UPDATES

സയന്‍സ്/ടെക്നോളജി

2085-ല്‍ ഒളിമ്പിക്സ് നടന്നേക്കില്ലെന്നത് പോകട്ടെ, പണിയെടുക്കുന്ന മനുഷ്യര്‍ മരിച്ചു വീഴുന്ന സമയമായിരിക്കും

Avatar

ക്രിസ് മൂണി
(വാഷിംഗ്ടന്‍ പോസ്റ്റ്)

ഉദ്ഘാടന ചടങ്ങില്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് കാണിച്ച വീഡിയോയിലൂടെ റിയോ ഒളിംപിക്സ് ആ വിഷയത്തില്‍ നടത്തിയത് ശക്തമായ ഒരു പ്രസ്താവനയാണ്.

എന്നാല്‍ ഒളിംപിക്സ് എന്ന അവസരമുപയോഗിച്ച് കൂടുതല്‍ ഗുരുതരമായ മുന്നറിയിപ്പുകള്‍ തരാനാണ് ശാസ്ത്രലോകം ശ്രമിക്കുന്നത്. ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ പ്രസാരണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ നൂറ്റാണ്ടിന്‍റെ അവസാനമാകുന്നതോടെ സമ്മര്‍ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനാകുന്ന പ്രമുഖ നഗരങ്ങളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുമെന്നാണ് ഒരു സംഘം ഗവേഷകര്‍ പ്രസിദ്ധ മെഡിക്കല്‍ ജേര്‍ണലായ ‘ദി ലാന്‍സറ്റി’ല്‍ എഴുതിയത്. കാരണം? കാലാവസ്ഥയിലെ ചൂടും ഹ്യൂമിഡിറ്റിയും കൂടിക്കൂടി വരുന്നത് അത്ലറ്റുകള്‍ക്ക് അപകടമായേക്കാം.

“നിങ്ങള്‍ക്ക് വേണമെങ്കില്‍ അതൊരു വെല്ലുവിളിയായെടുത്ത് ഒളിംപിക്സ് നടത്താം; പ്രതീക്ഷിക്കുന്ന പോലെ ചൂട് വര്‍ദ്ധിക്കണമെന്നില്ല. പക്ഷേ അനേകം ബില്ല്യണ്‍ ഡോളര്‍ ചെലവിടുന്ന ഒരു സംരംഭത്തെ സംബന്ധിച്ച് അത് വലിയൊരു റിസ്ക് തന്നെയാണ്,” കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ബെര്‍ക്‍ലീസ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകനും പ്രബന്ധം എഴുതിയവരില്‍ പ്രധാനിയുമായ കിര്‍ക് സ്മിത് പറയുന്നു. ന്യൂസിലാന്‍ഡ്, സൈപ്രസ്, യു‌എസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരോടൊപ്പമാണ് സ്മിത് ഈ പഠനം നടത്തിയത്.

‘വെറ്റ് ബള്‍ബ് ഗ്ലോബ് ടെംപറേച്ചര്‍’ എന്ന, അല്‍പ്പം ഭയപ്പെടുത്തുന്ന ആശയമാണ് പഠനത്തിനാധാരം. സ്മിത്തും ഈ പേരൊരു പ്രശ്നമാണെന്ന് സമ്മതിക്കുന്നു. താപനില (temperature), ഈര്‍പ്പം (humidity), കാറ്റ് (അഥവാ അതിന്‍റെ അഭാവം), താപ വികിരണം (heat radiation) എന്നിവയുടെ ഒരു പ്രത്യേക സങ്കലനമാണ് ‘വെറ്റ് ബള്‍ബ് ഗ്ലോബ് ടെംപറേച്ചര്‍’ എന്നതിലൂടെ വിശദീകരിക്കുന്നത്. ഉയര്‍ന്ന നിരപ്പിലേയ്ക്ക് പോകുംതോറും തുറസ്സായ സ്ഥലങ്ങളില്‍ താപ വികിരണം താങ്ങാന്‍ മനുഷ്യശരീരത്തിന് വളരെ പ്രയാസമാണ്; പ്രത്യേകിച്ചും ശാരീരികാദ്ധ്വാനം കൂടെയുണ്ടെങ്കില്‍. ഈര്‍പ്പം കൂടുതലുള്ളപ്പോള്‍ വിയര്‍പ്പിന്‍റെ ബാഷ്പീകരണത്തിലൂടെ (evaporation) ശരീരത്തിന്‍റെ ചൂട് കുറയ്ക്കാനുള്ള നമ്മുടെ കഴിവ് പരിമിതമാകുന്നു എന്നതാണ് അപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം.

വെറ്റ് ബള്‍ബ് ഗ്ലോബ് ടെംപറേച്ചര്‍ കണക്കു കൂട്ടുന്നതിന് പല ഘടകങ്ങളും അളക്കേണ്ടതായുണ്ട്. തെര്‍മോമീറ്റര്‍ ബള്‍ബ് ഒരു നനഞ്ഞ ടവല്‍ കൊണ്ടു പൊതിഞ്ഞ ശേഷമുള്ള താപനില, തെര്‍മോമീറ്റര്‍ ഇരുണ്ട ഒരു ഗ്ലോബിനകത്ത് കടത്തി അളക്കുന്നത് ഒക്കെ ഇവയില്‍ പെടുന്നു. യഥാര്‍ത്ഥ ടെമ്പറേച്ചറിനെക്കാള്‍ കൂടുതലോ കുറവോ ആകാം ഇവ. എന്നാല്‍ സാധാരണ താപനിലയോളം എത്തുന്ന വെറ്റ് ബള്‍ബ് താപനില മനുഷ്യര്‍ക്ക് താങ്ങാനാകില്ല. 25 ഡിഗ്രി സെല്‍ഷ്യസ് അഥവാ 77 ഡിഗ്രി ഫാരന്‍ഹീറ്റാണ് ശാരീരികാദ്ധ്വാനം ചെയ്യുന്നവര്‍ക്കുള്ള അപകടകരമായ അളവ്.

“ഇത് അളക്കാനും പ്രവചിക്കാനും പ്രയാസമാണ്. എന്നാല്‍ ശരീരത്തില്‍ ചൂടു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടിന്‍റെ ഏറ്റവും നല്ല സൂചകമാണിതെന്ന് തെളിഞ്ഞിട്ടുണ്ട്,” സ്മിത് പറഞ്ഞു.

“98 ഡിഗ്രി ഫാരന്‍ഹീറ്റ് താപനിലയില്‍ 100 ശതമാനം ഹ്യൂമിഡിറ്റി ഉള്ളപ്പോള്‍ നിങ്ങള്‍ക്ക് പുറത്ത് സാവധാനം നടക്കാം. എന്നാല്‍ ഓടാന്‍ ശ്രമിക്കുന്നത് ഒരുപക്ഷേ മരണകാരണം വരെയായേക്കാം. അടിസ്ഥാന ഫിസിക്സ് മാത്രമാണത്,” സ്മിത് തുടര്‍ന്നു.

ഉത്തരാര്‍ദ്ധ ഗോളത്തിലെ പ്രധാന വന്‍നഗരങ്ങളില്‍ താങ്ങാനാകാത്ത വിധമുള്ള വെറ്റ് ബള്‍ബ് ടെംപറേച്ചര്‍ ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ ആണ് ഇവര്‍ കണക്കു കൂട്ടുന്നത്. 2085 സമയത്ത് സമ്മര്‍ ഒളിംപിക്സ് നടത്താന്‍ തക്ക ശേഷിയുള്ള നഗരങ്ങളെയാണ് പരിഗണിച്ചത്. മനുഷ്യരുടെ, വന്‍തോതില്‍ ഗ്രീന്‍ഹൌസ് വാതകങ്ങള്‍ പുറന്തള്ളുന്ന പ്രവര്‍ത്തികള്‍ ഈ കാലയളവില്‍ തുടരും എന്ന അനുമാനത്തിലാണിത്.

(ഉയര്‍ന്ന നിരപ്പില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് ഗവേഷകര്‍ എഴുതുന്നു. 1968ലെ മെക്സികോസിറ്റി ഒളിംപിക്സില്‍ പ്രകടമായ പ്രശ്നമാണ് ഉയരം കൂടുന്നതു മൂലം കായികതാരങ്ങള്‍ക്കുണ്ടാകുന്ന അധിക ക്ലേശം. കുറഞ്ഞ വായു പ്രതിരോധം, വായുവിലെ ഓക്സിജന്‍റെ ഭാഗിക മര്‍ദ്ദത്തിലുണ്ടാകുന്ന കുറവ് എന്നിവയാണിതിന് കാരണം.)

ഇത്തരം കടുത്ത കാലാവസ്ഥ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 10 ശതമാനമേ ഉള്ളൂ എങ്കില്‍ പോലും ഒളിമ്പിക്സ് നടത്താനാവില്ല. കാരണം സ്ഥലം തീരുമാനിച്ച്, വന്‍തുക ചെലവിട്ട് ഒരുക്കങ്ങള്‍ നടത്തിയതിനു ശേഷം മാരത്തോണ്‍ തുടങ്ങിയ സുപ്രധാന മല്‍സരയിനങ്ങള്‍ കാലാവസ്ഥ ശരിയല്ലാത്തതുകൊണ്ട് നടത്താനാവാതെ വരുന്നത് അംഗീകരിക്കാനാവില്ലല്ലോ.

2085-ലെ മല്‍സരങ്ങള്‍ക്ക് 26 ഡിഗ്രി സെല്‍ഷ്യസ് (78.8 ഡിഗ്രി ഫാരന്‍ഹീറ്റ്) വെറ്റ് ബള്‍ബ് ഗ്ലോബ് ടെംപറേച്ചര്‍ (ഷേഡില്‍ എടുത്തത്) പരിധിയായെടുത്താല്‍ പടിഞ്ഞാറന്‍ യൂറോപ്പിനു പുറത്തുള്ള 543 നഗരങ്ങളില്‍ വെറും എട്ടെണ്ണം മാത്രമാണ് (1.5 ശതമാനം) ‘റിസ്ക് കുറഞ്ഞ വിഭാഗ’ത്തില്‍ വരുന്നത്. ഈ പരിധി 28 ഡിഗ്രി സെല്‍ഷ്യസ് (82.4 ഡിഗ്രി ഫാരന്‍ഹീറ്റ്) 82.4 ആക്കി ഉയര്‍ത്തിയാല്‍ 33 നഗരങ്ങള്‍ കൂടെ അനുയോജ്യമെന്നു വരും.

“ഇരുപത്തിരണ്ടാം നൂറ്റാണ്ടിന്‍റെ തുടക്കം വരെയുള്ള ചിത്രമെടുത്താല്‍ അനിശ്ചിതത്വങ്ങള്‍ ഇനിയും കൂടും. അന്നേയ്ക്ക് ഗെയിംസ് നടത്താന്‍ യോജിച്ച ഉത്തരാര്‍ദ്ധ ഗോളത്തിലെ അവസാന നഗരങ്ങള്‍ ബെല്‍ഫാസ്റ്റ്, ഡബ്ലിന്‍, എഡിന്‍ബര്‍ഗ്, ഗ്ലാസ്ഗോ എന്നിവയാകും എന്നാണ് ഞങ്ങളുടെ കണ്ടെത്തല്‍,” പഠനം പറയുന്നു.

2010ന്‍റെ തുടക്കത്തില്‍ തന്നെ സിഡ്നിയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൌത്ത് വെയ്ല്‍സിലെ സ്റ്റീഫന്‍ ഷെര്‍വുഡും പര്‍ഡ്യു യൂണിവേഴ്സിറ്റിയിലെ മാത്യു ഹ്യൂബറും ‘പ്രൊസീഡിങ്സ് ഓഫ് ദി നാഷനല്‍ അകാഡമി ഓഫ് സയന്‍സസി’ല്‍ പറഞ്ഞത് “ശരാശരി 7 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവ് ആഗോള താപനത്തില്‍ ഉണ്ടായാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വഴി ചൂട് പുറന്തള്ളാന്‍ സാധ്യമല്ലാത്ത പ്രദേശങ്ങള്‍ രൂപപ്പെടും. അത്തരം സ്ഥലങ്ങള്‍ മനുഷ്യവാസത്തിനു തന്നെ യോജിച്ചതല്ല എന്നു കണക്കാക്കേണ്ടി വരും.” കാലാവസ്ഥാ ശാസ്ത്രജ്ഞന്മാരായ ഇവരുടെ കണ്ടെത്തലിനോട് യോജിക്കുന്നതാണ് ഇപ്പോഴത്തെ ഈ പഠനം.

അതുപോലെ തന്നെ കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഒരു പേപ്പറില്‍ പറയുന്നത് “മനുഷ്യര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ അളവ് വര്‍ദ്ധിച്ചു വരുന്നതിനാല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ ചില ഭാഗങ്ങളില്‍ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ക്രമാതീതമായി ചൂട് വര്‍ദ്ധിക്കും. ഇത് മനുഷ്യ ശരീരത്തിനു താങ്ങാവുന്നതിലും അധികമായിരിക്കും,” എന്നാണ്.

എന്നാല്‍ മേല്‍പ്പറഞ്ഞ പഠനങ്ങളില്‍ വെറ്റ് ബള്‍ബ് ഗ്ലോബ് ടെംപറേച്ചറിനു പകരം വെറ്റ് ബള്‍ബ് ടെംപറേച്ചറാണ് അടിസ്ഥാനമാക്കിയത്. താപവും ആര്‍ദ്രതയും മാത്രമുപയോഗിച്ചുള്ള ലളിതമായ കണക്കുകൂട്ടലാണത്. തെര്‍മോഡൈനാമിക്സ് തത്വങ്ങള്‍ക്കുപരി താപനില നമുക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നത് എന്നു മനസിലാക്കാന്‍ അതത്ര സഹായകമല്ല. “അനുഭവതലത്തിലെ പരിധി നിര്‍ണ്ണയങ്ങള്‍ക്കുപരി ഫിസിക്സ് തത്വങ്ങള്‍ പ്രകാരമുള്ള മെറ്റബോളിക് ഹീറ്റ് ട്രാന്‍സ്ഫറിന് പരിധി നിശ്ചയിക്കാന്‍ അത് ഉപകരിക്കുന്നു,” എന്നാണ് ഷെര്‍വുഡ് എഴുതിയത്.

ഒളിംപിക്സിനെ കാലാവസ്ഥയുമായി ബന്ധപ്പെടുത്തിയുള്ള പഠനങ്ങളെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ രണ്ട് ഗവേഷകര്‍ പറഞ്ഞത് പഠനത്തില്‍ കാര്യമുണ്ടെന്നാണ്. എന്നാല്‍ ആ കായികമേളയെ ഒരളവ് വരെ ചൂട് ബാധിക്കാത്ത രീതിയില്‍ മാറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകാമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

പുതിയ കണ്ടെത്തലുകളെ കുറിച്ച് “ഈ വിശകലനത്തില്‍ അടിസ്ഥാനമുണ്ടെന്ന് എനിക്കു വിശ്വാസമുണ്ട്; ഫലങ്ങള്‍ അതാണ് കാണിക്കുന്നത്,” എന്ന് കാലാവസ്ഥാ വ്യതിയാനം മൂലം മനുഷ്യരിലുണ്ടാകുന്ന ഹീറ്റ് സ്ട്രെസ്സിനെ കുറിച്ച് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള, സൂറിക്ക് ETHലെ ഗവേഷകനായ റെറ്റോ നട്ടി പറഞ്ഞു. ഉയരുന്ന താപനില മൂലം ഒളിമ്പിക്സ് ഇല്ലാതായേക്കുമെന്നല്ല, മറിച്ച് ഭാവിയില്‍ ഗെയിംസ് വളരെ വ്യത്യസ്തമായി നടത്തേണ്ടി വരുമെന്നാണ് ഈ ഗവേഷണം കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഒളിംപിക്സിനെ സംബന്ധിച്ച് വര്‍ദ്ധിച്ചു വരുന്ന ഹീറ്റ് സ്ട്രെസ്സ് വെല്ലുവിളികള്‍ നേരിടാന്‍ ധാരാളം വഴികളുണ്ട്. കായികതാരങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന റിസ്കുകള്‍ കുറയ്ക്കാന്‍ ഇത്തരമൊരു ഗെയിമിന്‍റെ രീതികള്‍ എന്തുകൊണ്ട് മാറ്റിക്കൂടാ?” നട്ടി ഇ-മെയിലില്‍ പ്രതികരിച്ചു.

“സ്പോര്‍ട്ട്സ്, ഒക്യുപെഷണല്‍ മെഡിസിന്‍, സൈന്യം നേരിടുന്ന സാഹചര്യങ്ങള്‍ എന്നിവയിലൊക്കെ സാധൂകരിക്കപ്പെട്ട, അംഗീകൃത ഹീറ്റ് സ്ട്രെസ്സ് ഏകകങ്ങളിലൂടെ അവര്‍ ഏകദേശ കണക്കുകൂട്ടലുകള്‍ നടത്തി. അതിലൂടെ സമ്മര്‍ മാരത്തോണുകളിലെ ആകെ ദൂരത്തില്‍ കുറവു വരുത്തിക്കൊണ്ടുള്ള മോഡലുകളും പരിധികളും കണ്ടെത്തി,” പര്‍ഡ്യു യൂണിവേഴ്സിറ്റിയിലെ മാത്യു ഹ്യൂബര്‍ പറഞ്ഞു. “അവര്‍ പറയുന്നതു പോലെ ഹീറ്റ് സ്ട്രെസ്സ് ഇപ്പോള്‍ തന്നെ വേനല്‍ക്കാല കായിക മേളകളില്‍ ഒരു വലിയ പ്രശ്നമാണ്. ഇത് ഭാവിയില്‍ ഗുരുതരമാകുമെന്ന് കരുതുന്നത് യുക്തിസഹമായ കാര്യമാണ്.”

സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും അവയോട് അത്ലറ്റുകള്‍ ഇണങ്ങിച്ചേരാനും ഉള്ള സാദ്ധ്യതകള്‍ ഹ്യൂബര്‍  സൂചിപ്പിച്ചു.

“ആഗോള താപനം ഈ അളവില്‍ തുടരാന്‍ അനുവദിച്ചാല്‍ മാരത്തണ്‍ ഓടുന്ന കായികതാരങ്ങളുടെ ആരോഗ്യം അതുമൂലം ഉണ്ടാകാവുന്ന പ്രശ്നങ്ങളിലെ താരതമ്യേന ചെറിയ ഒന്നാവും,” അദ്ദേഹം പറഞ്ഞു.

ഒളിംപിക്സിനേക്കാള്‍ വലിയ പ്രശ്നം തുറസ്സായ സാഹചര്യങ്ങളില്‍ പണിയെടുക്കുന്ന അനേകം പേരുടെ കാര്യമാകും എന്ന് നട്ടിയും സ്മിത്തും പറയുന്നു; അവരുടെ എണ്ണം ഏതാനും കായിക താരങ്ങളേക്കാള്‍ വളരെ കൂടുതലാണ്. താപനിലയിലെ വര്‍ദ്ധനവു കൊണ്ട് ഏറ്റവും കഷ്ടപ്പെടുന്നത് ഈ തൊഴിലാളികളാവും.

“ഒളിംപിക്സിലെ മാരത്തണ്‍ റദ്ദാക്കുന്നത് ഒരു നഗരത്തില്‍ അസാധാരണമായി വെള്ളപ്പൊക്കമുണ്ടാകുന്നതു പോലെയാണ്. ലോകമെമ്പാടുമുള്ള അനേക കോടി ജനങ്ങളെ ബാധിക്കുന്ന കാലാവസ്ഥാ പ്രശ്നങ്ങളെന്ന മഞ്ഞുമലയുടെ കാണാവുന്ന ഒരറ്റം. ഇതില്‍ ഏറ്റവും കഷ്ടപ്പെടുന്നത് പാവപ്പെട്ടവര്‍ തന്നെയാകും,” നട്ടി പറഞ്ഞു.

വന്‍തോതില്‍ ഗ്രീന്‍ഹൌസ് വാതകങ്ങള്‍ പുറന്തള്ളുന്ന ജീവിതരീതികളില്‍ നിന്ന് ലോകത്തിന് മാറി നടക്കാവുന്നതാണെന്ന് സ്മിത് സമ്മതിക്കുന്നു. പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലെ ഉടമ്പടി അതു തന്നെയാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി 2085ല്‍ ലോകത്തിനുണ്ടാകാവുന്ന ആഘാതങ്ങള്‍ കുറയ്ക്കാം. മാത്രമല്ല, 2085 വളരെ ദൂരെയാണെന്ന് തോന്നുമെങ്കിലും ഇന്നത്തെ കുട്ടികളില്‍ ധാരാളം പേര്‍ അന്നു ജീവിച്ചിരിക്കുന്നുണ്ടാകുമെന്ന് സ്മിത് കൂട്ടിച്ചേര്‍ത്തു.

“ഭാവിയെ നമ്മുടെകണ്‍മുന്നിലേയ്ക്ക് കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇത് അതിന്‍റെ ഭാഗമാണ്,” സ്മിത് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍