UPDATES

അഴിമുഖം ക്ലാസിക്സ്

ആള്‍ദൈവങ്ങള്‍ക്കും ന്യൂ ഏജ് ഗുരുക്കള്‍ക്കും ഇടയിലാണ് നമ്മള്‍: ശശികുമാര്‍; ഇന്ത്യയെ അസഹിഷ്ണുതയുടെ നാടായി ചിത്രീകരിക്കുന്നത് മാധ്യമങ്ങള്‍: സദ്ഗുരു

കോഴിക്കോട് നടക്കുന്ന ഡിസി ബുക്‌സിന്റെ രണ്ടാമത് കേരള ലിറ്ററി ഫെസ്റ്റിവലില്‍ എഴുത്തുകാരനും ആത്മീയ ചിന്തകനുമായ സദ്ഗുരു ജഗ്ഗി വാസുദേവുമായി പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനും ചെന്നൈയിലെ ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍ നടത്തിയ സംഭാഷണം. ജഗ്ഗി വാസുദേവിന്റെ ‘ഇന്നര്‍ എഞ്ചിനിയറിംഗ്: എ യോഗീസ് ഗയ്ഡ് ടു ജോയ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള സംവാദമാണ് നടന്നത്. വിപണി സൗഹൃദ ആള്‍ദൈവങ്ങള്‍, പൊതു ഇടങ്ങളിലേയ്ക്കുള്ള മതത്തിന്റെ അധിനിവേശം, ഇന്ത്യയില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതനിരപേക്ഷ പ്രവണതകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍, ഫാസിസ്റ്റ് പ്രവണതകള്‍ തുടങ്ങിയവയും ഇത്തരം വാദങ്ങള്‍ക്കെതിരായ ജഗ്ഗി വാസുദേവിന്റെ പ്രതിരോധ വാദങ്ങളുമാണ് ഇതിലുള്ളത്. മഞ്ജു വാര്യര്‍ മോഡറേറ്റര്‍ ആയിരുന്നു.

ശശികുമാര്‍: ഇന്ത്യന്‍ സമൂഹത്തില്‍ ശക്തമാകുന്ന മതവത്കരണം മതനിരപേക്ഷ മൂല്യങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. സ്വകാര്യ പ്രശ്‌നമായ മതം പൊതുഇടങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശം ഒരു വശത്ത്. അത് സമൂഹത്തില്‍ വലിയ തോതിലുള്ള ധ്രുവീകരണമുണ്ടാക്കുന്നു. മതത്തിന്റെ വാണിജ്യ വത്കരണം. ഗുരു, യോഗി എന്ന പേരിലൊക്കെ പലരും അവതരിപ്പിക്കപ്പെടുന്നു. മറ്റെല്ലാം സ്വകാര്യ വത്കരിക്കപ്പെടുമ്പോള്‍ മതം കൂടുതല്‍ പൊതുവാക്കപ്പെടുന്നു.

സദ്ഗുരു: ഇന്ത്യ മുമ്പത്തേതിനാക്കാളും മതവത്കരിക്കപ്പെടുന്നുണ്ട് എന്ന അഭിപ്രായമില്ല. അത് മാദ്ധ്യമങ്ങള്‍ ചില താല്‍പര്യങ്ങള്‍ വച്ച് ബോധപൂര്‍വം സൃഷ്ടിക്കുന്ന പ്രതിച്ഛായയാണ്. ഇന്ത്യയില്‍ മതേതരത്വം തകരുന്നു എന്ന് പറയുന്നത് വെറും മാദ്ധ്യമ പ്രചാരണം മാത്രമാണ്. ദൈവത്തിന്റെ പ്രതിച്ഛായ നിര്‍മ്മിക്കുന്നത് മനുഷ്യന്‍ തന്നെയാണെന്ന് മനസിലാക്കിയ ഒരേയൊരു നാട് ഇന്ത്യയാണ്. ഇന്ത്യ എല്ലാ കാലത്തും സത്യാന്വേഷികളുടെ നാടായിരുന്നു, വിശ്വാസികളുടെയല്ല. മറ്റ് പല സ്വാധീനങ്ങളും കൊണ്ടാണ് നമ്മളും പലതിലും വിശ്വസിക്കാന്‍ നിര്‍ബന്ധിതരായത്. നിങ്ങള്‍ എന്തിലെങ്കിലും വിശ്വസിക്കുമ്പോള്‍ സത്യത്തിന് വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ നിങ്ങള്‍ എന്തെങ്കിലും അന്വേഷിക്കുമ്പോള്‍ സത്യം മാത്രമാണ് നിങ്ങളെ സംബന്ധിച്ച് ആധികാരികം. രണ്ടാമത് പറഞ്ഞതാണ് ഇന്ത്യയുടെ പൈതൃകം. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതില്‍ വിശ്വസിക്കുകയോ ഒന്നിലും വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. നിങ്ങള്‍ക്ക് ഒരു സത്യാന്വേഷിയായി തുടരാം. ശിവനും പാര്‍വതിയും തമ്മിലുള്ള സംവാദങ്ങള്‍, അര്‍ജുനനും കൃഷ്ണനും തമ്മിലുള്ള സംവാദങ്ങള്‍. എല്ലായിടത്തും ചോദ്യങ്ങളാണ് നിറയെ. എവിടെയും കല്‍പ്പനകളില്ല. ചോദ്യം ചെയ്യപ്പെടാതെ അംഗീകരിക്കുക എന്നത് ഈ രാജ്യത്ത് പിന്നീട് അവതരിപ്പിക്കപ്പെട്ട കാര്യങ്ങളാണ്. ഇന്ത്യയില്‍ ദൈവങ്ങളായവര്‍ ഇവിടെ ജീവിച്ചിരുന്ന മനുഷ്യരാണ്. അവര്‍ എവിടെ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടവരല്ല. ഇന്ത്യ വ്യത്യസ്ത വിശ്വാസങ്ങള്‍ സഹിഷ്ണുതയോടെ മുന്നോട്ട് പോകുന്ന നാടാണ്. ഇന്ത്യയെ അസഹിഷ്ണുതയുടെ നാടായി ചിത്രീകരിക്കുന്നതിന് പിന്നില്‍ മാദ്ധ്യമങ്ങളുടെ ഉദ്ദേശം വ്യക്തമല്ല.

ശശികുമാര്‍: താങ്കളുടെ വാദങ്ങള്‍ ഭാവനാത്മകമാണ്. മതത്തെ നാടകീയമായാണ് താങ്കള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. ഇന്ത്യയിലായാലും ലോകത്ത് മറ്റേത് രാജ്യത്തായാലും മറ്റെന്തിനേക്കാളും കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദി മതമാണ്. ചരിത്രവും മിത്തുമെല്ലാം കൂട്ടിക്കുഴച്ച് ആശയക്കുഴപ്പമുണ്ടാക്കാനാണ് താങ്കള്‍ ശ്രമിക്കുന്നത്. രാമന്‍, കൃഷ്ണന്‍, ശിവന്‍ എന്നൊക്കെ പറഞ്ഞ് വെറുതെ വാചകക്കസര്‍ത്ത് നടത്തുന്നു. സയന്‍സാണ് സത്യം അന്വേഷിച്ചത്. അല്ലാതെ മതമല്ല. മതം എല്ലാ കാലത്തും ഭിന്നിപ്പും സത്യസന്ധതയില്ലായ്മയും ശക്തിപ്പെടുത്തിയ ഒന്നാണ്. നിരവധി ആള്‍ദൈവങ്ങള്‍ക്കും മാര്‍ക്കറ്റില്‍ സ്വയം വില്‍ക്കുന്ന പുതിയ കാല ഗുരുക്കള്‍ക്കും ഇടയിലാണ് നമ്മള്‍.

"</p

സദ്ഗുരു: നിങ്ങള്‍ ഈ പ്രപഞ്ചത്തില്‍ പലകാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഇനെപ്പറ്റിയൊന്നും ഒന്നുമറിയില്ല. നിങ്ങള്‍ ആള്‍ദൈവം എന്ന് വിളിക്കുന്ന ആളുകളൊന്നും തന്നെ സ്വയം ദൈവമാണെന്ന് അവകാശപ്പെട്ടിട്ടില്ല. നിങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തകരാണ് ഇത്തരം ലേബലുകള്‍ അടിച്ച് നല്‍കുന്നത്. സ്വയം ദൈവമാണെന്ന് അവകാശപ്പെടുന്ന ഒരാളെക്കുറിച്ച് പറയാമോ?

ശശികുമാര്‍: ഉണ്ട്, താങ്കള്‍ തന്നെ. താങ്കളുടെ പുസ്തകത്തില്‍ താങ്കള്‍ അക്കാര്യം പറയുന്നുണ്ട്. താങ്കളുടെ പുസതകത്തിന്റ അവസാന പേജ് ഒന്ന് വായിക്കാമോ? താങ്കള്‍ ഉണ്ടാക്കിയ അദ്ഭുതങ്ങളെക്കുറിച്ചും സൃഷ്ടിച്ച കാര്യങ്ങളെ കുറിച്ചുമുള്ള അവകാശവാദങ്ങളാണ് അതില്‍. താങ്കളുടെ പുസ്തകം അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ചോദ്യം ചെയ്യാനും സംവദിക്കാനും പ്രേരിപ്പിച്ചാണ് തുടങ്ങുന്നത്. എന്നാല്‍ അവസാനിക്കുന്നത്, ഇത്തരത്തിലുള്ള എന്തെങ്കിലും വിശ്വാസത്തിന് കീഴ്‌പ്പെടേണ്ടത് അനിവാര്യമാണ് എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ്. താങ്കളുടെ പുസ്തകം നിറയെ വൈരുദ്ധ്യങ്ങളാണ്.

സദ്ഗുരു: മനുഷ്യന്‍ നടന്ന് മാത്രം സഞ്ചരിച്ചിരുന്ന കാലത്ത് ഒരാള്‍ സൈക്കിളില്‍ വരുമ്പോള്‍ അതൊരു അദ്ഭുതമായിരുന്നു. തുടക്കത്തില്‍ അത് ചിലപ്പോള്‍ മാജിക്കായോ ഭ്രമകല്‍പ്പനയായോ ഒക്കെ തോന്നാം. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. സൈക്കിളിനെ യാഥാര്‍ത്ഥ്യമായി അംഗീകരിക്കാത്തവരെ സംബന്ധിച്ച് അത് യാഥാര്‍ത്ഥ്യമാണെന്ന് ബോദ്ധ്യപ്പെടാന്‍ സമയം വേണ്ടി വന്നു. അവരെ സംബന്ധിച്ച് അവര്‍ക്കാണ് യുക്തിയുണ്ടായിരുന്നത്. എനിക്കറിയാത്ത കാര്യമൊന്നും നിലനില്‍ക്കുന്നില്ല എന്ന ചിന്ത തികഞ്ഞ അജ്ഞതയും വിവരക്കേടുമാണ്.

ശശികുമാര്‍: ഞാന്‍ പറയുന്നതൊന്ന് താങ്കള്‍ പറയുന്നത് വേറെ എന്തൊക്കെയോ. ശാസ്ത്രം നിരന്തരം നവീകരിക്കപ്പെടുന്ന ഒന്നാണ്. എന്നാല്‍ മതം അങ്ങനെയല്ല. പൊതുസമൂഹത്തില്‍ വലിയ ഭിന്നിപ്പുണ്ടാക്കുന്ന വിധം മതം അപകടകരമായി കൈ കടത്തുന്ന ഇന്നത്തെ സാഹചര്യത്തില്‍ താങ്കളുടെ വാദങ്ങളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. എന്റെ കഴിഞ്ഞ 30-40 വര്‍ഷത്തെ അനുഭവങ്ങള്‍ കൂടി വച്ചാണ് ഇത് പറയുന്നത്. താങ്കളുടെ എഴുത്തില്‍ മതത്തേയും ശാസ്ത്രത്തിനേയും വേര്‍തിരിച്ച് നിര്‍ത്താനുള്ള ഔചിത്യം പ്രതീക്ഷിക്കുന്നു. മതം ഇന്ത്യയില്‍ ജനങ്ങളുടെ ജീവിതരീതി പോലെയാണ് വികസിച്ചുവന്നത് എന്ന കാര്യത്തോട് യോജിക്കുന്നു. എന്നാല്‍ മതങ്ങള്‍ ജൈവബന്ധം പുലര്‍ത്തുന്ന ഇന്ത്യന്‍ ഗ്രാമങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെ ന്യൂ ഏജ് ഗുരുക്കളും ആള്‍ദൈവങ്ങളെ ഒരിക്കലും അഭിസംബോധന ചെയ്തിട്ടില്ല. മതം ഇന്ത്യയില്‍ രാഷ്ട്രീയത്തെയും ഭരണകൂടത്തേയും നിര്‍ണയിക്കുന്ന ഒന്നാണ്.

സദ്ഗുരു: ബുദ്ധിജീവികള്‍ പറയുന്നത് മാത്രമാണ് മതേതരത്വം എന്ന് പറയാനാവില്ല. എന്റെ 75 ശതമാനം എഴുത്തുകളും ഗ്രാമീണ ഇന്ത്യയുമായി ബന്ധപ്പെട്ടതാണ്. എന്നിട്ടും ഗ്രാമങ്ങളെ കാണുന്നില്ല എന്ന് പറയുന്നത് യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാത്തതുകൊണ്ടാണ്. താങ്കള്‍ ഇത്രയും പറഞ്ഞതില്‍ നിന്ന് എനിക്ക് തോന്നുന്നത് താങ്കളുടെ ലക്ഷ്യം കേന്ദ്രസര്‍ക്കാരാണെന്നാണ്. എനിക്ക് ഒരു ഗവണ്‍മെന്റുമായും പ്രശ്‌നമില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാരുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനോടോ കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്റിനോടോ തമിഴ്‌നാട്ടിലെ ഗവണ്‍മെന്റിനോടോ ആരോടും എനിക്ക് എതിര്‍പ്പില്ല. കാരണം ഇതെല്ലാം ജനവിധിയാണ്. ജനങ്ങള്‍ക്ക് ശരിയായ വ്യക്തികളെ തിരഞ്ഞെടുക്കാനുള്ള വിവേകമില്ലെന്നും ചില ബുദ്ധിജീവികള്‍ക്ക് മാത്രമാണ് വിവരമുള്ളതെന്നും പലരും വിചാരിക്കുന്നു. തങ്ങളുടെ അഭിപ്രായങ്ങളാണ് ജനവിധിയേക്കാള്‍ വലുതെന്ന് അവര്‍ കരുതുന്നു. തിരഞ്ഞെടുക്കപ്പെട്ടവരോട് ഇത്തരക്കാര്‍ക്ക് ബഹുമാനമില്ല. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും ഇതാണ് പ്രതിഫലിപ്പിക്കുന്നത്. ഞാന്‍ ട്രംപിന്റെ വിജയത്തെ അംഗീകരിക്കുന്നയാളാണ്. ഒരു തിരഞ്ഞെടുപ്പ് ഫലത്തിനെതിരായ പ്രതിഷേധം ജനാധിപത്യത്തോട് തന്നെയുള്ള അവഹേളനമാണ്. മറ്റെന്താണ് ഇത് അര്‍ത്ഥമാക്കുന്നത്.

ശശികുമാര്‍: ഇത് അര്‍ത്ഥമാക്കുന്നത് ഇത്തരം ആളുകള്‍ ന്യൂനപക്ഷമാണെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ലാത്തവരാണെന്നും ആണ്. അവരുടെ ആ അവകാശം സംരക്ഷിക്കുന്ന വ്യവസ്ഥയെ ആണ് ജനാധിപത്യം എന്ന് വിളിക്കുന്നത്. മതന്യൂനപക്ഷങ്ങളായാലും ബുദ്ധിജീവികളായ ന്യൂനപക്ഷമായാലും ഒക്കെ ഇങ്ങനെ തന്നെയാണ്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ധാരാളം അമേരിക്കക്കാര്‍ ഇതിനെ ഒരു ദുരന്തമായി കാണുന്നു. ഇതിനര്‍ത്ഥം നാളെ മുതല്‍ അവര്‍ സായുധ കലാപം ആരംഭിക്കുമെന്നല്ല. താങ്കള്‍ സംസാരിക്കുന്നത് ജനപ്രിയത നോക്കിയുള്ള പ്രവര്‍ത്തനങ്ങളെ അല്ലെങ്കില്‍ ജന പ്രീണനത്തെകുറിച്ചാണ്. ജനാധിപത്യവും ജനപ്രിയതയും രണ്ടും രണ്ടാണ്. അത് താങ്കള്‍ മനസിലാക്കണം. ഭൂരിപക്ഷം ജനങ്ങളും വിശ്വസിച്ചിരുന്നത്, അല്ലെങ്കില്‍ അവരെ വിശ്വസിപ്പിച്ചിരുന്നത് ഭൂമി പരന്നതാണ് എന്നായിരുന്നു. അങ്ങനെയല്ല ഭൂമി ഉരുണ്ടതാണെന്ന് ആദ്യം പറഞ്ഞത് ഒരു ന്യൂനപക്ഷമാണ്. ശാസ്ത്രമാണ് അത് പറഞ്ഞത്. സൂര്യന്‍ ഭൂമിയ ചുറ്റുന്നു എന്ന പൊതുബോധം തെറ്റാണെന്നും യഥാര്‍ത്ഥത്തില്‍ ഭൂമി സൂര്യനെ ചുറ്റുകയാണെന്ന് ബോദ്ധ്യപ്പെടുത്തിയത് ശാസ്ത്രമാണ്. അല്ലാത താങ്കളുടെ മായയും മന്ത്രവുമല്ല. ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടെ പാര്‍ട്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ പ്രതിഷേധിച്ചു. അങ്ങനെ പാടില്ലെന്നാണോ പറയേണ്ടത്. ഹിറ്റ്‌ലര്‍ പതിനായിരക്കണക്കിന് ജൂതരെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലും ഗ്യാസ് ചേമ്പറുകളിലും മറ്റുമായി കൊന്നു തള്ളിയതിനെതിരെയും നമ്മള്‍ പ്രതിഷേധമുയര്‍ത്തേണ്ട, ഫാഷിസം തിരഞ്ഞെടുക്കപ്പെട്ടതായത് കൊണ്ട് അതിനെ എതിര്‍ക്കേണ്ട എന്നാണോ പറഞ്ഞ് വരുന്നത്?

"</p

സദ്ഗുരു: നിങ്ങള്‍ ന്യൂ ഏജ് ഗുരു എന്ന വാക്ക് ഉപയോഗിക്കുന്നു. പുതിയ കാലത്ത് അതങ്ങനെ തന്നെയല്ലേ വേണ്ടത്. പ്രാചീന കാലത്തുണ്ടായിരുന്ന ഗുരുക്കന്മാര്‍ സ്വാഭാവികമായും മണ്ണടിഞ്ഞ് പോകണം. പുതിയ കാലത്തോട് പ്രതികരിക്കാനും സംവദിക്കാനും കഴിയുന്നവരല്ലേ ഇപ്പോള്‍ വേണ്ടത്. ഇത്തരത്തില്‍ പുതിയ കാലത്തോട് സംവദിക്കുന്നവരെ നിങ്ങള്‍ ലേബല്‍ ചെയ്യാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യാന്‍ കഴിയും.

ശശികുമാര്‍: ഞാന്‍ സംസാരിക്കുന്നത് വിപണിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറ്റേറ്റ് ഗുരുക്കന്മാരെ കുറിച്ചാണ്.

സദ്ഗുരു: അവര്‍ വിജയിച്ചതുകൊണ്ടാണ് താങ്കള്‍ക്ക് അവരെ ഇഷ്ടപ്പെടാത്തത്. താങ്കള്‍ എന്തിനാണ് ഇത്തരത്തിലുള്ള ആളുകളുടെ അടുത്തേയ്ക്ക് പോകുന്ന ജനങ്ങളെ വില കുറച്ചുകാണുന്നത്. ജനങ്ങളെ വിഡ്ഢികളായി കാണാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശം. മതവര്‍ഗീയത ഉണ്ടാക്കുന്ന അക്രമം ഇന്ന് ഇന്ത്യയിലും ലോകത്തും വളരെ കുറവാണ്. താങ്കള്‍ പറഞ്ഞ ഗുരുക്കളുടെ സാന്നിദ്ധ്യമാണ് ഇവിടെ ചോര വീഴുന്നത് തടയുന്നത്. മാദ്ധ്യമങ്ങള്‍ ഇവിടുത്തെ വര്‍ഗീയ സംഘര്‍ഷങ്ങളെ പര്‍വതീകരിച്ച് കാണിക്കുകയും ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്. ഇന്ന് ഒരു സ്ഥലത്ത് 10 പേര്‍ കൊല്ലപ്പെട്ട അതിന്റെ ചോര ടിവിയിലൂടെ നമ്മുടെ വീടുകളിലും പടരുന്നു. ആയിരം വര്‍ഷം മുമ്പ് ലോകത്തെവിടെയെങ്കിലും കൂട്ടക്കൊല നടന്നാല്‍ നമുക്ക് അതൊരു പ്രശ്‌നമേ ആയിരുന്നില്ല.

ശശികുമാര്‍: അവര്‍ സാമ്പത്തികശേഷിയുടെ കാര്യത്തില്‍ വിജയം നേടിയവരാണ്. അവര്‍ വലിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കി. അവര്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. തെറ്റായ പ്രവണതകളുമായി മുന്നോട്ട് പോകുന്നു. ഗാന്ധി മുതലുള്ള രാഷ്ട്രീയക്കാരെല്ലാം മതത്തെ രാഷ്ട്രീയത്തില്‍ ശക്തമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഗാന്ധി രാമരാജ്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ പലരും വിമര്‍ശിച്ചു. പക്ഷെ ഇപ്പോള്‍ നടക്കുന്നത് അതൊന്നുമല്ല. ഫാഷിസ്റ്റ് പ്രവണതയുള്ള സ്വേച്ഛാധികാരികളാണ് മതത്തെ ഇപ്പോള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. മതം വ്യക്തിപരമായ കാര്യം മാത്രമായിരിക്കണം എന്ന് മാത്രമാണ് പറയാനുള്ളത്. ഇന്ത്യയില്‍ മത വര്‍ഗീയതയും ന്യൂ ഏജ് മാര്‍ക്കറ്റ് ഗുരുക്കന്മാരും എല്ലാം ശക്തിപ്പെട്ടത് ഉദാരവത്കരണ സാമ്പത്തിക നയങ്ങളുടെ തുടക്കത്തോടെയാണ്.

(ഫോട്ടോ കടപ്പാട്: വിഷ്ണു നമ്പൂതിരി)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍