UPDATES

രവിചന്ദ്രന്‍

കാഴ്ചപ്പാട്

രവിചന്ദ്രന്‍

ന്യൂസ് അപ്ഡേറ്റ്സ്

സെബാസ്റ്റ്യന്‍ പോളിനെ ആര്‍ക്കാണ് പേടി?

നിങ്ങള്‍ ഒരു ന്യായത്തിനു വേണ്ടി പൊരുതാന്‍ തീരുമാനിച്ചാല്‍ ഒരു വൃക്ഷമെന്നപോലെ തനിച്ചു നിലകൊള്ളാന്‍ തയ്യാറെടുക്കണം. ഇനി വീണുപോയാലോ? വീണ്ടും മുളപൊട്ടി ഉയിര്‍ത്തെഴുന്നേറ്റ് പൊരുതാനാവുന്ന വിത്തു പോലെ വീഴണം. ഇതൊരു പറഞ്ഞു പഴകിയ മൊഴി മാത്രമല്ല, വാക്കുകളെ തരംപോലെ വിഴുങ്ങിയും വിഴുപ്പലക്കിയും നിലപാടുതറകള്‍ മാറ്റിപ്പണിയുന്ന വര്‍ത്തമാനകാല ഭീരുക്കള്‍ക്കിടയില്‍ സ്വന്തം നിലപാടില്‍ ധീരമായി ഉറച്ചു നില്‍ക്കാന്‍ ആര്‍ജ്ജവം കാട്ടുന്ന വ്യക്തികള്‍ക്കുള്ള വേദവാക്യം കൂടിയാണ്.
  
കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം ഡോ. സെബാസ്റ്റ്യന്‍ പോളിനെ തങ്ങളുടെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് നോട്ടീസ് നല്‍കിയെന്ന വാര്‍ത്ത ഇത്തരമൊരു പോരാട്ടത്തിന് തയ്യാറെടുത്ത സെബാസ്റ്റ്യന്‍ പോളിനും ഇനിമേല്‍ ബാധകമായി തീരുന്നു. ഒരു സംഘടനയ്ക്ക് തങ്ങളുടെ നിബന്ധനകള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്നവരെ പുറത്താക്കാനും സംഘടനയില്‍ നിന്ന് മാറ്റി നിറുത്താനുമൊക്കെ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇത്തരം സ്വാതന്ത്ര്യം ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന തരത്തില്‍ അധ:പതിക്കുന്നത് അത്യന്തം ഖേദകരമാണ്. എന്താണ് സെബാസ്റ്റ്യന്‍ പോള്‍ ചെയ്ത തെറ്റ് എന്നതു കൂടി കണക്കിലെടുക്കണം.

 

ജുഡീഷ്യറിയെയും അഭിഭാഷക സമൂഹത്തെയും സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തി എന്നതാണ് സെബാസ്റ്റ്യന്‍ പോളിനെതിരെ ചുമത്തപ്പെട്ട കുറ്റം. കഴിഞ്ഞ മൂന്നു മാസക്കാലമായി ഹൈക്കോടതിയിലുള്‍പ്പെടെ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കായികമായി നേരിടുന്നതിനെ എതിര്‍ക്കുകയും ഈ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് പൊതുയോഗങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇതാണ് അഭിഭാഷക സമൂഹത്തിന് കളങ്കമാണെന്ന് ചിലര്‍ വരുത്തി തീര്‍ക്കുന്നത്.

 

മുന്‍ എംപിയും പ്രമുഖ അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോളിന് സാമൂഹ്യ കേരളത്തെ സ്വാധീനിക്കുന്ന ഏതു വിഷയങ്ങളിലും തന്റേതായ കാഴ്ചപ്പാട് ധീരമായി പറയാന്‍ ഒരു കാലത്തും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. ഏതെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ പിന്നീട് വിഴുങ്ങിയിട്ടുമില്ല. സാക്ഷര സാമൂഹ്യ കേരളത്തിന് ഇതു നന്നായി അറിയുകയും ചെയ്യാം. നിയമ സംബന്ധിയായ വിഷയങ്ങളിലും അദ്ദേഹം ഇതേപോലെ തനിക്കുള്ള വിയോജിപ്പുകള്‍ ശക്തമായി മുന്‍പും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നുമില്ലാത്ത തരത്തില്‍ സെബാസ്റ്റ്യന്‍ പോളിനെതിരെ അഭിഭാഷക അസോസിയേഷന്‍ ഇപ്പോള്‍ നടപടിയെടുക്കുന്നത് ആരെ പ്രീണിപ്പിക്കാനാണെന്ന് ചിന്തിക്കുമ്പോഴാണ് അദ്ദേഹത്തെ ആര്‍ക്കാണ് പേടിയെന്ന ചോദ്യം ഉയരുന്നത്.

 

കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ അഭിഭാഷക – മാധ്യമ തര്‍ക്കം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുക്കേണ്ട ജഡ്ജിമാര്‍ വേണ്ട രീതിയിലല്ല ഇടപെടുന്നതെന്ന പരാതിയും അദ്ദേഹം വിവരിച്ചു. അത്തരത്തില്‍ ജഡ്ജിമാര്‍ക്കെതിരെ പരാമര്‍ശം നടത്തിയെങ്കില്‍ തനിക്കെതിരെ നടപടി എടുക്കേണ്ടത് കോടതിയാണ്, അഭിഭാഷക സംഘടനയല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സെബാസ്റ്റ്യന്‍ പോള്‍ തന്റെ അഭിപ്രായ പ്രകടനത്തിലൂടെ അഭിഭാഷക സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചിലര്‍ വിലപിക്കുമ്പോള്‍ മാധ്യമ  അഭിഭാഷക പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ട സംഭവം കൂടി ഓര്‍ക്കണം. പെരുവഴിയില്‍ വച്ച് യുവതിയെ കടന്നു പിടിച്ചതിന് ഒരു മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അറസ്റ്റിലായ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അങ്ങനെയെങ്കില്‍ അദ്ദേഹത്തിനെതിരെ അസോസിയേഷന്‍ എന്തു നടപടിയാണെടുത്തതെന്ന് സെബാസ്റ്റ്യന്‍ പോള്‍ ചോദിക്കുന്നു. തികച്ചും ന്യായമാണ് ഈ ചോദ്യം. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകരില്‍ ചിലര്‍ നടത്തിയ ഒന്നാം വാട്ട്‌സ്ആപ്പ് യുദ്ധകാലത്ത് സെബാസ്റ്റ്യന്‍ പോളിനെതിരെയും ചില പരാമര്‍ശങ്ങള്‍ ഇറങ്ങിയിരുന്നു. ഒളിപ്പോരിന്റെ മറവില്‍ സെബാസ്റ്റ്യന്‍ പോളിനെ അപകീര്‍ത്തിപ്പെടുത്തിയതിനെക്കുറിച്ച് പരാതിയുമില്ല. നടപടിയുമില്ല.

 

 

വാട്ട്‌സ്ആപ്പ് യുദ്ധങ്ങളുടെ കാലം
ഇതു വാട്ട്‌സ്ആപ്പ് യുദ്ധങ്ങളുടെ കാലമാണ്. എന്തിനും ഏതിനും വാട്ട്‌സ്ആപ്പിനെ ആയുധമാക്കാന്‍ മലയാളി ശീലിച്ചു തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. കേരള ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു വിഭാഗം അഭിഭാഷകര്‍ പ്രയോഗിച്ച ഉപരോധ സമരത്തിനും വാട്ട്‌സ്ആപ്പ് ഒരു ആയുധമായിരുന്നു. നീതിയും നിയമവുമൊക്കെ അറിയാവുന്നവരായതിനാലാകണം അത്രയൊന്നും നിയമം പാലിക്കേണ്ടാത്ത വാട്ട്‌സ്ആപ്പിനെ അഭിഭാഷകര്‍ കൂട്ടത്തോടെ ആശ്രയിച്ചത്.  കേട്ടാലറയ്ക്കുന്ന ഭാഷയില്‍ പുലഭ്യം പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനും പ്രശ്‌നത്തെ സജീവമായി നിലനിറുത്താനും ഒന്നാം വാട്ട്‌സ്ആപ്പ് യുദ്ധത്തില്‍ ചാവേറുകള്‍ സദാ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് സത്യം.

 

ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവങ്ങളുടെ അഭിഭാഷകപക്ഷ വിശദീകരണം. കോടതി മുറിക്കുള്ളിലെ കസേരയില്‍ കയറിയിരുന്നു; അഭിഭാഷകരെ വെല്ലുവിളിച്ചു. ഇങ്ങനെ ചേരിയിലേക്ക് ആളെക്കൂട്ടാന്‍ പഴയ സിനിമകളില്‍ പോലുമില്ലാത്ത തന്ത്രങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രവഹിക്കുന്നത്. ഇതിനെ രണ്ടാം വാട്ട്‌സ്ആപ്പ് യുദ്ധമെന്ന് വിളിക്കാം. ഇതൊന്നുമല്ല സത്യമെന്ന് അഭിഭാഷകര്‍ക്കു തന്നെ അറിയാമെന്നിരിക്കെയാണ് നട്ടാല്‍ കിളിര്‍ക്കാത്ത കള്ളം ചിലര്‍ പ്രചരിപ്പിക്കുന്നത്. (ധനേഷ് മാഞ്ഞൂരാൻ അകത്ത്, സെബാസ്റ്റ്യന്‍ പോൾ പുറത്ത്)

 

കേരള ഹൈക്കോടതിയിലും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തരിമ്പും സത്യമല്ലാത്ത ഇത്തരം പ്രചരണങ്ങളാണ് അഭിഭാഷകര്‍ നടത്തിയത്. ഒരു മാധ്യമ പ്രവര്‍ത്തനെ ഹൈക്കോടതിക്കുള്ളില്‍ വച്ചു മര്‍ദ്ദിച്ച ശേഷം ഒരുളുപ്പുമില്ലാതെ അതിനെ ന്യായീകരിച്ച അഭിഭാഷക പുംഗവന്‍മാര്‍ പിന്നീട് അതിന്റെ പേരില്‍ നാട്ടിലെങ്ങും കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ നാം കണ്ടതാണ്. എത്രയെത്ര വാദങ്ങളും വിശദീകരണങ്ങളുമാണ് ഇതിന്റെ പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചത്. വളരെ വിചിത്രമായ ഒരു വാദവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കേസുകളില്‍ കോടതി തീര്‍പ്പു കല്പിക്കുമ്പോള്‍ വിധിന്യായങ്ങള്‍ ആദ്യം ലഭിക്കേണ്ടത് അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കുമാണ്. എന്നാലിന്ന് മാധ്യമങ്ങള്‍ക്കാണ് ഇതു ലഭിക്കുന്നത്. അഭിഭാഷകരുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാണെന്നു വരെ അഭിഭാഷകരില്‍ ചിലര്‍ ചാനല്‍ ചര്‍ച്ചകളിലുള്‍പ്പെടെ വാദിച്ചു. എന്നാല്‍ ഇത്തരമൊരു അവകാശം അഭിഭാഷകര്‍ക്കായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. കോടതികളില്‍ നിന്ന് വാര്‍ത്തകള്‍ ശേഖരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ വിധിന്യായങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്തകളുണ്ടാക്കുന്നത് ഒരു തരത്തിലും അഭിഭാഷകരുടെ അവകാശത്തെ ഹനിക്കുന്നില്ല. എന്നിട്ടും ഇതു മാധ്യമ പ്രവര്‍ത്തകരുടെ മേലുള്ള കുറ്റമായി ചുമത്തപ്പെട്ടു.

അഭിഭാഷകരുടെ സ്‌ക്രാച്ച് ആന്‍ഡ് വിന്‍.
പത്ര മാനേജ്‌മെന്റുകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലുള്‍പ്പെടെ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടും മാധ്യമ പ്രവര്‍ത്തകരെ വീണ്ടും കോടതിയില്‍ തടയുന്ന നിലപാടാണ് ഒരു വിഭാഗം അഭിഭാഷകര്‍ സ്വീകരിച്ചത്. തിരുവനന്തപുരത്ത് വിജിലന്‍സ് കോടതിയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരെ തടയുകയും അസഭ്യം പറയുകയും ചെയ്തവര്‍ തങ്ങളും ആക്രമിക്കപ്പെട്ടു എന്ന് പരാതി നല്‍കി കോടതി നടപടികളെ ദുരുപയോഗം ചെയ്യാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

 

ഒരു രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ അനുസരിക്കാന്‍ അഭിഭാഷകരും ബാധ്യസ്ഥരാണെന്ന വസ്തുത ഇക്കൂട്ടര്‍ പലപ്പോഴും മറന്നു പോവുകയാണ്. മാധ്യമ പ്രവര്‍ത്തകരെ കോടതികളില്‍ വേട്ടയാടുന്ന അഭിഭാഷകരുടെ നിലപാടിനെ ഒരു പ്രസംഗം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുത്തിയത്. നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അതു നടപ്പാക്കാന്‍ സര്‍ക്കാരിന് അറിയാമെന്നും ആശങ്കകള്‍ക്കിട നല്‍കാത്ത വിധം മുഖ്യമന്ത്രി കൊച്ചിയിലെ പത്രപ്രവര്‍ത്തക യൂണിയന്റെ യോഗത്തില്‍ പ്രസ്താവിച്ചതോടെയാണ് അഭിഭാഷകരുടെ നിലപാടില്‍ മാറ്റമുണ്ടായത്. അതിനു തൊട്ടുമുമ്പ് കോടതികളിലെ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ചീഫ് ജസ്റ്റിസുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ കയറുന്നതിന് തടസമുണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പു നല്‍കിയ വിവരം മുഖ്യമന്ത്രി തന്നെ വിശദീകരിച്ചു. ഇതിനു തൊട്ടടുത്ത ദിവസമാണ് അഭിഭാഷകരില്‍ ചിലര്‍ തിരുവനന്തപുരത്ത് വിജിലന്‍സ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. മുഖ്യമന്ത്രിക്ക് കടുത്ത ഭാഷയില്‍ അഭിഭാഷകരെ താക്കീത് ചെയ്യേണ്ടി വന്നത് ഈ സാഹചര്യത്തിലാണ്.

 

 

മാധ്യമ പ്രവര്‍ത്തകരുടെ കോടതി പ്രവേശം
മുഖ്യമന്ത്രിയടക്കമുള്ളവരുടെയും മാധ്യമ മാനേജ്‌മെന്റുകളുടെയും പത്രപ്രവര്‍ത്തക യൂണിയന്റെയുമൊക്കെ അശ്രാന്ത പരിശ്രമഫലമായി ഹൈക്കോടതിയിലെ കോടതി മുറികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കയറാമെന്ന നില രണ്ടു ദിവസമായി വന്നിട്ടുണ്ട്. എന്നാല്‍ കോടതികളില്‍ നിന്ന് വാര്‍ത്തകള്‍ ലഭ്യമാകണമെങ്കില്‍ ഇതു മാത്രം മതിയാവില്ല. ഹൈക്കോടതിയിലെ വിധിന്യായങ്ങള്‍ വായിച്ചുനോക്കാനും മതിയായ വിവരങ്ങള്‍ ശേഖരിക്കാനും സ്വാതന്ത്ര്യമുണ്ടാകണം. നിര്‍ഭയമായി ഹൈക്കോടതിയിലൂടെ സഞ്ചരിക്കാന്‍ അവസരമൊരുങ്ങണം. കൃത്യമായി പറഞ്ഞാല്‍ ജൂലായ്  പത്തൊമ്പതിന് മുമ്പ് നിലനിന്ന സാഹചര്യം ഉണ്ടാകണം. ഇതിനു പകരം കോടതി മുറികളില്‍ കയറാന്‍ മാത്രം അനുവദിക്കുന്നത് മാധ്യമ പ്രവര്‍ത്തനത്തെ സഹായിക്കില്ല.  ഇതിനായിട്ടാണ് പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

 

 

ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കണമെന്നതാണ് മറ്റൊരു ആവശ്യം. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തിന്റെ ഒരു ഘട്ടത്തിലും മീഡിയ റൂം ഒരു വിഷയമായിരുന്നില്ല. എന്നിട്ടും ഹൈക്കോടതയിലെ മീഡിയ റൂം അടച്ചു പൂട്ടിയതെന്തിനാണ്? കേവലം അഭിഭാഷക – മാധ്യമ തര്‍ക്കത്തിനപ്പുറം മറ്റു ചിലരുടെ രഹസ്യ അജണ്ട ഇതിനു പിന്നിലുണ്ടെന്നു തന്നെയാണ് മീഡിയ റൂം വിവാദം പറയാതെ പറയുന്നത്. ഏറ്റവും ഒടുവില്‍ മാധ്യമ പ്രവര്‍ത്തകര്‍ കോടതികളില്‍ കയറുമെന്ന നിലയായപ്പോള്‍ പോസ്റ്റര്‍ യുദ്ധവും തുടങ്ങിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കക്ഷികളുടെ പിന്തുണ കൂടി ഉറപ്പാക്കാന്‍ ശ്രമിച്ചാണ് പോസ്റ്റര്‍ യുദ്ധം തുടങ്ങിയിട്ടുള്ളത്. പാവം കോടതി ജീവനക്കാരെയും ഇതിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യം മണ്ണാങ്കട്ടയാണെന്നാണ് പോസ്റ്ററുകളിലെ മറ്റൊരു ആരോപണം. അപ്പോള്‍ അഭിഭാഷകരാരാണ്? കരിയിലകളോ? അങ്ങനെയെങ്കില്‍ വരാനിരിക്കുന്ന പെരുമഴയില്‍ നമ്മള്‍ മണ്ണാങ്കട്ടകളും കരിയിലകളും നശിച്ചുപോകാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്നല്ലേ അതിനര്‍ത്ഥം?

 

1.മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അഡ്വക്കേറ്റ് ആനയറ ഷാജി വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. 

ബഹുമാനപ്പെട്ട വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അവര്‍കള്‍ക്ക് മുമ്പാകെ,

പരാതിക്കാരന്‍ 
ആനയറ ഷാജി, വയസ്സ്-55
S/O ബാലകൃഷ്ണന്‍, ‘Ritu’
TC.14/2056(4) വെണ്‍പാല വട്ടം 
ആനയറ P.O
തിരുവനന്തപുരം

പ്രതികള്‍:     1) Prabhat Nair
                          Principal correspondent
                          The New Indian Express
                          Thiruvanvanthapuram
                       2) Ramakrishnan (PTI)
                          Press trust of india
                       3) C.P Ajitha
                           Asianet News,  Thiruvanvanthapuram
                       4)Jasthena Thomas
                          Manorama News,  Thiruvanvanthapuram

സാര്‍,

14.10.2016-ാം തീയതി രാവിലെ ഉദ്ദേശം 11.30 മണിക്ക് ഞാന്‍ ജുഡീഷ്യൽ JFMC 2 കോടതിയില്‍ കേസ് അറ്റൻഡ് ചെയ്തു കഴിഞ്ഞ ശേഷം JFMC 5 കോടതിയിലേക്ക് മറ്റൊരു കേസ് അറ്റൻഡ് ചെയ്യുന്നതിലേയ്ക്കായി പടികയറി മുകളിലേക്ക് പോകവെ വഴിയില്‍ വച്ച്  പടി ഇറങ്ങി വന്ന പ്രഭാത് നായര്‍ മനഃപൂര്‍വ്വം യതൊരു പ്രകോപനവും കൂടിതെ ”വഴിയില്‍ നിന്നും മാറടാ തായോളി. കോടതി നിന്റെയൊക്കെ തന്തയുടെ വകയല്ല’ എന്നും പറഞ്ഞ് എന്റെ ഇടത് നെഞ്ചില്‍ ആഞ്ഞ് ഇടിച്ച് വേദനിപ്പിക്കുകയും ചെയ്തു. ടി. സമയം ടിയാന്റെ പിന്നില്‍ നിന്നും വന്ന രാമകൃഷ്ണന്‍ ‘എടാ സെക്രട്ടറി തള്ളയ്യോളി ഒതുങ്ങി നില്ലടാ’ എന്ന് പറഞ്ഞ് കൈമുട്ട്‌കൊണ്ട് എന്റെ വലതുവശം നെഞ്ചില്‍ ഇടിച്ച് വേദനിപ്പിച്ചിട്ടുള്ളതുമാണ്.

ടി സംഭവത്തില്‍ വച്ച് എനിക്ക് അതിയായ ശരീര വേദനയും മനോവിഷമവും ഉണ്ടായിട്ടുള്ളതാണ്.  കോടതകിയില്‍ case attent  ചെയ്യേണ്ടത് അത്യാവശ്യമായതിനാല്‍ ഞാന്‍ വീണ്ടും പടി കയറി മുകളിലേക്ക് പോയപ്പോള്‍ ഏഷ്യനെറ്റ് ന്യൂസിലെ അജിതയും, മനോരമ ന്യൂസിലെ ജസ്റ്റീന തോമസും പടി ഇറങ്ങി വരുകയും ഈ സമയം അജിത യാതൊരു പ്രകോപനവും കൂടാതെ എന്റെ മുഖത്തിന് നേരെ കൈ ചൂണ്ടികൊണ്ട് ‘you bastard, നിന്നെ പെണ്ണ് കേസില്‍ കുടുക്കി പ്രതികൂട്ടില്‍ നിര്‍ത്തുന്നത് കാണിച്ചു തരാം’ എന്നും ഈ സമയം കൂടെയുണ്ടായിരുന്ന ജസ്റ്റീന തോമസ് ഇനി ഞങ്ങള്‍ക്കെതിരെ കളിച്ചാല്‍ യാതൊരു തെളിവും ഇല്ലാതെ കൊന്നുകളയും കേട്ടോടാ ‘mother fucker’ എന്നു പറഞ്ഞ് അവിടെ നിന്നു പോയിട്ടുള്ളതാകുന്നു.

ടി പ്രതികള്‍ എന്നെ ഉപദ്രവിച്ച് മുറിവ് ഏല്‍പ്പിക്കുന്നതിനു വേണ്ടിയും എന്നെ അസഭ്യം വിളിച്ച് മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യനാക്കുന്നതിനും എന്നെ ഭീഷണിപ്പെടുത്തി പേടിപ്പിക്കുന്നതിനും വേണ്ടിയുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി തങ്ങളുടെ പൊതു ഉദ്ദേശകാര്യ സാധ്യത്തിനു വേണ്ടി പരസ്പര ഉത്സാഹികളും സഹായികളുമായി പ്രവര്‍ത്തിച്ചിട്ടുള്ളതാണ്.

ടി പ്രതികളുടെ പ്രവര്‍ത്തി അവിടെ നിന്ന കക്ഷികളും മറ്റ് പലരും കണ്ടിട്ടുള്ളതാണ്.

ആയതിനാല്‍ പ്രതികള്‍ക്കെതിരെ വേണ്ട നിയമനടപടികള്‍ സ്വീകരിക്കണമെന്ന് താഴ്മയായി ആപേക്ഷിക്കുന്നു.     

എന്ന്,  
ആനയറ ഷാജി

 

2. മനോരമ ചാനല്‍ റിപ്പോര്‍ട്ടര്‍ ജസ്റ്റീന തോമസിന്റെ ഫെബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

വിജിലൻസ് കോടതിയിൽ നിന്ന് ഒരു അനുഭവക്കുറിപ്പ്… 

രാവിലെ 11 മണിക്കാണ് ഞാനും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സി പി അജിതയുമടക്കം ആറുമാധ്യമപ്രവർത്തകർ കോടതിയിലെത്തിയത്. ആദ്യ 40 മിനിറ്റുകൾ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഇതിനിടെ ഇപി ജയരാജനെതിരായ ഹർജി പരിഗണിക്കാനെടുത്തു. പെട്ടെന്നാണ് ഒരു കൂട്ടം അഭിഭാഷകർ കോടതി മുറിക്കുള്ളിലേക്ക് പാഞ്ഞെത്തിയത്. എന്ത് റിപ്പോർട്ട് ചെയ്യാനാണ് വന്നതെന്ന് ആ അഭിഭാഷകർ ആക്രോശിച്ചു. ജഡ്ജിയുടെ മുമ്പിൽ വച്ചായിരുന്നു ഇതെല്ലാം. ഇറങ്ങിപ്പോയില്ലെങ്കിൽ പിടിച്ചിറക്കുമെന്നും വെറുംകൈയോടെ മടങ്ങില്ലെന്നും ഭീഷണി. തുടർന്ന് പിടിഐ ലേഖകന്‍‍ ജെ രാമകൃഷ്ണൻ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ പ്രഭാത് എന്നിവരെ കൈയേറ്റം ചെയ്തു. ബാർ അസോസിയേഷൻ ഭാരവാഹികളും മുതിർന്ന അഭിഭാഷകരും കേസിനു വന്നവരുo അങ്ങനെ എല്ലാവരും നോക്കി നില്ക്കേയായിരുന്നു ഈ അഴിഞ്ഞാട്ടം. സഹപ്രവർത്തകരെ ഉപദ്രവിക്കുന്നതു കണ്ടതോടെ ഭയന്നു പോയ ഞങ്ങൾ ജഡ്ജിയുടെ ഇരിപ്പിടത്തിനടുത്തേയ്ക്ക് നീങ്ങി നിന്ന് അദ്ദേഹത്തോട് സഹായമഭ്യർഥിച്ചു. ആരാണണവിടെ ബഹളമുണ്ടാക്കുന്നതെന്നും എന്തടിസ്ഥാനത്തിലാണെന്നും ജഡ്ജി ആരാഞ്ഞു. തുടർന്ന് അദ്ദഹം കോടതി നടപടികൾ തുടർന്നു. വക്കീലന്മാർ വാദവും തുടർന്നു. വീണ്ടും അഭിഭാഷകർ വന്ന് ഇറങ്ങിയില്ലെങ്കിൽ പിടിച്ചിറക്കുമെന്ന് പറഞ്ഞു എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ നിസഹായരായി. 

ഞങ്ങൾ പുറത്തേയ്ക്ക് ഇറങ്ങുകയാണ് നല്ലതെന്നായിരുന്നു പൊലീസുകാരുടെ ഉപദേശം. തുടർന്ന് പൊലീസ് വലയത്തിൽ പിൻവാതിലിലൂടെ ഏതു നിമിഷവും ആക്രമണം ഭയന്ന് പുറത്തെത്തി.പിന്നീടായിരുന്നു മനോരമ ന്യൂസിന്റയും ഏഷ്യാനെറ്റ് ന്യൂസിന്റേയും തത്സമയ സംപ്രേഷണ വാഹനങ്ങൾക്കു നേരെ കോടതി വളപ്പിനുള്ളിൽ നിന്നും കല്ലുകളും ചുടു കട്ടകളും പാഞ്ഞു വന്നത്. സഹായിക്കേണ്ടവരൊക്കെ നോക്കി നിന്നപ്പോൾ കോടതിയുടെ കൂറ്റൻ മതിൽ ഞങ്ങൾക്ക് കവചമായി. കോടതി പരിസരത്ത് എത്തിയപ്പോൾ തന്നെ പ്രശ്നമുണ്ടായാലോ അകത്തേയ്ക്ക് കയറണോ എന്ന് പൊലീസുദ്യോഗസ്ഥൻ ആശങ്ക രേഖപ്പെടുത്തിയത് അഭിഭാഷകർ സംഘടിക്കുന്നുണ്ട് എന്റെ കൈയിൽ നിൽക്കുമെന്ന് തോന്നുന്നില്ലെന്ന് ബാർ അസോ.നേതാവ് പറഞ്ഞത് എല്ലാം കൂട്ടി വായിക്കുമ്പോൾ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടുന്നു.

ഒരു പാട് നല്ല അഭിഭാഷക സുഹൃത്തുക്കളുണ്ട് അവരോട് ഒന്നേ പറയാനുള്ളു. നിങ്ങളോട് മത്സരിക്കാനല്ല അരി മേടിക്കാനാണ് അന്നം തരുന്ന ജോലിയുടെ ഭാഗമായാണ് കോടതിയിൽ വരുന്നത്. നിങ്ങൾ കല്ലുകളും ബീയർ കുപ്പികളുമായി നേരിടുമ്പോൾ ഞങ്ങളെയും കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട് (ശരിക്കും ഭീഷണിപ്പെടുത്തിയോ? ഏറു കിട്ടിയോ ? നിങ്ങൾ പ്രകോപനമെന്തെങ്കിലും ഉണ്ടാക്കിയോ? എന്നൊക്കെ തിരക്കിയവർക്ക് രണ്ടു പെൺകുട്ടികൾ അപമാനിക്കപ്പെട്ടപ്പോൾ കൈയും കെട്ടി നോക്കി നിന്ന മുഴുവൻ പേർക്കും സമർപ്പിക്കുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍