UPDATES

സിനിമാ വാര്‍ത്തകള്‍

വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വരുന്നു; പരിഗണിച്ചത് മമ്മൂട്ടിയെ മാത്രമെന്ന് സംവിധായകന്‍

ഡോ.അംബേദ്കറെ അവതരിപ്പിച്ച് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള മമ്മൂട്ടിക്ക് ചെയ്യാന്‍ കഴിയാത്ത കഥാപാത്രങ്ങളൊന്നും ഇല്ലെന്നാണ് താന്‍ കരുതുന്നതെന്നും മഹി വി രാഘവ് ന്യൂസ് മിനുട്ടിനോട് പറയുന്നു.

2009ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി ആയി മമ്മൂട്ടി അഭിനയിക്കുന്നു. മഹി വി രാഘവ് ആണ് ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിച്ച  വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം സിനിമയാക്കുന്നത്. യാത്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2017ലെ വലിയ ഹിറ്റുകളിലൊന്നായ ‘ആനന്ദോ ബ്രഹ്മ’യുടെ സംവിധായകനാണ് മഹി വി രാഘവ്. വൈഎസ് രാജശേഖര റെഡ്ഡിയെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയെ മാത്രമാണ് പരിഗണിച്ചതെന്ന് മഹി വി രാഘവ് ന്യൂസ് മിനുട്ടിനോട് പറഞ്ഞു. വരുന്ന ജൂണില്‍ ചിത്രീകരണം തുടങ്ങും. 2019 ജനുവരിയില്‍ തീയറ്ററുകളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ഏറെ നാടകീയ മൂഹര്‍ത്തങ്ങളുള്ള വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രീകരിക്കുന്നത്. വലിയ കാന്‍വാസിലാണ് ചിത്രമെന്നും സംവിധായകന്‍ പറഞ്ഞു. 2003ല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ വൈഎസ് രാജശേഖര റെഡ്ഡി ആ വര്‍ഷം നയിച്ച 1500 കിലോമീറ്റര്‍ കാല്‍നട ജാഥയടക്കമുള്ള സംഭവങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. അതേസമയം കാസ്റ്റിംഗ് സംബന്ധിച്ച് മുഴുവന്‍ ധാരണയായിട്ടില്ല. വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവുമായ ജഗന്‍മോഹന്‍ റെഡ്ഡിയടക്കമുള്ളവരുടെ കഥാപാത്രങ്ങള്‍ ആരൊക്കെ ചെയ്യണം എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മമ്മൂട്ടി വീണ്ടുമൊരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത്. കെ വിശ്വനാഥിന്റെ സ്വാതികിരണം പോലുള്ള തെലുങ്ക് ചിത്രങ്ങളില്‍ അദ്ദേഹം നായകനായിരുന്നു. മമ്മൂട്ടി തന്നെയാണ് വൈഎസ് രാജശേഖര റെഡ്ഡിക്ക് ശബ്ദം നല്‍കുന്നത്. ഡോ.അംബേദ്കറെ അവതരിപ്പിച്ച് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള മമ്മൂട്ടിക്ക് ചെയ്യാന്‍ കഴിയാത്ത കഥാപാത്രങ്ങളൊന്നും ഇല്ലെന്നാണ് താന്‍ കരുതുന്നതെന്നും മഹി വി രാഘവ് ന്യൂസ് മിനുട്ടിനോട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍