്നോട്ടുപോവുകയായിരുന്നു. സിനിമയ്ക്ക് പുറത്തെ താരനിശകളിലും ഷാരൂഖ് താരമായപ്പോള്‍ ആമിര്‍ ഈയടുത്ത കാലത്ത് മാത്രമാണ് അവാര്‍ഡ് നൈറ്റുകളിലും ടെലിവിഷന്‍ പരിപാടികളിലും കാര്യമായി പങ്കെടുക്കാന്‍ തുടങ്ങിയത്. ഇരുവരും തമ്മില്‍ അല്‍പ്പം അകല്‍ച്ചയുമുണ്ടായിരുന്നു. എന്നാല്‍ ആ അകല്‍ച്ചയുടെ കാലത്തെ ഇരുവരും കുഴിച്ചുമൂടിയിരിക്കുന്നു. ഷാരൂഖിന്റെ പുതിയ ചിത്രം സീറോ അതിഗംഭീര സിനിമയാണെന്ന് പ്രിവ്യൂ കണ്ട ശേഷം ആമിര്‍ ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഷാരൂഖിനേയും അനുഷ്‌ക ശര്‍മയേയും കത്രീന കൈഫിനേയും സംവിധായകന്‍ ആനന്ദ് എല്‍ റായിയേയും ആമിര്‍ പ്രശംസ കൊണ്ട് മൂടി.

സ്വകാര്യവേദികളിലും ചടങ്ങുകളിലും അപൂര്‍വമായി പൊതുപരിപാടികളിലും സമപ്രായക്കാരും ഏതാണ്ട് ഒരേ കാലത്ത് ബോളിവുഡില്‍ താരപദവി ഉറപ്പിച്ചവരുമായ ഇരുവരും പലപ്പോഴും കണ്ടുമുട്ടുകയും സൗഹൃദം പങ്കുവയ്ക്കുയുമെല്ലാം ചെയ്തിട്ടുണ്ട്. എന്നാല്‍ ബിഗ് സ്‌ക്രീനില്‍ ഇരുവരും ഇന്നേവരെ ഒന്നിച്ചിട്ടില്ല. ഏതായാലും ഈ കെട്ടിപ്പിടിത്തം ഇരു താരങ്ങളുടേയും ആരാധകര്‍ക്ക് നന്നായി ബോധിച്ചു – ഈ ദിവസത്തെ ഏറ്റവും മനോഹരമായ ചിത്രം എന്ന് ഒരു ആരാധകന്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍