UPDATES

സിനിമാ വാര്‍ത്തകള്‍

സിനിമാക്കാര്‍ക്കിടയില്‍ ദിലീപിനോട്‌ സഹതാപം? പിന്തുണ അറിയിക്കാന്‍ തിരക്ക്

ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വരെ ആക്രമിക്കപ്പെട്ട നടിയും ആരോപണവിധേയനായ ദിലീപും തങ്ങള്‍ക്ക് ഒരുപോലെയാണ് എന്നും ഇരുവര്‍ക്കും പിന്തുണ നല്‍കും എന്നുമായിരുന്നു ഭൂരിഭാഗം താരങ്ങളുടേയും താരസംഘടനയായ അമ്മയുടേയും നിലപാട്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ജയിലില്‍ നിന്നും താത്കാലിക പരോളില്‍ ബുധനാഴ്ച പുറത്തിറങ്ങാനിരിക്കെ ദിലീപിനോടുള്ള സമീപനത്തില്‍ മലയാള സിനിമാലോകം രണ്ടുതട്ടിലെന്ന് റിപ്പോര്‍ട്ട്. നടനും ദിലീപിനെ സിനിമാരംഗത്തേയ്ക്ക് കൊണ്ടുവരുന്നതില്‍ പങ്കുവഹിച്ചയാളുമായ ജയറാം, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയ സഹപ്രവര്‍ത്തകര്‍ ജയിലിലെത്തി ദിലീപിനെ കണ്ടു. നേരത്തെ ദീലിപിന്റെ അറസ്റ്റ് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറില്ലാതിരുന്ന പലരും ഇപ്പോള്‍ പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്. കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയതില്‍ ഒരു വിഭാഗത്തിന് വലിയ അതൃപ്തിയുണ്ട്.

അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ കലാഭവന്‍ ഷാജോണ്‍ ഇന്നലെ ദിലീപിനെ ആലുവ സബ് ജയിലില്‍ സന്ദര്‍ശിച്ച് 20 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയിരുന്നു. നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും ഇക്കഴിഞ്ഞ ദിവസങ്ങളിലായി ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമ്മ പ്രസിഡന്റ് ഇന്നസെന്റും സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം എന്ത് നിലപാടായിരിക്കും ദിലീപ് വിഷയത്തില്‍ തുടര്‍ന്ന് എടുക്കാന്‍ പോകുന്നത് എന്നും എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.

ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വരെ ആക്രമിക്കപ്പെട്ട നടിയും ആരോപണവിധേയനായ ദിലീപും തങ്ങള്‍ക്ക് ഒരുപോലെയാണ് എന്നും ഇരുവര്‍ക്കും പിന്തുണ നല്‍കും എന്നുമായിരുന്നു ഭൂരിഭാഗം താരങ്ങളുടേയും താരസംഘടനയായ അമ്മയുടേയും നിലപാട്. നേരത്തെ അറസ്റ്റിനെ തുടര്‍ന്ന് അമ്മയുടെ അടിയന്തര എക്സിക്യുട്ടീവ് യോഗം ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്നാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. പൃഥ്വിരാജ്, രമ്യാ നമ്പീശന്‍ തുടങ്ങിയവരുടെ നിലപാട് ഈ തീരുമാനത്തില്‍ നിര്‍ണായകമായിരുന്നു. അമ്മയില്‍ നിന്ന് പുറത്താക്കിയതിന് പുറമെ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടെയും തീയറ്റര്‍ ഉടമകളുടേയും സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. അറസ്റ്റിന് ശേഷം ദിലീപിന് നേരത്തെ പിന്തുണ നല്‍കിയിരുന്ന മിക്ക താരങ്ങളും നിശബ്ദരാവുകയും ചെയ്തിരുന്നു.

സെപ്റ്റംബര്‍ ആറിന് രാവിലെ ഏഴുമുതല്‍ 11വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന അച്ഛന്റെ ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയത്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ശ്രാദ്ധച്ചടങ്ങുകള്‍ കഴിഞ്ഞാലുടന്‍ ജയിലില്‍ തിരിച്ചെത്താമെന്നുളള ഉറപ്പിലുമാണ് ദിലീപിന് താത്കാലിക പരോള്‍ കോടതി അനുവദിക്കുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍