UPDATES

ട്രെന്‍ഡിങ്ങ്

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഒന്നാംസ്ഥാനക്കാരനു വയസ് 42,കുട്ടികള്‍ രണ്ട്; ബിഹാറില്‍ വീണ്ടും പരീക്ഷ തട്ടിപ്പ്

കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരിക്ക് പൊളിറ്റിക്കല്‍ സയന്‍സ് പാചകം പഠിപ്പിക്കുന്ന വിഷയമായിരുന്നു

ബിഹാറില്‍ നിന്നും വീണ്ടുമൊരു പരീക്ഷ തട്ടിപ്പ് വാര്‍ത്ത. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഹ്യുമാനിറ്റീസില്‍ ഒന്നാം സ്ഥാനക്കാരനായ ഗണേഷ് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയുടെ പരിക്ഷാഫലം റദ്ദാക്കുകയും ഇയാളെ അറസ്റ്റ് ചെയ്‌തെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്ലാസ് പന്ത്രണ്ടിലെ ഒന്നാംസ്ഥാനക്കാരനായ ഗണേഷ് കുമാറിന്റെ പരീക്ഷാഫലം അടിയന്തരമായി റദ്ദാക്കുകയും ഇയാള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബിഹാര്‍ സ്‌കൂള്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആനന്ദ് കിഷോര്‍ ഔദ്യോഗികമായി പറഞ്ഞു.

ഗണേഷ് കുമാറിനെതിരേയുള്ള അന്വേഷണത്തില്‍ ഇയാള്‍ രണ്ടുകുട്ടികളുടെ പിതാവാണെന്നും 1990 ല്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയതാണെന്നും കണ്ടെത്തി. ഇയാള്‍ തെറ്റായ ജനനസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. ഗണേഷ് കുമാറിന് ഇപ്പോള്‍ 42 വയസ് ഉണ്ടെന്നും ഇയാളുടെ ജനനവര്‍ഷം 1975 ആണെന്നും കണ്ടെത്തിയിട്ടുണ്ട്.

ചക്കാബിബ് വില്ലേജിലെ സമസ്തിപൂരില്‍ സ്ഥിതി ചെയ്യുന്ന രംനന്ദന്‍ സിംഗ് ജയ്ദീപ് നാരായന്‍ ഹൈസ്‌കൂളിലായിരുന്നു കുമാര്‍ പരീക്ഷയെഴുതിയത്. ഹ്യൂമാനിറ്റീസില്‍ 82.6 ശതമാനമായിരുന്നു ഇയാളുടെ മാര്‍ക്ക്.

എന്നാല്‍ ഇയാളെ അഭിമുഖം ചെയ്യാന്‍ മാധ്യമങ്ങളെത്തിയതോടെയാണു കള്ളത്തരങ്ങള്‍ പൊളിഞ്ഞു തുടങ്ങിയത്.

പൊളിറ്റിക്കല്‍ സയന്‍സിനെ പ്രോഡിഗല്‍ സയന്‍സ് ആക്കുകയും അത് പാചകത്തെ കുറിച്ച് പഠിപ്പിക്കുന്നതാണെന്നും പറഞ്ഞ ബിഹാറിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഒന്നാം സ്ഥാനക്കാരി റൂബി റായി ഉണ്ടാക്കിയ നാണക്കേട് ചെറുതായിരുന്നില്ല. അതിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷം ഗണേഷ് കുമാര്‍ വന്നിരിക്കുന്നത്.

ബിഹാറിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അഴമിതി ഇപ്പോഴും തുടരുന്നുണ്ടെന്നു ഗണേഷ് കുമാറിലൂടെ വ്യക്തമായിരിക്കകയാണെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുമാറിന്റെ സബ്ജക്റ്റുകളില്‍ ഒന്നു സംഗീതമാണ്. 70 ല്‍ 65 മാര്‍ക്കാണ് കുമാര്‍ ഈ പ്രാക്ടിക്കല്‍ സബ്ജക്ടില്‍ നേടിയത്. എന്നാല്‍ ഈ ഒന്നാംസ്ഥാനക്കാരനുമായി മാധ്യമങ്ങള്‍ നടത്തിയ സംഭാഷണത്തിലാണ് സംഗീതത്തില്‍ കുമാറിനുള്ള ‘ പരിജ്ഞാനം’ പുറത്തുവന്നത്. ലതാ മങ്കേഷ്‌കര്‍ അറിയപ്പെടുന്നത് മൈതിലി കോകില എന്നാണെന്നാണ് കുമാര്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ആ വിശേഷണം പേറുന്നത് മറ്റൊരു ഗായികയാണ്; നാടന്‍പാട്ടുകാരിയായ ശ്രദ്ധ സിന്‍ഹ. ഈ ശ്രദ്ധ സിന്‍ഹയെ കുമാര്‍ അറിയാതെ പോകാന്‍ വഴിയില്ല, കാരണം അവര്‍ സമസ്തിപൂര്‍ സ്വദേശിയാണ്. ഇതേ സമസ്തിപൂരിലാണ് കുമാര്‍ പഠിച്ച രാംനന്ദന്‍ സിംഗ് ജഗ്ദീപ് നാരായന്‍ ഹൈസ്‌കൂളും സ്ഥിതി ചെയ്യുന്നത്. അതുപോട്ടെ, സംഗീതത്തിലെ അടിസ്ഥാനമായ താളം, സ്വരം തുടങ്ങിയവയെ കുറിച്ച് പറയാന്‍ പോലും കുമാര്‍ എറെ വിയര്‍ത്തെന്നാണു മാധ്യമങ്ങള്‍ പറയുന്നത്. ഒടുവില്‍ സാധകം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യം വന്നപ്പോള്‍ കുമാറിന്റെ മറുപടി താളം തെറ്റിയുള്ള ചില ബോളിവുഡ് നമ്പരുകളായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സമസ്തിപൂര്‍ സ്‌കൂളില്‍ കുമാറിനൊരുക്കിയിരുന്ന സ്വീകരണം റദ്ദ് ചെയ്തിരുന്നു. എന്നാല്‍ പരീക്ഷബോര്‍ഡ് കാര്യക്ഷമമായി തന്നെയാണ് അവരുടെ ജോലി ചെയ്തിരിക്കുന്നതെന്നും മാധ്യമങ്ങള്‍ ഏതിലും കുറ്റം കണ്ടുപിടിക്കാന്‍ നടക്കുന്നവരാണെന്നും ഏതോ വിശ്വപ്രസിദ്ധ സംഗീതജ്ഞനോടെന്നപോലെയാണ് ആ വിദ്യാര്‍ത്ഥിയോട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നതെന്നുമായിരുന്നു ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി രാവിലെ കുറ്റപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍