UPDATES

സിനിമാ വാര്‍ത്തകള്‍

സെക്സി ദുര്‍ഗയും നൂഡും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയതില്‍ പ്രതിഷേധം: ഐഎഫ്എഫ്ഐ ജൂറി തലവന്‍ സുജോയ് ഘോഷ് രാജി വച്ചു

സെക്‌സി ദുര്‍ഗ, നൂഡ് എന്നീ രണ്ട് ചിത്രങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികവ് പുലര്‍ത്തുന്ന രണ്ട് ചിത്രങ്ങളാണെന്ന് ജൂറി അംഗം അപൂര്‍വ അസ്രാനി അഭിപ്രായപ്പെട്ടു.

ഗോവ അന്താരാഷ്ട്ര ചലച്ചത്രോത്സവത്തിലെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ) ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്ന് രണ്ട് സിനിമകള്‍ നീക്കിയതില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാനായ സംവിധായകന്‍ സുജോയ് ഘോഷ് രാജി വച്ചു. 13 അംഗ ജൂറി 153 എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ രണ്ടെണ്ണമാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം എടുത്തുകളഞ്ഞത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഐഎഫ്എഫ്ഐ നടക്കുന്നത്.

നവംബര്‍ ഒമ്പതിനാണ് ഇന്ത്യന്‍ പനോരമ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഐ ആന്‍ഡ് ബി മന്ത്രാലയം പ്രഖ്യാപിച്ചത്. റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ, സനല്‍കുമാര്‍ ശശിധരന്റെ മലയാള ചിത്രം എസ് ദുര്‍ഗ (സെക്‌സി ദുര്‍ഗ), രവി ജാദവിന്റെ മറാത്തി ചിത്രം നൂഡ് എന്നിവ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തങ്ങളോട് ആലോചിക്കാതെയാണ് ഐ ആന്‍ഡ് ബി മന്ത്രാലയം ഇത്തരമൊരു തീരുമാനം എടുത്തതെന്ന് പല ജൂറി അംഗങ്ങളും പറഞ്ഞിരുന്നു. 26 ഫീച്ചര്‍ സിനിമകളും 16 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളുമാണ് ഏറ്റവും ഒടുവില്‍ തിരഞ്ഞെടുത്തിരുന്നത്. ഇതില്‍ ബാഹുബലി അടക്കം അഞ്ച് മുഖ്യധാരാ കച്ചവട സിനിമകളും ഉള്‍പ്പെടുന്നു.

എന്തുകൊണ്ട് തന്റെ സിനിമ നീക്കം ചെയ്തു എന്ന് ചോദിച്ചുകൊണ്ട് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന് ഇ മെയില്‍ അയച്ചിട്ടുണ്ടെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു. താനും മന്ത്രാലയത്തിന് ഇക്കാര്യം എഴുതുന്നുണ്ടെന്ന് രവി ജാദവ് പറഞ്ഞു. സെക്‌സി ദുര്‍ഗ, നൂഡ് എന്നീ രണ്ട് ചിത്രങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികവ് പുലര്‍ത്തുന്ന രണ്ട് ചിത്രങ്ങളാണെന്ന് ജൂറി അംഗം അപൂര്‍വ അസ്രാനി അഭിപ്രായപ്പെട്ടു. ഇന്നത്തെ ഇന്ത്യന്‍ സ്ത്രീയുടെ ജീവിതത്തെ വളരെ ശക്തമായ രീതിയില്‍ പ്രതിഫലിപ്പിക്കാനും ആവിഷ്‌കരിക്കാനും ഈ ചിത്രങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും അസ്രാനി പറഞ്ഞു. സംവിധായകരായ നിഖില്‍ അദ്വാനി, രാഹുല്‍ റാവെയ്ല്‍, നിഷികാന്ത് കാമത്ത്, രുചി നാരായണ്‍, ഗോപി ദേശായ് തുടങ്ങിയവരും ജൂറി അംഗങ്ങളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍