UPDATES

സിനിമാ വാര്‍ത്തകള്‍

ശശി കപൂര്‍ അന്തരിച്ചു

ദീവാര്‍, സത്യം, ശിവം, സുന്ദരം, കഭി കഭി തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഹോളിവുഡ് ചിത്രങ്ങളിലും വേഷമിട്ടു.

പ്രശസ്ത നടന്‍ ശശി കപൂര്‍ അന്തരിച്ചു. 79 വയസായിരുന്നു. വിവിധ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 160ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച ശശി കപൂര്‍ മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടി. 1986ല്‍ ന്യൂഡല്‍ഹി ടൈംസ്‌ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. 2011ല്‍ പദ്മഭൂഷണ്‍ പുരസ്‌കാരവും 2015ല്‍ സിനിമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരവും നേടി. ദീവാര്‍, സത്യം, ശിവം, സുന്ദരം, കഭി കഭി തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഹോളിവുഡ്, ബ്രിട്ടീഷ് ചിത്രങ്ങളിലും വേഷമിട്ടു. നടന്മാരായ രാജ് കപൂറും ഷമ്മി കപൂറും സഹോദരങ്ങളാണ്.

1975ല്‍ പുറത്തിറങ്ങിയ ദീവാര്‍ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനുമൊത്തുള്ള ശശി കപൂറിന്‍റെ സംഭാഷണ രംഗം പ്രശസ്തമാണ്. തുമാരെ പാസ് ക്യാ ഹേ? (നിനക്ക് എന്തുണ്ട് കൂടെ?) എന്ന് അമിതാഭ് ബച്ചന്‍റെ കഥാപാത്രമായ വിജയ്‌ ചോദിക്കുമ്പോള്‍ മേരെ പാസ് മാ ഹേ (എന്‍റെ കൂടെ അമ്മയുണ്ട്) എന്നാണ് ശശി കപൂര്‍ അവതരിപ്പിക്കുന്ന സഹോദര കഥാപാത്രം രവി മറുപടി നല്‍കുന്നത്. തീയറ്ററുകളില്‍ കയ്യടികള്‍ നിറച്ച ഈ ഡയലോഗ് ഇന്ത്യന്‍ മുഖ്യധാര വാണിജ്യ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും പ്രശസ്തമായവയില്‍ ഒന്നാണ്.

ദീവാറിലെ രംഗം:

1938 മാര്‍ച്ച് 18ന് നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് കപൂറിന്റേയും രാംസര്‍ണി കപൂറിന്റേയും മകനായി കല്‍ക്കട്ടയില്‍ ജനനം.
കുട്ടിക്കാലത്ത് തന്നെ അച്ഛന്‍ പൃഥ്വിരാജ് കപൂറിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വി തീയറ്റേഴ്‌സിന്റെ നാടകങ്ങളിലൂടെ അഭിനയ രംഗത്തെത്തി. നാലാം വയസില്‍ ആദ്യ സിനിമയില്‍ അഭിനയിച്ചു. മുംബൈ മാട്ടുംഗ ഡോണ്‍ ബോസ്കോ ഹൈ സ്കൂളില്‍ വിദ്യാഭ്യാസം. ആഗ് (1948), ആവാര (1951), എന്നീ ചിത്രങ്ങളില്‍ നായകനായ മൂത്ത സഹോദരന്‍ രാജ് കപൂറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. വിവിധ ചിത്രങ്ങളില്‍ അസിസ്റ്റന്റ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ച ശശി കപൂര്‍ യാഷ് ചോപ്ര സംവിധാനം ചെയ്ത ധര്‍മപുത്രയിലാണ് ആദ്യമായി നായകനായത്. 116 ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ 61ലും നായക വേഷം.

ഹസീന മന്‍ ജായേഗി, പ്യാര്‍ കാ മോസം, ത്രിശൂല്‍, കാല പത്ധര്‍, നമക് ഹലാല്‍, കല്‍യുഗ്, വിജേത, ജുനൂന്‍ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍. ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ജുനൂന്‍ (1979) ശശി കപൂര്‍ ആണ് നിര്‍മ്മിച്ചത്. ഈ ചിത്രം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. 1986ല്‍ രമേഷ് ശര്‍മ സംവിധാനം ചെയ്ത ന്യൂഡല്‍ഹി ടൈംസ്‌ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. 1994ല്‍ മുഹാഫിസിലെ അഭിനയത്തിന് ദേശീയ പുരസ്കാര ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടി. 12 ഇംഗ്ലീഷ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഹോളിവുഡിലേക്ക് ഏറ്റവുമാദ്യം പ്രവേശിച്ച ഇന്ത്യന്‍ നടന്മാരില്‍ ഒരാള്‍ ശശി കപൂര്‍ ആണ്. 1984ല്‍ അന്തരിച്ച ജെന്നിഫര്‍ ആണ് ഭാര്യ. കുനാല്‍, സഞ്ജന, കരണ്‍ എന്നിവര്‍ മക്കളാണ്. 1998ല്‍ പുറത്തിറങ്ങിയ ജിന്ന ആണ് അവസാന ചിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍