UPDATES

സിനിമാ വാര്‍ത്തകള്‍

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: ഐഎഫ്എഫ്‌ഐയില്‍ സംവിധായകന്‍ ലിജിന്‍ ജോസ്‌

ഇപ്പോള്‍ നിലവിലുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും സംവിധായകന്‍ ലിജിന്‍ ജോസ്. ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.

രാജ്യം ഒരു അടിയന്തരാവസ്ഥ അനുഭവിച്ച് കഴിഞ്ഞതാണെന്നും ഇപ്പോള്‍ നിലവിലുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും സംവിധായകന്‍ ലിജിന്‍ ജോസ്. ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ (ഐഎഫ്എഫ്‌ഐ) സംവിധായകന്‍ ലിജിന്‍ ജോസ്. സംവിധായകന്‍ കെജി ജോര്‍ജിനെക്കുറിച്ചുള്ള തന്റെ ഡോക്യുമെന്ററി 8 1/2 ഇന്റര്‍കട്‌സ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ലിജിന്‍ എത്തിയത്.

തനിക്കുള്ള പുരസ്‌കാരം വാങ്ങിക്കൊണ്ടാണ് ലിജിന്‍ ജോസ് മോദി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. നിറഞ്ഞ കയ്യടികള്‍ നല്‍കിയാണ്‌ ലിജിന്‍ പറഞ്ഞതിനോട് സദസ് പ്രതികരിച്ചത് എന്ന് ആ സമയത്ത് അവിടെ ഉണ്ടായിരുന്നയാളും ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ അധ്യാപകനുമായ ഹരിനാരായണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫ്രൈഡേ, ലോ പോയിന്റ് എന്നീ ഫീച്ചര്‍ സിനിമകള്‍ ലിജിന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സനല്‍ കുമാര്‍ ശശിധരന്‍റെ മലയാള ചിത്രം എസ് ദുര്‍ഗ, രവി ജാദവിന്‍റെ മറാത്തി ചിത്രം നൂഡ്‌ എന്നിവയെ ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വലിയ വിവാദമാവുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സനല്‍കുമാര്‍ ശശിധരന്‍ കേരള ഹൈക്കോടതിയെ സമീപിച്ച് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുകൂല വിധി സമ്പാദിക്കുകയും സിനിമ പ്രദര്‍ശിപ്പിക്കാം എന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ സനല്‍കുമാറിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഐഎഫ്എഫ്ഐ 28ന് സമാപിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍