UPDATES

വായിച്ചോ‌

ടാഗോറും ഇംഗ്ലീഷ് ടീച്ചര്‍ അന്നപൂര്‍ണയും തമ്മിലുള്ള പ്രണയം: സിനിമ ഷൂട്ടിംഗിന് വിശ്വഭാരതി അനുമതി നിഷേധിച്ചു

കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് സര്‍വകലാശാല അധികൃതര്‍ പരിശോധിച്ചിരുന്നു. അന്നപൂര്‍ണ നളിനി ടാഗോറിനെ കവിളില്‍ ചുംബിക്കുന്ന രംഗം വെട്ടിമാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. സംവിധായകന്‍ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.

രബീന്ദ്രനാഥ് ടാഗോറും ടാഗോറിന്റെ ഇംഗ്ലീഷ് അധ്യാപിക അന്നപൂര്‍ണയും തമ്മിലുള്ള പ്രണയം പ്രമേയമാക്കിയുള്ള സിനിമയുടെ ചിത്രീകരണത്തിന് ടാഗോര്‍ സ്ഥാപിച്ച ബംഗാളിലെ വിശ്വഭാരതി സര്‍വകലാശാല അനുമതി നിഷേധിച്ചു. ടാഗോറിന് 17 വയസും അന്നപൂര്‍ണയ്ക്ക് 20 വയസുമായിരുന്നു ഇരുവരും പ്രണയത്തിലാകുമ്പോള്‍ പ്രായം. അച്ഛന്റെ ആഗ്രഹ പ്രകാരം ഇംഗ്ലണ്ടില്‍ നിയമം പഠിക്കാന്‍ പോകുന്നതിന് മുമ്പായാണ് 1878ല്‍ ടാഗോര്‍ ബോംബെയില്‍ അന്നപൂര്‍ണയ്‌ക്കൊപ്പം കഴിയുന്നത്. ഉജ്ജ്വല്‍ ചാറ്റര്‍ജി സംവിധാനം ചെയ്യുന്ന, ‘നളിനി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടി പ്രിയങ്ക ചോപ്രയാണ്.

അന്നപൂര്‍ണയുടെ നിര്‍ബന്ധപ്രകാരം ടാഗോര്‍ തന്നെയാണ് അവര്‍ക്ക് നളിനി എന്ന് പേരിട്ടത്. ടാഗോര്‍ ഇംഗ്ലണ്ടിലേയ്ക്ക് പോയതോടെ ഇവര്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞു. പിന്നീട് പഠനം പൂര്‍ത്തിയാക്കാതെ ടാഗോര്‍ നാട്ടില്‍ മടങ്ങിയെത്തി. അന്നപൂര്‍ണയാണെങ്കില്‍ ഒരു സ്‌കോട്ടിഷുകാരനെ വിവാഹം കഴിച്ച് 1880ല്‍ ഇംഗ്ലണ്ടിലേയ്ക്ക് പോയി. ബംഗാളി-മറാത്തി ദ്വിഭാഷാ ചിത്രമായാണ് നളിനി പുറത്തിറക്കുന്നത്. ഹിന്ദിയില്‍ ഡബ് ചെയ്തിറക്കും. 17കാരനായ ടാഗോര്‍ ആയി സാഹിബ് ചാറ്റര്‍ജിയും 20കാരിയായ അന്നപൂര്‍ണയായി മറാത്തി നടി വൈദേഹി പരശുരാമിയും അഭിനയിക്കുന്നു. ഋതുപര്‍ണ ഘോഷിന്‍റെ ജീവന്‍ സ്മൃതി എന്ന, ടാഗോറിന്റെ കുട്ടിക്കാലം മുതല്‍ മരണം വരെ പറഞ്ഞ ഡോക്യുഫിക്ഷനിലും ഈ പ്രണയം ചിത്രീകരിക്കുന്നുണ്ട്.

കാമ്പസിലെ ചിത്രീകരണത്തിന് അധികൃതര്‍ അനുമതി നിഷേധിച്ചതായി ടെലഗ്രാഫ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതൊരു വിദ്യാഭ്യാസ സ്ഥാപനമാണ്. ഇവിടുത്തെ അന്തരീക്ഷം വാണിജ്യ സിനിമകള്‍ ചിത്രീകരിച്ച് നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇനി ഒരു സിനിമയും ഇവിടെ ചിത്രീകരിക്കാന്‍ അനുമതി നല്‍കില്ലെന്നും വൈസ് ചാന്‍സലര്‍ സബുജ് കോലി സെന്‍ പറഞ്ഞു. ബിര്‍ഭൂം ജില്ലയിലെ ബോല്‍പൂരിന് സമീപം തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായ ശാന്തിനികേതനില്‍ 1901ലാണ് ടാഗോര്‍ വിശ്വഭാരതി സ്ഥാപിക്കുന്നത്. 1921ല്‍ ഇത് സര്‍വകലാശാലയായി.

അതേസമയം ഷൂട്ടിംഗ് തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാനവ വിഭവശേഷി മന്ത്രാലയത്തിനും സര്‍വകലാശാല അധികൃതര്‍ക്കും വീണ്ടും കത്ത് നല്‍കുമെന്ന് ഉജ്ജ്വല്‍ ചാറ്റര്‍ജി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് സര്‍വകലാശാല അധികൃതര്‍ പരിശോധിച്ചിരുന്നു. അന്നപൂര്‍ണ നളിനി ടാഗോറിനെ കവിളില്‍ ചുംബിക്കുന്ന രംഗം വെട്ടിമാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. സംവിധായകന്‍ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മുന്‍ ഒഫിഷ്യേറ്റിംഗ് വിസി സ്വപന്‍ കുമാര്‍ ദത്ത, ഇവിടെ ചിത്രീകരണത്തിന് അനുമതി നല്‍കിയിരുന്നതായി സംവിധായകന്‍ ഉജ്ജ്വല്‍ ചാറ്റര്‍ജി പറയുന്നു.

വായനയ്ക്ക്: https://goo.gl/TJpUw4

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍