UPDATES

ട്രെന്‍ഡിങ്ങ്

സിവിക് ചന്ദ്രൻ സംഘപരിവാറിന് വാതിൽ തുറക്കുമ്പോള്‍

സിവിക് ചന്ദ്രൻ എന്തു പറയുന്നു എന്നു മനസ്സിലാക്കാനല്ല ആർഎസ്എസ് പത്രം അദ്ദേഹത്തിൻറെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നത്. തീവ്ര ഇടതുപക്ഷക്കാരെനെന്ന അദ്ദേഹത്തിൻറെ പ്രതിച്ഛായ സമർത്ഥമായി ഉപയോഗിക്കുകയാണവർ ചെയ്യുന്നത്.

Avatar

ആരോമല്‍

1980-ലെ നക്സലൈറ്റുകളുടെ രണ്ടാം വരവിൻറെ തത്വചിന്തകനാണ് സിവിക് ചന്ദ്രൻ. കെ വേണു അവരുടെ വ്ലാദിമിർ ലെനിനും, സിവിക് ചന്ദ്രൻ അവരുടെ യോർജി പ്ലെഹാനോഫും ആയിരുന്നു. പക്ഷേ, കവി, തത്വചിന്തകൻ, നാടകകൃത്ത്, കഥാകൃത്ത്, പത്രാധിപർ, കമ്യൂണിസ്റ്റ് വിരുദ്ധൻ എന്നീ നിലകളിലെ ശ്രീ ചന്ദ്രൻറെ സംഭാവനകളെ മാനിച്ച് അദ്ദേഹത്തെ നക്സലൈറ്റുകളുടെ എം ഗോവിന്ദൻ എന്നു വിളിക്കാനാണെനിക്കിഷ്ടം. പക്ഷേ, കവിയും നാടകകൃത്തും പത്രാധിപരും പിന്നെ അസാമാന്യ ആരാധകവൃന്ദത്തിൻറെ നായകനുമായ ഇദ്ദേഹത്തെ എം ഗോവിന്ദൻറെ മിമിക്രി എന്ന് വിളിക്കുന്നത് പക്ഷേ തെറ്റാകുന്നു.

അടിയന്തരാവസ്ഥക്കാലത്ത് എകെജിയുടെയൊപ്പം ജയിലിൽ ആയിരുന്നപ്പോൾ എന്ന മട്ടിൽ മറ്റു പല മുൻ നക്സലൈറ്റുകളെയും പോലെ ഇദ്ദേഹത്തെക്കുറിച്ചും പറയാറുണ്ടെങ്കിലും, 1981-ൽ നായനാർ സർക്കാർ അധ്യാപന ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതോടെയാണ് കേരളരാഷ്ട്രീയ ചക്രവാളത്തിൽ ഇദ്ദേഹം ഉദിക്കുന്നത്. 75-77 കാലത്ത് 24-26 വയസ്സുകാരനായ അദ്ദേഹം ടിടിസിക്ക് പഠിക്കുകയും അധ്യാപക ജോലിക്കുള്ള പിഎസ്സി പരീക്ഷ എഴുതുകയുമായിരുന്നു. പക്ഷേ, അദ്ദേഹം മുൻകാല പ്രാബല്യത്തോടെ അടിയന്തരാവസ്ഥയെ എതിർത്തില്ല എന്നു പറയുന്നത് തെറ്റാണ്. ‘മിണ്ടുക മഹാമുനേ,’ എന്ന് മറ്റൊരു തൃശ്ശൂക്കാരനോട് പിന്നീട് ഉണർത്തിക്കുന്നുമുണ്ട്. അടിയന്തരാവസ്ഥയുടെ മുഖ്യമന്ത്രിയെ പിന്നീട് മേനോക്കിയച്ചൻ എന്നു വിളിക്കുന്നുമുണ്ട്.

കേരളത്തെ സമ്പൂർണമായി നിരക്ഷരമാക്കുകയാണ് വേണ്ടത് എന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം കേരളത്തിലെ പില്‍ക്കാല ജനകീയ പ്രസ്ഥാനങ്ങളുടെ ആരംഭമായ സാക്ഷരതാ പ്രസ്ഥാനത്തെ നേരിട്ടത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആയിരുന്നു അദ്ദേഹത്തിൻറെ കണ്ണിലെ എന്നത്തെയും മുഖ്യ കരട്. കമ്യൂണിസ്റ്റ് വിരുദ്ധ ബുദ്ധിജീവികളുടെ സംഘാടനം സാധ്യമാക്കിയ പാഠഭേദമാണ് അദ്ദേഹത്തിൻറെ ഒരു സംഭാവന.

റൂബിന്‍ ഡിക്രൂസ് ഫേസ്ബുക്കിൽ എഴുതിയ പോലെ, “പരസ്യവാചകങ്ങളുടെ മട്ടിലുള്ള തത്വചിന്തയാണ് സിവിക് ചന്ദ്രൻറെ സംഭാവന. നിങ്ങളാരെ കമ്യൂണിസ്റ്റാക്കി എന്നു ചോദിക്കുമ്പോൾ, എല്ലാവരെയും കമ്യൂണിസ്റ്റാക്കണമായിരുന്നു എന്നൊന്നും സിവിക് ഉദ്ദേശിക്കുന്നില്ല. വെറുതെ ഇമ്പത്തിന് കിട്ടിയ വാക്കുകളുടെ പിന്നാലെ പോയി എന്നേ ഉള്ളൂ. ഒ രാജഗോപാലിന് വോട്ട് ചെയ്യണം എന്നെഴുതുമ്പോഴും സിവിക് ചന്ദ്രൻ വർഗീയവാദി ആണെന്ന് ഞാൻ കരുതിയിട്ടില്ല. അതുപോലെ തന്നെയാണ് ജന്മഭൂമിയിലൂടെ സാംസ്കാരിക രംഗത്തെ ചങ്ങല, മോങ്ങാനിരുന്ന നായുടെ തലയിലെ പേട്ടു തേങ്ങ, സെക്യുലർ ഫണ്ടമെൻറലിസ്റ്റുകൾ എന്നൊക്കെ പറയുമ്പോഴും വായിക്കേണ്ടതുള്ളു. ഒരു കമ്യൂണിസ്റ്റ് വിരുദ്ധ കോപ്പി റൈറ്ററുടെ തൊഴിൽപരമായ ഉത്കണ്ഠകൾ.”

സംഘപരിവാറിനെ അഭിസംബോധന ചെയ്യുന്ന സിവിക് ചന്ദ്രൻ
നേരിട്ടുള്ള വലതുപക്ഷ കൂട്ടാളികളായി പ്രത്യക്ഷപ്പെടാതിരിക്കുകയാണ് സിവിക് ചന്ദ്ര പക്ഷത്തിന് ലാഭം. പക്ഷേ, പലപ്പോഴും ചെമ്പ് വെളിപ്പെട്ടുപോകും. അത്തരത്തിലൊരവസരമാണ് ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ എഫ്ബി പോസ്റ്റും പിന്നീട് അതിനെ സമര്‍ഥിച്ചുകൊണ്ട് ജന്മഭൂമിയോട് നടത്തിയ അഭിപ്രായപ്രകടനവും.  എം ഗോവിന്ദൻറെ യുഎസ് ഏജൻസികളുമായുള്ള ബന്ധം പോലെ.

ഇന്ത്യയിൽ എഴുത്തുകാർ കൊല്ലപ്പെടുന്ന കാലമാണിന്ന്. പ്രത്യേകിച്ചൊരു നേതൃത്വം പോലുമില്ലാതെ ഇന്ത്യയിലെ എഴുത്തുകാർ മുഴുവൻ സംഘപരിവാരത്തിനെതിരായി ഒറ്റക്കെട്ടായി, അതിശക്തമായി നില്‍ക്കുന്നു. അപ്പോഴാണ് സംഘപരിവാറിന് പൊതുജനസമ്മതി ഉണ്ടാക്കുന്ന സഹകരണം സിവിക് ചന്ദ്രൻ ചെയ്യുന്നത്. സക്കറിയ സാനുമാഷെക്കുറിച്ചെഴുതിയ പോലെ, സിവിക് ചന്ദ്രൻ എന്തു പറയുന്നു എന്നു മനസ്സിലാക്കാനല്ല ആർഎസ്എസ് പത്രം അദ്ദേഹത്തിൻറെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നത്. തീവ്ര ഇടതുപക്ഷക്കാരെനെന്ന അദ്ദേഹത്തിൻറെ പ്രതിച്ഛായ സമർത്ഥമായി ഉപയോഗിക്കുകയാണവർ ചെയ്യുന്നത്. ചന്ദ്രൻറെ ആർഎസ്എസ് സഹകരണം കണ്ടറിയുന്ന ഒരു മലയാളിയിൽ എന്തു ചലനമാണതുണ്ടാക്കിയിരിക്കുക എന്നതാണ് ചോദ്യം. ചന്ദ്രനെപ്പോലുള്ള ഒരു തീവ്ര ഇടതുപക്ഷ എഴുത്തുകാരന് പോലും ആർഎസ്എസ് വേദി പങ്കിടാമെങ്കിൽ അതൊരു മാതൃകയായി സ്വീകരിക്കാമെന്ന് മലയാളി യുവാക്കൾ ചിന്തിച്ചുകൂടെ?

സിവിക് ചന്ദ്രന്റെത് പോലുള്ള കമ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്കും കേരളം പോലൊരു സമൂഹത്തിൽ പ്രസക്തിയുണ്ടെന്ന് കരുതുന്നവരാണ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍. പക്ഷേ, അത് സംഘപരിവാറിനായുള്ള വാതിൽ തുറക്കലാകുമ്പോൾ ചോദ്യം ചെയ്യപ്പെടാതെ പോകരുത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍