UPDATES

സയന്‍സ്/ടെക്നോളജി

കാലാവസ്ഥാ ഉച്ചകോടി; ലക്ഷ്യം കടുത്തത്; നേടാനൊരുങ്ങി ലോകം

Avatar

ക്രിസ് മൂണി
(വാഷിങ്ടണ്‍ പോസ്റ്റ്)

ശനിയാഴ്ചത്തെ ചരിത്രപ്രധാനമായ കാലാവസ്ഥാ ഉടമ്പടിയില്‍ ഒപ്പുവച്ചത് 195 രാജ്യങ്ങളാണ്. വ്യവസായ വിപ്ലവത്തിനു മുന്‍പുള്ള നിലയിലേക്ക് താപനിലയെ താഴ്ത്തുമെന്നും ആഗോളതാപനം 1.5 ഡിഗ്രിയിലധികം കൂടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ഈ രാജ്യങ്ങളുടെ വാഗ്ദാനം.

ഇപ്പോള്‍ത്തന്നെ താപനില ഒരു ഡിഗ്രി വര്‍ധിച്ചുകഴിഞ്ഞു. രാജ്യങ്ങളെല്ലാം ഇപ്പോള്‍ സമ്മതിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിച്ചാലും താപനില 2.7 ഡിഗ്രിയെങ്കിലും കൂടുമെന്നാണ് അനുമാനം. ചോദ്യം ഇതാണ്:  രണ്ടു ഡിഗ്രിക്കു താഴെ താപനിലവര്‍ധനയെ പിടിച്ചുനിര്‍ത്തണമെങ്കില്‍ എന്തു ചെയ്യണം?

1.5 ഡിഗ്രിയില്‍ താപവര്‍ധന പിടിച്ചുനിര്‍ത്തുക ഇപ്പോഴും സാധ്യമാണ്. കഠിനപ്രയത്‌നം വേണ്ടി വരുമെന്നു മാത്രം. ഇപ്പോഴത്തെ കാര്‍ബണ്‍ നിയന്ത്രണ വാഗ്ദാനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുക മാത്രമല്ല, കൂടുതല്‍ നടപടികളും സാങ്കേതികവിദ്യ തന്നെയും ഇതിന് ആവശ്യമായി വരും.

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിലെ സ്ലോവന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റും ക്ലൈമറ്റ് ഇന്ററാക്ടീവും ചേര്‍ന്ന് പുറത്തുവിട്ട വിശകലന പ്രകാരം പാരിസ് കരാറിന്റെ ഘടനയ്ക്ക് താപനില 1.8 ഡിഗ്രിയില്‍ പിടിച്ചുനിര്‍ത്താന്‍ കഴിവുണ്ട്. ഓരോ അഞ്ചുവര്‍ഷത്തിലും കരാര്‍ പാലനം അവലോകനം ചെയ്യണമെന്നതാണ് വ്യവസ്ഥ. ഇതുപാലിക്കപ്പെട്ടാലും മഞ്ഞു പാളികള്‍ക്കുള്ള ഭീഷണികള്‍ തുടര്‍ന്നേക്കാം;  പെര്‍മാഫ്രോസ്റ്റും മറ്റുപാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടേക്കുകയുമില്ല. എങ്കിലും ഏറ്റവും മോശമായ അവസ്ഥയായിരിക്കില്ല ലോകത്തിന്റേത്.

കാര്യങ്ങള്‍ ഇവിടെ വരെ എത്തണമെങ്കില്‍ യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ചൈന തുടങ്ങി എല്ലാ പ്രധാനരാജ്യങ്ങളും കാര്‍ബണ്‍ ബഹിഷ്‌കരണ നിയന്ത്രണം ഊര്‍ജിതമാക്കണം. ചില മേഖലകളില്‍ വാഗ്ദാനം ചെയ്യപ്പെട്ടതിലും കൂടുതല്‍ നിയന്ത്രങ്ങള്‍ വേണ്ടിവന്നേക്കാം. ഉദാഹരണത്തിന് 2025 ആകുമ്പോഴേക്ക് 2005ലെ ബഹിഷ്‌കരണനിലയുടെ 26 – 28 ശതമാനം കുറവ് കൈവരിക്കുമെന്നാണ് അമേരിക്കയുടെ വാഗ്ദാനം. ഇതിനു പകരം 2030 ആകുമ്പോഴേക്ക് 45 ശതമാനം കുറവ് എന്നാകണം ലക്ഷ്യം. അതൊരു വലിയ ലക്ഷ്യമാണ്. 2030നു ശേഷം ലക്ഷ്യം വീണ്ടും ഉയരണം.

ഇതുപോലെ 2025 മുതല്‍ മലിനീകരണം കുത്തനെ കുറയ്ക്കാനുള്ള നടപടി ചൈനയെടുക്കണം.  2030ല്‍ ഇതു ചെയ്യുമെന്നാണ് ഇപ്പോഴത്തെ വാഗ്ദാനം. മലിനീകരണം വര്‍ധിച്ചുവരുന്ന ഇന്ത്യപോലുള്ള രാജ്യങ്ങള്‍ 2027നു ശേഷം മലിനീകരണം തീരെയുണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്ക് കാര്യങ്ങള്‍ നീക്കണം.

ഇത്ര പെട്ടെന്ന് ഇത്രയും കാലാവസ്ഥാ പുരോഗതി കൈവരിക്കാന്‍ നമുക്കാകുമോ എന്ന് വ്യക്തമല്ല. പുരോഗതി നേടി 1.8 ഡിഗ്രി താപനില വര്‍ധന എന്ന നിലയിലെത്തിയാലും 0.9 – 2.4 ഡിഗ്രിയുടെ അനിശ്ചിതത്വം നിലനില്‍ക്കും. കഠിനപ്രയത്‌നം ചെയ്താലും ചിലപ്പോള്‍ ലക്ഷ്യം കാണാനായേക്കില്ലെന്നര്‍ത്ഥം.

ആഗോള താപനവര്‍ധന 1.5ഡിഗ്രിയില്‍ പിടിച്ചുനിര്‍ത്തി കാലാവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്താനാകണം ശ്രമമെന്ന് പാരിസ് കരാര്‍ പറയുന്നുണ്ട്. ഈ അവസ്ഥയില്‍ ലോകം കൂടുതല്‍ സുരക്ഷിതമായിരിക്കും എന്നതിനു സംശയമില്ല; ചില ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകാമെങ്കിലും. ഇത് സാധ്യമാണോ?

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ മൈലെ അലന്‍ ഈയിടെ പുറത്തുവിട്ട പഠനം ഇത് സാധ്യമാണെന്നു കാണിക്കുന്നു. ‘ഒറ്റയടിക്ക് സാധിക്കുമെന്നല്ല ഇതിനര്‍ത്ഥം’.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിഷ്‌കരണത്തില്‍ കുത്തനെയുള്ള കുറവ്, മീഥേന്‍, പൊടി തുടങ്ങി അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നവയുടെ കുറവ്, അന്തരീക്ഷവായുവില്‍ നിന്ന് സാങ്കേതികവിദ്യ ഉപയോഗിച്ച് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ നീക്കം ചെയ്യല്‍ എന്നിവ കൊണ്ട് 1.5 ഡിഗ്രിയില്‍ താപവര്‍ധനയെ ഒതുക്കാമെന്നാണ് അലന്റെ പഠനം.

ഇതും ഒരു സാധ്യതയാണ്, ഉറപ്പല്ല.

പഠനങ്ങളും അവലോകനങ്ങളും പലതുണ്ട്. കാര്‍ബണ്‍ മലിനീകരണം അളക്കുകയും മാതൃകകള്‍ പഠിക്കുകയും കാര്യങ്ങള്‍ അപകടമില്ലാതെ കൊണ്ടുപോകാനാകുമോ എന്നു നോക്കുകയും ചെയ്യുന്ന പല സംഘങ്ങള്‍ ലോകത്ത് പലഭാഗങ്ങളിലുമുണ്ട്.

പഠനങ്ങള്‍ വ്യത്യസ്തമാണെങ്കിലും ചില പൊതുആവശ്യകതകളിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്. താപനം ഏറ്റവും കുറഞ്ഞ നിലയിലെത്തിക്കണമെങ്കില്‍ കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുക മാത്രമല്ല പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും വേണം എന്നതാണ് അതില്‍ ഒന്ന്. ശാസ്ത്രീയഅനിശ്ചിതത്വം മൂലം ഇവയെല്ലാം ഒരു പരിധിവരെ അവ്യക്തത നിറഞ്ഞതാണെന്നത് മറ്റൊരു കാര്യം.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, താപന ലക്ഷ്യം, അനുവദനീയമായകാര്‍ബണ്‍ ബഹിഷ്‌കരണത്തോത്, ഇതനുസരിച്ചുള്ള രാജ്യങ്ങളുടെ നയങ്ങളുടെ ശക്തിപ്പെടുത്തല്‍ എന്നിവയ്‌ക്കെല്ലാം ശേഷവും നമ്മുടെ നീക്കങ്ങള്‍ തെറ്റാനുള്ള സാധ്യത അവശേഷിക്കുന്നു.

ഈ സാഹചര്യത്തിലും നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ നിയന്ത്രിക്കാമെന്ന് രാജ്യങ്ങള്‍ സമ്മതിച്ചു എന്നിടത്താണ് പാരിസ് ഉച്ചകോടിയുടെ പ്രാധാന്യം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍