UPDATES

സിനിമാ വാര്‍ത്തകള്‍

വെല്‍ഡണ്‍ മെര്‍സണ്‍, പറഞ്ഞത് പ്രധാനപ്പെട്ട വിഷയം: അഭിനന്ദനങ്ങളുമായി രജനീകാന്ത്

സെപ്റ്റംബര്‍ 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛതാ ഹി സേവാ പദ്ധതിക്ക് പിന്തുണ അറിയിച്ച ട്വീറ്റിനു ശേഷം ഇപ്പോഴാണ് ട്വിറ്ററില്‍ രജനീകാന്ത് ഒരു അഭിപ്രായം പങ്കുവയ്ക്കുന്നതെന്നതും ശ്രദ്ധേയമാണ്.

വിജയ് നായകനായ മെര്‍സല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടയില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളുമായി രജനീകാന്ത് രംഗത്ത്. ചിത്രത്തിലെ ജി എസ് ടിയേയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയേയും ഗോരഖ്പൂരിലെ ഓക്‌സിജന്‍ ദുരന്തത്തേയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങളും രംഗങ്ങളും നീക്കം ചെയ്യണമെന്ന ബിജെപിയുടെ ആവശ്യം ശക്തമായിരിക്കെയാണ് രജനീകാന്തിന്റെ ട്വീറ്റ്. ‘പ്രധാനപ്പെട്ട’ വിഷയമാണ് മെര്‍സല്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നും അത് നന്നായി ചെയ്തതിന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നുമായിരുന്നു രജനീകാന്തിന്റെ ട്വീറ്റ്. എന്നാല്‍ എന്താണ് വിഷയമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സെപ്റ്റംബര്‍ 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സ്വച്ഛതാ ഹി സേവാ’ പദ്ധതിക്ക് പിന്തുണ അറിയിച്ച ട്വീറ്റിന് ശേഷം ഇപ്പോഴാണ് ട്വിറ്ററില്‍ രജനീകാന്ത് ഒരു അഭിപ്രായം പങ്കുവയ്ക്കുന്നതെന്നതും ശ്രദ്ധേയമാണ്. ‘വൃത്തിയെന്നാല്‍ ദൈവികതയാണ്’ എന്ന ട്വീറ്റാണ് അന്ന് രജനി ഇട്ടത്. രജനീകാന്ത് ബിജെപിയില്‍ ചേരുമെന്നും പുതിയ പാര്‍ട്ടിയുണ്ടാക്കി ബിജെപി സഖ്യത്തിന്റെ ഭാഗമാകും എന്നെല്ലാമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത്തരമൊരു ട്വീറ്റ്.

സിംഗപ്പൂരില്‍ ഏഴു ശതമാനം മാത്രം ജി എസ് ടി യുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിന് ജിഎസ്ടിയില്ല. പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്. ഇത്തരം സംഭാഷണങ്ങളാണ് കൂടുതലായും ബിജെപിയെ ചൊടിപ്പിച്ചത്. യുപിയിലെ ഗോരഖ്പൂരില്‍ ബിജെപി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമുയരാനിടയാക്കിയ സംഭവമായിരുന്നു. ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചത്. ഇതും വിജയുടെ കഥാപാത്രം ചിത്രത്തില്‍ പറയുന്നുണ്ട്. ഇത്തരം രംഗങ്ങള്‍ നീക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് അറിയിച്ചിട്ടുണ്ട്. ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് എതിരായി തമിഴ് സിനിമാ രംഗത്തെ പ്രമുഖര്‍ രംഗത്തുവന്നിരുന്നു.

അഭിനേതാക്കളായ കമല്‍ഹാസന്‍, അരവിന്ദ് സ്വാമി, താരസംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റുമായ വിശാല്‍, ശ്രീപ്രിയ, സംവിധായകന്‍ പാ രഞ്ജിത് തുടങ്ങിയവര്‍ മെര്‍സലിനെതിരായ നീക്കങ്ങളെ അപലപിച്ച് രംഗത്തെത്തി. ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കുകയല്ല വേണ്ടതെന്ന് പറഞ്ഞാണു സംവിധായകന്‍ പാ രഞ്ജിത് പിന്തുണയുമായെത്തിയത്. സിനിമയിലെ രംഗങ്ങള്‍ നീക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിശാല്‍ പറഞ്ഞു. ചിത്രം ഓണ്‍ലൈനില്‍ കണ്ടെന്ന പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയെ, സിനിമയുടെ വ്യാജ പതിപ്പ് പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞ് വിശാല്‍ രൂക്ഷമായി വിമര്‍ശിച്ചു. നേരത്തെ മെര്‍സലിന് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ‘മിസ്റ്റര്‍ മോദി, തമിഴ് സംസ്‌കാരത്തിന്റെയും ഭാഷയുടെയും ആവിഷ്‌കാരമാണ് സിനിമ. മെര്‍സലില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ ‘ഡീമോണ’റ്റൈസ്’ ചെയ്യരുത്’- എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം, എഴുത്തുകാരന്‍ ബെന്യാമിന്‍ തുടങ്ങിയവരും ബിജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍