UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീര്‍: അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കും സര്‍ക്കാര്‍ അവകാശവാദങ്ങള്‍ക്കുപ്പുറത്താണ് ഈദ് കാലത്ത് നാട്ടുകാരുടെ ജീവിതം

വലിയ പ്രതിഷേധമെന്ന് മാധ്യമങ്ങള്‍, ശാന്തമെന്ന് സര്‍ക്കാർ

ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുമാറ്റിയിട്ട് ഒരാഴ്ചയാകുന്നു. വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയില്‍ പതിനായിരത്തിലേറെ സൈനികരെ വിന്യസിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയത്. അന്ന് തുടങ്ങിയ നിരോധനാജ്ഞയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇളവ് വരുത്തിയത്.

കാശ്മിരില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന വാദമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നയിക്കുന്നത്. എന്നാല്‍ ഇവിടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും സൈനിക നടപടികളും ഉണ്ടാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. കാശ്മീരില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ യാതൊരു വിധത്തിലുമുള്ള സുതാര്യതയില്ലെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷവും പറയുന്നു. ശ്രീനഗര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിവിധ രാഷ്ട്രീയ നേതാക്കളെ സര്‍ക്കാര്‍ അനുവദിക്കുന്നുമില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും ദി വയര്‍ അടക്കമുള്ള ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങളിലും കാശ്മീരില്‍ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

കഴിഞ്ഞ ദിവസം കാരവന്‍ മാഗസിന്റെ ഫോട്ടോ അസിസ്റ്റന്റ് എഡിറ്റര്‍ ഷാഹിദ് താന്ത്രെ ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യം അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ ഒരു പരിധിവരെ സാധൂകരിക്കുന്നതാണ്. കാശ്മീരില്‍ തടസ്സപ്പെട്ട വികസനത്തിനായി ജനങ്ങള്‍ കാത്തിരിക്കുകയാണെന്നു് പറഞ്ഞ് സീ ടിവിയുടെ പ്രതിനിധി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ജനങ്ങള്‍ ഇടപ്പെട്ട് തടസ്സപ്പെടുത്തുന്ന വീഡിയോയാണ് ട്വീറ്ററില്‍ പങ്കുവെച്ചത്. കാശ്മീരിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ടറെ ജനങ്ങള്‍ ചോദ്യം ചെയ്തത്.

പതിനായിരക്കണക്കിന് ആളുകളാണ് വെള്ളിയാഴ്ച തെരുവിലിറങ്ങി പ്രതിഷേധിച്ചതെന്നായിരുന്നു റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. ഈ വാര്‍ത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. എന്നാല്‍ ഈ പ്രതിഷേധത്തിന്റെയും അതിനെതിരെ സൈന്യം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളുമാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദി വയര്‍ എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജന്‍ റിപ്പോര്‍ട്ട് ചെയ്തത്. സൈനിക നടപടിയില്‍ പരുക്കേറ്റ് 21 പേരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇവര്‍ക്ക് പെല്ലറ്റ് ആക്രമണത്തിലാണ് പരുക്കേറ്റതെന്നും ആ റിപ്പോര്‍ട്ടില്‍ വിശദമാക്കിയിരുന്നു. വിവിധ ദിവസങ്ങളിലായാണ് ഇത്രയും പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ആ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. പരുക്കേറ്റവരെയും ബന്ധുക്കളെയും ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.

കാശ്മിരില്‍ വിനിമയ ബന്ധങ്ങള്‍ വിഛേദിച്ചതിനാല്‍ പല ഇന്ത്യന്‍ മാധ്യമങ്ങളും കഴിഞ്ഞ ദിവസങ്ങളിലാണ് കാശ്മീര്‍ വിഭജനത്തിന് ശേഷം ആദ്യമായി പ്രത്യേക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ദി ഹിന്ദുവിലും ഇന്ത്യന്‍ എക്‌സ്പ്രസിലും വന്ന റിപ്പോര്‍ട്ടുകളിൽ  ജനങ്ങളിലുള്ള പ്രതിഷേധത്തിന്റെ സൂചനയായിരുന്നു നിഴലിച്ചിരുന്നത്.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന പ്രകടനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തതായും അവര്‍ക്കതിരെ സുരക്ഷാ സേന നടപടികള്‍ സ്വീകരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റിപ്പോര്‍ട്ടാണ് ബിബിസി സംപ്രേഷണം ചെയ്തത്.
സര്‍ക്കാര്‍ കാശ്മിരില്‍ സ്വീകരിക്കുന്ന നടപടികള്‍ കിരാതമാണെന്ന് എഡിറ്റേഴ്‌സ ഗില്‍ഡ് ആരോപിച്ചിരുന്നു. വിനിമയ ബന്ധങ്ങള്‍ ഇല്ലാതാക്കിയത് അറിയാനുള്ള അവകാശത്തിനെതിരാണെന്നും സര്‍ക്കാര്‍ ഈ നിലപാട് തിരുത്തണമെന്നുമായിരുന്നു എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ നിലപാട്

കാശ്മീരില്‍ നടപടികള്‍ സ്വീകരിച്ചതിന് വന്‍കിട രാജ്യങ്ങളില്‍ പൊതുവില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ഇപ്പോഴത്തെ സ്വാധീനം ഇതിന് കാരണമായി കണക്കാക്കുന്നു. ചൈനയാണ് ഇതില്‍ പ്രതിഷേധിച്ച പ്രധാനപ്പെട്ട ഒരു രാജ്യം. എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യൻ സമീപനത്തോട് അനുകൂല സമീപനമായിരുന്നില്ല സ്വീകരിച്ചത്. ന്യുയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ തുടങ്ങിയ പത്രങ്ങള്‍ സന്ദേഹത്തോടെയാണ് ഇന്ത്യന്‍ നീക്കങ്ങളെ കണ്ടത്. കാശ്മീരില്‍ പ്രതിഷേധം ശക്തമാകുകയും അതിനെ സൈനികമായി നേരിടുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ അത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ വിമര്‍ശനമുണ്ടാകാന്‍ ഇടവരുത്താന്‍ സാധ്യത കൂടുതലാണ്.

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പോലും കാശ്മീരില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കയാണ്. അവിടുത്തെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ മാത്രമല്ല, മറിച്ച് ദേശീയ പാര്‍ട്ടികളുടെ നേതാക്കളെ പോലും തടയുന്ന സ്ഥിതിയാണുള്ളത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരെയാണ് ശ്രീനഗറില്‍ തടഞ്ഞത്.

ഈദിന് മുമ്പ് കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇളവ് വരുത്തിയെങ്കിലും അത് ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നാണ് അവിടുന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എടിഎമ്മുകള്‍ക്ക് മുന്നിലും പെട്രോള്‍ പമ്പുകള്‍ക്കുമുന്നിലും വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്.

വിനിമയ ബന്ധങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരാഴ്ചയോളമായി കാശ്മീരിന് പുറത്തുള്ള ബന്ധുക്കളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇവിടുത്തെ ജനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈദിന് ശേഷം കാശ്മീരില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ അതോ പ്രതിഷേധം ശക്തമാകുമോ എന്നതാണ് നിര്‍ണായകം.

* Representation Image

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍