UPDATES

സിനിമാ വാര്‍ത്തകള്‍

ബിജെപിയെ വിമര്‍ശിച്ച വിശാലിന്റെ ഓഫീസില്‍ റെയ്ഡ്‌; വിശാലിന് പിന്തുണയുമായി സിനിമാലോകം

മെര്‍സല്‍ ഓണ്‍ലൈനില്‍ കണ്ടെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, സിനിമയുടെ വ്യാജപതിപ്പുകള്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി വിശാല്‍ രംഗത്തെത്തിയിരുന്നു.

വിജയുടെ മെര്‍സലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ബിജെപി നേതാവിനെ വിമര്‍ശിച്ചതിന് പിന്നാലെ നടന്‍ വിശാലിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വിശാലിന്റെ ഉടമസ്ഥതയിലുള്ള ഫിലിം പ്രൊഡക്ഷന്‍ കമ്പനിയായ വിശാല്‍ ഫിലിം ഫാക്ടറി യയുടെ ചെന്നൈയിലെ ഓഫീസിലാണ് റെയ്ഡ് നടത്തിയത്. മെര്‍സല്‍ ഓണ്‍ലൈനില്‍ കണ്ടെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, സിനിമയുടെ വ്യാജപതിപ്പുകള്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി വിശാല്‍ രംഗത്തെത്തിയിരുന്നു. തമിഴ് സിനിമ താരസംഘടനയായ നടിഗര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും നിര്‍മ്മാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റുമാണ് വിശാല്‍.

ജി എസ് ടിയും ഡിജിറ്റല്‍ ഇന്ത്യയും ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവവും ചൂണ്ടിക്കാട്ടി ബിജെപിയെ പരോക്ഷമായി വിമര്‍ശിക്കുന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എച്ച് രാജ, പൊന്‍ രാധാകൃഷ്ണന്‍, തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ ഈ രംഗങ്ങള്‍ വെട്ടിമാറ്റണമെന്നായിരുന്നു ബിജെപി നേതാക്കളുടെ ആവശ്യം. വിജയ് ക്രിസ്ത്യാനിയായത് കൊണ്ടാണ് മോദി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും രാജ അഭിപ്രായപ്പെട്ടു. 51 ലക്ഷം രൂപയോളം നികുതിവെട്ടിപ്പ് നടത്തിയതായാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. റെയ്ഡ് നടക്കുന്ന സമയം വിശാല്‍ ഓഫീസിലുണ്ടായിരുന്നില്ല. പിന്നീട് ഉദ്യോഗസ്ഥരെ വിളിച്ച് പണം അടച്ചുതീര്‍ക്കാം എന്ന് വിശാല്‍ അറിയിച്ചതായും ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം ഓണ്‍ലൈനില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് കണ്ടതായി പറഞ്ഞ രാജയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനിക്കും കത്തയച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍