UPDATES

യാത്ര

നമ്മള്‍ പണ്ട് വിളിച്ച മുദ്രാവാക്യങ്ങള്‍ നമ്മള്‍ക്ക് വേണ്ടിയായിരുന്നില്ല- സി.കെ.ജാനു

Avatar

മാങ്ങാട് രത്നാകരന്‍

ചേക്കോട്ട് കരിയം ജാനു എന്ന സി.കെ.ജാനുവിനെ യാത്രികന്‍ ആദ്യമായി കാണുന്നത്  വയനാട്ടില്‍ വച്ചല്ല. യൂറോപ്പിന്റെ വയനാടായ സ്വിറ്റ്‌സര്‍ലാന്റില്‍ വച്ചാണ്. 16 വര്‍ഷം മുമ്പ്, ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെയുള്ള ആഗോള സമരത്തിന്റെ ഭാഗമായി ബേണില്‍ മോണ്‍സാന്റോ കമ്പനിയുടെ ഓഫീസിന് മുന്നില്‍ ഒരു ബസിന് മുകളില്‍ ഒരുക്കിയ വേദിയില്‍ സംസാരിക്കുകയായിരുന്നു ജാനു. വീറും ചൊടിയുമുള്ള മലയാളത്തില്‍. യാത്രികന്റെ സുഹൃത്തും ആക്ടിവിസ്റ്റുമായ പി.ടി.ജോണ്‍ ആ പ്രസംഗം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. മിനിറ്റുകള്‍ നീണ്ട കരഘോഷത്തോടെയാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ സമരക്കാര്‍ ആ പ്രസംഗത്തെ സ്വീകരിച്ചത്.  

സി.കെ.ജാനുവിന് പൂര്‍വ്വ മാതൃകകള്‍ ഇല്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രാഷ്ട്രീയ നഭസ്സില്‍ ഉദിച്ചുയര്‍ന്ന രണ്ട് ഉജ്ജ്വല താരങ്ങള്‍ കെ.ആര്‍.ഗൗരിയമ്മയും കെ.അജിതയുമായിരുന്നു.   നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്‍ബലം ഗൗരിയമ്മയ്ക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പാരമ്പര്യം കെ.അജിതയ്ക്കുമുണ്ടായിരുന്നു. ആദിവാസികളില്‍ തന്നെ ഏറ്റവും അധസ്ഥിതരായ കാലാകലങ്ങളില്‍ അടിമകളായിരുന്ന അടിയ വിഭാഗത്തില്‍പ്പെട്ട സ്‌കൂളിന്റെ പടിമുറ്റം പോലും കണ്ടിട്ടില്ലാത്ത സി.കെ.ജാനു, എങ്ങനെയാണ് ഒരു ഉരുക്കുവനിതയായി ഉയര്‍ന്നുവന്നത്. ഇരുപത്തിയഞ്ചാം വയസ്സില്‍ പനവല്ലി ഭൂസമരത്തിന് നേതൃത്വം നല്‍കിയ ജാനുവിനെ കേള്‍ക്കൂ…    

സി. കെ. ജാനു: എം.എല്‍.എയ്ക്ക് എന്താ പരിപാടി. ഇവിടുത്തെ ആദിവാസിന്റെ പരിപാടിയല്ലാതെ എന്താ പരിപാടി. ആദിവാസിന്റെ പരിപാടിക്ക് വേണ്ടയില്ലേ ഇയാളെയൊക്കെ വോട്ടുകൊടുത്ത് ജയിപ്പിച്ച് വിട്ടിട്ടുള്ളത്. തിരുവനന്തപുരത്ത് കരുണാകരന്റെ കാലുകഴുകലാ ഇയാള്‍ക്ക് പണി. അത്തരത്തിലുള്ള എം.എല്‍.എന്റെ കാലുപിടിക്കാന്‍ ഞങ്ങള്‍ക്കിന്നി സൗകര്യമില്ല.   

യാത്ര വയനാട്ടില്‍ എത്തിയപ്പോള്‍ തന്നെ സി.കെ.ജാനുവിനെ യാത്രയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. അപ്പോഴളെല്ലാം അവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നില്‍പ്പുസമരത്തിലായിരുന്നു. 160 ദിവസം നീണ്ട നില്‍പ്പുസമരം വിജയിച്ചതിനുശേഷം ജാനു പനവല്ലിയിലേക്ക് തിരിച്ചെത്തിയപ്പോഴും തിരക്ക് ഒടുങ്ങിയിരുന്നില്ല. മുത്തങ്ങാ സമരത്തിന്റെ പന്ത്രണ്ടാം വാര്‍ഷിക ചടങ്ങുകളുടെ  സംഘാടക തിരക്കായിരുന്നു അവര്‍ക്ക്. ഒരു പകുതി പകല്‍ അവര്‍ യാത്രയ്ക്കായി നീക്കിവച്ചു. നില്‍പ്പുസമരത്തിന്റെ വിജയത്തെക്കുറിച്ചാണ് ആദ്യം ചോദിച്ചത്.   

സി.കെ.ജാനു: മുഴുവന്‍ മനുഷ്യരും ജാതിക്കതീതമായി മനുഷ്യരാണെന്നുള്ള ഒരു നിലപാടില്‍ തന്നെ സഹകരിച്ചു. അതുകൊണ്ടാണ് നമ്മളീ 162 ദിവസം നീണ്ടുനിന്ന നില്‍പ്പു സമരം ഒരു രാഷ്ട്രീയ വിജയമായിട്ട് പറയുന്നത്. ലോകജനതയുടെ മനഃസാക്ഷിയുടെ ഒരു വിജയമായിട്ട് നമ്മള്‍ പറയുന്നത്. ഓരോ സമയത്തും ഞാനൊക്കെ ആവശ്യപ്പെടുന്നത് ഇതൊരു ആദിവാസികളുടെ സാമൂഹിക വിജയമായിട്ട് ചുരുക്കരുത് എന്നാണ്. ലോകജനതയുടെ ഒരു വിപ്ലവ വിജയമായിട്ട് ഇത് വികസിക്കണം. ആ രീതിയില്‍ ഇത് വികസിക്കുകയും ജനങ്ങളത് ഏറ്റെടുക്കുകയും വരും തലമുറയ്ക്ക് നല്ലൊരു സാമൂഹിക വ്യവസ്ഥിതി സൃഷ്ടിക്കുന്നതിന്റെ സൃഷ്ടികര്‍ത്താവായിട്ട് നമ്മളൊക്കെ ശരിക്കും മാറണം. അതിനകത്ത് ഏത് ജാതി, ഏത് വ്യവസ്ഥ എന്നുള്ളതൊന്നും പ്രശ്‌നമല്ല. ഇതിനകത്ത് മനുഷ്യരെന്നുള്ളതാണ് മുഖ്യം.   

2001ല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കുടില്‍കെട്ടി സമരം നടത്തിയതോടെയാണ് ജാനുവിന്റെ നേതൃത്വത്തിലുള്ള സമരം വയനാടിന്റെ അതിരുകള്‍ വിടുന്നത്. ആദിവാസി ഭൂസമരത്തിന് വ്യക്തമായ ദിശാബോധം ഉണ്ടാക്കിയ ഈ സമരം 48 ദിവസം നീണ്ടു. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള ഒരു പാക്കേജ് ആ സമരത്തെ തുടര്‍ന്ന് അംഗീകരിക്കപ്പെട്ടു.  

സി.കെ.ജാനു: ശരിക്കും കേരളത്തിലെ ഈ ആദിവാസികള്‍ക്ക് ഭൂമി കൊടുത്ത് പുനരധിവസിപ്പിക്കണമെന്ന ഒരു നയമോ പോളിസിയോ ഗവണ്‍മെന്റിനോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ ഇല്ല. അവര്‍ക്കെപ്പോഴും ഈ ആളുകള്‍ അവരുടെ കൂട്ടത്തിലെ അടിമകളും ആശ്രിതരും ആയിട്ട് നിലനില്‍ക്കണം. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഇവരെ ഉപയോഗിക്കണം. അതായത് ജാഥയ്ക്ക് നീളം കൂട്ടാനും വോട്ട് ചെയ്യാനും പോസ്റ്റര്‍ ഒട്ടിക്കാനും. ഇതിനപ്പുറത്തേക്ക് ആദിവാസികള്‍ പോകരുതെന്ന് വളരെ വ്യക്തമായിട്ടുള്ള ഒരു അജണ്ട അവര്‍ക്കുണ്ട്. പ്രായോഗികമായിട്ട് ഇത് നടപ്പിലാക്കുന്ന തലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും മാത്രമേ ഉള്ളൂ. അവരിതിനെ പരമാവധി അട്ടിമറിക്കാനും ലംഘിക്കാനും ശ്രമിക്കുന്നതല്ലാതെ ഈ വ്യവസ്ഥ നടപ്പിലാക്കി ആദിവാസികളെ ഇതിന്റെ ഭാഗമാക്കാന്‍ തയ്യാറാകുന്നില്ല.     

2003 ഫെബ്രുവരിയിലെ മുത്തങ്ങ സമരമാണ് സി.കെ.ജാനുവിനെയും അവര്‍ നേതൃത്വം നല്‍കിയ ഗോത്രമഹാസഭയെയും കേരളത്തിന്റെയും ഇന്ത്യയുടെയും അതിരുവിട്ട് രാജ്യാന്തര ശ്രദ്ധയിലേക്ക് നയിച്ചത്. ആ വര്‍ഷം ജനുവരിയില്‍ മുത്തങ്ങയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചപ്പോള്‍ അതിനെ ചോരയില്‍ മുക്കിക്കൊല്ലാനാണ് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമിച്ചത്. ലോകപ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതിറോയി മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പറഞ്ഞു. താങ്കളുടെ കൈകളില്‍ രക്തക്കറയുണ്ട് സാര്‍.  

സി.കെ.ജാനു: 2003 ല്‍ നടത്തിയ മുത്തങ്ങ സമരം. വന്യമൃഗസങ്കേതമായിരുന്ന പ്രദേശത്ത് ആദിവാസികള്‍ കയറിയതുകൊണ്ടാണ് നമ്മളെ കുടിയിറക്കിയത് എന്നുള്ള ഒരു നിലപാടാണ് ഗവണ്‍മെന്റും രാഷ്ട്രീയപാര്‍ട്ടികളും മറ്റിതര വിഭാഗക്കാരുമൊക്കെപറഞ്ഞത്. പിന്നെ ആദിവാസി ഗോത്രമഹാസഭയ്ക്ക് തീവ്രവാദബന്ധമുണ്ട് എന്നൊക്കെ പ്രചരിപ്പിച്ചായിരുന്നു അവിടെ കുടിയിറക്കും വെടിവപ്പുമൊക്കെ നടത്തിയത്. ശരിക്ക് മുത്തങ്ങ കേന്ദ്രീകരിച്ചുള്ള ഭൂമി 12,000 ഏക്കറാണ്. 12,000 ഏക്കര്‍ ഭൂമിയില്‍ ആറായിരം ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് നിരുപരാധികം വിട്ടുകൊടുക്കണം. അതുകൊണ്ട് തന്നെയാണ് നമ്മള്‍ ആ ഭൂമിയില്‍ കയറുകയും കുടില്‍ വയ്ക്കുകയും ചെയ്തത്.  ഗവണ്‍മന്റിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ഗവണ്‍മെന്റ് കൊണ്ടുവന്ന റിപ്പോര്‍ട്ടിനകത്ത് ഇത് റിസര്‍വ്വ്  വനമല്ല വന്യമൃഗസങ്കേതമല്ല ബിര്‍ലയ്ക്ക് യൂക്കാലിപ്റ്റ്സ് പ്ലാന്റ് ചെയ്യാന്‍ വേണ്ടി പാട്ടത്തിനുകൊടുത്ത പാട്ടഭൂമിയാണെന്ന റിക്കാര്‍ഡാണ് കോടതിയില്‍ ഹാജരാക്കിയത്.    അതുകൊണ്ടുതന്നെ വനവുമായിട്ട് ബന്ധപ്പെട്ട് എടുത്ത മുഴുവന്‍ ആളുകളുടെ പേരിലുള്ള കേസ്, 700 ഓളം ആളുകളുടെ പേരിലുള്ള കേസ് പൂര്‍ണ്ണമായിട്ടും തള്ളിപ്പോവുകയാണ് ചെയ്തത്.      

മുത്തങ്ങ സമരത്തെ തുടര്‍ന്ന് ജാനു പൊലീസ് പിടിയിലായി. ക്രൂരമായ മര്‍ദ്ദനത്തിനിരയായി. 48 ദിവസം ജയിലില്‍ കഴിയേണ്ടിയും വന്നു. 

സി.കെ.ജാനു: വളരെ ഭീകരമായിട്ട് മര്‍ദ്ദിച്ചിട്ടുണ്ട് എന്നെ. ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. എല്ലാവരും കണ്ടതാണ്. എനിക്ക് വ്യക്തിപരമായരീതിയിലുള്ള വേദനയായിട്ടൊന്നും ഞാനതിനെ കാണുന്നില്ല. ചെറിയ കുഞ്ഞുങ്ങളെപ്പോലും അവര്‍ വിട്ടില്ലെന്നുള്ളതാണ്. ചെറിയ കുട്ടിയെ അടക്കം അടിച്ച് തലപൊട്ടിച്ച ചിത്രങ്ങളൊക്കെ നിങ്ങള്‍ കണ്ടിട്ടുണ്ടാവുമല്ലോ. അപ്പോള്‍ ആ കുഞ്ഞിനും അടി കിട്ടിയപ്പോള്‍ ആ കുഞ്ഞ് എത്രമാത്രം വേദന സഹിച്ചിട്ടുണ്ടാവും. ആ കുഞ്ഞിന്റെ വേദനയെക്കുറിച്ച് നമ്മള്‍ ഒന്ന് സങ്കല്‍പ്പിക്കുമ്പോള്‍ നമ്മുടെ വേദനയൊന്നും ഒന്നുമല്ലാതായിത്തീരുകയാണ്.  

പതിനഞ്ചാം വയസ്സ് തൊട്ട് സി.പി.എമ്മിനൊപ്പം നിന്ന ജാനു രണ്ടുവര്‍ഷത്തിനകം തന്നെ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞു. പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റിയിലുണ്ടായിരുന്നപ്പോള്‍ സഖാക്കള്‍ തന്റെ പേരുപോലും വിളിച്ചിരുന്നില്ലെന്ന് ജാനു പറഞ്ഞു. സഖാവ് വിമര്‍ശനം എന്നായിരുന്നുവത്രേ പരിഹാസപ്പേര്. ജാനു ചിരിച്ചു. 

സി.കെ.ജാനു: അവര്‍ ജാഥയ്ക്ക് വിളിക്കും. ഞങ്ങള്‍ ജാഥയ്ക്ക് പോകും. ജാഥയ്ക്ക് പോയി മുദ്രാവാക്യമൊക്കെ വിളിക്കുമ്പോള്‍ മുദ്രാവാക്യം വിളിക്കുന്നത് കാപ്പിക്ക് വിലവേണം, കുരുമുളകിന് വില വേണം, തേങ്ങയ്ക്ക് വില വേണം, നെല്ലിന് വില വേണം, അടക്കയ്ക്ക് വില വേണം എന്നൊക്കെയാണ്. ഞങ്ങള്‍ എല്ലാരും വീടുകളിലുള്ള കുഞ്ഞുങ്ങളടക്കം പ്രകടനത്തിനു പോകും. ലോറി കൊണ്ടുവന്ന് നിര്‍ത്തും അതില്‍ കയറിയാണ് എല്ലാവരും പ്രകടനത്തിനു പോവുക. അങ്ങനെ ഈ മുദ്രാവാക്യമൊക്കെ വിളിച്ചുകഴിഞ്ഞ് ഒരഞ്ചാറ് മാസം കഴിഞ്ഞപ്പോള്‍ വില കൂടി. മുദ്രാവാക്യം വിളിച്ച ഞങ്ങള്‍ക്കെന്ത് കിട്ടിയെന്ന് നോക്കുമ്പോള്‍… സ്വന്തമായിട്ടൊരു കാന്താരിചെടിപോലും പറിച്ചെടുക്കാനില്ലാത്ത ആള്‍ക്കാരാണ് ഈ മുദ്രാവാക്യം വിളിച്ചത്. അപ്പോഴാണ് എനിക്കൊക്കെ മനസ്സിലായത് ഞാന്‍ ആര്‍ക്കൊക്കെ വേണ്ടിയാണ് മുദ്രാവാക്യം വിളച്ചതെന്ന്. എന്റെ സമുദായത്തിന് വേണ്ടി, എന്റെ വര്‍ഗ്ഗത്തിന് വേണ്ടി, അല്ല എന്നുള്ളത് അവിടെയാണ് ബോധ്യമായത്. എന്റെയൊക്കെ ഒരു അനുഭവത്തില്‍ ഇവിടെയൊക്കെ പണ്ടുകാലങ്ങളില്‍ ജന്മിത്തം ഉണ്ടായിരുന്നു. ആ ജന്മിത്തം ശരിക്കുമിന്നില്ല. പക്ഷേ അന്ന് ആ ജന്മിത്തത്തിന്റെ ആളുകളായിരുന്നവര് ജന്മിത്തം ഇല്ലാതായപ്പോള്‍ രാഷ്ട്രീയ നേതാക്കന്‍മാരായി പരിവര്‍ത്തനം ചെയ്തു. അതാണ് ശരിക്കും കേരളത്തില്‍ സംഭവിച്ചത്.     

ജീവിതാനുഭവങ്ങളില്‍ നിന്നു മാത്രം പഠിച്ച ജാനു, പാര്‍ട്ടിയെ തന്റെ ഹൃദയം കൊണ്ടളന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ആദിവാസികള്‍ക്ക് എന്തുകിട്ടി. ജാനു സ്വയം ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇങ്ങനെ.     

സി. കെ. ജാനു: ഈ പ്രസ്ഥാനമായിരുന്നു ശരിക്കും ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കേണ്ടിയിരുന്നത്. നൂറ്റാണ്ടുകളായി ഈ പ്രസ്ഥാനത്തിന്റെ കീഴില്‍ ചങ്ങലയ്ക്ക് തളച്ചുവച്ചിരുന്ന ആളുകളായിരുന്നു ഇവര്‍. അതില്‍ നിന്ന് മോചിതരാക്കി ഇവരെ മനുഷ്യരാക്കി നിലനിര്‍ത്താനായി ഇവര്‍ എന്താ ചെയ്തത്? ഇവര്‍ക്ക് എന്താണതിനൊരു പോളിസിയുള്ളത്? അവരുടെ നയമെന്താണ്? ഈ കാലമിത്രയുമായിട്ടും അവര്‍ പ്രഖ്യാപിച്ചിട്ടില്ല. പറഞ്ഞിട്ടില്ല. നിലപാട് സ്വീകരിച്ചിട്ടില്ല. പിന്നെങ്ങനെയാണിവരെ പരിഗണിക്കാന്‍ നമുക്ക് പറ്റുന്നത്. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് പാട്ട് പാടി പഠിപ്പിച്ചു. പാവം ഞങ്ങളുടെയീ രാഷ്ട്രീയമറിയാത്ത കാരണവന്‍മാരും അച്ഛനപ്പുപ്പന്‍മാരും ഉറക്കമിളച്ച് ഇവരുടെ പ്രസ്ഥാനത്തിന്റെ പിറകേ പോയി പാട്ടുപാടി ഡാന്‍സ് കളിച്ചു. എന്നിട്ട് ഈ പാടമെല്ലാം കിട്ടിയപ്പോള്‍ ഈ പാടമാര്‍ക്കാണ് പോയത്. പാട്ട് മാത്രം ഞങ്ങളുടെ ആളുകള്‍ക്കു പാടമെല്ലാം പറഞ്ഞ ആളുകള്‍ക്കും.  

നക്‌സലൈറ്റ് നേതാവ് എ. വര്‍ഗ്ഗീസ് കൊല്ലപ്പെടുന്ന അതേ വര്‍ഷത്തില്‍ 1970ലാണ് സി.കെ.ജാനു ജനിക്കുന്നത്. യാദൃശ്ചികമാവാം വര്‍ഗ്ഗീസിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രധാന താവളവും ജാനു ജനിച്ച തൃശ്ശിലേരിയായിരുന്നു. പ്രായമായ ആളുകള്‍ പറയുന്നത് കേട്ടാണ് ജാനു വര്‍ഗ്ഗീസിനെക്കുറിച്ചറിയുന്നത്. ആദിവാസികള്‍ക്ക് വര്‍ഗ്ഗീസ് പെരുമന്‍ ആണെന്നും ജാനു കേട്ടറിഞ്ഞിട്ടുണ്ട്. വര്‍ഗ്ഗീസ് സ്മരണയ്ക്കും ജാനുവിനും 44 വയസ്സ് തികയുന്ന വേളയിലാണ് വയനാട്ടില്‍ നിന്ന് മാവോയിസ്റ്റ് -മാവോവാദി ആക്രമണങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്. ജാനു തന്റെ നിലപാട് വെട്ടിത്തുറന്ന് പറഞ്ഞു.   

സി. കെ. ജാനു: എന്താണ് മാവോയിസ്റ്റുകള്‍ക്ക് ആദിവാസികളോടുള്ള നയം. രാഷ്ട്രീയപരമായിട്ട് എന്ത് നിലപാടാണ് അവര്‍ക്കുള്ളത്. ഈ ആദിവാസി പ്രശ്‌നങ്ങളോട്. അവര്‍ അതൊന്ന് പറയണ്ടേ. അതിന് പകരം ആരെങ്കിലും സമരം ചെയ്ത് ആവിശ്യം നേടിയെടുത്തുകഴിയുമ്പോള്‍ അവര്‍ ഇവിടെ ഒരു പോസ്റ്റര്‍ ഒട്ടിച്ചിട്ട്, അവര്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിന്റെ പേരിലാണ് ഗവണ്‍മെന്റ് നിലപാടെടുക്കുന്നതെന്ന് പറയുമ്പോള്‍ അതിനെയൊക്കെ രാഷ്ട്രീയപരമായിട്ട് മനസ്സിലാക്കാന്‍ ആദിവാസികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെയൊരഭിപ്രായം. മറ്റുള്ള ആളുകള്‍ക്ക് ശരിക്കും അത് മറികടക്കാന്‍ സാധിച്ചിട്ടില്ലായിരിക്കാം. അതുകൊണ്ടവര്‍ മാവോയിസ്റ്റ് പറഞ്ഞതുകൊണ്ടാണ് നടക്കുന്നതൊക്കെ വിവരക്കേട് പറഞ്ഞെന്നിരിക്കും. ആദിവാസി എന്തായാലും ഈ കാര്യത്തില്‍ പൊളിറ്റിക്കലായിട്ട് നന്നായിട്ട് അതിജീവിച്ചിട്ടുണ്ട്. അതുകൊണ്ട്   ഇതൊന്നും ഒട്ടും വിലപോവില്ല.  

പിന്നെപിന്നെ സര്‍ക്കാരിന്റെ മാവോവാദി വേട്ടയെകുറിച്ചായി വര്‍ത്തമാനം. അതിന് ചിലവാക്കുന്ന കോടികളെക്കുറിച്ചും. പരിഹാസം തുളുമ്പി. 

സി. കെ. ജാനു: വെറുതെ വെടിവയ്ക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും വെടിവയ്ക്കുന്നു. ആര്‍ക്കും കൊള്ളുന്നില്ല. ഇത്ര ഉന്നമില്ലാത്ത പൊലീസുകാരെ തണ്ടര്‍ബോള്‍ട്ടില്‍ എന്തിനാണ് നിര്‍ത്തുന്നത്. ഒരു മാവോയിസ്റ്റിനു നേരെ ആറും അഞ്ചും വെടിവച്ചിട്ട് ആ മാവോയിസ്റ്റിന് കൊള്ളുന്നില്ല. അങ്ങനെ ഉന്നമില്ലാത്ത ഈ തണ്ടര്‍ബോള്‍ട്ട് പോലീസിനെയൊക്കെ പിരിച്ചുവിടണമെന്നാണ് ഞാന്‍ പറയുന്നത്.     

അതിനിടെ കവി അനിത തമ്പി വന്നെത്തി.  ജാനുവിനെ കാണാനും സംസാരിക്കുവാനും വന്നതാണ്. നീണ്ട സംഭാഷണങ്ങള്‍ക്കിടെ ഒരു ഇടവേള യാത്രികനും ആഗ്രഹിച്ചു. അകത്തെ മുറിയില്‍ നിന്ന് കാവ്യാലാപനം കേട്ടു. അനിതയായിരിക്കണം. ജാനുവിന് കവിതയുടെ അസുഖമുള്ളതായി ഇതുവരെയും കേട്ടിട്ടില്ല. അനിതയുടെ കവിതകളേറെയും ഹൃദിസ്ഥമായതിനാല്‍ സംശയം ബലപ്പെട്ടു. ഭാഷയും ശബ്ദവും അനിതയുടേതല്ലല്ലോ. മുറിയിലേക്ക് കടന്നപ്പോള്‍ ജാനു കവിത പാടുകയാണ്. അനിത കവിയാണെന്ന് സ്വയം വെളിപ്പെടുത്തിയപ്പോള്‍ ജാനുവും ഒരു രഹസ്യം സ്വയം വെളിപ്പെടുത്തിപ്പോയതാണ്. പിന്നീട് മാനസസരസ് എന്ന് പേരിട്ട കവിത ജാനു യാത്രയ്ക്കായി പാടിത്തന്നു.   

ജാനു: അന്തകാരത്തിന്റെയാത്മാവ് ചൊല്ലുന്നു
നീയൊന്നു സടകുടഞ്ഞെഴുന്നേറ്റിടൂ.
മൂകമാം മുക്തികുടീരത്തിന്‍ നെറുകയില്‍
എരിയുന്ന തീനാളമായ് ജ്വലിക്കൂ…
മൂകമാം മുക്തികുടീരത്തിന്‍ നെറുകയില്‍
എരിയുന്ന തീനാളമായ് ജ്വലിക്കൂ…
എരിയുന്ന തീനാളമായ് ജ്വലിക്കൂ…

കവിത ജാനുവിന് ഏകാന്തതയിലെ സാന്ത്വനം. യാത്രകളില്‍ മനസ്സിലുരുട്ടി പാകപ്പെടുത്തിയവയാണ് ഈ വരികളെന്ന് ജാനു പറഞ്ഞു. തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നു. തിരുത്തേണ്ടതായി ഒന്നുമില്ലെന്നും കവിതയെ അതിനെ അതിന്റെ പാട്ടിനു വിടുന്നതാണ് നല്ലതെന്ന് അനിതയും പറഞ്ഞു.

162 ദിവസം നീണ്ടുനിന്ന നില്‍പ്പു സമരം നിലനില്‍പ്പിനായുള്ള ജനാധിപത്യസമരമാണെന്ന് കേരള ജനത തിരിച്ചറിഞ്ഞതിന്റെ ആഹ്ലാദം ജാനുവിന്റെ വാക്കുകളില്‍ തിരതല്ലിയിരുന്നു. ഗോത്രമഹാസഭയുടെ മുദ്രാവാക്യങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടമെടുക്കേണ്ടി വന്നത് തന്നെയാണ് വിജയത്തിന്റെ ആദ്യ പടവ്.

സി.കെ.ജാനു: ഗോത്രമഹാസഭയുടെ ഒരു വലിയ വിജയമാണ് സി.പി.എം. പോലുള്ള സംഘടനകള്‍ എ.കെ.എസ്. ഉണ്ടാക്കിയത്. അതായത് 2001 ല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍, കേരളത്തില്‍ മുപ്പതോളം ആദിവാസികള്‍ പട്ടിണി കിടന്ന് മരിച്ചായിരുന്നു. അപ്പോള്‍ നമ്മുടെ ഭരണാധികാരികളും രാഷ്ട്രീയക്കാരും അവര്‍ പോഷകാഹാരക്കുറവ് കൊണ്ടാണ് മരിക്കുന്നത്, മലിനജലം കുടിച്ചിട്ടാണ് മരിക്കുന്നത്, മദ്യപിച്ചിട്ടാണ് മരിക്കുന്നത് എന്ന് പറഞ്ഞ് ഈ മരണത്തെ അവര്‍ തള്ളിക്കളയുന്ന ഒരു സമീപനമാണ് സ്വീകരിച്ചത്. പക്ഷേ യഥാര്‍ത്ഥത്തില്‍ പട്ടിണി മരണം തന്നെയാണ്. അപ്പോള്‍ നമ്മള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ 2001ല്‍ കേരളത്തിലെ മുഴുവന്‍ ആദിവാസികളുടെയും പ്രാതിനിധ്യത്തോടുകൂടിയുള്ളൊരു കുടില്‍കെട്ടല്‍ സമരം നടത്തി. ഈ കുടില്‍ കെട്ടല്‍ സമരം നടത്തി ആദിവാസികള്‍ അവരുടെ സ്വന്തമായിട്ട് സമരം നടത്തി അവരുടെ അവകാശങ്ങളെ കുറിച്ച് പറയുക അതിനൊരു കരാറുണ്ടാക്കി, അത് ഏറ്റവും ആദ്യമായിട്ട് ഇടുക്കി പോലുള്ള ജില്ലകളില്‍ അത് വിതരണം ആരംഭിച്ചു, ഇങ്ങനെയുള്ള കാര്യങ്ങള്‍ വന്നപ്പോള്‍ ആദിവാസികള്‍ ഈ പ്രസ്ഥാനങ്ങള്‍ വിട്ട് സംഘടനയിലേക്കുള്ള ആദിവാസികളുടെ വല്ലാണ്ടുള്ള ഒരു ഒഴുക്കുണ്ടായി. അപ്പോള്‍ ഈ ഒഴുക്കിനെ തടയിടാനും അവരുടെ പ്രസ്ഥാനത്തില്‍ നിന്ന് ആളുകള്‍ വിട്ടുപോകുന്നതിനെ പേടിച്ചും അതുവരെ തൊഴിലാലി – കര്‍ഷകതൊഴിലാളി കാറ്റഗറിയില്‍ നിര്‍ത്തിയിരുന്ന ആളുകളെ, ആദിവാസികളൊക്കെ എപ്പോഴും കര്‍ഷക തൊഴിലാളി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നിട്ട് അവര്‍ ശരിക്കും ജാതിയില്ല, മതമില്ല, ഇവിടെ രണ്ടു വര്‍ഗ്ഗമേയുള്ളു. തൊഴിലാളി – മുതലാളി. ഇങ്ങനെ രണ്ടു വര്‍ഗ്ഗം മാത്രമേയുള്ളു ജാതിയും മതവുമില്ലായെന്ന് പറഞ്ഞയാളുകള്‍, ജാതിപരമായിട്ട് ആദിവാസികളുടെ സംഘടന എ.കെ.എസ്. എന്നുപറയുന്ന ഒരു സംഘടനയുണ്ടാക്കുന്നത് ആ പാര്‍ട്ടിയുടെ പരാജയമാണ്, ഗോത്രമഹാസഭയുടെ വിജയവുമാണ്. 

ആദിവാസികള്‍ക്ക് വേണ്ടിയുള്ള സമരമെന്ന അവസ്ഥവിട്ട് ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രകൃതിക്കും വേണ്ടിയുള്ള സമരമായി വളര്‍ന്നുവരുമെന്ന സ്വപ്നം ജാനു പങ്കിട്ടു. 

സി. കെ. ജാനു: ഒരു വാഴ ചീഞ്ഞാലാണ് ഒരു വാഴയുടെ കുല നന്നാകുക.നമ്മളൊക്കെ അങ്ങനെ സമൂഹത്തിനു വേണ്ടി ചീഞ്ഞുപോകേണ്ട ആളുകളായിരിക്കാം. അപ്പോള്‍ അതിനെ അങ്ങനെയൊന്നും നമ്മള്‍ കാണേണ്ട കാര്യമില്ല. ഇതൊക്കെ ചെയ്‌തേ പറ്റൂ നമ്മള്‍. ഇത്തരം കാര്യങ്ങള്‍. ഇപ്പോള്‍ മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി മനുഷ്യരെ തിരിച്ചറിഞ്ഞ് അവര്‍ നല്ല രീതിയില്‍ ജീവിക്കണം എന്നൊക്കെ നമ്മള്‍ ആഗ്രഹിക്കുന്നുണ്ട്. ആഗ്രഹിച്ച് അടുക്കളയില്‍ ഇരുന്നാല്‍ പ്രയോജനമുണ്ടാകില്ലല്ലോ ശരിക്കും. ഒരുപാട് ആഗ്രഹമുണ്ട് കുട്ടികള്‍ നന്നായി ജീവിക്കണം, നന്നായി പഠിക്കണം, സമൂഹമുണ്ടാവണം, എല്ലാ മനുഷ്യരും നന്നായി ജീവിക്കണം, പരസ്പരം സ്‌നേഹിക്കണം, എല്ലാവരുടെയും വേദനയെ തിരിച്ചറിയണം, എല്ലാരുടെയും മനസ്സിനെ തിരിച്ചറിയണം, അതിനനുസരിച്ച് നമുക്കെന്തെങ്കിലും ചെയ്യണം, എന്നൊക്കെ വിചാരിക്കുക എന്നിട്ട് അടുക്കളയിലിരിക്കുക, അതുകൊണ്ടെന്താണ് ശരിക്കും അര്‍ത്ഥം. എന്റെ അഭിപ്രായത്തില്‍ ജനങ്ങളുടേതായിട്ടുള്ള അധികാരം ഉണ്ടാകും. അതിന്റെ കാര്യത്തില്‍ എനിക്ക് സംശയമില്ല. മതത്തിനും ഇപ്പോഴുള്ള ഈ സ്ഥാപന  സംവിധാനത്തിനും അതീതമായിട്ടുള്ള ജനങ്ങളുടെ കൂട്ടായ്മ അധികാരത്തിലെത്തും. എപ്പോള്‍ വരുമെന്ന് പറയാന്‍ പറ്റില്ല. പക്ഷേ അത് വരും… വന്നേ പറ്റൂ. ഞാനൊക്കെ മരിച്ചിട്ടാകും അതുവരിക. എന്നാലും അത് വരും. 

ഊരുസഭയുടെ പ്രവര്‍ത്തനങ്ങളുമായി ജാനുവിന് തിരുനെല്ലിയും മാനന്തവാടിയിലുമൊക്കെ കയറേണ്ടിയിരുന്നു. യാത്രാ സംഘത്തിന് ഒരു ചായ തരാന്‍ കഴിയാത്തതിന്റെ സങ്കടം ജാനു പറഞ്ഞു. തലേന്നാള്‍ വീട്ടിലെത്തുമ്പോള്‍ അര്‍ത്ഥരാത്രി കഴിഞ്ഞു. പാലും പഞ്ചസാരയും കിട്ടുന്ന കട അടച്ചിരുന്നു.

ജാനുവിനോടൊപ്പം യാത്ര സഞ്ചരിച്ചു. കുടിവെള്ളം പോലും കിട്ടാത്ത മനുഷ്യര്‍ അവരുടെ സങ്കടങ്ങള്‍ ജാനുവിനോടും യാത്രാസംഘത്തോടും പറഞ്ഞു. ജാനു അവരോട് കന്നഡയിലായിരുന്നു സംസാരിച്ചത്.  ഊരുകളില്‍ കുശലങ്ങള്‍ക്കിടയില്‍ ജാനു പറയുന്നത് കേട്ടു. നാട്ടുവഴി എന്ന പരിപാടിയെടുക്കാന്‍ വന്ന ചങ്ങാതിമാരാണ്. യാത്രികന് സങ്കടമായി. മൂന്നുവര്‍ഷം മുമ്പ് നാട്ടുവഴിയെന്ന് കേട്ടിരുന്നെങ്കില്‍ ആ പേരിലായിരുന്നേനെ ഈ യാത്ര.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍