UPDATES

കാലുകള്‍ കൂട്ടികെട്ടാന്‍ നോക്കിയവര്‍ക്ക് സി കെ വിനീതിന്റെ മറുപടി; ഫെഡറേഷന്‍ കപ്പ് ബെംഗളൂരു എഫ് സിക്ക്

എക്‌സ്ട്രാ ടൈമില്‍ ആയിരുന്നു വിനീതിന്റെ ഇരട്ടഗോളുകള്‍

മോഹന്‍ ബഗാന്‍ ഗോളി ദേബ്ജിത്തിനെ തോല്‍പ്പിച്ച് വലയില്‍ കടന്ന രണ്ടു ഗോളുകള്‍ സി കെ വിനീത് എന്ന ഫുട്‌ബോളറുടെ മറുപടിയാണ്. തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടവര്‍ക്കുള്ള മറുപടി. ഇന്ത്യയുടെ തന്നെ അഭിമാനമായി മാറുന്ന ഒരു കളിക്കാരനോട് തങ്ങള്‍ ചെയ്തത് നീതി കേടായിരുന്നോ എന്നു എജീസ് ഓഫിസിനു ചിന്തിക്കാം. ഏതു താത്പര്യത്തിന്റെ പുറത്താണെങ്കിലും ഈ കളിക്കാരന്റെ കാലുകള്‍ കൂട്ടിക്കെട്ടാന്‍ നോക്കരുതായിരുന്നുവെന്ന്. കാരണം ആ കാലുകളുടെ വേഗതയും കൃത്യതയും ഒരു രാജ്യത്തിന് ഏറെ നേട്ടങ്ങള്‍ സ്വ്ന്തമാക്കി തരുമെന്നതിന്റെ മറ്റൊരു തെളിവാണ് ബെംഗളൂരു എഫ് എസ് ഇന്നുയര്‍ത്തിയ ഫെഡറേഷന്‍ കപ്പ്.

90 മിനിട്ട് പിന്നിട്ടിട്ടും ഗോളുകളൊന്നും പിറക്കാതിരുന്ന ഫൈനല്‍ മത്സരത്തിന്റെ എക്‌സ്ട്ര ടൈമിലാണു മലയാളി താരം സി കെ വിനീത് നേടിയ ഇരട്ട ഗോളില്‍ ബെംഗളൂരു എഫ് സി ക്ക് ഫെഡറേഷന്‍ കപ്പ് കിരീടം ചൂടിയത്. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബാഗനെ പരാജയപ്പെടുത്തിയാണ് ബെംഗളൂരു കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോളുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണു മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയത്.

രണ്ടാം പകുതിയില്‍ ഉദാന്‍തക്കിന്റെ പകരക്കാരനായാണ് വിനീത് കളത്തില്‍ ഇറങ്ങിയത്. 107 ആം മിനിട്ടിലായിരുന്നു ആദ്യ ഗോള്‍. 12 മിനിട്ടിനുശേഷം രണ്ടാം ഗോളും നേടി വിനീത് ടീമിന് കിരീടം സ്വന്തമാക്കി കൊടുത്തു. സുനില്‍ ഛേത്രിയില്ലാതെയായിരുന്നു ബെംഗളൂരു ഫൈനല്‍ കളിക്കാന്‍ ഇറങ്ങിയത്.

ഈ കിരീട വിജയത്തോടെ 2018 എ എഫ് സി കപ്പ് കളിക്കാനുള്ള യോഗ്യതയും ബെംഗളൂരു എഫ് സി നേടി.

നേര്‍ക്കുനേര്‍ വന്ന 13 മത്സരങ്ങളില്‍ മോഹന്‍ ബഗാനെതിരേ നേടുന്ന മൂന്നാമത്തെ വിജയമാണ് ഇന്നത്തേത്. ഫെഡറേഷന്‍ കപ്പിലെ ആദ്യത്തെ വിജയവും. മുമ്പ് രണ്ടു തവണയും ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍