UPDATES

വിദേശം

ക്ലിന്റന്‍-ട്രംപ് സംവാദം: രണ്ടാം വട്ടത്തില്‍ ചോര പൊടിഞ്ഞപ്പോള്‍

Avatar

ഡേവിഡ് എ ഫാരന്തോള്‍ഡ്, കാതീ സെസിമ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഞായറാഴ്ച്ച രാത്രി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ‘സെക്‌സ് ടേപ്പ്’ എന്ന വാക്കുകള്‍ അവയുടെ ആദ്യപ്രവേശനം നടത്തി. റിപ്പബ്ലിക്കന്‍ കക്ഷി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് താന്‍ ചെയ്തത് ചെയ്തില്ലെന്ന് ആണയിട്ടു; തര്‍ക്കത്തിലുള്ള മുന്‍ വിശ്വസുന്ദരി അലിസ്യ മച്ചാഡോയുടെ സെക്‌സ് ടേപ്പ് പരിശോധിക്കാന്‍ തന്റെ ട്വിറ്റര്‍ പിന്തുടരുന്നവരോട് ആവശ്യപ്പെട്ടു. 

‘അതങ്ങനെയല്ല, സെക്‌സ് ടേപ്പ് പരിശോധിക്കൂ’ ട്രംപ് പറഞ്ഞു. ഹിലരി ക്ലിന്റണ്‍ കഴിഞ്ഞ സംവാദത്തില്‍ ഈ വിഷയം ഉയര്‍ത്തിയിരുന്നു. 1990ല്‍ പരസ്യമായി മച്ചാഡോയുടെ തടികൂടിയതിനെക്കുറിച്ച് ട്രംപ് പരാമര്‍ശം നടത്തി എന്നാരോപിച്ചായിരുന്നു അത്. 

സെപ്റ്റംബര്‍ 30നു ട്രംപ് അയച്ച സന്ദേശം ഇതാണ്: ‘ദുഷ്ടബുദ്ധിയായ ഹിലരി സംവാദത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ മടുപ്പിക്കുന്ന ആ അലിസ്യ മച്ചാഡോക്ക് (സെക്‌സ് ടേപ്പും ഭൂതകാലവും പരിശോധിക്കൂ) യു എസ് പൗരത്വം കിട്ടാന്‍ സഹായിച്ചോ?’

കാലുഷ്യം നിറഞ്ഞ പരിധികള്‍ ലംഘിച്ച സംവാദം അതിന്റെ അവസാനമെത്തിയപ്പോഴാണ് ഈ തര്‍ക്കം വന്നത്. അവസാന അരമണിക്കൂറില്‍ ട്രംപ് ഹിലരിക്കെതിരെ ആരോപിച്ചത്,’അവരുടെയുള്ളില്‍ വെറുപ്പാണ് നിറഞ്ഞിരിക്കുന്നത്, അവരുടെയുള്ളിലാകെ വെറുപ്പാണ്.’

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആദായ നികുതി അടക്കാറില്ലെന്ന് ട്രംപ് ഏതാണ്ട് സമ്മതിച്ചുകഴിഞ്ഞു. 1995ലെ ഭീമമായ 916 ദശലക്ഷം ഡോളര്‍ നഷ്ടത്തിന്റെ കണക്ക് കാണിച്ചു അതിന്റെ നിയമപരമായ പഴുതിലൂടെയാണിത്. 

‘തീര്‍ച്ചയായും ഞാന്‍ ചെയ്യുന്നു, തീര്‍ച്ചയായും,’ ആദായ നികുതി ബാധ്യതകള്‍ ആ നഷ്ടക്കണക്ക് ഉപയോഗിക്കാറുണ്ടോ എന്നു സംവാദനിയന്ത്രകനായ ആന്‍ഡേഴ്‌സണ്‍ കൂപ്പര്‍ ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘എല്ലാ സംഭാവന നല്‍കുന്നവരും അങ്ങനെതന്നെയാണ് ചെയ്യുന്നത്,’ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ പണമൊഴുക്കിനെ സൂചിപ്പിച്ചുകൊണ്ടു ട്രംപ് പറഞ്ഞു. 

എത്രകൊല്ലം താന്‍ നികുതി അടക്കുന്നത് ഒഴിവാക്കി എന്നു ട്രംപ് പറഞ്ഞില്ല. പക്ഷേ അത് ചെയ്തു എന്നാവര്‍ത്തിച്ചു. നികുതി സമ്പ്രദായത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് താനത് ചെയ്തതെന്നും അതുകൊണ്ടുതന്നെ ആ പഴുതകളടക്കാന്‍ ഏറ്റവും യോഗ്യന്‍ താനാണെന്നുമുള്ള പ്രചാരണസമായത്തെ വാദം ട്രംപ് ആവര്‍ത്തിച്ചു. ‘പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ആരെക്കാളും കൂടുതല്‍ നികുതി നിയമധാരണ എനിക്കുണ്ട്.’ വാള്‍സ്ട്രീറ്റ് സംഭാവനക്കാര്‍ പിറകിലുള്ളതിനാല്‍ ക്ലിന്റന് അതിനാകില്ലെന്നും സെനറ്ററും പ്രസിഡന്റിന്റെ ഭാര്യയിരിക്കുന്ന കാലത്തൊന്നും അവര്‍ക്കതിന് കഴിഞ്ഞില്ലെന്നും അയാള്‍ കുറ്റപ്പെടുത്തി. 

നിലവിലെ അന്യായമായ സംവിധാനത്തെ ശക്തിപ്പെടുത്തുക മാത്രമാണു ട്രംപ് ചെയ്യുക എന്നായിരുന്നു ക്ലിന്റണ്‍ പ്രതികരിച്ചത്. ‘ഡൊണാള്‍ഡ് എപ്പോഴും ഡൊണാള്‍ഡിന്റെയും ഡൊണാള്‍ഡിനെ പോലുള്ളവരുടെയും കാര്യം നോക്കുന്നു.’

സാധാരണ പതിവുള്ള പ്രസിഡന്റ് സംവാദത്തിന്റെ മാന്യമായ് രീതികളെല്ലാം കയ്യൊഴിഞ്ഞായിരുന്നു രണ്ടാം സംവാദം നടന്നത്. രണ്ടുപേരും ഇടക്കിടെ പരസ്പരം തടസപ്പെടുത്തി. ട്രംപ് ഹിലരിയെ ചെകുത്താനോട് ഉപമിച്ചു. വിജയിച്ചാല്‍ സ്വകാര്യ മെയില്‍ സെര്‍വര്‍ ഉപയോഗിച്ച ഹിലരിക്കെതിരെ അന്വേഷണവും വിചാരണയും നടത്തുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു. ട്രംപ് ഒരു അന്യയാഥാര്‍ത്ഥ്യത്തിലാണ് ജീവിക്കുന്നതെന്ന് ഒരു ഘട്ടത്തില്‍ ഹിലരി പറഞ്ഞു. 

കഴിഞ്ഞയാഴ്ച്ചയിലെ വാര്‍ത്തകള്‍ മുതല്‍ കഴിഞ്ഞ വര്‍ഷം സ്ഥാനാര്‍ത്ഥികള്‍ എടുത്ത നിലപാടുകള്‍ വരെ ചര്‍ച്ചാവിഷയങ്ങളായി. 

യു.എസില്‍ പ്രവേശിക്കുന്നതിന് വിദേശമുസ്ലീങ്ങളെ വിലക്കണമെന്ന തന്റെ നിര്‍ദ്ദേശം രൂപം മാറ്റിയെന്ന് ട്രംപ പറഞ്ഞു. എങ്ങനെ മാറ്റിയെന്നുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ എന്നാലയാള്‍ തയ്യാറായില്ല. 

‘മുസ്ലിങ്ങളെ നിരോധിക്കുക എന്നത് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നുമുള്ളവരെ ഭാഗങ്ങളിലും കര്‍ശനമായ പരിശോധന എന്നതിലേക്ക് മാറിയിട്ടുണ്ട്,’ട്രംപ് പറഞ്ഞു. 

‘മുസ്ലിം നിരോധനം എന്ന അഭിപ്രായം ഇപ്പോഴുമുണ്ടോ, ഇല്ലേ’ എന്നു സംവാദ നിയന്ത്രക മാര്‍ത്ത രദാറ്റ്‌സ് ചോദിച്ചു. 

‘അതിനെ കര്‍ശന പരിശോധന എന്നു വിളിക്കാം,’ ട്രംപ് പറഞ്ഞു. പക്ഷേ എങ്ങനെയാണ് ആ പരിശോധന പരിപാടി നടക്കുക എന്നു മാത്രം പറഞ്ഞില്ല. കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും ഭീകരവാദ ബന്ധമുണ്ടോ എന്നു പരിശോധിക്കുന്ന നിലവിലെ പരിശോധനയില്‍ നിന്നും അതെങ്ങനെ വ്യത്യസ്തമാകും എന്നും. 

ഇറാഖ് യുദ്ധം തുടങ്ങും മുമ്പേ അതിനെ എതിര്‍ത്തിരുന്നു എന്നു ട്രംപ് ആവര്‍ത്തിച്ചു. അത് തെറ്റാണ്. സത്യത്തില്‍ 2002 സെപ്റ്റംബര്‍ 11നു അധിനിവേശത്തിന് മുമ്പ്, യുദ്ധത്തെ അനുകൂലിക്കുന്നുണ്ടോ എന്ന് അയാളോട് ചോദിച്ചിരുന്നു. 

‘ഉവ്വ്, ഞാനങ്ങനെ കരുതുന്നു, ആദ്യത്തെ തവണ അത് ശരിയായാണ് ചെയ്തതെന്ന് ഞാന്‍ കരുതുന്നു,’ ഹോവാഡ് സ്‌റ്റേണുമായി നടത്തിയ ഒരഭിമുഖത്തില്‍ 1991ലെ പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധത്തെ പരാമര്‍ശിക്കവെ അയാള്‍ പറഞ്ഞു. 

‘അത് തുറന്നുകാട്ടപ്പെട്ടിരിക്കുന്നു,’ യുദ്ധത്തെ എതിര്‍ത്തെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് ക്ലിന്റണ്‍ പറഞ്ഞു. 

‘ഞാന്‍ ഇറാഖ് യുദ്ധത്തിനെതിരായിരുന്നു, അത് കാപട്യമായി തെളിഞ്ഞിട്ടുമില്ല,’ ട്രംപ് പറഞ്ഞു. 

നേരത്തെ പ്രസിഡന്റ് സംവാദങ്ങള്‍ക്ക് അന്യമായ ഒരു രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ എതിരാളിക്കെതിരെ അന്വേഷണം നടത്തുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു.

‘ഇത് പറയുമെന്ന് ഞാന്‍ കരുതിയതല്ല. പക്ഷേ ഞാനിതു പറയാന്‍ പോവുകയാണ്. ഞാനിതു പറയുന്നതു ഇഷ്ടപ്പെടുന്നില്ല. പക്ഷേ ഞാന്‍ ജയിച്ചാല്‍ നിങ്ങളുടെ സാഹചര്യം അന്വേഷിക്കാന്‍ ഒരു പ്രത്യേക പ്രോസിക്യൂട്ടറെ കണ്ടെത്താന്‍ ഞാന്‍ അറ്റോണി ജനറലിനോടു ആവശ്യപ്പെടും. ഇതുപോലൊന്ന് ഉണ്ടായിട്ടില്ല. നമ്മളോരു പ്രത്യേക പ്രോസിക്യൂട്ടറെ നിയോഗിക്കും.’

വിദേശകാര്യ സെക്രട്ടറി ആയിരിക്കുമ്പോള്‍ ഔദ്യോഗിക മെയിലുകള്‍ അയക്കാന്‍ ഒരു സ്വകാര്യ സെര്‍വര്‍ ക്ലിന്റണ്‍ ഹിലരി ഉപയോഗിച്ചതിനെയാണ് ട്രംപ് പരാമര്‍ശിച്ചത്. അതില്‍ എഫ്ബിഐ അന്വേഷണം നടന്നുകഴിഞ്ഞു. ഹിലരിയും ജീവനക്കാരും തീര്‍ത്തൂം അശ്രദ്ധമായാണ് അക്കാര്യം കൈകാര്യം ചെയ്തതെന്ന് നിരീക്ഷിച്ച എഫ്ബിഐ എന്നാല്‍ ക്രിമിനല്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തില്ല. 

‘ഡൊണാള്‍ഡ് ട്രംപിനെ പോലെ എടുത്തുചാട്ടക്കാരനായ ഒരാള്‍ നമ്മുടെ രാജ്യത്തെ നിയമങ്ങളുടെ ചുമതലയിലില്ലാത്തത് ഭാഗ്യം,’ എന്ന് ക്ലിന്റണ്‍ പറഞ്ഞു. 

‘കാരണം നിങ്ങള്‍ തടവറയിലായെനെ,’ ട്രംപ് തിരിച്ചടിച്ചു. 

ആദ്യ അരമണിക്കൂര്‍ ഇനിയും ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് നിശ്ചയിക്കാത്ത വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്കായിരുന്നു മുന്‍തൂക്കമെങ്കിലും തടസവാദങ്ങളും ആരോപണങ്ങളുമായി ട്രംപ് ഇടയില്‍ക്കയറി. ഒരു ഘട്ടത്തില്‍ സെനറ്റര്‍ ബെര്‍ണീ സാന്‍ഡേഴ്‌സ് ക്ലിന്റനെ പിന്തുണച്ചതിനെ ചെകുത്താനുമായുള്ള ധാരണ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 

രാജ്യത്തെ യുവാക്കള്‍ക്ക് ഈ പ്രചാരണങ്ങള്‍ നല്ല മാതൃകയാകുന്നുണ്ടോ എന്ന ചോദ്യത്തിലാണ് സംവാദം തുടങ്ങിയതെങ്കിലും പെട്ടന്നുതന്നെ ട്രംപിനെ പ്രതിരോധത്തിലാക്കിയ പുതിയ ദൃശ്യങ്ങളിലേക്ക് ചര്‍ച്ച വഴിമാറി.

സ്ത്രീകളെ തപ്പിത്തടവുന്നതിനെക്കുറിച്ച് 2005ല്‍ ട്രംപ് പറഞ്ഞ ഒരു പരാമര്‍ശത്തെക്കുറിച്ചുള്ള ഒരു ചോദ്യം ട്രംപ് തള്ളിക്കളഞ്ഞു. 

‘അത് ലൈംഗികാക്രമണമാണ്. നിങ്ങള്‍ ലൈംഗികാക്രമണം നടത്തിയെന്ന് നിങ്ങള്‍ വീമ്പിളക്കി,’ ആന്‍ഡേഴ്‌സണ്‍ കൂപ്പര്‍ പറഞ്ഞു. പറഞ്ഞതിന്റെ പ്രത്യാഘാതങ്ങള്‍ മനസിലാക്കുന്നുണ്ടോ എന്നും അയാള്‍ ട്രംപിനോട് ചോദിച്ചു. 

‘ഞാനങ്ങനെ പറഞ്ഞിട്ടെയില്ല. ഞാന്‍ പറഞ്ഞത് നിങ്ങള്‍ മനസിലാക്കിയെന്ന് എനിക്കു തോന്നുന്നില്ല. അതൊരു മുറിയിലെ കൊച്ചുവര്‍ത്തമാനം ആയിരുന്നു. തീര്‍ച്ചയായും ഞാനതില്‍ അഭിമാനിക്കുന്നൊന്നുമില്ല. പക്ഷേ അതൊരു സ്വകാര്യ വര്‍ത്തമാനമായിരുന്നു.’

കൂപ്പര്‍ ചോദിച്ചുകൊണ്ടിരുന്നു. വാസ്തവത്തില്‍ ദൃശ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് .സ്ത്രീകളെ അവരുടെ സമ്മതം കൂടാതെ ചുംബിക്കുക, സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ തപ്പിത്തടവുക എന്നിങ്ങനെ. ട്രംപ് അപ്പോഴെല്ലാം ചര്‍ച്ചയുടെ ഗതി മാറ്റാന്‍ കിണഞ്ഞുശ്രമിച്ചു. 

‘ഞാന്‍ അതില്‍ തീരെ അസ്വസ്ഥനാണ്. ഞാനതിനെ വെറുക്കുന്നു. അതൊരു മുറിയിലെ വര്‍ത്തമാനമാണ്,’ ട്രംപ് തുടര്‍ന്നു,’ഞാന്‍ ഐഎസിനെ തകര്‍ത്ത് കളയും.’

മുന്‍കാല റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തനാണ് ട്രംപ് എന്ന് പ്രതികരണമായി ക്ലിന്റണ്‍ പറഞ്ഞു. 

‘അവരുടെ ഈ പദവി വഹിക്കാനുള്ള യോഗ്യതയെ ഞാനൊരിക്കലും ചോദ്യം ചെയ്തിട്ടില്ല. ഡൊണാള്‍ഡ് ട്രംപ് വ്യത്യസ്തനാണ്. വെള്ളിയാഴ്ച്ച നമ്മള്‍ കണ്ടതും കേട്ടതുമെല്ലാം ഡൊണാള്‍ഡ് സ്ത്രീകളെ കുറിച്ചു സംസാരിക്കുന്നതാണ്, അവരെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നാണ്, അയാള്‍ പറയുന്നതു ആ ദൃശ്യം അയാള്‍ എന്താണെന്ന് കാണിക്കുന്നില്ല എന്നാണ്. അത് കാണിക്കുന്നത് കൃത്യമായും അയാള്‍ എന്താണ് എന്നാണ്.’

സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ സംവാദം തുടങ്ങുന്നതിന് ഏതാണ്ട് 90 മിനിറ്റ് മുമ്പ് വളരെ അസാധാരണമായ വിധത്തില്‍ ട്രംപ് നാലു സ്ത്രീകളുമായി വാര്‍ത്താസമ്മേളനം നടത്തി. അവരെല്ലാവരും തങ്ങളോട് ബില്‍ ക്ലിന്റണോ ഹിലരി ക്ലിന്റണോ മോശമായി പെരുമാറി എന്നാരോപിച്ചു. അതിലൊരാള്‍ 1990കളുടെ ആദ്യം ബില്‍ ക്ലിന്റനെതിരെ ലൈംഗിക പീഡനം ആരോപിച്ച പൗല ജോണ്‍സ് ആയിരുന്നു. മറ്റൊന്നു ജോനിറ്റ ബ്രോവഡ്രിക് ആയിരുന്നു. ബില്‍ ക്ലിന്റണ്‍ തന്നെ 1978ല്‍ ബലാത്സംഗം ചെയ്തിട്ടുണ്ട് എന്നവര്‍ ആരോപിച്ചു. 

‘ട്രംപ് ചില മോശം വാക്കുകള്‍ പറഞ്ഞിരിക്കാം,’ബ്രോവാഡ്രിക് പറഞ്ഞു. ‘പക്ഷേ ബില്‍ ക്ലിന്റണ്‍ എന്നെ ബലാത്സംഗം ചെയ്യുകയും ഹിലരി ക്ലിന്റണ്‍ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്തെങ്കിലും താരതമ്യം ഉള്ളതായി എനിക്കു തോന്നുന്നില്ല.’

ബ്രോവാഡ്രിക് മുമ്പും ആരോപണങ്ങള്‍ ഉണയിച്ചിട്ടുണ്ടെങ്കിലും ഒന്നും തെളിഞ്ഞില്ല. ക്ലിന്റണ്‍ ദമ്പതികള്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. 

ട്രംപ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു എഴുന്നേറ്റപ്പോള്‍ ലേഖകര്‍ 2005 ദൃശ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചു. ‘ട്രംപ്, നിങ്ങളുടെ താരപരിവേഷം സമ്മതമില്ലാതെ സ്ത്രീകളെ സ്പര്‍ശിക്കാന്‍ നിങ്ങളെ അനുവദിക്കുന്നുണ്ടോ? ഒരാള്‍ ചോദിച്ചു. ചോദ്യം അവഗണിച്ചു ട്രംപ് പോയി. 

ഈ സംവാദം ട്രംപിന് ഏറെ നിര്‍ണായകമായിരുന്നു. സെപ്റ്റംബര്‍ അവസാനം നടന്ന സംവാദത്തില്‍ അയാളുടെ പ്രകടനം ദുര്‍ബലമായത് ട്രംപിന് ക്ഷീണം വരുത്തി. 

ഇപ്പോള്‍ അത്ഭുതങ്ങള്‍ വേണ്ടിവരുന്ന തരത്തില്‍ മോശം അവസ്ഥയിലാണ് ട്രംപ്. ആദ്യം വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്താക്കിയ 2005 ദൃശ്യമാണ് അതിനു കാരണം. ഇതിനെത്തുടര്‍ന്ന് പല റിപ്പബ്ലിക്കന്‍മാരും ട്രംപിനുള്ള പിന്തുണ പിന്‍വലിച്ചു. 

2005ലെ പരാമര്‍ശങ്ങളെ ഖേദത്തോടെ പിന്നിലാക്കി വിനയത്തോടെ മുന്നോട്ടുപോകണം ട്രംപ് എന്നാണ് അയാളുടെ പല അനുഭവികളും ആഗ്രഹിച്ചത്. എന്നാല്‍ അത്തരമൊരു സമീപനമല്ല ഞായറാഴ്ച്ച ട്രംപില്‍ നിന്നും ഉണ്ടായത്. പകരം തന്റെ ഭര്‍ത്താവിന്റെ ലൈംഗിക ആഗ്രഹപ്രകടനങ്ങളെക്കുറിച്ച് പരാതി പറഞ്ഞ സ്ത്രീകളെ ഹിലരി മോശമായി പരിഗണിച്ചു എന്നാക്ഷേപിക്കാനാണ് അയാള്‍ ശ്രമിച്ചത്. 

ഈ സമയത്ത് തന്നെ കൈവിട്ട റിപ്പബ്ലിക്കന്മാരെ ട്രംപ് കണക്കറ്റ് ആക്ഷേപിക്കുന്നു. 

‘സ്വയം ശരിയുടെ കപടന്‍മാര്‍,’ അയാള്‍ ട്വീറ്റ് ചെയ്തു.

സെനറ്റര്‍ ജോണ്‍ മാക്കെയിന്‍ അടക്കമുള്ള പലരും ട്രംപിനെ ഇനി പിന്തുണക്കുന്നിലെന്ന് പരസ്യമാക്കി. ട്രംപിനോട് മത്സരത്തില്‍ നിന്നും പിന്‍മാറാന്‍ നിരവധി പേര്‍ ആവശ്യപ്പെട്ടു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒപ്പം മത്സരിക്കുന്ന മൈക് പെന്‍സ് പോലും താന്‍ ട്രംപിന്റെ പരാമര്‍ശങ്ങളെ ന്യായീകരിക്കുന്നില്ല എന്ന് പറഞ്ഞു. 

ട്രംപിന്റെ പാളയത്തില്‍ നിന്നും ചോര്‍ച്ച തുടരുകയാണ്. തടയാന്‍ അയാള്‍ക്ക് കഴിഞ്ഞാല്‍ അതത്ഭുതമായിരിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍