അഴിമുഖം പ്രതിനിധി
മുഖ്യമന്ത്രിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേയും യോഗത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ വികാരാധീനനായി. കോടതികളില്‍ ജഡ്ജിമാരുടെ എണ്ണക്കുറവിനെ കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് അദ്ദേഹം വികാരധീനനായത്. കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിക്കുന്നില്ല. പ്രതിസന്ധി പരിഹരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി താക്കൂറിന് ഉറപ്പ് നല്‍കി.
ജഡ്ജിമാരുടെ എണ്ണം 21,000-ത്തില്‍ നിന്ന് 40,000 ആക്കി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ എക്‌സിക്യൂട്ടീവ് നടപടിയെടുക്കുന്നില്ലെന്ന് താക്കൂര്‍ പറഞ്ഞു. രാജ്യത്തിന്റെ മുന്നേറ്റത്തിനും പുരോഗതിക്കും വേണ്ടി ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും ഭാരം മുഴുവന്‍ ജുഡീഷ്യറിയുടെ ചുമലില്‍ നിങ്ങള്‍ക്ക് വയ്ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 ലക്ഷം പേര്‍ക്ക് പത്ത് ജഡ്ജിമാരുടെ എണ്ണത്തില്‍ നിന്നും 50 പേരാക്കി ഉയര്‍ത്തണമെന്ന് 1987-ല്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിരുന്നതാണെന്നും എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും പറയുമ്പോഴാണ് അദ്ദേഹം വികാരാധീനനായത്. ഇപ്പോള്‍ 10 ലക്ഷം പേര്‍ക്ക് 15 ജഡ്ജിമാരാണുള്ളത്.
രാജ്യത്ത് നിക്ഷേപം ആകര്‍ഷിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴും ജുഡീഷ്യറിക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.