UPDATES

ഓഫ് ബീറ്റ്

സി കെ ജാനുവിനെ ഫാസിസ്റ്റ് ആക്കുന്നതാണ് യഥാര്‍ത്ഥ ഫാസിസം- ജോയി മാത്യു/അഭിമുഖം

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിജയത്തിനായി ആരുമായും കൂട്ടുകൂടാമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്

ജോയ് മാത്യു/ എം കെ രാമദാസ്‌

ആദിവാസികളില്‍ നിന്ന് സ്വയം വളര്‍ന്നു വന്ന നേതാവായ സി കെ ജാനുവിനെ പിന്തുണയ്‌ക്കേണ്ടത് ഇടതുപക്ഷമാണെന്ന് സിനിമ നടനും സാമൂഹിക നിരീക്ഷകനുമായ ജോയ് മാത്യു പറയുന്നു. ആദിവാസി പ്രശ്‌നം, തെരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളില്‍ തനിക്കുള്ള നിലപാടുകള്‍ അഴിമുഖവുമായി പങ്കുവയ്ക്കുന്നു.

രാമദാസ്ഫാസിസം, വര്‍ഗീയത, ആദിവാസി

ജോയ് മാത്യു: ലോകത്തിലിന്നോളം ഫാസിസത്തിന്റെ മുഖങ്ങളിലൊന്നും ആദിവാസി ഉണ്ടായിരുന്നില്ല. ഫാസിസത്തിന്റെ നിര്‍വചനങ്ങളിലൊന്നും ട്രൈബിന്റെ രാഷ്ട്രീയ അധികാരം, സാമ്പത്തിക അധികാരം എന്നിവയില്ല. അവര്‍ ജന്മനാ അധികാരത്തിന് പുറത്തുള്ളവരാണ്. അധികാരം അക്യൂമിലേറ്റ് ചെയ്യാന്‍ കഴിയുന്നവര്‍ക്കേ ഫാസിസ്റ്റാകാന്‍ കഴിയൂ. ആദിവാസികള്‍ക്ക് മത, ജാതി, രാഷ്ട്രീയ, സാമ്പത്തിക അധികാരങ്ങളില്ല. ഇല്ലാത്തതിനെ ഫാസിസ്റ്റാക്കി മുദ്രകുത്തുകയാണ് ഇവിടെ. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനെ നിര്‍വചിക്കുകയാണ്. എന്നാല്‍ നിങ്ങളെ ആരും നിര്‍വചിക്കാനാകില്ല. നിര്‍വചിച്ച് സ്ഥാനപ്പെടുത്തി ആക്രമിക്കുകയാണ് ഇവിടെ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങള്‍ മറക്കും. അധികാരത്തിന്റെ ഒരു ഘട്ടത്തിലും അതിന്റെ ഭാഗമല്ലാതിരുന്ന തീര്‍ത്തും എത്തിനിക്ക് ആയ ജൈവിക രാഷ്ട്രീയം പറയുന്ന ജാനുവിനെ ഫാസിസ്റ്റ് എന്ന് നിര്‍വചിക്കുന്നതാണ് യഥാര്‍ത്ഥ ഫാസിസം. ഒറ്റപ്പെടുത്തി ചവിട്ടി പുറത്താക്കി ഫ്‌ളഷ് ചെയ്ത് കളയുകയാണ് നിങ്ങള്‍.

രാ: ജാനുവിന്റെ തെരഞ്ഞെടുപ്പ് മത്സരം

ജോ: ഫാസിസം വന്നുവെന്ന് അലമുറയിടുന്ന പാര്‍ട്ടികള്‍ അവരുടെ ഭരണകാലത്ത് നടപ്പിലാക്കിയ ഫാസിസ്റ്റ് നിയമങ്ങളെക്കുറിച്ചോര്‍ക്കണം. ബ്രിട്ടീഷ് കിരാത നിയമങ്ങള്‍ പൊടിതട്ടിയെടുത്ത് തെരുവില്‍ നാടകം കളിച്ച് ആദിവാസികള്‍ക്ക് എതിരെ ഉപയോഗിച്ചത് മറക്കരുത്. ആരു ഭരിച്ചാലും ഫാസിസ്റ്റ് ആകാമെന്നതാണ് അനുഭവം. ഇടതുപക്ഷം പൂര്‍ണമായും ഫാസിസ്റ്റ് വിരുദ്ധ മുന്നണിയാണെന്ന് കരുതാനാകില്ല. ആദിവാസി വിഭാഗത്തെ പ്രതിനിധാനം ചെയ്യാത്ത പികെ ജയലക്ഷ്മി മന്ത്രിയായിട്ട് എന്താണ് ഇവിടെ നടന്നത്? അവര്‍ വിവാഹം കഴിച്ചതായി മാത്രമേ ഇക്കാലയളവില്‍ അറിഞ്ഞുള്ളൂ.

വയനാട്ടില്‍ ഏറ്റവും താഴേത്തട്ടില്‍ ജീവിക്കുന്ന അടിയവിഭാഗത്തില്‍ നിന്നൊരു സ്ത്രീ സ്വയം തിരിച്ചറിഞ്ഞ്, സ്വയം പഠിച്ച്, സ്വയം നേതൃനിരയിലേക്ക് ഉയര്‍ന്ന് ചരിത്ര പ്രസിദ്ധമായ മുത്തങ്ങ സമരത്തിന് നേതൃത്വം നല്‍കി, നില്‍പ്പ് സമരം നടത്തി വിജയിപ്പിച്ച ജാനുവിനെ എന്തുകൊണ്ട് സിപിഐ-എം മത്സരിപ്പിച്ചില്ല. ആദിവാസി പ്രശ്‌നം അടുത്തറിയാവുന്ന, അവരുടെ ഇടയില്‍ നിന്നും വരുന്ന ജാനുവിനെ പോലൊരാളെ പൊതുസമൂഹം രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ അത്രയും പെര്‍ഫെക്ടായ രാഷ്ട്രീയം നാം അവകാശപ്പെടണം. അഴിമതിക്കാരനെന്ന് തെളിയിക്കപ്പെട്ട ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ കൂടെ നിര്‍ത്താമെങ്കില്‍, രാഷ്ട്രീയത്തിലെ അപരിചിതരെ ജാതി നോക്കി സ്ഥാനാര്‍ത്ഥിയാക്കാമെങ്കില്‍ മുന്നണികള്‍ കേരളത്തോട് പറയുന്ന ധാര്‍മ്മികത എന്താണ്. മനുഷ്യത്വം എന്ന പരിഗണന വച്ചാണ് ജാനുവിനെ പിന്തുണയ്‌ക്കേണ്ടത്. അന്ധമായ സിപിഐ-എം ആരാധകനോ ഭക്തനോ അല്ലെങ്കിലും കേരളത്തിലെ ഇടതുപക്ഷത്തിനൊപ്പമാണ് എന്റെ മനസ്സ്. ആരേയും ഭയക്കാത്തതു കൊണ്ട് ഇടതുപക്ഷത്തെ വിമര്‍ശിക്കാനുള്ള അവകാശവും എനിക്കുണ്ട്. ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കി പിന്തുണയ്‌ക്കേണ്ടത് ഇടതുപക്ഷമാണ്. എന്തുകൊണ്ടാണ് ആദിവാസി വിഭാഗത്തോട് ഇടതുപക്ഷം വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്ന് തെളിയേണ്ടതുണ്ട്. ഇടതു നിലപാട് ആരെ സഹായിക്കുമെന്നതും മനസ്സിലാക്കണം.

ആദിവാസികള്‍ക്ക് വോട്ടുകള്‍ കുറവാണ്. ചായക്കട എന്ന പേരില്‍ തുടങ്ങിയ ടെലിവിഷന്‍ ഇലക്ഷന്‍ പരിപാടിക്കായി വയനാട്ടിലെത്തിയപ്പോള്‍ വോട്ടില്ലാത്ത ആദിവാസിയെ കാണാനായി. ശവം കുഴിച്ചിടാന്‍ പോലും മണ്ണില്ലാത്തവരും അവിടെയുണ്ട്. ആദിവാസികള്‍ വോട്ട് ബാങ്കല്ല. ഇടത്തരം കൃഷിക്കാരും വലിയ പ്ലാന്റേഴ്‌സുമാണ് ഇവിടെ പ്രധാനം. അതുകൊണ്ടാണ് ആദിവാസികളെ തഴയുന്നത്.

ആദിവാസികളുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ളവരെ ആവശ്യമുണ്ട്. പികെ ജയലക്ഷ്മിക്ക് എതിരെ സികെ ജാനുവിനെ മത്സരിപ്പിക്കേണ്ടത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെ പൊതുവേ പിന്തുണയ്ക്കുന്നതിനൊപ്പം ജാനുവിനെ പോലെ സ്വതന്ത്രരേയും പിന്തുണയ്ക്കുകയാണ്.

രാ: ആദിവാസി ഗോത്ര മഹാസഭയില്‍ ഗീതാനന്ദന്‍ ജാനുവിന്റെ നീക്കത്തോട് വിയോജിച്ചു

ജോ: നക്‌സൈലറ്റുകളുടെ സ്വാധീനവും ഇവിടെ ചര്‍ച്ച ചെയ്യപ്പെടണം. നക്‌സലൈറ്റ് മൂവ്‌മെന്റ് ഇന്നില്ല. കേരളം പോലൊരു സ്ഥലത്ത് വളരുകയുമില്ല. ചില അവശിഷ്ടങ്ങള്‍ അവിടവിടെ ഉണ്ടെന്ന് മാത്രം. വര്‍ഗീസിന്റെ കാലത്ത് നക്‌സലൈറ്റുകള്‍ ആദിവാസികള്‍ക്കുവേണ്ടി പോരാടിയിരുന്നു. നാടുഗദ്ദിക എന്ന നാടകത്തിലൂടെ കെജെ ബേബി ആദിവാസികളുടെ ജീവിതം പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചു. കെ ജയചന്ദ്രനെപോലുള്ള പത്രപ്രവര്‍ത്തകര്‍ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പുറത്തു കൊണ്ടുവന്നു. ചിലര്‍ ആദിവാസികളുടെ രക്ഷകരായി ചമയുകയാണ്. ആദിവാസി പ്രസ്ഥാനങ്ങളില്‍ അവരേ വേണ്ടൂ. അവരുടെ ആചാരങ്ങളും രീതികളും കമ്മ്യൂണിക്കേഷനുകളും ഒക്കെ വേറെയാണ്. അവരെ പ്രതിനിധീകരിക്കേണ്ടത് അവര്‍ തന്നെയാകണം. ഓസ്‌ട്രേലിയയില്‍ ആദിമ നിവാസികളില്‍ നിന്നുള്ള പ്രതിനിധികളെ നിയമ നിര്‍മ്മാണ സഭകളിലേക്ക് അയയ്ക്കുന്ന പതിവുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചല്ല ജാനു നിയമസഭയില്‍ എത്തേണ്ടത്. പകരം എല്ലാവരും അവരെ പിന്തുണയ്ക്കുകയാണ് വേണ്ടത്.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിജയത്തിനായി ആരുമായും കൂട്ടുകൂടാമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്. ആ ചുവടു പിടിച്ചാണ് നമ്മുടെ ആളുകള്‍ ഇപ്പണിയൊക്കെ ഒപ്പിക്കുന്നത്. സായുധ വിപ്ലവത്തിന് സമയമായില്ലെന്നാണ് എക്കാലത്തേയും വാദം. സാക്ഷാല്‍ ഇഎംഎസ് മുസ്ലിംലീഗും എകെ ആന്റണിയുമായും കൂട്ടുകൂടിയിട്ടുണ്ട്. ബംഗാളില്‍ കോണ്‍ഗ്രസുമായല്ലേ ഇപ്പോഴത്തെ ചങ്ങാത്തം. ഈ സൂത്രം ഉപയോഗിച്ചാണ് ബാലകൃഷ്ണപിള്ളയെ പിന്തുണയ്ക്കുന്നത്. പത്താനപുരത്ത് ഇടതുപക്ഷം തോറ്റാലെന്താണ് സംഭവിക്കുക. അടവ് നയമെന്നാണ് അവര്‍ ഇതിനെ പറയുന്നത്. എന്താണ് അടവ്, എന്താണ് നയം? മര്യാദയ്ക്ക് നിന്നാല്‍ എന്തിനാണ് അടവ് നയം. മനുഷ്യര്‍ക്ക് മാറാനുള്ള അവകാശമുണ്ട്. കമ്മ്യൂണിസ്റ്റുകള്‍ പല ഗ്രൂപ്പുകളുണ്ട്. കഥകളിലും സിനിമകളിലും കഥാപാത്രങ്ങളാകാന്‍ ബീഡി വലിച്ചും താടി നീട്ടിയും നടക്കുന്നവരെ വേണം. എന്നും പത്താംതരത്തില്‍ പഠിച്ചാല്‍ പോരല്ലോ. ഉപരിപഠനം നടത്തണ്ടേ രാമദാസാ… ജാനുവിന്റേത് ഒരു ഉപരിപഠനമാണ്. ഫലം പിന്നീട് വിലയിരുത്താം. അതിന് മുമ്പേ അവര്‍ക്ക് അവസരം നല്‍കണം. ക്രിമിനല്‍ കേസില്‍ പ്രതിയല്ലാത്ത എത്രപേര്‍ മൂന്നുമുന്നണികളിലുമായി മത്സരരംഗത്തുണ്ട്. എന്തു ഫാസിസമാണ് ഇവര്‍ പറയുന്നത്.

എം.കെ രാംദാസ്

എം.കെ രാംദാസ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍