UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളാപ്പള്ളിയുടെ ഹിന്ദു ഐക്യത്തില്‍ ആദിവാസികളില്ല-സി കെ ജാനു

Avatar

സി കെ ജാനു/ എംകെ രാമദാസ്‌

വെള്ളാപ്പള്ളിയെ ഭയപ്പെടുന്നത് എന്തിനെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സികെ ജാനു. ഇടത് വലതു മുന്നണികളാണ് വെള്ളാപ്പള്ളിയെ സൃഷ്ടിച്ചത്. കാലാകാലങ്ങളായി വേണ്ടപ്പോഴെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ വെള്ളാപ്പള്ളിയെ ഉപയോഗിച്ചിട്ടുണ്ട്. അവര്‍ തന്നെയാണ് വെള്ളാപ്പള്ളിയെ വളര്‍ത്തിയതും. ഇങ്ങനെ സംഘടിച്ചാല്‍ മാത്രമേ സമ്മര്‍ദ്ദം ചെലുത്തി ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ആകൂവെന്ന് വെള്ളാപ്പള്ളി മനസിലാക്കി, സികെ ജാനു പറഞ്ഞു.

ഗോത്രമഹാസഭ വെള്ളാപ്പള്ളിക്ക് ഒപ്പം പോകില്ല. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യം എന്നത് തട്ടിപ്പാണ്. ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ ആദിവാസിക്കോ ദളിതനോ മേല്‍ശാന്തിയാകാന്‍ അവസരം ഉണ്ടോ. പിന്നെങ്ങനെ ഐക്യം. ആദിവാസികളേയും ദളിതരേയും പറ്റിക്കാനാണ് ഈ മുദ്രാവാക്യം.

ആദിവാസി മതമെന്നത് യാഥാര്‍ത്ഥ്യമാകണം. 36 ഇനം ആദിവാസി സമൂഹങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അടിയനും കുറുമനും കുറിച്യനും ആദിവാസകള്‍ ആണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെ എങ്കില്‍ ആദിവാസി മതം ഉണ്ടാകട്ടെ.

ആദിവാസി, ദളിത് വിഭാഗങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കാന്‍ ഒരുങ്ങുകയാണ്. ഊരുവികസന മുന്നണിയെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കി കഴിഞ്ഞു. രാഷ്ട്രീയമായി സമ്മര്‍ദ്ദ ഗ്രൂപ്പായി മാറുക തന്നെയാണ് ലക്ഷ്യം, ജാനു നയം വ്യക്തമാക്കി.

ജനുവരി ഒന്നിന് സെക്രട്ടറിയേറ്റ് പടിക്കല്‍ നില്‍പ് സമരം വീണ്ടും ആരംഭിക്കും. ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കി സര്‍ക്കാര്‍ ആദിവാസികളെ പറ്റിച്ചു. മുഴുവന്‍ മനുഷ്യരുടേയും പിന്തുണയോടെയാണ് നില്‍പ് സമരത്തിന് പരിഹാരം കണ്ടത്. ഈ ഒത്തുതീര്‍പ്പാണ് സര്‍ക്കാര്‍ ലംഘിക്കുന്നത്. മുത്തങ്ങ ഇരകള്‍ക്കായി ആവിഷ്‌കരിച്ച പ്രത്യേക പാക്കേജ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കം. വയനാട് ജില്ലാ ഭരണകൂടം പാക്കേജ് നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണ്. ഉത്തരവ് ഇറക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ വരെ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ആണിത്. പട്ടിക വര്‍ഗ വകുപ്പ് മന്ത്രി പികെ ജയലക്ഷ്മി ആദിവാസികളുടെ പ്രശ്‌നങ്ങളോ ഒത്തുതീര്‍പ്പ് കരാറോ അറിയില്ലെന്ന ഭാവത്തിലാണ് മുന്നോട്ട് പോകുന്നത്. ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ മനുഷ്യരുടേയും പിന്തുണയോടെയാണ് വീണ്ടും നില്‍പ് സമരത്തിന് ആദിവാസികള്‍ തയ്യാറാകുന്നത്. കരാര്‍ കൊണ്ട് മാത്രം സമരം അവസാനിപ്പിക്കാന്‍ ഇനി തയ്യാറാകില്ല, ജാനു പറഞ്ഞു.

(അഴിമുഖം കണ്‍സള്‍റ്റിംഗ് എഡിറ്ററാണ് രാംദാസ്)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍