UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ പൗരസമൂഹം ഇനിയും മൗനികളായി തുടരുമെന്ന് കരുതരുത്

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

ഡല്‍ഹിയിലെ ആനന്ദകരമായ ഈ ശൈത്യകാല സായാഹ്നങ്ങള്‍ എതിര്‍പ്പുകളുടെ അലയൊലികളാല്‍ മുഖരിതമാണ്. യുജിസി ആസ്ഥാനത്തിനു മുമ്പിലൂടെയും മണ്ഡി ഹൗസിലൂടെയും വെറുതെ ഒന്നു നടന്നാല്‍ മതി, വരാനിരിക്കുന്ന ഒരു പൊതുജന പ്രക്ഷോഭത്തിന്റെ അടയാളങ്ങള്‍ പലപ്പോഴും വ്യക്തമായിത്തന്നെ കാണാനാവും. 

ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനമേല്‍ക്കുന്നു. വിദ്യാര്‍ത്ഥിനികളെ ഡല്‍ഹി പൊലീസ് യുജിസിക്കു മുമ്പിലൂടെ വലിച്ചിഴയ്ക്കുന്നു. ഫൈസ് അഹ്മദ് ഫൈസിന്റെ ‘ഹം ദേഖേംഗെ’ എന്ന പ്രശസ്തമായ കവിത ആലപിച്ചാണ് ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ജനപ്രിയ അധ്യാപിക നന്ദിത നരെയ്ന്‍ ഒരു സായാഹ്നത്തില്‍ ഈ പ്രതിഷേധത്തിന്റെ ഭാഗമായത്. കമ്മ്യൂണിസ്റ്റ് കവിയായ ഫൈസിന്റെ ഈ കവിത ഇവിടെ വളരെ പ്രസക്തമാണ്. 1985-ല്‍ ജനറല്‍ സിയാഉള്‍ ഹഖ് സ്ത്രീകള്‍ സാരി ധരിക്കരുതെന്ന് തിട്ടൂരമിറക്കിയപ്പോള്‍ അതിനെതിരെ ലാഹോര്‍ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ അരലക്ഷത്തോളം പേര്‍ക്കു മുമ്പില്‍ ഉപഭൂഖണ്ഡത്തിന്റെ പ്രിയങ്കരിയായ ഗസല്‍ ഗായിക ഇഖ്ബാല്‍ ബാനു കറുത്ത സാരിയുടുത്താണ് ഈ വരികള്‍ ആലപിച്ച് പ്രതിഷേധിച്ചത്. ഫൈസ് അപ്പോള്‍ ജയിലിലായിരുന്നു.

വ്യത്യസ്ത കാരണങ്ങള്‍ക്കു വേണ്ടിയുള്ള ചെറുതോതിലുള്ള പല പല പ്രതിഷേധങ്ങളില്‍ നിന്നാണ് വ്യാപക പൊതുജന പ്രക്ഷോഭങ്ങളുടെ തുടക്കം എല്ലായ്‌പ്പോഴും സംഭവിക്കുക. ഈ ചെറിയ പ്രതിഷേധങ്ങളെ ഒരു കുടയ്ക്കു കീഴില്‍ കൊണ്ടുവരുന്ന ഒരു പ്രേരകശക്തി അപ്പോഴേക്കും പ്രവര്‍ത്തിച്ചിരിക്കും. ഇപ്പോള്‍ നടന്നു വരുന്ന വിദ്യാര്‍ത്ഥികളുടേയും ബുദ്ധിജീവികളുടേയും പ്രതിഷേധങ്ങളും പാവപ്പെട്ടവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രയാസങ്ങളുമെല്ലാം ഒരു വലിയ പൊതുജന പ്രക്ഷോഭമായി രൂപാന്തരപ്പെടാന്‍ അധികം കാലമെടുക്കില്ല.

ഒരു സര്‍ക്കാരിന്റെ ഭരണകാലത്ത് ഇത്ര നേരത്തെ തന്നെ വ്യാപക തെരുവു പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം ദൗര്‍ഭാഗ്യകരമായിരിക്കും. എങ്കിലും ഇന്ത്യ എന്നു വിളിക്കപ്പെടുന്ന ആശയത്തെ സംബന്ധിച്ചിടത്തോളം, ഭൂതകാലത്തില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യക്കാര്‍ തങ്ങളുടെ കാതലായ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ന് കൂടുതല്‍ ബദ്ധശ്രദ്ധരാണ് എന്നതിന്റെ സ്ഥിരീകരണമായിരിക്കും ഇത്. ഇതാണ് ഇന്ത്യയുടെ 15-ാമത് പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത കാര്യം. എന്നാല്‍ ഇത്രയൊക്കെ ആയിട്ടും മോദിയും അദ്ദഹത്തിന്റെ ബിജെപി അണികളും ശക്തിപ്രാപിച്ചുവന്ന ഈ അതൃപ്തിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന മട്ടിലാണ്. മോദിയുടെ ജീവിതത്തിലെ കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായ എല്ലാ സംഭവങ്ങളേയും പോലെ ഇതും നേരിടാമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ ഊഹം വിനാശകരമായ ഒരു പിഴവായിരിക്കുമെന്ന് തെളിയാനിരിക്കുന്നതെ ഉള്ളൂ.

മോദി വിസ്മരിക്കാന്‍ പാടില്ലാത്തത് എന്താണ്?
2002-ല്‍ ഗുജറാത്തിനെ ആളിക്കത്തിക്കാന്‍ അനുവദിക്കുകയും അതില്‍ താന്‍ വഹിച്ച പങ്കിന് മോദി ശിക്ഷിക്കപ്പെട്ടില്ല എന്നതും നീതിക്കും ന്യായത്തിനും വിലകല്‍പ്പിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഖേദകരമായ ഒരു കാര്യമാണ്. അദ്ദേഹം എന്താണ് പറഞ്ഞതെന്നും എന്തു ചെയ്തില്ലെന്നും സര്‍ക്കാരിന്റെ എല്ലാ ഒത്താശകളോടെയും കലാപം നടന്ന രീതികളുമെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ദരിദ്രരായ ഇരകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അക്രമസംഭവങ്ങള്‍ക്ക് നേതൃത്വത്തെ ഉത്തരവാദികളായി കാണുന്നതിലും ഇന്ത്യന്‍ ജുഡീഷ്യറി പരാജയപ്പെട്ടത് ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. മോദി തന്റെ വിഭാഗീയ അജണ്ടകളുമായി മുന്നോട്ടു പോകുമ്പോള്‍ ഈ രേഖകളായിരിക്കും ഇനി കൂടുതലായും പൊതു ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുക.

തനിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തിപ്രാപിക്കാന്‍ തുടങ്ങിയിട്ടും അദ്ദേഹം ഒരു മാറ്റത്തിനും തയാറായിട്ടില്ല. പകരം പൊതുജന പ്രതിഷേധങ്ങള്‍ അവഗണിച്ച് രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ വര്‍ഗീയ ആരോപണങ്ങള്‍ ശക്തിപ്പെടുത്തകയാണ് ചെയ്യുന്നത്. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നതുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോള്‍ ഹിന്ദുക്കള്‍ കൊല ചെയ്യപ്പെടുന്നത് എന്തു കൊണ്ട് അവഗണിക്കുന്നുവെന്നാണ് മോദിയുടെ സന്തതസഹചാരി അമിത് ഷാ മാധ്യമങ്ങളോട് ചോദിച്ചത്. ഇന്ത്യ ഒരു പുരോഗമന രാജ്യമാണെന്നു പറയുന്ന അരുണ്‍ ജെയ്റ്റ്‌ലി യുക്തിവാദികളുടെ കൊലപാതകങ്ങള്‍ പോലുള്ള സംഭവങ്ങള്‍ വെറും ക്രമസമാധാന പാളിച്ചയാണെന്നതു പോലുള്ള മണ്ടത്തരങ്ങളാണ് എഴുന്നള്ളിക്കുന്നത്. എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും മറ്റു ആക്ടിവിസ്റ്റുകളും ഉന്നയിക്കുന്ന ആശങ്കകളെ ആക്ഷേപിക്കുക മാത്രമാണ് ബിജെപി വക്താക്കള്‍ ചെയ്യുന്നത്. 

സൂചനകള്‍ വളരെ വ്യക്തമാണ്. എതിരാളികളെ ആക്ഷേപിക്കുകയും ക്യാമ്പസുകളിലും പുരോഗമന ചിന്താഗതിക്കാര്‍ക്കിടയിലും നുരയുന്ന പ്രതിഷേധങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്ന എന്‍ ഡി എ സര്‍ക്കാര്‍ തങ്ങള്‍ പ്രതിരോധത്തിലായ പോലെയാണ് പെരുമാറുന്നത്. ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ചെയ്തതില്‍ നിന്നും വ്യത്യസ്തമല്ല ഇത്.

 

ചരിത്രത്തിലെ ഹീനമായ സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ എന്തു ചെയ്‌തെന്ന മറുചോദ്യവുമായാണ് എതിര്‍ശബ്ദങ്ങളുയര്‍ത്തുന്നവരേയും സാമൂഹ്യ പ്രവര്‍ത്തകരേയും ഭരണകൂടത്തിന്റെ പണിയാളുകള്‍ നേരിടുന്നത് എന്നതാണ് അത്യന്തം നീചവും വിനാശകരവുമായ കാര്യം. 1984-ലെ വംശഹത്യയില്‍ സിഖുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ അവാര്‍ഡുകള്‍ തിരികെ നല്‍കി പ്രതിഷേധിച്ചുവോ? ആ വര്‍ഷം തന്നെ ഒരു ഹിന്ദു കുടുംബം വെന്തുമരിച്ചപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? എന്നെല്ലാമാണ് ആ ചോദ്യങ്ങള്‍. എന്നാല്‍ 2002-ലെ ഗുജറാത്ത് വംശഹത്യാ കാലത്ത് പൗരസമൂഹം എന്തു നിലപാടാണ് സ്വീകരിച്ചതെന്ന ചോദ്യം അവര്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു.

കഴിഞ്ഞ കാലത്തെ ആ പിഴവുകള്‍ തിരുത്താന്‍ പൗരസമൂഹം ഇപ്പോള്‍ ഒരുങ്ങിയിട്ടുണ്ടെന്ന് ബിജെപിയും അതിന്റെ പരമോന്നത നേതാവും തിരിച്ചറിയേണ്ടതുണ്ട്. അടിയന്തരാവസ്ഥാ കാലത്തെ കടന്നു പോകാന്‍ അനുവദിച്ചതും കഴിഞ്ഞ കാല കലാപങ്ങളുടെ സമയത്ത് മൗനം അവലംബിച്ചതും ഇന്ത്യ എന്ന ആശയത്തിനായി ഒന്നിച്ചു നില്‍ക്കാത്തതും അടക്കമുള്ള പിഴവുകള്‍ ഇനി ആവര്‍ത്തിക്കില്ല. ഇന്ത്യയെ തകര്‍ക്കുന്ന ഒരു ദുരന്തം വരുന്നതു വരെ ഈ പൗരസമൂഹം ഇനി മൗനികളായി ഇരിക്കുകയുമില്ല. അവര്‍ കൂടുതല്‍ തയാറെടുപ്പുകളും നടത്തിയിരിക്കുന്നു.

2002-ലെ കലാപങ്ങളുടെ കറ ഇപ്പോഴും തന്റെ കൈകളില്‍ നിന്നു മാഞ്ഞു പോയിട്ടില്ലെന്നും മോദി മറക്കരുത്. വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതിനുള്ള അദ്ദേഹത്തിന്റെ നൈപുണ്യവും പക്ഷപാത രാഷ്ട്രീയവും തന്ത്രപരമായ പബ്ലിക് റിലേഷന്‍ ജാലവിദ്യകളുമെല്ലാം പ്രതിപക്ഷത്തിനും പുരോഗമന ചിന്താഗതിക്കാര്‍ക്കും നന്നായി അറിയാം. ഇക്കാരണങ്ങള്‍ കൊണ്ടാണ്, ഇരുണ്ട ആ കാലം ആവര്‍ത്തിക്കപ്പെടുമോ എന്ന ഭയം കൊണ്ടാണ് അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇത്ര നേരത്തെ തന്നെ പൗരസമൂഹം ശബ്ദങ്ങളുയര്‍ത്തി തുടങ്ങിയിരിക്കുന്നത്. വ്യക്തിപരമായും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റേയും പെരുമാറ്റങ്ങളില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ അസംതൃപ്തിയുടെ ഒരു നീണ്ട ശൈത്യകാലത്തിലേക്കാണ് നാം കാലെടുത്തുവയ്ക്കുന്നത്. ഈ പ്രതിഷേധം വളരെ കാലം നീണ്ടേക്കാം. ഇതുമൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കുറച്ച് വര്‍ഷങ്ങള്‍ നഷ്ടമായേക്കാമെങ്കിലും ഇളകിമറിയുന്ന രാജ്യത്തെ യുവജനങ്ങളില്‍ നിന്നും അതിന്റെ  ബൗദ്ധിക ചൈതന്യത്തില്‍ നിന്നും ഇന്ത്യ എന്ന ആശയത്തിന് ഇക്കാലയളവില്‍ വലിയ കരുത്ത് ആര്‍ജ്ജിക്കാനാകും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍