UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിപ്ലവാര്യന്റെ പ്രവചനങ്ങള്‍; സിവിക് ചന്ദ്രന് മറുപടി

Avatar

പ്രമോദ് പുഴങ്കര 

ഇങ്ക്വിലാബില്‍ നിന്നും ചുംബിലാബിലേക്ക് (ഇങ്ക്വിലാബില്‍ നിന്നും ചുംബിലാബിലേക്ക്; നക്സലിസം നനഞ്ഞ പടക്കം – സിവിക് ചന്ദ്രന്‍ എഴുതുന്നു) എന്ന്‍ ഒരു മുദ്രാവാക്യവിദഗ്ധന്റെ അനായാസതയോടെ നല്കിയ തലക്കെട്ടില്‍ സിവിക് ചന്ദ്രന്‍ മുന്നോട്ടുവെച്ച നിരീക്ഷണങ്ങള്‍ ഇങ്ക്വിലാബിന്റെയും ചുംബിലാബിന്റെയും രാഷ്ട്രീയത്തെ വികലമാക്കി വളച്ചൊടിക്കുന്ന ഒരു ഒരു കസര്‍ത്ത് മാത്രമാണ്. നക്‌സലിസം ഒരു നനഞ്ഞ പടക്കമാണെന്ന് കേരളത്തില്‍ അതിന്റെ സജീവപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു എന്ന ആധികാരികതയോടെ സിവിക് പറയുന്നു.

അപ്പോള്‍ സിവിക്കിന്റെ നിരീക്ഷണങ്ങളെ വിമര്‍ശിക്കുമ്പോള്‍ ഒരു മുന്‍കൂര്‍ ജാമ്യം എടുക്കേണ്ടി വരും; ‘ഞാന്‍ നക്‌സലൈറ്റല്ല’ എന്നു സിവികിന്റെ സുവര്‍ണകാലങ്ങളിലെ തെരുവ് നാടകത്തിന്റെ ശൈലിയില്‍ നാം കോറസായി, കുരുത്തോലയും തൂക്കി ആദ്യമേ പ്രഖ്യാപിച്ചിരിക്കുന്നു. സിവികിന്റെ നക്‌സലൈറ്റ് അഥവാ മാര്‍ക്സിസ്റ്റ് വിരുദ്ധന്യായങ്ങളില്‍ ചിലത് നോക്കൂ. ‘കേരളം ഇന്ന് നക്‌സലൈറ്റുകളെ ആവശ്യമില്ലാത്ത സമൂഹമായി മാറിയിരിക്കുന്നു. നമ്മുടേത് ഒരു പോസ്റ്റ് നക്‌സലൈറ്റ് സമൂഹമാണ്’ (അങ്ങനെ ഒരു പോസ്റ്റ് നക്‌സലൈറ്റ് സമൂഹമാകാന്‍ മാത്രം നക്‌സലൈറ്റ് സ്വാധീനം കേരളത്തില്‍ ഒരുകാലത്തും ഉണ്ടായിരുന്നില്ല, അത് വാര്‍ത്തകളിലെ തലക്കെട്ടുകള്‍ മാത്രമല്ലെങ്കില്‍). ഇതിനുള്ള കാരണം അദ്ദേഹം പറയുന്നുണ്ട്. ‘മറ്റു സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കും കര്‍ഷകര്‍ക്കും  മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തിനും അവരെ പ്രതിനിധീകരിക്കാന്‍ വക്താക്കളോ സംഘടനകളോ ഇല്ലായെന്നുള്ളിടത്താണ് മാവോയിസ്റ്റ്‌-നക്‌സലൈറ്റ് പ്രസ്ഥാനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നത്. കേരളത്തിലെ സ്ഥിതി അതല്ല. ഇവിടെ ദളിതര്‍ക്കും കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും വികസനത്തിന്റെ ഇരകള്‍ക്കും പാരിസ്ഥിതിക അഭയാര്‍ഥികള്‍ക്കുമെമെല്ലാം സ്വന്തം സംഘടനകളുണ്ട്.’

 

അതായത് നക്സലൈറ്റുകള്‍ റെയിവേ സ്റ്റേഷനിലെ വിശ്രമമുറി പോലെ ഒരു പരിപാടിയാണ്. വണ്ടി വരുംവരെ ഇരിക്കാം. അത് കഴിഞ്ഞ് അവിടെത്തന്നെ കുത്തിയിരുന്നാല്‍ പിഴയടക്കണം, ചീത്ത കേള്‍ക്കണം, അങ്ങനെ പലതും. നക്സലിസത്തിനും, അല്ലെങ്കില്‍ കുറച്ചുകൂടി തെളിച്ചു പറഞ്ഞാല്‍ മാര്‍ക്സിസത്തിനും (അതിന്റെയൊരു നടപ്പ് പാഠഭേദമാണല്ലോ ഇതും) ഒരു രാഷ്ട്രീയ സ്വത്വം നല്‍കാനുള്ള സൌമനസ്യം കൂടി സിവിക് കാണിക്കുന്നില്ല. അതായത്, ആദിവാസികള്‍ക്ക് നക്സലൈറ്റാകാനോ അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റാകാനോ പറ്റില്ലെന്നാണോ? കാരണം ആദിവാസിക്ക്, ആദിവാസി എന്ന സാമൂഹ്യാസ്തിത്വം മാത്രമേ പാടുള്ളൂ എന്നാണോ? ആദിവാസിയായിരിക്കുക എന്നാല്‍ മറ്റെല്ലാവരില്‍നിന്നും വ്യത്യസ്തനായ ഒരു കാഴ്ച്ചവസ്തുവായിരിക്കുക എന്നല്ല. ഒരാളുടെ ആദിവാസി സ്വത്വം അയാളുടെ സാമൂഹ്യജീവിതത്തെ പ്രതികൂലമായി ബാധിക്കാത്ത, അയാളുടെ ജീവിതരീതികള്‍ക്കുമേല്‍  കൂച്ചുവിലങ്ങിടാത്ത ഒരു സാമൂഹ്യസംവിധാനമാണ് വേണ്ടത്. അപ്പോള്‍ ഒരാദിവാസി നക്സലൈറ്റോ  കമ്മ്യൂണിസ്റ്റോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയക്കാരനോ ആകുന്നത് അയാളുടെ ആദിവാസി സ്വത്വത്തിന്റെ വീക്ഷണത്തിലൂടെ മാത്രമാകേണ്ട ഒരു കാര്യവുമില്ല.

 

 

സിവിക് ചന്ദ്രന്‍ സ്വന്തം കുടുംബം നോക്കാനല്ല സാമൂഹ്യപ്രവര്‍ത്തകനായത് എന്ന പോലെ ഒരു ആദിവാസിക്കും വിശാലമായ രാഷ്ട്രീയമുണ്ടാകാം. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളും, ചുംബനസമരവും, ചലച്ചിത്രമേളയില്‍ പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ട മാനദണ്ഡവുമൊക്കെ ആദിവാസിക്കും ചര്‍ച്ച ചെയ്യാം. അതിനുള്ള രാഷ്ട്രീയ സംഘങ്ങളും, പ്രത്യയശാസ്ത്രങ്ങളും, അനുഭാവങ്ങളുമൊക്കെ തെരഞ്ഞെടുക്കാം. അതായത് സിവിക് ചന്ദ്രനൊപ്പം കേരളത്തിന്റെ, ലോകത്തിന്റെ, ഭൂമിയുടെ പോക്കിലും നിലനില്‍പ്പിലുമുള്ള ആശങ്കകള്‍ അട്ടപ്പാടിയിലേയോ, മുത്തങ്ങയിലേയോ, പേപ്പാറയിലേയോ ആദിവാസി പങ്കിടുന്നത് സിവിക്കിന് ആ വിഷയത്തില്‍ ഉള്ള അതേ സാമൂഹ്യ പ്രതിബദ്ധതയോടെയായിരിക്കും. ഒരുപക്ഷേ അതിലേറെ ജൈവമായ ഉള്‍ക്കാഴ്ച്ചയോടെ. അത് ആദിവാസി സംഘടനയില്‍ മാത്രമാകുന്നില്ല. അവരെ പ്രതിനിധീകരിക്കാന്‍ എന്നാണ് സിവിക് പറയുന്നത്. ആദിവാസിക്ക് സ്വയം പ്രതിനിധാനത്തിന് ശേഷിയില്ല എന്ന്! അല്ലെങ്കില്‍  കേരളത്തിലെ ആദിവാസി ആ ശേഷി കൈവരിച്ചു, മറ്റിടങ്ങളില്‍ ഇല്ല എന്ന്‍! ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ ആദിവാസികള്‍ മിക്കവരും ഇപ്പോഴും ഇങ്ങനെ പ്രതിനിധാനം ചെയ്യപ്പെടേണ്ട അപൂര്‍ണമനുഷ്യരാണെന്ന് സിവിക് പറയാതെ പറഞ്ഞുവെക്കുന്നു.

 

ആദിവാസിക്ക് അവരുടെ സംഘം (ചില സവിശേഷപ്രശ്നങ്ങളില്‍ അത്തരം സംഘങ്ങള്‍ വേണ്ടിവരുമെങ്കിലും) അവരുടെ നേതാവ്, അവരുടെ ലോകം. അവര്‍ക്ക് കനവ്, കാട്ടുമരുന്ന്, കാടിന്‍ പുതപ്പ്, കാടിന്റെ സംഗീതം.എനിക്കു വായിക്കാന്‍ ഫൂക്കോ, കാണാന്‍ ഇറാനിയന്‍ സിനിമകള്‍, ചികിത്സിക്കാന്‍ ആധുനിക വൈദ്യം, മക്കള്‍ക്ക് ജെ എന്‍ യു. എത്രകാലം ഈ മധ്യവര്‍ഗതട്ടിപ്പിന്റെ ‘തനതു’ നാടകവുമായി നടക്കും!

 

‘നൂലില്‍ പറന്നിറങ്ങുന്ന പെരുമാന്‍മാര്‍ എന്ന പ്രയോഗം എന്തുകൊണ്ടും സിവിക് ഉപയോഗിക്കണം. കാരണം സ്വയം ഇത്തരം അടിയോരുടെ ഉടയോന്‍മാരായി, നൂലില്‍ പറന്നിറങ്ങിയ രക്ഷകരായി തങ്ങളെ കണക്കാക്കിയ ഒരു കൂട്ടമാളുകളില്‍ സിവികും ഉണ്ടായിരുന്നു. ആ രാഷ്ട്രീയബോധം വെച്ചാണ് സിവിക് ഇപ്പൊഴും ഇത്തരം ‘സംരക്ഷക രാഷ്ട്രീയം’ പറയുന്നത്. എല്ലാകാലത്തും ആദിവാസിഗര്‍ഭത്തില്‍ പിറന്നിരുന്നവര്‍ക്ക് ബുദ്ധിയുണ്ടായിരുന്നു. സിവിക് വയനാടന്‍ മല കേറിയപ്പോഴും ബുദ്ധിയും ബോധവുമുള്ള മനുഷ്യരായിരുന്നു ആദിവാസികള്‍. സിവിക്കിന് ഇപ്പോഴേ കാര്യം തിരിഞ്ഞുള്ളൂ എന്നതിന് അവരെന്ത് പിഴച്ചൂ! ആദിവാസിയടക്കമുള്ള ചൂഷിതരുടെ രാഷ്ട്രീയസമരങ്ങളില്‍ പങ്കെടുക്കുന്ന സകലര്‍ക്കും സിവിക് അന്നും ഇന്നും വെച്ചുപുലര്‍ത്തുന്ന ഈ ‘civilisation project’ രാഷ്ട്രീയമാകണമെന്നില്ല.

 

 

കേരളത്തില്‍ എല്ലാവര്‍ക്കും രാഷ്ട്രീയവും സംഘടനയുമൊക്കെയായി. ഇനി ആരും ഈ വഴി വരണ്ട എന്നാണ് കല്‍പന. അതായത് വെള്ളാപ്പള്ളി നടേശഗുരുവുണ്ട്, അതുകൊണ്ടു ഈഴവരെ ആ വഴിക്കു വിട്ടേക്കൂ, നായന്‍മാരുടെ പോപ് പെരുന്നയിലുണ്ട്; അതുകൊണ്ടു സംബന്ധത്തിന് വേറെ വീട് നോക്കിക്കോളൂ എന്ന പോലെ.

 

താന്‍ നക്സലൈറ്റ് രാഷ്ട്രീയം കൊണ്ടുനടന്നിരുന്ന ആ മഹിതഭൂതകാലത്തെ എത്ര കൌശലത്തോടെയാണ് അതിന്റെ രാഷ്ട്രീയം മരിച്ചെങ്കിലും മഹത്വം ചന്ദ്രനെപ്പോലെ വിളങ്ങുന്നു എന്ന്, പണ്ടത്തെ കുഞ്ഞ് പെരുമന്‍ പറയുന്നത്.കേരളത്തില്‍ ഉണ്ടായിരുന്ന നക്‌സലൈറ്റുകള്‍ അക്കാലത്തെ ഏറ്റവും മികച്ച കവികളെക്കൊണ്ടും ചിത്രകാരന്മാരെക്കൊണ്ടും ചിന്തകന്മാരെക്കൊണ്ടും ദാര്‍ശനികരെക്കൊണ്ടും അവസാന കളി കളിച്ചിട്ടും തോറ്റുപോയവരാണ്.

 

അപ്പോള്‍ സിവിക് ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ ‘എട്ടുകാലി മമ്മൂഞ്ഞ് ’ ആരാണെന്നറിയാണ്‍ ഇനി പാഴൂര്‍ പാടി വരെ പോകണ്ട. പണ്ട് നാട്ടില്‍ കല്യാണം കഴിഞ്ഞ് പെണ്ണ് പെറാഞ്ഞാല്‍ ഉടന്തന്നെ ‘മച്ചി’ എന്ന ബ്രാന്‍ഡ്നേമില്‍ പേറ്റന്‍റ് നല്കും. അവരുടെ നല്ലകാലത്തിന് കുഞ്ഞിരാമന്‍ ഇക്കാരണം പറഞ്ഞു ഉപേക്ഷിച്ച ചില ആര്‍ച്ചകളൊക്കെ പിന്നെ ചറുപിറാ പെറ്റതും സന്തോഷമായി കൂത്തുകാണാന്‍ പോയതും കഥയല്ലാത്ത നാട്ടുപുരാണമാണ്. ചിലപ്പോള്‍ ‘വിശിഷ്ടവര്‍ഗം’ അല്ലെങ്കില്‍ കേരളത്തിലെ വിപ്ലവാര്യന്‍സ്  അവസാനകളി കളിച്ചിട്ടും പുതിയ സമൂഹം പേറ്റുമുറിയില്‍ നിന്നും ബലികുടീരങ്ങളും പാടി പിറക്കാഞ്ഞതിന് ഈ മച്ചി-കുഞ്ഞിരാമന്‍ സിന്‍ഡ്രോം ആയിരിയ്ക്കും കാരണം.

കവികളും ചിത്രകാരന്മാരും എന്ന് പറഞ്ഞു പെരുമാന്‍ നിര്‍ത്തിയിരുന്നെങ്കില്‍ ‘പടം പോക്കാ, ഇന്‍റര്‍വെല്‍ വരെ കണ്ടിരിക്കാം’ എന്ന് പറഞ്ഞു പോരാമായിരുന്നു. ഇതിപ്പോ ചിന്തകരും, ദാര്‍ശനികരും കൂടി ഉണ്ടായിരുന്നത്രെ. എടക്കല്‍ ഗുഹാലിഖിതം പോലെ നൂറ്റാണ്ടുകള്‍ക്കപ്പുറം ആരെങ്കിലും കണ്ടെടുക്കുമായിരിക്കും ആ ദാര്‍ശനികതയുടെ മഹാപ്രബന്ധങ്ങള്‍. സൈന്ധവലിപി  പോലെ വായിക്കാനാവാതെ അന്നത്തെ മനുഷ്യര്‍ കുഴങ്ങാതിരുന്നാല്‍ മതിയായിരുന്നു. ഓന്തും ഒരുതുള്ളി മുതലയാണ് എന്ന പോലെ  ആശ്വസിക്കാം.

 

നിരീക്ഷണത്തിന്റെ അവസാനഭാഗത്ത് ഈ മഹിതഭൂതകാലം മോഹിനീരൂപമണിഞ്ഞു ഉദ്യാന വര്‍ണനയുമായി വീണ്ടും വരുന്നുണ്ട്. ഏറ്റവും മികച്ച ചിത്രകാരന്മാരെക്കൊണ്ടും ചിന്തകന്മാരെക്കൊണ്ടും കളിച്ചിട്ടും പരാജയപ്പെട്ടൊരു പ്രസ്ഥാനത്തെകെ വേണുവിനെ പോലൊരാളുടെ സ്ഥാനം ഇന്നത്തെ സംഘടനകളിലുണ്ടോ? ഉണ്ടാകില്ല. കേരളത്തിലെ അവസാനത്തെ റാഡിക്കല്‍ ബുദ്ധിജീവിയാണ് അദ്ദേഹം. ഇനിയദ്ദേഹത്തെപ്പോലൊരു ഇന്റലക്ച്വല്‍ ഉണ്ടാകില്ല. കവിതയുടെ കാര്യത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലെ. കേരളത്തിലെ അവസാനത്തെ മഹാകവിയാണ് ചുള്ളിക്കാട്.

 

 

വിപ്ലവം നടത്താന്‍ ചരിത്രത്തില്‍ സാധ്യമായ ഏറ്റവും മികച്ച അവസാനസേനയുമായാണ് ഒരു കളി കളിച്ചുനോക്കിയത്. ചിന്തകരും, ദാര്‍ശനികരും, കവികളും ഒക്കെ ഇനി ഇല്ലാത്ത സ്ഥിതിക്ക് അതിനൊന്നും ഇറങ്ങിപ്പുറപ്പെടാതിരിക്കുകയാണ് നല്ലത് എന്ന ഉപദേശം മാത്രമാണ് ആ അതിമാനുഷബുദ്ധിജീവിസേനയിലെ ഒരു അംഗമായിരുന്ന മുന്‍ സഖാവ് തരുന്നത്. ഏറ്റുവാങ്ങൂ ചരിത്രോപദേശത്തിന്റെ നാക്കിലയില്‍ വെച്ചുതരുന്ന ഈ പ്രസാദം.

 

മാര്‍ക്സിസത്തെ അകമ്പുറം തള്ളിക്കളയുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ കെ. വേണുവിന്‍റേത്. പക്ഷേ കേരളത്തിലെ അവസാനത്തെ റാഡിക്കല്‍ ബുദ്ധിജീവിയാണ് വേണുവെന്ന പ്രഖ്യാപനം ഉറക്കത്തില്‍പ്പോലും വേണു പറയാനിടയില്ല. തീര്‍ന്നില്ല, ബാലചന്ദ്രന്‍ ചുള്ളിക്കാട് അവസാന മഹാകവിയാണ്. പിറക്കാതെ പോയ മകനെ, നീയായിരുന്നു മഹാകവി. കേരളത്തിന്റെ സ്വന്തം നോസ്ത്രദാമസിന്റെ പ്രവചനങ്ങള്‍ കറന്‍റ് ബുക്സ് കട്ടിക്കടലാസില്‍ കാലിക്കോ ബൈന്‍ഡിംഗില്‍ അച്ചടിച്ചു നല്‍കുന്ന വരുംകാലത്ത് കവിസമ്മേളനങ്ങള്‍ നടന്ന കാലമോര്‍ത്ത് സാഹിത്യ അക്കാദമി വളപ്പ് തേങ്ങിക്കരയും. സിവിക് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം വിട്ടശേഷം കേരളത്തില്‍ പിന്നെയാരും രാഷ്ട്രീയത്തില്‍ ഇടപെടുകയോ, അക്ഷരം പഠിക്കുകയോ ചെയ്യാത്തതുകൊണ്ട് 70-കളിലെ സിവിക് കോമഡിക്ക് പാരഡിയുണ്ടാകാനുള്ള സാധ്യത കുറവാണ്.

 

ഒരു സമരത്തെയും അതിന്റെ ഉടന്തടി വിജയത്തിലല്ല, മറിച്ച് ദീര്‍ഘകാല സ്വാധീനത്തിലാണ് വിലയിരുത്തേണ്ടതെന്ന് പറയുന്ന കേരള നോസ്ത്രദാമസ് പക്ഷേ നക്സലുകളുടെയും, കമ്മ്യൂണിസ്റ്റുകാരുടെയും കാര്യത്തില്‍ ഒറ്റമൂലികൊണ്ടു കാര്യം സാധിയ്ക്കുന്നു. അത് പരാജയവും ആവര്‍ത്തനവും പ്രഹസനവും പാരഡിയും എന്നൊക്കെ പറയാന്‍  തന്റെ ‘വിശിഷ്ട വര്‍ഗ’ത്തിന്റെ പരാജയപ്പെട്ട പരീക്ഷണത്തിന്റെ സാമൂഹ്യസിദ്ധാന്തം മാത്രം മതി അദ്ദേഹത്തിന്.

 

കേരളത്തിലെ പൌരാവകാശ പ്രസ്ഥാനത്തെ തകര്‍ത്തുകളഞ്ഞത് നക്സലൈറ്റുകളാണത്രേ. സിവിക് അടങ്ങുന്ന ‘വിശിഷ്ടവര്‍ഗം’ വാല്‍നക്ഷത്രം വന്നിടിച്ചു വംശനാശം വന്നുപോയതിനുശേഷം ആരും അത്രകണ്ട് നക്സലൈറ്റ് ആകാത്തതുകൊണ്ട് ആ പാപഭാരം അദ്ദേഹം പ്രതീകാത്മകമായി  ഏറ്റെടുക്കുന്നു എന്ന് കരുതാം. അതിനുശേഷം നാട്ടില്‍ പൌരാവകാശമുന്നേറ്റമുണ്ടാക്കാന്‍ തടസം ആരാണാവോ? ആ ചരിത്രദൌത്യം സിവിക് ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കാം. പൌരാവകാശമുന്നേറ്റത്തിലെ അവസാന മഹാകാവ്യം!

 

 

സമൂഹത്തിലെ സാഹസികതയുടെ ഒഴിഞ്ഞ ഇടത്തേക്ക് നിറക്കുന്ന ചേരുവകള്‍, കുത്തിക്കേറ്റുന്ന ദുര്‍വിചാരങ്ങള്‍ എന്തൊക്കെയാണ്? മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തകളാണെന്ന് സിവിക് പറഞ്ഞുതരുന്നു. അങ്ങനെ മാര്‍ക്സിസം ഒരു സാഹസം മാത്രമാകുന്നു, രാഷ്ട്രീയമല്ലാതാകുന്നു. അതിനെ ഏതിനോടുപമിക്കാം? അതും പറയുന്നുണ്ട്, “കഞ്ചാവും സംഗീതവും സിനിമയും സെക്ഷ്വല്‍ അനാര്‍ക്കിസവുമെല്ലാം ചേര്‍ന്നതാണ് കേരളത്തില്‍ ഇന്നുള്ള പൊട്ടന്‍ഷ്യല്‍ നക്‌സലിസം”. അവസാനമഹാകവി ചുള്ളിക്കാടാണെന്ന് സിവിക് വിനയം കൊണ്ട് പറഞ്ഞതാണ്. ഈ ഉപമകൊണ്ട് ഇന്നത്തെ മഹാകവിയെ നമുക്ക് പിടികിട്ടി. ഈ ലൈംഗിക അരാജകത്വത്തില്‍ ചുംബിലാബ് വരുമോ സിവിക്കേ? ചിട്ടയുള്ള/രാജാവുള്ള ലൈംഗികത ഏതാണ്?

 

നക്സലൈറ്റ് പ്രസ്ഥാനം കാലോചിതമായി പരിഷ്ക്കരിക്കണം, എന്നാല്‍ ഇന്നുള്ളവര്‍ക്ക് അതിനു കഴിയുന്നില്ല എന്നാണ് മറ്റൊരു ആരോപണം. തൊട്ടടുത്ത വാചകം പഴയകാല നക്‌സലൈറ്റുകളെപ്പോലെ വയലന്‍സ് ഉപയോഗിക്കുന്നവരോ ഗറില്ല രീതികള്‍ പിന്തുടരുന്നവരോ സംഘടിതരോ ബുദ്ധിജീവി നേതൃത്വം ഉള്ളതോ ആയ ഒരു പ്രസ്ഥാനമല്ല പുതിയ കാലത്തുണ്ടായിരിക്കുന്നത്. അസംഘടിതവും വികേന്ദ്രീകൃതവും നേതൃത്വവും പ്രത്യശാസ്ത്രവും ഇല്ലാത്തതുമായ ഒന്നാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്.

 

ഇത് നക്സലൈറ്റുകളെ കുറിച്ചാണോ അതോ പുതിയകാല സമരസംഘടനകളെക്കുറിച്ചാണോ എന്ന് വ്യക്തമല്ല. രണ്ടുകൂട്ടര്‍ക്കായാലും അസംഘടിതര്‍ എന്ന മുദ്ര അത്ര ഭൂഷണമല്ല. പിന്നെ ബുദ്ധിജീവി നേതൃത്വത്തിന് സാധ്യതയുമില്ല. കാരണം ആ വര്‍ഗം 80-കളുടെ തുടക്കത്തില്‍ ഉല്‍ക്ക വന്നിടിച്ചോ മറ്റോ അന്യം നിന്നുപോയല്ലോ.

 

ജനകീയസമരങ്ങളെ അടിച്ചമര്‍ത്താന്‍ ഇത്തരം അക്രമ സമരമാര്‍ഗങ്ങള്‍ ഭരണകൂടത്തിന് പുകമറ നല്‍കുമത്രേ. ഒരു ആക്രമവുമില്ലാതെ ഇറോം ഷര്‍മിള നിരാഹാരം കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ജനാധിപത്യം സിന്ദാബാദ്.

 

സിവികിന്റെ ചരിത്രനിരീക്ഷണത്തിന് ഇപ്പോള്‍ പ്രേരിപ്പിച്ച സംഭവങ്ങളിലൊന്ന് കാതിക്കുടത്തെ മലിനമാക്കുന്ന, നീറ്റ ജെലാറ്റിന്‍ കമ്പനി തല്ലിപ്പൊളിച്ചതാണ്. അത്  “ഒന്നുകില്‍ ഇവിടുത്തെ നക്‌സലൈറ്റുകളെന്നു പറയുന്നവര്‍ ഏതെങ്കിലും പിള്ളേരെക്കൊണ്ട് ചെയ്യിപ്പിച്ചതായിരിക്കാം”, അല്ലെങ്കില്‍ ”മാനേജ്‌മെന്റ് മാവോയിസ്റ്റുകള്‍ക്ക് ക്വട്ടേഷന്‍ കൊടുത്തിരിക്കാം”എന്ന രണ്ടു സാധ്യതകളാണ് സിവിക് കോനന്‍ഡോയല്‍ കണ്ടെത്തുന്നത്. ഒന്നാലോചിച്ചു നോക്കൂ. നക്സലൈറ്റുകള്‍ തങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയെന്ന് പായാരം പറയാന്‍, കമ്പനി അതീവരഹസ്യമായി മാവോയിസ്റ്റുകളെ തേടിപ്പിടിച്ചു ക്വട്ടേഷന്‍ കൊടുത്തു. നാടകമാണെങ്കിലും സംഭവം ഒറിജിനലാവണമെന്ന് കമ്പനിക്കു നിര്‍ബന്ധമുണ്ട്. നക്സലൈറ്റുകാര്‍ വെറും ക്വട്ടേഷന്‍ സംഘക്കാരാണെന്ന ആരോപണം സഹിച്ചു. ക്വട്ടേഷന്‍ കാശുമായി കമ്പനി ദണ്ഡകാരണ്യം വരെയും പോകാനുള്ള ആ സാധ്യത പറഞ്ഞുവെച്ച (അതും തമ്മനം ഷാജി മുതലായ മഹാരഥന്മാരെ സൃഷ്ടിച്ച ആ ബിലാലിന്റെ കൊച്ചിയില്‍ നിന്നും) ആ ഭാവനാവിലാസമുണ്ടല്ലോ! ഹോ! ഒന്നുകൂടി ആവര്‍ത്തിക്കുന്നു, ചുള്ളിക്കാടല്ല മലയാളത്തിന്റെ അവസാനത്തെ മഹാകവി.

 

ചുംബനസമരത്തില്‍ മാവോവാദികള്‍ നുഴഞ്ഞുകയറി എന്നാണ് മറ്റൊരാരോപണം. അതായത് മാവോവാദികള്‍ക്ക് ചുംബിക്കാനോ സമരം നടത്താനോ അവകാശമില്ലെന്നാണോ? ചുംബിക്കുന്ന രണ്ടുപേര്‍ക്കിടയിലേക്കാണ് നുഴഞ്ഞുകയറിയതെന്ന് തോന്നും ഇതുകേട്ടാല്‍. ചുംബനസമരം നടത്തണമെങ്കില്‍ ചുംബിലാബ് കക്ഷിയില്‍ അംഗത്വമെടുക്കണോ?

 

 

മഹാകവേ, ഇന്ത്യയില്‍ ഒരുപാടിടത്ത് മാവോവാദികളോ, നക്സലൈറ്റുകളോ മരുന്നിന് പോലുമില്ല. അവിടെയൊക്കെയുള്ള ജനകീയ മുന്നേറ്റത്തിന്റെ ചെറുമുളകളെ പോലും ഭരണകൂടം എത്ര നിര്‍ദാക്ഷിണ്യമാണ് അടിച്ചമര്‍ത്തുന്നതെന്ന് സാക്ഷ്യം പറയാനുള്ള ആധികാരികത നമുക്കുമുണ്ട്. അപ്പോള്‍ പ്രശ്നം ചെറുത്തുനില്‍പ്പ് മാവോയാണോ, ഗാന്ധിയാണോ, മാര്‍ക്സാണോ എന്നല്ല അത് ഭരണകൂട, മൂലധന രാഷ്ട്രീയത്തെ എങ്ങനെ അലോസരപ്പെടുത്തുന്നു എന്നതാണ്. അതാണ് ഭരണകൂട അടിച്ചമര്‍ത്തലിന്റെ യുക്തിയും.

 

പലപ്പോഴും മാവോവാദി അനുഭാവികളും പലപ്പോഴും ഭരണകൂടവും  പറയുന്നത്ര വിശാലമൊന്നുമല്ല ഈ ‘ചുവപ്പന്‍ ഇടനാഴി’യും ‘ജനകീയ വിമോചിത മേഖല’കളും. വലിയ ബുദ്ധിമുട്ടിലാണ് മാവോവാദി സമരവും. അത് ഇനിയും ഏറെക്കാലം അങ്ങനെയായിരിക്കുകയും ചെയ്യും. അതിനു പ്രത്യയശാസ്ത്രപരവും തന്ത്രപരവും പ്രായോഗികവുമായ ഒരുപാട് കാരണങ്ങളുമുണ്ട്. പക്ഷേ, നിരീശ്വരവാദികളുടെ ദൈവം സഹായിച്ച്, ‘വിശിഷ്ടവര്‍ഗ’ത്തിന്റെ‘വിപ്ലവാര്യന്‍സി’ന്റെ അഭാവം അതിലൊന്നല്ല.

 

രാജ്യത്തെ ദശലക്ഷക്കണക്കിന് മനുഷ്യരെ മൂലധന ഭീകരതയുടെ ഇരകളാക്കുകയും, അതിനു ചോറ്റുപട്ടാളം പോലെ കൂട്ടുനില്‍ക്കുകയും ചെയ്യുന്ന ഒരു ഭരണകൂടമാണ് നിലവിലുള്ളത്. അതിനെതിരെ ഇനിയും ഒരു അറുപത് കൊല്ലം സമ്മതിദാനപരീക്ഷണം നടത്തുമ്പോഴേക്കും അട്ടപ്പാടിയിലും ഗദ്ചിരോളിയിലുമെന്നപോലെ ആദിവാസികള്‍ വംശഹത്യയുടെ വക്കിലെത്തും. അതുകൊണ്ടാണ് പലപ്പോഴും തോല്‍ക്കാനാണ് ഏറെ സാധ്യതയെങ്കിലും മരിച്ചാലും വേണ്ടില്ലെന്ന് പറഞ്ഞു അവര്‍ സായുധ രാഷ്ട്രീയം തെരഞ്ഞെടുക്കുന്നത്. പെരുമാന്‍മാരില്ലെങ്കില്‍ ഇവര്‍ക്ക് രാഷ്ട്രീയമില്ലെന്ന അധിക്ഷേപം വംശവെറി നിറഞ്ഞതാണ്. സ്വന്തം രാഷ്ട്രീയം തിരിച്ചറിയാനും തെരഞ്ഞെടുക്കാനും ‘വിപ്ലവാര്യന്‍’മാരുടെ വര്‍ഗത്തില്‍പ്പെടാത്ത ഈ ആദിവാസികള്‍ക്കും കഴിയും.

 

ഇങ്ക്വിലാബില്‍ നിന്നും ചുംബിലാബിലേക്ക് മാറുകയല്ല, മറിച്ച് വിശാലമായ ജനകീയ, ജനാധിപത്യ പോരാട്ടങ്ങളിലേക്ക് ഒരു സമരരൂപം കൂടി ഉള്‍ച്ചേരുകയാണ്. സിവികിന് രണ്ടു സമരങ്ങളുടെയും രാഷ്ട്രീയം മനസിലാകാത്തതുകൊണ്ടാണ്, അല്ലെങ്കില്‍ ബോധപൂര്‍വം വളച്ചൊടിക്കുന്നതുകൊണ്ടാണ് ഒന്നു മറ്റേതിന് വിരുദ്ധമാണെന്ന് പറയുന്നത്. സിവിക് എന്തെങ്കിലും രാഷ്ട്രീയം പറയുമ്പോള്‍ അത് ചര്‍ച്ച ചെയ്യാം. മോഹിനിയുടെ ഭൂതകാല ഉദ്യാനവര്‍ണനക്ക് ഇത്ര മറുപടി പാടിയാല്‍ മതി.

 

(കോളമിസ്റ്റും രാഷ്ട്രീയനിരീക്ഷകനുമാണ് ലേഖകന്‍, ന്യൂഡല്‍ഹിയില്‍ താമസം)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍