UPDATES

വീഡിയോ

റീ മിക്‌സുകളിലൂടെ ‘മുബാറകനി’ലെത്തിയ ‘ഹവാ ഹവാ’….ഇറാനില്‍ നിന്ന് പാകിസ്ഥാന്‍ വഴി ഇന്ത്യയില്‍

ഹവാ ഹവായുടെ ഒറിജിനല്‍ ട്യൂണ്‍ കംപോസ് ചെയ്തത് ഇറാനിയന്‍ റോക്ക് താരം കൂറോഷ് യാഗ്മേ ആയിരുന്നു, 1970കളില്‍.

പാകിസ്ഥാനി പോപ് ഗായകന്‍ ഹസന്‍ ജഹാംഗീര്‍ 1980കളുടെ അവസാനം ഇന്ത്യയിലും തരംഗമായി മാറി. ആ സമയത്ത് ഉപഭൂഖണ്ഡത്തില്‍ പുതിയ പോപ്, റോക്ക് തരംഗങ്ങള്‍ സജീവമായിരുന്നു. ഹൃദ്യമായ വരികളും സംഗീതവും കൊണ്ട് ജഹാംഗീറിന്റെ പോപ് സംഗീതം പാകിസ്ഥാനിലേയും ഇന്ത്യയിലേയും യുവാക്കളെ കീഴടക്കി. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായത് ഹവാ ഹവാ എന്ന പാട്ടായിരുന്നു. ഇന്ത്യന്‍ റേഡിയോ സര്‍വീസുകളില്‍ ഈ പാട്ട് നിരന്തരം വന്നുകൊണ്ടിരുന്നു. ജഹാംഗീറിന്റെ ആല്‍ബം ചൂടപ്പം പോലെ ഇന്ത്യയില്‍ വിറ്റഴിഞ്ഞു. പല ബോളിവുഡ് ചിത്രങ്ങളിലും ഹവാ ഹവാ റീ മിക്‌സുകളായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഹവാ ഹവായുടെ ഒറിജിനല്‍ ട്യൂണ്‍ കംപോസ് ചെയ്തത് ഇറാനിയന്‍ റോക്ക് താരം കൂറോഷ് യാഗ്മേ ആയിരുന്നു, 1970കളില്‍. ഹവാര്‍ ഹവാര്‍ (ഹെയ്ല്‍, ഹെയ്ല്‍- അഭിവാദ്യം) എന്ന ഉച്ചാരണത്തില്‍. പ്രധാനമായും ഗിറ്റാര്‍ ഉപയോഗിച്ച് റോക്ക് ശൈലിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരുന്നത്. 70കളില്‍ ഈ പാട്ട് ഇറാനില്‍ വലിയ ഹിറ്റായി മാറി. 11ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഒരു പേര്‍ഷ്യന്‍ കവിതയായിരുന്നു പ്രചോദനം. 1979ലെ ഇസ്ലാമിക വിപ്ലവം വരെ കൂറോഷ് യാഗ്മെ ഇറാനില്‍ താരമായി തുടര്‍ന്നു.

ഏറ്റവുമൊടുവില്‍ അര്‍ജുന്‍ കപൂര്‍ നായകനാകുന്ന മുബാറകന്‍ എന്ന ചിത്രത്തിലാണ് ഹവാ ഹവയുടെ റീ മിക്‌സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മിക സിംഗാണ് പുതിയ ചിത്രത്തില്‍ ഹവ ഹവ പാടുന്നത്. അര്‍ജുന്‍ കപൂറും ഇല്യാന ഡിക്രൂസുമാണ് രംഗത്ത്. ഇതാദ്യമായല്ല ഒരു ബോളിവുഡ് ചിത്രത്തില്‍ ഹവാ ഹവായോ അതിന്റെ ട്യൂണോ ഉപയോഗിക്കുന്നത്. 1989ല്‍ ബില്ലൂ ബാദ്ഷ്ാ എന്ന ഗോവിന്ദ ചിത്രത്തില്‍ ഈ ട്യൂണ്‍ ഉപയോഗിച്ചിട്ടുണ്ട്. ജവാന്‍ ജവാന്‍ ഇഷ്ഖ് ജവാന്‍ എന്ന് പാടി ഗോവിന്ദ നൃത്തം ചെയ്യുന്നു. 2009ല്‍ രേവതി വര്‍മയുടെ ആപ് കെ ലിയെ ഹം (2009) എന്ന ചിത്രത്തില്‍ ഈ പാട്ട് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രം പൂര്‍ത്തിയാക്കാനായില്ല. ഹൃദയ് ഷെട്ടിയുടെ കോമഡി ചിത്രം ചാലിസ് ചൗരാസിയില്‍ (2012) ഹവാ ഹവായുടെ റീ മിക്‌സ് ഉപയോഗിക്കപ്പെട്ടു. നാല് പൊലീസുകാര്‍ (നസിറുദീന്‍ ഷാ, കെകെ മേനോന്‍, അതുല്‍ കുല്‍കര്‍ണി, രവി കിഷന്‍) നൈറ്റ ക്ലബിലെത്തുന്നതും അവിടത്തെ പാട്ടുമാണ് രംഗം. ഈ പാട്ട് ശ്രദ്ധിക്കപ്പെട്ടു.

ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ട് 1982ല്‍ പുറത്തിറക്കിയ ഇമ്രാന്‍ ഖാന്‍ ഈസ് എ സൂപ്പര്‍മാന്‍ എന്ന ആല്‍ബത്തിലൂടെയാണ് ഹസന്‍ ജഹാംഗീര്‍ ശ്രദ്ധേയനായത്. പാകിസ്ഥാന്‍ ടിവിയില്‍ ഒപി നയ്യാറിനെ പോലുള്ളവര്‍ ക്ലാസിക്കല്‍ പാട്ടുകള്‍ പാടിയിരുന്ന കാലത്താണ് സ്വന്തം ശൈലിയിലുള്ള പോപ്പുമായി ജഹാംഗീര്‍ രംഗം കീഴടക്കുന്നത്. 2011ലും ജഹാംഗീര്‍ മാജിക് തുടര്‍ന്നു. ബംഗാളി നാടോടി പാട്ടായ ദോല്‍ ദോല്‍ ദൊലോണിയെ പുതിയ രൂപത്തില്‍ ജഹാംഗീര്‍ അവതരിപ്പിച്ചു. ബംഗ്ലാദേശില്‍ ഇത് വലിയ ഹിറ്റായി മാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍