ക്രിസ്റ്റഫര്‍ നോളന്റെ ഡണ്‍കിര്‍ക്കിനും ബ്ലേഡ് റണ്ണര്‍ 2049 എന്ന ചിത്രത്തിനും എട്ട് നോമിനേഷനുകള്‍ വീതം കിട്ടി. ഗോള്‍ഡന്‍ ഗ്ലോബില്‍ ഡണ്‍കിര്‍ക്ക് അവഗണിക്കപ്പെട്ടിരുന്നു.
ബാഫ്റ്റ (ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്‌സ്) പുരസ്‌കാരങ്ങള്‍ക്കുള്ള നോമിനേഷനുകള്‍ ഇത്തവണ കൂടുതല്‍ നേടിയിരിക്കുന്നത് ദ ഷേപ്പ് ഓഫ് വാട്ടര്‍, ത്രീ ബില്‍ ബോര്‍ഡ്‌സ്, ഡാര്‍ക്കെസ്റ്റ് അവര്‍ എന്നീ ചിത്രങ്ങളാണ്. ശീതയുദ്ധം പ്രമേയമാക്കി ഗില്ലര്‍മോ ഡെല്‍ ടോറോ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച ചിത്രം, സംവിധായകന്‍ എന്നിവയടക്കം 12 നോമിനേഷനുകളാണ് കിട്ടിയത്. ട്രാജിക് കോമഡി ആയി പരിഗണിക്കുന്ന മാര്‍ട്ടിന്‍ മക്‌ഡൊനാഗിന്റെ ത്രീ ബില്‍ ബോര്‍ഡ്‌സ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജീവിതം ആവിഷ്‌കരിക്കുന്ന ഡാര്‍ക്കെസ്റ്റ് അവര്‍ എന്നീ ചിത്രങ്ങള്‍ ഒമ്പത് നോമിനേഷനുകള്‍ വീതം നേടി. ബ്രിട്ടീഷ് ഓസ്‌കാര്‍ എന്നാണ് ബാഫ്റ്റ പുരസ്‌കാരങ്ങള്‍ അറിയപ്പെടുന്നത്.
മകള്‍ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ടതിന് പ്രതികാരം അമ്മയുടെ കഥയാണ് ത്രീ ബില്‍ ബോര്‍ഡ്‌സ് പറഞ്ഞത്. നാല് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിരുന്നു. ക്രിസ്റ്റഫര്‍ നോളന്റെ ഡണ്‍കിര്‍ക്കിനും ബ്ലേഡ് റണ്ണര്‍ 2049 എന്ന ചിത്രത്തിനും എട്ട് നോമിനേഷനുകള്‍ വീതം കിട്ടി. ഗോള്‍ഡന്‍ ഗ്ലോബില്‍ ഡണ്‍കിര്‍ക്ക് അവഗണിക്കപ്പെട്ടിരുന്നു. സമീപകാലത്ത് ലോകസിനിമയിലിറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നായ ഡണ്‍കിര്‍ക്കിന് മികച്ച ചിത്രം, സംവിധായകന്‍ തുടങ്ങിയവയ്‌ക്കെല്ലാം നോമിനേഷനുണ്ട്. ജോര്‍ദാന്‍ പീലിയുടെ കോമഡി – ഹൊറര്‍ ചിത്രം ഗെറ്റ് ഔട്ട് ഗോള്‍ഡന്‍ ഗ്ലോബില്‍ അവഗണിക്കപ്പെട്ടിരുന്നു. ഗെറ്റ് ഔട്ടിന് മികച്ച തിരക്കഥയ്ക്കടക്കം രണ്ട് നോമിനേഷനുകള്‍ കിട്ടി.
ഫാന്റെ ത്രെഡിലെ അഭിനയത്തിന് ഡാനിയല്‍ ഡേ ലൂയിസ്, ഡാര്‍ക്കെസ്റ്റ് അവറിന് ഗാരി ഓള്‍ഡ്മാന്‍, ഗെറ്റ് ഔട്ടിന് ഡാനിയല്‍ കലൂയ, തിമോത്തി ഷലാമറ്റ് (കാള്‍ മീ ബൈ യുവര്‍ നെയിം), ജാമി ബെല്‍ (ഫിലിംസ്റ്റാര്‍സ് ഡോണ്ട് ഡൈ ഇന്‍ ലിവര്‍പൂള്‍), എന്നിവര്‍ മികച്ച നടനുള്ള പുരസ്കാരത്തിനായി മത്സരരംഗത്തുണ്ട്. മികച്ച നടിക്കായി രംഗത്തുള്ളത് സയോര്‍സ് റൊണാന്‍ (ലേഡി ബേഡ്), സാലി ഹോക്കിന്‍സ് (ദ ഷേപ്പ് ഓഫ് വാട്ടര്‍), മാര്‍ഗഖ്ഖ് റോബി (ടോണ്യ), അനെറ്റെ ബെനിംഗ് (ഫിലിംസ്റ്റാര്‍സ് ഡോണ്ട് ഡൈ ഇന്‍ ലിവര്‍പൂള്‍), ഫ്രാന്‍സസ് മക്‌ഡോര്‍മാന്റ് (ത്രീ ബില്‍ ബോര്‍ഡ്‌സ്) എന്നിവരാണ്. മികച്ച ബ്രിട്ടീഷ് ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സര രംഗത്തുള്ളത് ത്രീ ബില്‍ബോര്‍ഡ്‌സ്, ഡാര്‍ക്കെസ്റ്റ് അവര്‍, ഡെത്ത് ഓഫ് സ്റ്റാലിന്‍, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, ലേഡി മാക്ബത്, പാഡിംഗ്ടണ്‍ 2 എന്നിവയാണ്. ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ ഫെബ്രുവരി 18നാണ് പുരസ്‌കാര ചടങ്ങ്.