UPDATES

സിനിമാ വാര്‍ത്തകള്‍

സൗമിത്ര ചാറ്റര്‍ജിക്ക് ഫ്രഞ്ച് പരമോന്നത ബഹുമതി ‘ലീജിയണ്‍ ഓഫ് ഓണര്‍’

സത്യജിത് റേയ്ക്ക് പുരസ്‌കാരം ലഭിച്ച് 30 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ നിരവധി സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ സൗമിത്രയ്ക്ക് ഈ ബഹുമതി ലഭിക്കുന്നത്.

വിഖ്യാത നടന്‍ സൗമിത്ര ചാറ്റര്‍ജിക്ക് ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയണ്‍ ഓഫ് ഓണര്‍ പുരസ്‌കാരം. സത്യജിത് റേയ്ക്ക് പുരസ്‌കാരം ലഭിച്ച് 30 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ നിരവധി സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ സൗമിത്രയ്ക്ക് ഈ ബഹുമതി ലഭിക്കുന്നത്. എന്റെ ഗുരുവും വഴികാട്ടിയുമായ വ്യക്തിക്ക് ലഭിച്ച പുരസ്‌കാരം കിട്ടിയത് അപ്രതീക്ഷിതമാണ്. പുരസ്‌കാരങ്ങളും സമ്മാനങ്ങളും മനസില്‍ വച്ചുകൊണ്ട് ജോലി ചെയ്യാനാവില്ല. ജോലിയോടുള്ള സ്‌നേഹമാണ് പ്രധാനം – സൗമിത്ര ചാറ്റര്‍ജിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

1987ലാണ് സത്യജിത് റേയ്ക്ക് ലീജിയണ്‍ ഓഫ് ഓണര്‍ പുരസ്‌കാരം ലഭിച്ചത്. അപുര്‍സന്‍സാര്‍, ചാരുലത, ദേബി, തീന്‍ കന്യ, ആരണ്യേര്‍ ദിന്‍ രാത്രി, ഘരേ ബൈരേ, ഗണശത്രു തുടങ്ങി സത്യജിത് റേയുടെ 14 ചിത്രങ്ങളില്‍ സൗമിത്ര ചാറ്റര്‍ജി അഭിനയിച്ചു. അകിര കുറസോവയ്ക്ക് തോഷിറോ മിഫ്യൂണെന്ന പോലെ, സൗമിത്ര ചാറ്റര്‍ജി സത്യജിത് റേയുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. 2006ല്‍ സുമന്‍ ഘോഷ് സംവിധാനം ചെയ്ത പൊദോഖേപ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി. 2004ല്‍ പദ്മഭൂഷണ്‍ നേടി. ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സിനിമ, തീയറ്റര്‍ രംഗങ്ങളില്‍ സൗമിത്ര സജീവമാണ്.


സൗമിത്ര ചാറ്റര്‍ജി, മാധബി മുഖര്‍ജി – ചാരുലത (1964)

ഒരു ബംഗാളിയെന്ന് നിലയിലും ഫ്രഞ്ച് കലയില്‍ നിന്നും സിനിമയില്‍ നിന്നും വലിയ പ്രചോദനം ലഭിച്ചിട്ടുള്ളതിനാലും ഇക്കാര്യത്തില്‍ അഭിമാനമുണ്ടെന്നും സൗമിത്ര ചാറ്റര്‍ജി പറഞ്ഞു. ഫ്രഞ്ച് എഴുത്തുകാരായ ഓണര്‍ ഡി ബല്‍സാകും എമിലി സോളയും സംവിധായകന്‍ ഫ്രാന്‍സോ റോളണ്ട് ട്രുഫോട്ടുമാണ് തനിക്ക് ഏറെ പ്രചോദനം നല്‍കിയിട്ടുള്ളതെന്ന് സൗമിത്ര ചാറ്റര്‍ജി പറയുന്നു. പിന്തുണയും സ്‌നേഹവും നല്‍കിയ പ്രേക്ഷകര്‍ക്ക് സൗമിത്ര നന്ദി പറഞ്ഞു. ഫ്രഞ്ച് അംബാസഡര്‍ അലക്‌സാണ്‍ഡ്രെ സീഗ്‌ളര്‍ കൊല്‍ക്കത്തയിലെത്തി സൗമിത്ര ചാറ്റര്‍ജിക്ക് പുരസ്‌കാരം നല്‍കും. സൗമിത്രയെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. അപൂര്‍ സന്‍സാര്‍ മുതല്‍ ലീജിയണ്‍ ഓഫ് ഓണര്‍ വരെ – സൗമിത്ര ചതോപാദ്ധ്യായ് ഇന്ത്യന്‍, ബംഗാളി സിനിമകളുടെ മികവിന്റെ പ്രതീകമാണെന്ന് മമത അഭിപ്രായപ്പെട്ടു. ബംഗാളി സിനിമയുടെ അ്തുല്യനടന് ഫ്രാന്‍സിന്റെ ആദരമാണിത്. ഇത് വളരെ അഭിമാനകരമാണ്. അഭിനന്ദനങ്ങള്‍ – മമത ട്വിറ്ററില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍