ആദിവാസി പ്രശ്‌നങ്ങളില്‍ ഇടതു വലുത് മുന്നണികളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ബിജെപി സമീപനവും.
സി കെ ജാനു/ എം കെ രാമദാസ്
നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളോട് ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനു പ്രതികരിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ഗോത്രമഹാസഭയുടെ നിലപാട് എന്താണെന്നും ഇടതു വലത് മുന്നണികളോടും മന്ത്രി പി കെ ജയലക്ഷ്മിയോടും പുലര്‍ത്തുന്ന നിലപാട് എന്തായിരിക്കുമെന്നും വ്യക്തമാക്കുകയാണ് സി കെ ജാനു. അഴിമുഖം പ്രതിനിധി എം കെ രാമദാസിന് നല്കിയ അഭിമുഖത്തില്‍ നിന്ന്.
എം കെ രാമദാസ്: ഭാരതീയ ജനതാ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന വാര്‍ത്തയെക്കുറിച്ച് എന്താണ് പറയാനുള്ളത്?
സി കെ ജാനു: ഇല്ല, അങ്ങനെയൊരു ശ്രമവുമില്ല.
രാ: ബിജെപിയുടെ സംസ്ഥാന നേതാക്കളില്‍ ചിലര്‍ ബന്ധപ്പെട്ടിരുന്നോ?
ജാ: കാണണം സംസാരിക്കണം എന്നു പറഞ്ഞു. അങ്ങനെയാവാം എന്ന മറുപടിയും നല്‍കി. ഇതില്‍ കവിഞ്ഞൊന്നും സംഭവിച്ചിട്ടില്ല. അവര്‍ക്കു പറയാനുള്ളത് കേള്‍ക്കുകയും നമുക്ക് പറയാനുള്ളത് പറയുക എന്നതുമാത്രമാണ് ഇതിനര്‍ത്ഥമുള്ളൂ. പൊതുപ്രവര്‍ത്തകരൊക്കെ പാലിക്കേണ്ട മര്യാദയാണിത്. അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ ഈ നാട്ടില്‍. ആദിവാസികള്‍ ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്ന് വളരെ മുമ്പ് നിലപാട് വ്യക്തമാക്കിയതാണ്. ഗോത്രാചാരം സൂക്ഷിക്കുന്ന ജനതയാണ് ആദിവാസികള്‍. ഓരോ ഗോത്രത്തിനും അവരുടേതായ ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്. വിശാലഹിന്ദു എന്ന ഐഡിയയ്ക്ക് പ്രസക്തിയൊന്നുമില്ല. ഒരു വിഭാഗം മനുഷ്യരോടുള്ള ഇടതു വലത് മുന്നണികളുടെ അവഗണനയാണ് ബിഡിജെഎസ് രൂപീകരണത്തിനു കാരണമായത്. ഇക്കാര്യം ബോധ്യപ്പെട്ട് തെറ്റ് തിരുത്താനാണ് ശ്രമിക്കേണ്ടത്. പകരം അവരെ വളഞ്ഞിട്ട് അക്രമിക്കുകയാണ് ചെയ്യുന്നത്. ഗോത്ര മഹാസഭയുടെ പിറവിയും ഇങ്ങനെ തന്നെ. ഇടതു വലത് രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടേയും ആദിവാസികളോടുള്ള അവഗണനയില്‍ നിന്നാണ് ഗോത്ര മഹാസഭ ഉണ്ടായത്. അതു മനസിലാക്കാതെ തീവ്രവാദമെന്നു മുദ്രകുത്തി അധിക്ഷേപിക്കാനാണ് ശ്രമിച്ചത്.
രാ: തെരഞ്ഞെടുപ്പില്‍ ഗോത്ര മഹാസഭയുടെ നിലപാട് എന്ത്?
ജാ: മുന്നണികളും പാര്‍ട്ടികളുമായി സഹകരണം ഇല്ല. സംഘടന മത്സരിക്കുന്നില്ല. ജനകീയസമരങ്ങള്‍ നയിക്കുന്ന ചലര്‍ പിന്തുണയ്ക്കായി സമീപിച്ചിട്ടുണ്ട്. അക്കാര്യം ആലോചിച്ച് തീരുമാനിക്കും.
രാ: സംസ്ഥാന പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി താങ്കള്‍ കൂടി ഉള്‍പ്പെടുന്ന മാനന്തവാടി മണ്ഡലത്തില്‍ രണ്ടാം തവണയും ജനവിധി തേടുന്നു. എന്തായിരിക്കും നിലപാട്?
ജാ: പെസ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചില നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായി. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ആദിവാസി കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും അവര്‍ സഹായിച്ചു. മുത്തങ്ങ പുനരധിവാസ പാക്കേജിന്റെ കാര്യത്തില്‍ ഫോളോ അപ്പ് ഒന്നും ഉണ്ടായില്ല. പൊതുവില്‍ ആദിവാസികള്‍ക്ക് അനുകൂലമായ അപൂര്‍വം ചില തീരുമാനങ്ങള്‍ ഈ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വന്നു. അതിനപ്പുറം ഒരു മികവും സര്‍ക്കാരിനോ വകുപ്പ് മന്ത്രിക്കോ അവകാശപ്പെടാനില്ല.
ഏതെങ്കിലും പാര്‍ട്ടികളോടോ മുന്നണികളോടോ മൃദു സമീപനം ഇല്ല. പ്രത്യേകിച്ച് നാട്ടുകാരിയായ മന്ത്രിയോട്. ആദിവാസികളില്‍ ന്യൂനപക്ഷമാണു കുറിച്യര്‍. അവരുടെ മാത്രം മന്ത്രിയായി ജയലക്ഷ്മി ചുരുങ്ങി. ആ സമുദായത്തിന് ചില്ലറ നേട്ടങ്ങളുണ്ടായി. കുറിച്യ കോളനിയിലേക്ക് നിരവധി റോഡുകള്‍ നിര്‍മിച്ചുവെങ്കിലും മറ്റാദിവാസി കോളനികളിലേക്കുള്ള റോഡുകള്‍ നന്നാക്കാന്‍ പോലും തയ്യാറായില്ല. കൃഷി പ്രോത്സാഹിപ്പിക്കാനായി ആവിഷ്‌കരിച്ച പദ്ധതിയില്‍ കുറിച്യരെ മാത്രമാണ് അംഗങ്ങളാക്കിയത്. ട്രൈബല്‍ പ്രമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിലും സമുദായം തന്നെയായിരുന്നു യോഗ്യതയായി മന്ത്രി കണ്ടത്. അടിയ, പണിയ, കുറുമ, കാട്ടുനായ്ക്കര്‍ എന്നിവരെയെല്ലാം അവഗണിച്ച് കുറിച്യ തറവാടിന് പത്തുലക്ഷം രൂപ ഗ്രാന്റ് നല്‍കി കമ്യൂണിറ്റി വീട് പൂര്‍ത്തിയാക്കി. ആഘോഷങ്ങള്‍ സംഘടിപ്പിച്ച് കോടികളാണ് നഷ്ടപ്പെടുത്തിയത്. മാനന്തവാടിയില്‍ സംഘടിപ്പിച്ച ഗോത്രായനത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ എന്നെ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുകയാണ് അവര്‍. ഫോണ്‍ ചെയ്താല്‍ എടുക്കാറില്ല. നില്‍പ്പു സമരത്തിന്റെ ചര്‍ച്ചയില്‍ ഒരിക്കല്‍ പോലും മിണ്ടാനോ മുഖം തരാനോ അവര്‍ തയ്യാറായില്ല. പദ്ധതികളുടെ മറവില്‍ ആദിവാസികളെ കൊള്ളയടിക്കുകയാണ്. അക്കൂട്ടത്തില്‍ പി കെ ജയലക്ഷ്മി കൂടി പങ്കാളിയാവരുത് എന്നു കരുതിയാണ് ഗോത്രായനത്തെ വിമര്‍ശിച്ചത്.
മണ്ഡലത്തിലെ ജനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് അവര്‍ക്ക് നേരിടേണ്ടി വരും. ആളുകള്‍ക്കിയിലെ മുറുമുറുപ്പ് വോട്ടില്‍ മാറ്റമുണ്ടാക്കും. പി കെ ജയലക്ഷ്മി മന്ത്രിയായി വന്നപ്പോള്‍ വയനാട്ടിലെ ആദിവാസികള്‍ക്കു വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. വളരെ പിന്നാക്കം നില്‍ക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്കര്‍ വിഭാഗങ്ങളുടെ ഉയര്‍ച്ചയ്ക്കു വേണ്ടി മന്ത്രിയുടെ ഭാഗത്തു നിന്നും ശ്രമം ഉണ്ടായില്ല. ഈ സമൂഹങ്ങള്‍ കൂടുതല്‍ പിന്നോട്ട് പോവുകയാണ് ഉണ്ടായത്. വോട്ട് ചെയ്യേണ്ട എന്നു ചിലരോടെങ്കിലും ഞാന്‍ പറയും.
രാ: ആദിവാസി ക്ഷേമ സമിതി രൂപീകരണത്തിന് നേതൃത്വം നല്‍കിയ സി കെ ശശീന്ദ്രന്‍ കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. ആദിവാസികള്‍ക്ക് ഗുണപരമായ തീരുമാനമാണോ അത്?
ജാ: അനുഭവത്തിന്റെ വെളിച്ചത്തില്‍ അങ്ങനെയാവാന്‍ തരമില്ല. അധികാരത്തിനു വേണ്ടിയാണ് അവരുടെ ആദിവാസി സ്‌നേഹം. ഭരണ പാര്‍ട്ടിയുടെ വക്താവാകും അയാള്‍. സ്വതന്ത്രമായി നിലപാട് എടുക്കാന്‍ ആവില്ല. യുഡിഎഫ് ഭരണത്തിനു മുമ്പ് എല്‍ഡിഎഫ് ആണല്ലോ ഇവിടെ ഭരിച്ചത്. ഭരണമില്ലാത്തപ്പോള്‍ സമരമെന്നത് വഞ്ചനയാണ്. പ്രശ്‌ന പരിഹാരത്തിനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പായയും പുതപ്പും എടുത്ത് ആദിവാസികളെ സമരത്തിനു കൊണ്ടുപോയി ആറു മാസത്തിനുശേഷം വെറും കയ്യോടെ കോളനിയിലേക്ക് മടക്കി അയക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇതില്‍ കാപട്യം ഉണ്ട്. ഗോത്ര: മഹാസഭയിലേക്കുള്ള ആദിവാസികളുടെ ഒഴുക്കിനെ തടയാന്‍ പാര്‍ട്ടി നിയോഗിച്ചത് ശശീന്ദ്രനെയാണ്. ആദിവാസികളുടെ കൂട്ടായ്മ നിലനിര്‍ത്താനാണ് ക്ഷേമ സമിതി രൂപീകരിച്ചത്. അതുകൊണ്ട് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ആദിവാസികള്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് കരുതുന്നില്ല.
രാ: ഇടതു വലുത് മുന്നണികളോടുള്ള സമീപനം തന്നെയാണോ ബിജെപിയോടും?
ജാ: ആദിവാസി പ്രശ്‌നങ്ങളില്‍ ഇടതു വലുത് മുന്നണികളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ബിജെപി സമീപനവും. അവര്‍ക്കും അധികാരം നേടാനുള്ള വഴിയാണ് ആദിവാസി പ്രേമം. മുത്തങ്ങ സമര കാലത്ത് ആദിവാസികളെ ബലമായി പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചവരില്‍ ബിജെപിക്കാരുമുണ്ട്. നൂല്‍പ്പുഴയില്‍ ബിജെപി നേതാക്കളുടെ വീടുകളില്‍ ജോലി ചെയ്തിരുന്ന പണിയരെ അന്നു പൊലീസുകാര്‍ക്ക് കൈമാറിയത് അവര്‍ തന്നെയായിരുന്നു. കിട്ടിയ ചെറിയ അവസരം ബിജെപിയും മുതലെടുത്തു എന്നുവേണം കരുതാന്‍. ഏതെങ്കിലും പുസ്തകത്തില്‍ നിന്നും പഠിച്ചിട്ടല്ല ഞങ്ങള് നിലപാട് എടുക്കുന്നത്. നേരിട്ട് അറിഞ്ഞതും അനുഭവിച്ചതുമായ സംഭവങ്ങളാണ് ഞങ്ങളുടെ കൈമുതല്‍. ജീവിതത്തില്‍ നിന്നും ബോധ്യമായ സത്യങ്ങളാണ് തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നത്.