UPDATES

സിനിമാ വാര്‍ത്തകള്‍

റംസാന്‍ കാലത്ത് ബിക്കിനിയോ? ദംഗല്‍ നായിക ഫാത്തിമ സനയ്ക്ക് നേരെ മത മൗലികവാദികളുടെ ആക്രമണം

മാള്‍ട്ടയിലെ ഒരു ബീച്ചില്‍ സ്വീം സ്യൂട്ട് ധരിച്ച് ഇരിക്കുന്ന ഫോട്ടോ ഫാത്തിമ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചത്.

റംസാന്‍ നോമ്പ് കാലത്ത് ബിക്കിനി (സ്വിം സ്യൂട്ട്) ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തെന്ന്‍ പറഞ്ഞ്, നടി ഫാത്തിമ സന ഷെയ്ഖിന് നേരെ സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാരുടെ ആക്രമണം. ആമിര്‍ ഖാന്റെ ദംഗലില്‍ ഗുസ്തി താരം ഒളിമ്പ്യന്‍ ഗീതാകുമാരി ഫൊഗാട്ടായി വേഷമിട്ടാണ് ഫാത്തിമ സന പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തില്‍ മികച്ച പ്രകടനത്തിലൂടെ ഫാത്തിമ വ്യാപക പ്രശംസ നേടിയിരുന്നു. മാള്‍ട്ടയിലെ ഒരു ബീച്ചില്‍ സ്വീം സ്യൂട്ട് ധരിച്ച് ഇരിക്കുന്ന ഫോട്ടോ ഫാത്തിമ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചത്.

വിശുദ്ധ മാസത്തോട് ഒട്ടും ആദരവില്ലാത്തതാണ് ഫാത്തിമയുടെ പെരുമാറ്റമെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. ഇത് ലജ്ജാകരമാണ്. ഒരു യഥാര്‍ത്ഥ മുസ്ലീമിന് ഇത്തരത്തില്‍ പെരുമാറാന്‍ കഴിയില്ലെന്നും പേരില്‍ മാത്രമാണ് ഫാത്തിമ മുസ്ലീമായിരിക്കുന്നതെന്നും അവരെ അവഗണിക്കണമെന്നും മറ്റൊരാളുടെ കമന്റ്. നിങ്ങളുടെ സഹോദരിയെ നിങ്ങള്‍ ഇത്തരത്തില്‍ ബിക്കിനിയിട്ട് പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കുമോ എന്ന് മറ്റൊരാള്‍. അതേസമയം ഇത്തരം അസംബന്ധങ്ങള്‍ പറയരുതെന്നും ഫാത്തിമയ്ക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നും നിങ്ങളെ പോലുള്ളവരുടെ മാനസികാവസ്ഥയാണ് ആദ്യം മാറേണ്ടതെന്നും മറ്റൊരു അഭിപ്രായം.

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ഫാത്തിമ മാള്‍ട്ടയിലെത്തിയത്. കറുത്ത നിറത്തിലുള്ള ബിക്കിനി ധരിച്ച് ബീച്ചില്‍ ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ ഫാത്തിമ പോസ്റ്റ്‌ ചെയ്തത്. ധൂം ത്രീയുടെ സംവിധായകന്‍ വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിര്‍ ഖാനും അമിതാഭ് ബച്ചനുമാണ് ഫാത്തിമയോടൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നത്. ദംഗലില്‍ ഫാത്തിമയുടെ കഥാപാത്രത്തിന്റെ കൗമാരകാലം അവതരിപ്പിച്ച 16കാരി സൈറ വാസിമും സോഷ്യല്‍ മീഡിയയില്‍ നേരത്തെ ട്രോളാക്രമണത്തിന് ഇരയായിരുന്നു. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ഫേസ്ബുക്ക് പേജില്‍ സെയ്‌റ ആക്രമണം നേരിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍