UPDATES

സിനിമാ വാര്‍ത്തകള്‍

താന്‍ എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗമല്ല; അതുകൊണ്ട് അഭിപ്രായവും ഇല്ല: ദുല്‍ഖറിന്റെ ആദ്യ പ്രതികരണം

സിനിമയിലെ കഥാപാത്രത്തെ നോക്കിയോ അതിലെ സംഭാഷണങ്ങള്‍ കൊണ്ടോ വാപ്പിച്ചിയെ വിലയിരുത്തരുതെന്നും ദുല്‍ഖര്‍

താൻ എഎംഎംഎ എക്സിക്യുട്ടിവ് അംഗമല്ലെന്നും അതിനാൽ ദിലീപ് വിഷയത്തിൽ മറുപടി പറയേണ്ടതില്ലെന്നും ദുൽഖർ സൽമാൻ. സി എൻ എൻ ന്യൂസ് 18 എന്‍റർടയിൻമെന്‍റ് എഡിറ്റർ രാജീവ് മസന്ദിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുൽഖർ സൽമാന്റെ പ്രതികരണം.  നേരത്തേ നടി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് യുവനടന്‍മാര്‍ ആരും പ്രതികരിക്കാത്തതെന്താണെന്നു നടി രേവതി ചോദിച്ചിരുന്നു. ദിലീപ് വിഷയത്തിൽ ദുൽഖർ സൽമാന്റെ ആദ്യ പ്രതികരണം കൂടിയാണിത്.

ഒരഭിപ്രായം പറയാന്‍ എളുപ്പമാണ്. എന്നാല്‍ വിവാദവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതല്‍ അറിയാം. തന്നോട് നല്ല രീതിയിലെ എല്ലാവരും പെരുമാറിയിട്ടുള്ളൂവെന്നും ദുല്‍ഖര്‍ പറഞ്ഞു. താന്‍ എഎംഎംഎ എക്‌സിക്യൂട്ടീവിലെ അംഗമല്ല. അതുകൊണ്ട് ആ വിഷയത്തില്‍ അഭിപ്രായം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

അതേസമയം, മമ്മൂട്ടിക്കെതിരായ ആരോപണങ്ങളിൽ തന്‍റെ നിലപാട് ദുൽഖർ വ്യക്തമാക്കി. തന്നെയും സഹോദരിയെയും എങ്ങനെയാണ് അദ്ദേഹം വളര്‍ത്തിയത് എന്നറിയാം. സ്ത്രീകള്‍ക്കെതിരായി വരുന്ന ഒരു തീരുമാനവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ നോക്കിയോ അതിലെ സംഭാഷണങ്ങള്‍ കൊണ്ടോ വാപ്പിച്ചിയെ വിലയിരുത്തരുതെന്നും ദുല്‍ഖര്‍ പറയുന്നു.

എല്ലാ വിഷയത്തിനും രണ്ടുവശങ്ങളുണ്ടെന്നും ഒരഭിപ്രായം പറയണമെങ്കില്‍ അതിലൊരു വശത്ത് നില്‍ക്കേണ്ടിവരുമെന്നും അതിന് താത്പര്യമില്ലെന്നും ദുല്‍ഖര്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും എന്നാൽ സ്വന്തം സിനിമകളിലൂടെ നിലപാടും അഭിപ്രായവും അറിയിക്കാനാണ് താത്പര്യമെന്നും ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു.

നടന്‍ പൃഥ്വിരാജ് മാത്രമാണ് അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി രംഗത്തുവന്നത്. മറ്റു യുവനടന്‍മാര്‍ ആരും പ്രതികരിക്കാത്ത സാഹചര്യത്തിലായിരുന്നു രേവതിയുടെ പരാമര്‍ശം. നടിമാരായ ഭാവന, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍ നിന്നും രാജിവെച്ചൊഴിഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍