UPDATES

തിരിച്ചറിവോ ഘർ വാപ്സിയോ? കാലം തെളിയിക്കട്ടെ

കാവുമ്പായിയിലെ ധീര വിപ്ലവകാരി അനന്തന്‍ നമ്പ്യാരും കെ എസ് എഫ് നേതാവായ സി കെ പിയും

കെ എ ആന്റണി

കെ എ ആന്റണി

തികച്ചും അവിചാരിതമായി പലതും സംഭവിക്കാറുണ്ട്. അത്തരത്തിൽ ഒന്നെന്നു കരുതി വെറുതെ കണ്ണടച്ചിരിക്കാൻ പോന്നതാണോ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനെ തിരുത്തി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പദ്മനാഭൻ ഒരു ചാനലിന്, അതും കമ്മ്യൂണിസ്റ്റ് ചാനൽ ആയ കൈരളിക്ക് നൽകിയ അഭിമുഖം എന്ന കാര്യത്തിൽ തികഞ്ഞ ആശങ്കയുണ്ട്. ഇങ്ങനെ ഒരു ആശങ്കയ്ക്ക് ആധാരം അഭിമുഖം വന്നത് കൈരളി ചാനലിൽ ആയതിനാലും ആ അഭിമുഖം അതേ പടി അച്ചടിച്ച് വന്നത് സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും ആയതിനാൽ കൂടിയാണ്. താൻ പറഞ്ഞത് തന്നെ എന്ന് പറയാൻ ഉള്ള ധൈര്യം സികെപി കാണിക്കുമോ. അതോ പതിവ് രാഷ്ട്രീയ നേതാക്കളുടെ രീതി വെച്ച് എല്ലാം മായം കൃത്രിമം എന്നൊക്കെ പറഞ്ഞു തടി ഊരുമോ?

സി കെ പദ്മനാഭനെ നേരിൽ അറിയുന്ന ആരും ഇങ്ങനെയൊക്കെ ചിന്തിക്കാൻ ഇടയില്ലെങ്കിലും തികച്ചും ‘മോദിദ’മായ ഇക്കാലത്ത് പെട്ടെന്നുണ്ടായ ഒരു ചിന്ത പങ്കു വെച്ചു എന്ന് മാത്രം. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും നടക്കാത്തതിനാൽ അതും വേണ്ടെന്നു വെക്കുകയേ തൽക്കാലം നിവൃത്തിയുള്ളു. അതുകൊണ്ടു തന്നെ ഞാൻ എന്റെ സികെപി വായനയിലേക്ക് കടക്കുന്നു. ഈ വായനയിൽ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം കോട്ടൂരിലെ അനന്തൻ നമ്പ്യാർ എന്ന ഒരു പഴയ കാല കമ്മ്യൂണിസ്റ്റ് വിപ്ലവകാരി കൂടി കടന്നുവരുന്നത് തികച്ചും സ്വാഭാവികം. കാരണം അനന്തൻ നമ്പ്യാർ നമ്മൾ ഇവിടെ ചർച്ച ചെയ്യപ്പെടുന്ന സി കെ പദ്മനാഭൻ എന്ന ബിജെപി നേതാവിന്റെ പിതാവായിരുന്നു എന്നത് തന്നെ.

കേരളത്തിൽ, പ്രത്യേകിച്ചും പഴയ ബ്രിട്ടീഷ് ആധിപത്യത്തിൽ ഉണ്ടായിരുന്ന മലബാറിൽ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ ഉദയം ചെയ്ത കർഷക പ്രസ്ഥാനം നേതൃത്വം നൽകിയ കാർഷിക സമരങ്ങളിൽ ഒന്ന് തന്നെയായിരുന്നു കണ്ണൂർ കാവുമ്പായിലേതും. ആ സമരത്തിൽ പങ്കെടുത്ത ഒരു ധീര വിപ്ലവകാരിയാരുന്നു സികെപി യുടെ പിതാവ് അനന്തൻ നമ്പ്യാരും. ഒളിവിൽ നിന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വെളിച്ചത്തിലേയ്ക്കു വരികയും തുടർന്ന് 1957-ൽ കേരളത്തിൽ അധികാരത്തിൽ എത്തുകയും ചെയ്തു എന്നതൊക്കെ പഴയ ചരിത്രം.

ഒരു കമ്യൂണിസ്റ്റ് കുടുംബത്തിന്റെ ഭാഗമായിരുന്ന സി കെ പി എന്ന സി കെ പദ്മനാഭന്റെ ആർ എസ് എസ് ചേക്കേറൽ നടന്നത് 1967 -ലാണ്. അതുവരെ സിപിഎമ്മിന്റെ യുവജന വിഭാഗത്തിൽ (കെ എസ് വൈ എഫിൽ) സജീവമായിരുന്ന സികെപിക്കു മന:പരിവർത്തനം ഉണ്ടായത് വളരെ പെട്ടന്നായിരുന്നു. ഇതേക്കുറിച്ചു പണ്ടൊരിക്കൽ അന്ന് ഇന്ത്യൻ എക്സ്പ്രസ്സ് ലേഖകൻ ആയിരുന്ന എനിക്ക് നൽകിയ ഒരഭിമുഖത്തിൽ സി കെ പി തന്നെ പറഞ്ഞത് കോൺഗ്രസിന് ബദൽ കമ്മ്യൂണിസ്റ്റുകൾ അല്ലെന്ന തിരിച്ചറിവാണ് തന്നെ കളം മാറ്റി ചവിട്ടാൻ പ്രേരിപ്പിച്ചത് എന്നായിരുന്നു. അത് എന്തുമാകട്ടെ ജനസംഘിലൂടെ ആർഎസ്എസ്സിൽ എത്തിപ്പെട്ട സികെപി 69- ൽ ആർഎസ്എസ് പ്രചാരകനായി. മാരാര്‍ജിയുടെയും (കെ ജി മാരാർ) മുകുന്ദേട്ടന്റെയും ഒക്കെ വാത്സല്യത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ പദവി വരെ എത്തി. ഒടുവിലിപ്പോൾ ബിജെപി ദേശീയ നിർവാഹക സമിതി അംഗം എന്ന നിലയിൽ കഴിഞ്ഞു കൂടുന്നതിനിടയിലാണ് എഎൻ രാധാകൃഷ്ണനെ തിരുത്തിയുള്ള അഭിപ്രായപ്രകടനങ്ങളുമായി അദ്ദേഹം വീണ്ടും കളം നിറയുന്നത്.

എംടി വാസുദേവൻ നായർ ഹിമാലയത്തിനു തുല്യൻ, ദേശസ്നേഹത്തിൽ അധിഷ്ടിതമാണ് കമലിന്റെ സിനിമകൾ, കമലിന്റെ ദേശസ്നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ല. ചെ ഗുവേര തന്റെ ആരാധന പാത്രമെന്നും ചെ ഗുവേരയെ അറിയാത്തവർ ബൊളീവിയൻ ഡയറി വായിക്കണം എന്നൊക്കെ പോകുന്നു രാധാകൃഷ്ണന്റെ എം ടി, കമൽ, ചെ ഗുവേര ഭര്‍ത്സനങ്ങൾക്കെതിരെയുള്ള സികെപിയുടെ പ്രതികരണങ്ങൾ.

ബിജെപി നേതൃനിരയിലുള്ള മിതഭാഷിയും ഒപ്പം മാനുഷിക മുഖവുമുള്ള ചുരുക്കം ചിലരിൽ ഒരാളാണ് സി കെ പി എന്നത് പരസ്യമായ രഹസ്യമാണ്. മാനുഷിക മുഖം ഉയർത്തിപ്പിടിക്കാൻ നടത്തിയ ശ്രമങ്ങൾ തന്നെയാണ് ഒരു കാലത്ത് സികെപിക്ക് വിനയായതും. പാർട്ടിയിൽ അദ്വാനി പക്ഷക്കാരനായ സികെപിയെ എങ്ങിനെയാണ് ഒതുക്കിയതെന്നതും ആ പാർട്ടിയിൽ തന്നെയുള്ള മിതവാദികളോട് ചോദിച്ചാൽ മനസ്സിലാകും.

സികെപിയുടെ വിമർശനത്തിലെ കാതലായ മറ്റൊരു കാര്യം കൂടിയുണ്ട്. അതാവട്ടെ നോട്ടു പ്രതിസന്ധിയെ തുടർന്ന് ബിജെപി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാൻ വേണ്ടി നടത്തുന്ന പ്രചാരണ ജാഥകൾ ഉദ്ദേശ ലക്ഷ്യത്തിൽ നിന്നും മാറിപ്പോകുന്നു എന്നതാണ്. കള്ളപ്പണ മുന്നണികൾക്കെതിരെ, സഹകരണ ബാങ്ക് പ്രതിസന്ധി, കൊലപാതക രാഷ്ട്രീയം എന്നിങ്ങനെ മൂന്നു പ്രധാന വിഷയങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു മേഖല വിശദീകരണ ജാഥകൾ. ഇതിനുവേണ്ടി അച്ചടിച്ച് നാടാകെ ഒട്ടിച്ച പോസ്റ്റർ കണ്ടാൽ തോന്നുക ഇവ ഓരോന്നിനും മുകളിൽ വലുപ്പത്തിൽ അച്ചടിച്ച ചിത്രങ്ങളിൻ കാണുന്ന അമിത് ഷായും നരേന്ദ്ര മോദിയും കുമ്മനം രാജശേഖരനുമാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണക്കാർ എന്നാണ്. ഇത്തരത്തിൽ ചില വക തിരിവില്ലായ്‍മയെ കൂടിയാവണം സികെപി വിമർശിക്കുന്നത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍