ആരും തന്നെ സിനിമയില്‍ ശല്യംചെയ്തിട്ടില്ലെന്നും, ബഹുമാനമില്ലായ്മകള്‍ അനുഭവിച്ചിട്ടില്ലെന്നും ഷീല പറയുന്നു.
ഇന്ന് സിനിമ ലോകത്ത് സ്ത്രീകളനുഭവിക്കുന്നതുപോലുള്ള പ്രശ്നങ്ങള്‍ തന്റെ കാലത്ത് ഇല്ലായിരുന്നുവെന്ന് നടി ഷീല. ആരും തന്നെ സിനിമയില്‍ ശല്യംചെയ്തിട്ടില്ലെന്നും, ബഹുമാനമില്ലായ്മകള്‍ അനുഭവിച്ചിട്ടില്ലെന്നും ഷീല പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് ഷീല തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
മീ ടൂ വിവാദങ്ങള്‍ ഇന്നുണ്ടാവാന്‍ കാരണം ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങളാണെന്നും ഷീല പറയുന്നു. ഇന്നത്തെ ഭക്ഷണരീതി പുരുഷനെ 90ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുന്നുവെന്നും ഷീല അഭിമുഖത്തില്‍ പറയുന്നു.
ആദ്യകാലങ്ങളില്‍ ഇരുപത് വയസിലൊക്കെയാണ് ആളുകള്‍ പ്രണയിക്കാന്‍ തുടങ്ങിയതെന്നും എന്നാല്‍ ഇന്ന് ഭക്ഷണരീതിയിലെ മാറ്റങ്ങള്‍ കാരണം ചെറിയ കുട്ടികള്‍പോലും പ്രണയത്തിലകപ്പെടുന്നുവെന്നും ഷീല പറയുന്നു. താന്‍ സിനിമയില്‍ നായികയായി അഭിനയിച്ച കാലത്ത് ഷൂട്ടിങ്ങുകള്‍ കൂടുതലും നടന്നിരുന്നത് നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നുവെന്നും ഇത് മനസമാധാനത്തോടെ നിലനില്ക്കാന് കാരണമായെന്നും ഷീല അഭിപ്രായപ്പെടുന്നു.
അഭിനയിക്കാന്‍ പ്രത്യേകമായ കഴിവുകള്‍ വേണ്ടെന്നും ഒരു നല്ല എഡിറ്ററാണ് സിനിമയെ മനോഹരമായ കാഴ്ച്ചാനുഭവമാക്കി മാറ്റുന്നതെന്നും ഷീല അഭിമുഖത്തില്‍ പറയുന്നു.