UPDATES

സിനിമാ വാര്‍ത്തകള്‍

16 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യൻ – ശ്രീനി കൂട്ടുകെട്ട്; ഫഹദിന്റെ ‘ഞാന്‍ പ്രകാശന്‍’

ജയറാം നായകനായി അഭിനയിച്ച യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിന് വേണ്ടിയാണു സത്യൻ- ശ്രീനി കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത്

മലയാള സിനിമയിലെ എവർഗ്രീൻ കോമ്പിനേഷൻ സത്യൻ അന്തിക്കാട് -ശ്രീനിവാസൻ ടീം 16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ ആരംഭിച്ചു.

സത്യന്‍ അന്തിക്കാട് സിനിമകളുടെ പേരുകള്‍ പോലെ കൗതുകമുണര്‍ത്തുന്നവയായിരുന്നു അവയുടെ പ്രഖ്യാപനവും. മിക്കപ്പോഴും ചിത്രീകരണത്തിന്‍റെ അവസാനഘട്ടത്തിലോ റിലീസിന് തൊട്ടുമുന്‍പോ ഒക്കെയാവും അദ്ദേഹം തന്‍റെ സിനിമകളുടെ പേരുകള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ച ദിവസം തന്നെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. പ്രകാശന്‍ എന്ന തന്‍റെ പേര് പി.ആര്‍.ആകാശ് എന്ന് മാറ്റാന്‍ ഗസറ്റില്‍ പരസ്യം കൊടുത്തയാളാണ് ഫഹദിന്‍റെ കഥാപാത്രം. ചിത്രത്തിന്‍റെ പേര് ‘ഞാന്‍ പ്രകാശന്‍’ എന്നാണെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

പുതിയ ചിത്രത്തിന്റെ പേരും വിവരങ്ങളും ഫെയ്സ്ബൂക് കുറിപ്പിലൂടെയാണ് സത്യൻ അന്തിക്കാട് പുറത്തു വിട്ടത്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ചിത്രത്തിലെ നായികാ നിഖില വിമൽ ആണ്. “ഞാൻ പ്രകാശൻ” ഒരു നല്ല അനുഭവമായി മാറ്റാൻ ആത്മാർഥമായി ശ്രമിക്കും എന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ജയറാം നായകനായി അഭിനയിച്ച യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിന് വേണ്ടിയാണു സത്യൻ- ശ്രീനി കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത്, ചിത്രം ബോക്സ് ഓഫീസിൽ വമ്പിച്ച വിജയം നേടിയെങ്കിലും ഈ കൂട്ടുകെട്ട് ആവർത്തിക്കപ്പെട്ടില്ല. മലയാള സിനിമയ്ക്ക് ഹിറ്റുകൾ മാത്രം സമ്മാനിച്ച ഒരു കോമ്പിനേഷൻ യുവനടന്മാരിലെ ശ്രദ്ധേയനായ ഫഹദ് ഫാസിലിനൊപ്പം ഒന്നിക്കുമ്പോൾ സിനിമ പ്രേമികളുടെ പ്രതീക്ഷകൾ വാനോളമാണ്.

സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

പ്രകാശനും സലോമിയും ഗോപാൽജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതൽ അവർക്ക് ജീവൻ വെച്ചു തുടങ്ങുകയാണ്. എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നിൽ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാൽജിയായി ശ്രീനിവാസനും വന്നു.

പ്രകാശനാണ് ഈ കഥയുടെ ജീവൻ. നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവ്. ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ തന്റെ പേര് ‘പി.ആർ.ആകാശ് ‘ എന്ന് പരിഷ്കരിച്ചിരുന്നു. ഞങ്ങൾ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല.

സിനിമയ്ക്ക് “ഞാൻ പ്രകാശൻ” എന്ന് പേരിടുന്നു.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങൾ ഇനി ക്യാമറയിൽ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു സിനിമയൊരുക്കാൻ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസിൽ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും. “ഞാൻ പ്രകാശൻ” ഒരു നല്ല അനുഭവമായി മാറ്റാൻ ആത്മാർഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍