UPDATES

സിനിമാ വാര്‍ത്തകള്‍

മീ ടൂ: ശ്രുതി ഹരിഹരനെതിരെ മാനനഷ്ട കേസ്; ശ്രുതിക്ക് പ്രകാശ് രാജിന്റെ പിന്തുണ; അര്‍ജുന്‍ ‘ജെന്റില്‍മാന്‍’ എന്ന് സംവിധായകന്‍

ശ്രുതി ഹരിഹരന് പിന്തുണയുമായി പ്രകാശ് രാജ് അടക്കം നിരവധി അഭിനേതാക്കള്‍ രംഗത്തെത്തിയിരുന്നു. അര്‍ജുന്‍ ശ്രുതിയോട് ക്ഷമ ചോദിക്കണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടിരുന്നു.

മീ ടൂ കാംപെയിനിന്റെ ഭാഗമായി തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച കന്നഡ നടി ശ്രുതി ഹരിഹരനെതിരെ നടന്‍ അര്‍ജുന്‍ സര്‍ജ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്നു. വിസ്മയ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ അപമര്യാദയായി പെരുമാറിയെന്നും തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ അര്‍ജുന്‍ ശ്രമിച്ചു എന്നാണ് മലയാളി കൂടിയായ ശ്രുതി ഹരിഹരന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം ശ്രുതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും താന്‍ ഇത് കേട്ട് ഞെട്ടിയതായും അര്‍ജുന്‍ പറയുന്നു. എനിക്ക് വലിയ വിഷമം തോന്നി. എന്ത് പറയണം എന്നറിയില്ല. ഞാന്‍ എന്തായാലും കേസ് ഫയല്‍ ചെയ്യും – അര്‍ജ്ജുന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഷോട്ടുകളും സീനുകളും മെച്ചപ്പെടുത്തുന്നതിനായി ഉചിതമെന്ന് തോന്നുന്നു നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ എന്റെ പ്രൊഫഷനെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന പരിപാടി എനിക്കില്ല. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മീ ടു കാംപെയിനിന്റെ വിലയിടിക്കുമെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു. എനിക്ക് മീ ടൂ മൂവ്‌മെന്റ് മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളോട് ബഹുമാനമാണ്. ഇത് അനീതികള്‍ പുറത്തുകൊണ്ടുവരുന്നതിനും മറ്റുമായി നല്ല രീതിയില്‍ ഉപയോഗിക്കണം. ശ്രുതി ഹരിഹരന് പിന്തുണയുമായി പ്രകാശ് രാജ് അടക്കം നിരവധി അഭിനേതാക്കള്‍ രംഗത്തെത്തിയിരുന്നു. അര്‍ജുന്‍ ശ്രുതിയോട് ക്ഷമ ചോദിക്കണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടിരുന്നു.

നടി ശ്രദ്ധ ശ്രീനാഥും ശ്രുതിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. തനിക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നെന്നും 2016ല്‍ ശ്രുതി തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ശ്രദ്ധ വെളിപ്പെടുത്തി. അന്ന് ടോക്ക് ഷോയ്ക്കിടെ, സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ശ്രുതി പറഞ്ഞിരുന്നു. എന്നാല്‍ ഈ നടന്റെ പേര് പറഞ്ഞിരുന്നില്ല.

അതേസമയം വിവാദത്തില്‍ അര്‍ജുനെ പിന്തുണച്ച് വിസ്മയയുടെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ രംഗത്തെത്തി. ശ്രുതിയുടെ ആരോപണം കേട്ട് താനും ഞെട്ടിപ്പോയെന്ന് അരുണ്‍ വൈദ്യനാഥന്‍ പറഞ്ഞു. സത്യത്തില്‍ കൂറേക്കൂടി തീവ്രമായ ലൈംഗിക പ്രകടനങ്ങളുള്ള ഇന്റിമേറ്റ് സീനായിരുന്നു അത്. അര്‍ജുന്‍ സാര്‍ ഈ സീന്‍ കുറച്ചുകൂടി ലൈറ്റ് ആക്കണമെന്ന് ആവശ്യപ്പെടുകയാണുണ്ടായത്. തനിക്ക് കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുണ്ടെന്നും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വികാരം മനസിലാക്കി ഞാന്‍ ആ സീന്‍ മാറ്റിയെഴുതുകയായിരുന്നു – അരുണ്‍ വൈദ്യനാഥന്‍ പറയുന്നു. അര്‍ജുന്‍ സാര്‍ ജെന്റില്‍മാനാണ്. അഭിനയത്തില്‍ അദ്ദേഹം ഒരു നല്ല പ്രൊഫഷണലാണ്. ശ്രുതിയും അങ്ങനെ തന്നെ – അരുണ്‍ പറയുന്നു. നടിമാരായ സംഗീത ഭട്ടും സഞ്ജന ഗാല്‍റാണിയും നേരത്തെ കന്നഡ സിനിമയില്‍ നിന്ന് മീ ടൂ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

#മീ ടൂ: അര്‍ജ്ജുന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് മലയാളിയായ കന്നഡ താരം ശ്രുതി ഹരിഹരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍