UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി പറഞ്ഞതില്‍ എന്താണ് തെറ്റ്? – സി.കെ ജാനു

Avatar

സി കെ ജാനു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൊമാലിയന്‍ ഉപമ യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ 250-ല്‍ അധികം ആദിവാസിക്കുട്ടികള്‍ മരിച്ചില്ലേ? ഈയടുത്ത ദിവസങ്ങളില്‍ വയനാട്ടില്‍ രണ്ടു ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്. അമ്മമാരുടെ അനാരോഗ്യമാണ് പ്രധാനകാരണം. പട്ടിണി കിടക്കുന്നതുകൊണ്ടാണ് അവര്‍ക്ക് ആരോഗ്യമില്ലാത്തത്. ഇതിനൊക്കെ ആരു മാപ്പു പറയണമെന്നാണ് പറയുന്നത്.

വ്യാപകമായ രീതിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. വംശഹത്യയാണിത്. അട്ടപ്പാടിയിലൊന്നും ആദിവാസികളേ ഇല്ലാത്ത അവസ്ഥയിലേക്കല്ലേ കാര്യങ്ങള്‍ പോകുന്നത്. ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തിയെന്ന് അവര്‍ പറയുന്നത് കള്ളത്തരമാണ്. ഇത്രയധികം ശിശുമരണം ഇവിടെ നടക്കുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞതില്‍ എന്താണ് തെറ്റ്? ഇവിടെ ആദിവാസികള്‍ മാത്രമല്ലല്ലോ ഉള്ളത്. വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ടവരില്ലേ. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളുമുണ്ട്. അവര്‍ക്കിടയില്‍ ഇങ്ങനെ സംഭവിക്കുന്നുണ്ടോ? ആദിവാസികള്‍ക്കിടയില്‍ മാത്രമാണ് ഇതെല്ലാം നടക്കുന്നത്. മറ്റുള്ളവര്‍ക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കാത്തത്? അവര്‍ക്ക് ഓട്ടോറിക്ഷയില്‍ പ്രസവിക്കേണ്ടി വരുന്നില്ലല്ലോ. ഇതു വംശഹത്യയല്ലാതെ മറ്റെന്താണ്?

ആദിവാസികളെ മനുഷ്യരായി പരിഗണിക്കാത്തതുകൊണ്ടാണ് മോദി മാപ്പു പറയണമെന്ന് ഇവര്‍ പറയുന്നത്. മൃഗങ്ങളായിട്ടാണ് ഞങ്ങളെ കരുതുന്നത്. മനുഷ്യരായി കണ്ടാല്‍ മാത്രമേ കുട്ടികളുടെ മരണം ഒരു പ്രശ്‌നമായി അവര്‍ക്ക് ബോധ്യമാകൂ. ആദിവാസി ജനിച്ചാലും മരിച്ചാലും അവര്‍ക്കൊരു പ്രശ്‌നവുമില്ല. മോദി പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഇക്കാലമത്രയും ഭരിച്ച മുന്നണികളാണ് മാപ്പ് പറയേണ്ടത്. ഇടതു-വലുത് മുന്നണികള്‍ ക്ഷമ പറയണം. യാഥാര്‍ത്ഥ്യം മൂടിവയ്ക്കാനാണ് ഈ കോപ്രായം. ഇടതന്റെയും വലതന്റെയും വോട്ട് ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. അതില്‍ നിന്നും രക്ഷപ്പെടാനാണ് ഇപ്പോഴത്തെ ആരോപണം. നുണ പ്രചരിപ്പിക്കുകയാണവര്‍. വൃന്ദ കാരാട്ടാണ് ശരിക്കും അവസരവാദി. തെറ്റ് മൂടിവയ്ക്കാന്‍ മറ്റാളുകളുടെ മേല്‍ ആരോപണം ഉന്നയിക്കുകയാണ്. ബംഗാളില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതിനെ മറ്റെന്താണ് വിളിക്കുക? 

സുല്‍ത്താന്‍ ബത്തേരിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് രംഗത്തു നിന്നു പിന്മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിലെ ഐ സി ബാലകൃഷ്ണനെ ജയിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. പകരമായി കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി കെ ശശീന്ദ്രന് കോണ്‍ഗ്രസ് പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ഇവിടെയും സിപിഎം ആദിവാസികളെ പറ്റിക്കുകയാണ്. ആദിവാസിയായ ബത്തേരിയിലെ ഇടതു സ്ഥാനാര്‍ത്ഥി നിയമസഭയില്‍ എത്തണമെന്ന് അവര്‍ക്ക് ആഗ്രഹമില്ല. ഈ തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയണം.

 

(ആദിവാസി ഗോത്രമഹാസഭ നേതാവും എന്‍.ഡി.എയുടെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമാണ് സി.കെ ജാനു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍