UPDATES

സിനിമാ വാര്‍ത്തകള്‍

രജനിയോട് ‘ദൈവം’ പറയുക ബിജെപിയില്‍ ചേരാനാണോ? ക്ഷണം നിരസിക്കാതെ താരം

ബിജെപിയിലേയ്ക്കുള്ള ക്ഷണം രജനി നിരസിക്കാത്തതില്‍ ചില സൂചനകളുണ്ടെന്നും വരികള്‍ക്കിടയില്‍ വായിക്കാവുന്നതാണെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ആണ്ടവന്‍ (ദൈവം) ഇപ്പോള്‍ തന്നെ നടനായാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും രാഷ്ട്രീയത്തിലടക്കം വേറെ എന്തെങ്കിലും വേഷമിടാന്‍ ദൈവം തീരുമാനിച്ചാല്‍ അത് നടക്കുമെന്നുമാണ് രജനീകാന്ത് കഴിഞ്ഞ ദിവസം ആരാധകരോട് പറഞ്ഞത്. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഒന്നും പറയാനില്ല എന്നാണ് ഇന്ന് രജനീകാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ബിജെപിയിലേയ്ക്ക് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രജനിയെ സ്വാഗതം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ബിജെപിയിലേയ്ക്കുള്ള ക്ഷണം രജനി നിരസിക്കാത്തതില്‍ ചില സൂചനകളുണ്ടെന്നും വരികള്‍ക്കിടയില്‍ വായിക്കാവുന്നതാണെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അഭ്യൂഹങ്ങളും പ്രചാരണങ്ങളും രണ്ട് പതിറ്റാണ്ടോളമായി സജീവമാണ്. ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം ഈ ചര്‍ച്ച കൂടുതല്‍ ശക്തമാക്കുകയും ചെയ്തിരുന്നു. രജനീകാന്ത് ബിജെപിയില്‍ ചേരുമെന്നും അതല്ല ബിജെപി പിന്തുണയോടെ ഒരു പുതിയ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നുമെല്ലാം ഉള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രജനിയെ കളത്തിലിറക്കാനുള്ള ശ്രമമാണ് ബിജെപി നടത്തി വരുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന നരേന്ദ്ര മോദി രജനികാന്തിനെ ചെന്നൈയില്‍ വന്ന് കണ്ടതിന് രജനി ബിജെപിയിലേക്ക് പോകുന്നതിന്‍റെ സാധ്യതകളെ പറ്റി ചര്‍ച്ചകള്‍ ഉയര്‍ന്നത്.

അതേസമയം താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ലെങ്കില്‍ നിരാശപ്പെടരുതെന്നും ആരാധകരോട് രജനി പറഞ്ഞിരുന്നു. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ പിന്തുണച്ചത് തെറ്റായി പോയെന്നും രജനീകാന്ത് വിലയിരുത്തിയിരുന്നു. ജയലളിത വീണ്ടും അധികാരത്തിലെത്തിയാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെന്നാണ് 96ലെ തിരഞ്ഞെടുപ്പ് കാലത്ത് രജനി പറഞ്ഞത്. ഫലം വന്നപ്പോള്‍ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ മുന്നണി വന്‍ വിജയം നേടുകയും ചെയ്തു. രജനീകാന്ത് രാഷ്ട്രീയത്തില്‍ വരണമെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രജനീകാന്ത് തന്നെയാണെന്നുമാണ് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ പ്രതികരിച്ചത്.

96ലെ തിരഞ്ഞെടുപ്പില്‍ താന്‍ കാണിച്ച അബദ്ധത്തിന് പിന്നാലെ തന്റെ പേര്് വിവിധ രാഷ്ട്രീയ കക്ഷികള്‍ ദുരുപയോഗം ചെയ്തതായി രജനി കുറ്റപ്പെടുത്തിയിരുന്നു. ഞാന്‍ ഒരു കാര്യം വ്യക്തമാക്കുന്നു. ഒരു പാര്‍ട്ടിയിലും ചേരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ബിജെപിയുടെ ക്ഷണം രജനി നിരസിക്കാത്തത് തള്ളിക്കളയാനാവില്ലെന്ന അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍