UPDATES

വിദേശം

ക്ലിന്‍റണ്‍ ദമ്പതിമാരും, ആഡംബര ജെറ്റും, കനേഡിയന്‍ ഖനി രാജാവിന്റെ 100 മില്ല്യണ്‍ സംഭാവനയും

Avatar

ടോം ഹാംബര്‍ഗര്‍, റോസലിണ്ട് എസ്. ഹെല്‍ഡര്‍മാന്‍, അനു നാരായണസ്വാമി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ബില്‍ ക്ലിന്‍റന്‍ ലാറ്റിന്‍ അമേരിക്കയിലേക്ക് ഒരു സഹായ യാത്രയ്ക്ക് പരിപാടിയിട്ടു. വലിയൊരു വിമാനം വേണം.

അമേരിക്കയുടെ മുന്‍ പ്രസിഡണ്ടിനെ അതുവരെ കാണാത്ത ഫ്രാങ്ക് ഗിയൂസ്ട്രക്ക് അതൊരവസരമായി. സ്വന്തം ആഡംബര വിമാനം അയാള്‍ വിട്ടുകൊടുക്കും. ഹോളിവുഡിലെ സ്റ്റുഡിയോ ഉടമയായിരുന്ന  കാനഡക്കാരന്‍  ഖനി മുതലാളിക്ക് ഒരൊറ്റ ഉപാധിയെ ഉണ്ടായിരുന്നുള്ളു. കൂടെ തന്നെയും കൊണ്ടുപോകണം.

2005-ലെ ആ യാത്ര ഒരു വലിയ പരസ്പര സഹായത്തിന്റെ തുടക്കമായിരുന്നു. ക്ലിന്‍റന്‍ ഫൌണ്ടേഷന്‍ ഒരു ആഗോള ഭീമന്‍ സന്നദ്ധ സംഘടന സ്ഥാപനമാകാന്‍, ഗിയൂസ്ട്ര ഒരു അന്താരാഷ്ട്ര മനുഷ്യ കാരുണ്യ ധനികനാകാന്‍, പിന്നെ അയാളുടെ വ്യാപാരം വളരുന്ന രാഷ്ട്രങ്ങളില്‍ പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാനും.

അന്നുതൊട്ട് ഗിയൂസ്ട്ര ക്ലിന്‍റന്‍ ഫൌണ്ടേഷന് നല്കിയത് 100 ദശലക്ഷത്തിലേറെ ഡോളറാണ്. അവരുടെ ഏറ്റവും വലിയ വ്യക്തിഗത സംഭാവനക്കാരന്‍.

ഗിയൂസ്ട്രയുടെ വിമാനമുപയോഗിച്ച് ഫൌണ്ടേഷന്‍ ആവശ്യങ്ങള്‍ക്കായി 2005-നു ശേഷം ക്ലിന്‍റന്‍ 26 തവണ യാത്ര ചെയ്തു. 13 തവണയും ഗിയൂസ്ട്രയും കൂടെയുണ്ടായിരുന്നു.

ഹിലാരി ക്ലിന്‍റന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകാന്‍ പ്രചാരണം തുടങ്ങിയതോടെയാണ് ഈ ബന്ധം വിവാദമാകുന്നത്. ധനിക താത്പര്യങ്ങള്‍ക്ക് അധികാരപരിസരത്തെത്താന്‍ ക്ലിന്‍റന്‍ ഫൌണ്ടേഷന്‍ ഒരു ചവിട്ടുപടിയാകുന്നു എന്ന സംശയങ്ങള്‍ ഉയരുന്നു.

വാന്‍കൂവര്‍ നിവാസിയായ ഗിയൂസ്ട്രയുടെ,57, വ്യാപാര താത്പര്യങ്ങള്‍ ലയണ്‍സ്ഗെയ്റ്റ് എന്‍റര്‍ടെയിന്‍മെന്‍റും സുവര്‍ണ്ണ ഖനികളും ഒലിവ് ഓയില്‍ കമ്പനിയുമൊക്കെയായി വ്യാപിച്ച് കിടക്കുന്നു. ക്ലിന്‍റന്‍ പിന്തുണക്കാരിലെ ഒരു വലിയ വിഭാഗം ഇത്തരക്കാരാണ്: യു എസ് രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ക്ക്  നിയമപരമായി സംഭാവന നല്കാന്‍ അനുമതിയില്ലാത്ത, എന്നാല്‍ സഹായ സംഭാവന വഴി ക്ലിന്‍റന്‍ കുടുംബവുമായി അടുത്തവര്‍.

അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ ഗിയൂസ്ട്ര പറഞ്ഞത് ക്ലിന്‍റനുമായുള്ള തന്റെ ബന്ധം കാരുണ്യ പ്രവര്‍ത്തനങ്ങളിലെ പൊതുതാത്പര്യം വഴിയാണ് വളര്‍ന്നതെന്നും, വ്യാപാരമല്ലെന്നുമാണ്.

പക്ഷേ ഗിയൂസ്ട്രയുടെയും അന്താരാഷ്ട്ര ഖനന വ്യവസായത്തിലുള്ള അയാളുടെ സുഹൃത്തുക്കളുടെയും സംഭാവനകള്‍ ഹിലാരി ക്ലിന്‍റന്റെ പ്രചാരണത്തില്‍ ഘടകമാകുന്നുണ്ട്.

ഗിയൂസ്ട്രയുടെ ഒരു കാനഡ കാരുണ്യ സംഘടനയുടെ സംഭാവനാ ദാതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ക്ലിന്‍റന്‍ ഫൌണ്ടേഷന്‍ സമ്മതിച്ചു. യു.എസ് സര്‍ക്കാരുമായുണ്ടാക്കിയ കരാറിന് വിരുദ്ധമാണിത്.

എന്നാലിത് കാനഡയിലെ നിയമങ്ങള്‍ക്ക് അനുസൃതമാണെന്ന് ഫൌണ്ടേഷന്‍ പറയുന്നു. പക്ഷേ, ഹിലാരി ക്ലിന്‍റന്‍ നയിച്ചിരുന്ന വിദേശകാര്യ വകുപ്പടക്കം ഉള്‍പ്പെടുന്ന വ്യാപാര താത്പര്യങ്ങളുള്ള വിദേശ വ്യാപാരികളുടെ സംഭാവനകള്‍ ക്ലിന്‍റന്‍ ഫൌണ്ടേഷനിലേക്ക് അജ്ഞാത രൂപത്തില്‍ എത്താനാണ് ഇത് വഴിയൊരുക്കിയത്.

ഗിയൂസ്ട്രയെ സംബന്ധിച്ച് ബില്‍ ക്ലിന്‍റനുമായുള്ള പങ്കാളിത്തം അന്താരാഷ്ട്ര കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉന്നതങ്ങളിലേക്കുള്ള വഴിയായിരുന്നു. പ്രശസ്തി വര്‍ദ്ധിപ്പിക്കാനും. പണമുണ്ടാക്കുന്നതിനല്ല, വ്യക്തിപരമായ സംതൃപ്തിക്കാണിതെന്ന് അയാള്‍ അവകാശപ്പെടുന്നുണ്ട്.

അതേ സമയം ഗിയൂസ്ട്രയുടെ വ്യാപാര സാമ്രാജ്യം വിപുലമായിക്കൊണ്ടിരുന്നു. അയാളുടെ കച്ചവടചരിത്രത്തിലെ പല വമ്പന്‍ കരാറുകളും ഇക്കാലത്ത് ഒപ്പിട്ടു. മിക്കവയും ക്ലിന്‍റനൊപ്പം അയാള്‍ യാത്ര ചെയ്ത രാജ്യങ്ങളില്‍.

ഒരു സന്ദര്‍ഭത്തില്‍, ക്ലിന്‍റനൊപ്പം കസാഖ്സ്ഥാന്‍ പ്രസിഡണ്ടിനൊപ്പം അത്താഴമുണ്ട് ദിവസങ്ങള്‍ക്കുളില്‍ അയാള്‍ കസാഖ്സ്ഥാനിലെ യുറേനിയം ഖനികള്‍ വാങ്ങാനുള്ള വമ്പന്‍ കരാറുണ്ടാക്കി. മറ്റൊരിക്കല്‍, ക്ലിന്‍റന്‍ ഫൌണ്ടേഷന്‍ വഴി കൊളംബിയന്‍  പ്രസിഡന്റിനെ പരിചയപ്പെട്ടതിന് ശേഷം പൊതുമേഖല എണ്ണ കമ്പനിയില്‍ നിന്നും തനിക്ക് പങ്കാളിത്തമുള്ള ഒരു കൊളംബിയന്‍ കമ്പനിക്കു എണ്ണ കുഴിക്കാനുള്ള അവകാശം നേടിയെടുത്തു.

2005 ജൂണ്‍ 5-നാന് ഗിയൂസ്ട്രയും ബില്‍ ക്ലിന്‍റന്നും ആദ്യം കണ്ടുമുട്ടുന്നത്. ന്യൂ യോര്‍കില്‍ മുന്‍ പ്രസിഡന്റിനെ കയറ്റാനായി അയാളുടെ വിമാനം വന്നിറങ്ങിയപ്പോള്‍. അവിടുന്ന് അര്‍കാന്‍സാസ്, മെക്സിക്കൊ, കൊളംബിയ, ബ്രസീല്‍. പിന്നീടുള്ള അവരുടെ ബന്ധത്തില്‍ ആ വിമാനം ഒഴിച്ചുകൂടാനാവാത്തതായി.

ഒരു സ്വകാര്യ കിടപ്പുമുറി അടക്കം ആഡംബര സൌകര്യങ്ങളുള്ള ഒരു MD-87 യാത്രാവിമാനമായിരുന്നു അത്. വാതിലുകള്‍ക്ക് സ്വര്‍ണം പൂശിയ അലങ്കാരങ്ങള്‍. ചുവരുകളില്‍ വിലപിടിപ്പുള്ള ചിത്രങ്ങള്‍.

തങ്ങള്‍ വളരെ പെട്ടന്ന് അടുപ്പക്കാരായി എന്നു ഗിയൂസ്ട്ര പറയുന്നു.

ഗിയൂസ്ട്രയുടെ കയ്യിലുള്ള ജൂലിയസ് സീസറുടെ ജീവചരിത്രം ക്ലിന്‍റന്‍ കണ്ടു. ഓര്‍മ്മയില്‍ നിന്നും ഒരു ഖണ്ഡികയും ഉദ്ധരിച്ചു. “അതോടെ അകലം ഇല്ലാതായി,” ഗിയൂസ്ട്ര പറഞ്ഞു. “പിന്നീട് എന്റെ പശ്ചാത്തലത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ഞാനെന്റെ ജീവിതകഥ പറഞ്ഞു തുടങ്ങി.”

തങ്ങളുടെ സാധാരണമായ തുടക്കങ്ങളില്‍ ഇരുവരും സമാനത കണ്ടെത്തി.

ആദ്യം 4 ദിവസത്തെ ഒരു സന്ദര്‍ശനം. പിന്നെ 2006-ല്‍ ആഫ്രിക്കയിലേക്ക് 9 ദിവസത്തെ യാത്ര. കഴിഞ്ഞ വേനലില്‍ കൊളംബിയയിലേക്ക് 3 ദിവസം. രണ്ടു പേരും കൂടുതല്‍ അടുപ്പക്കാരായി.

ഗിയൂസ്ട്രയുടെ കച്ചവടക്കണ്ണ് അപ്പോഴൊക്കെ ജാഗരൂകമായിരുന്നു.

കസാഖ്സ്ഥാനിലെ പ്രസിഡണ്ട്  നൂര്‍സുല്‍ത്താന്‍ നസര്‍ബയെവൂമായി ഒരു ആരോഗ്യ പദ്ധതിക്ക് ഫൌണ്ടേഷന്‍ തുടക്കമിട്ടതിന് പിന്നാലെയാണ് 2005 സെപ്തംബറില്‍ യുറേനിയം ഖനി കരാര്‍ ഉറപ്പിച്ചത്. എന്നാല്‍ 500 മില്ല്യണ്‍ ഡോളറിന്റെ ഇടപാടിന് നീണ്ട നാള്‍ ചര്‍ച്ചകള്‍ നടന്നെന്നും ക്ലിന്‍റന്റെ സഹായം ഉണ്ടായിരുന്നില്ലെന്നും ഗിയൂസ്ട്ര അവകാശപ്പെടുന്നുണ്ട്.

ബില്‍ ക്ലിന്‍റന്‍ എത്തുന്നതിന് മൂന്ന്  ദിവസം മുമ്പ് ഗിയൂസ്ട്ര എത്തി. ക്ലിന്‍റന്‍ പോയി ഒരു ദിവസം കഴിഞ്ഞ് ഇടപാടിന് പ്രാഥമിക അനുമതി ലഭിക്കുകയും ചെയ്തു. ഇത് സ്വാഭാവികമായും ക്ലിന്‍റന്റെ സഹായത്തെ കുറിച്ചുള്ള ചോദ്യങ്ങളുയര്‍ത്തി. 2008-ല്‍ ന്യൂയോര്‍ക് ടൈംസിലാണ് ഇത് ആദ്യം വാര്‍ത്തയായത്.

തനിക്കിതേക്കുറിച്ച് അറിയാമായിരുന്നെങ്കിലും ഒരുതരത്തിലും ഇടപെട്ടില്ലെന്ന് ബില്‍ ക്ലിന്‍റന്‍ പറഞ്ഞു.

ഈ ഇടപാടിനെ തുടര്‍ന്ന് ഗിയൂസ്ട്രയുടെ പുതിയ കമ്പനി UrAsia കാനഡയിലെ വലിയ ഖനന സ്ഥാപനമായി. അടുത്ത വര്‍ഷം ഗിയൂസ്ട്ര ക്ലിന്‍റന്‍ ഫൌണ്ടേഷന് 32.7 ദശലക്ഷം ഡോളര്‍ സംഭാവനയും നല്കി.

2007-ല്‍ ഗിയൂസ്ട്ര UrAsia-യെ Uranium One എന്ന പുതിയൊരു കമ്പനിക്കു വിറ്റു. ഇയാന്‍ ടെല്‍ഫര്‍ എന്ന സുഹൃത്തിന്‍റെതായിരുന്നു കമ്പനി. പിന്നീട് ഒരു റഷ്യന്‍ പൊതുമേഖല കമ്പനിക്കു വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കമ്പനി വീണ്ടും വിറ്റു.

ഈ വില്‍പ്പന, റഷ്യയ്ക്ക് ലോകത്തെ യുറേനിയം ശേഖരത്തിന് മേല്‍, അമേരിക്കയിലെ നിരവധി ഖനികളടക്കം,  നിയന്ത്രണം നല്കി. ഹിലാരി ക്ലിന്‍റന്‍ വിദേശകാര്യ സെക്രട്ടറിയായിരിക്കുന്ന സമയത്താണ് ഈ ഇടപാട് അവരടക്കം വിവിധ വകുപ്പുകള്‍ അവലോകനം ചെയ്തത്. ഇതിനെ ചില റിപ്പബ്ലിക്കന്‍മാര്‍ ചോദ്യം ചെയ്തു. എന്നാല്‍ ഹിലാരി ഇതില്‍ വ്യക്തിപരമായി ഇടപെട്ടിട്ടില്ല എന്ന ന്യായമാണ് സഹായികള്‍ നല്കിയത്.

കൊളംബിയ ബന്ധം
2005-ല്‍ കൊളംബിയയില്‍ നിന്നും തിരിച്ചുവന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ ഗിയൂസ്ട്ര ന്യൂയോര്‍കില്‍ നടന്ന Clinton Global Initiative-ആദ്യ യോഗത്തില്‍  പങ്കെടുത്തു.

അവിടെ വെച്ചാണ് ഗിയൂസ്ട്രക്ക് വ്യാപാര താത്പര്യങ്ങളുള്ള കൊളംബിയയിലെ നേതാവിനെ അയാള്‍ക്ക് പരിചയപ്പെടുത്തുന്നത്: അല്‍വാറോ യുറീബ്. 

കൊളംബിയയിലെ ഗിയൂസ്ട്രയുടെ താത്പര്യങ്ങള്‍ വിവിധങ്ങളായിരുന്നു; സ്വര്‍ണ ഖനികള്‍, തുറമുഖ നിര്‍മാണം, തടി, പിന്നെ എണ്ണ ഉത്പാദനവും. അയാള്‍ ഉണ്ടാക്കിയതും, ചേര്‍ന്നതുമായ പല കമ്പനികള്‍ക്കും പാരിസ്ഥിതിക, മനുഷ്യാവകാശ, തൊഴിലാളി സംഘടനകളുടെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. തനിക്കീ പരാതികളെക്കുറിച്ച് അറിവില്ലായിരുന്നു എന്നും അതില്‍ മിക്കവയും താന്‍ വിറ്റു എന്നും ഗിയൂസ്ട്ര പറഞ്ഞു.

2005-ലെ ആ സമ്മേളനത്തിന് ശേഷം ഈ മൂവരും- ഊരീബ്, ക്ലിന്‍റന്‍, ഗിയൂസ്ട്ര- ന്യൂ യോര്‍കിലും, ബൊഗോട്ടയിലും, ക്ലിന്‍റന്റെ ചാപ്പക്‍വയിലെ വസതിയിലും നിരവധി തവണ കൂടിക്കാഴ്ച്ച നടത്തി.

അതിവേഗം വളര്‍ന്ന Pacific Rubiales Energy എന്നൊരു കമ്പനി 2007-ല്‍ ഗിയൂസ്ട്ര കൊളംബിയയില്‍ സ്ഥാപിച്ചു. കൊളംബിയന്‍ പൊതുമേഖലാ സ്ഥാപനവുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു എണ്ണ കമ്പനിയുടെ നിയന്ത്രണം കൈക്കലാക്കിയായിരുന്നു അത് കടന്നുവന്നത്. പിന്നീടതിനെ യുറീബ് സ്വകാര്യവത്കരിച്ചു. കൊളംബിയന്‍ തീരത്തെ പരിസ്ഥിതിയെ ലോല പ്രദേശങ്ങളില്‍ എണ്ണയ്ക്കായി കുഴിക്കാനുള്ള അനുമതിയും അവര്‍ നേടിയെടുത്തു.

ഈയിടെ പുറത്തിറങ്ങിയ Clinton Cash എന്ന പുസ്തകത്തില്‍ പീറ്റര്‍ ഷ്വേയൂസര്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റ് നടത്തിയ അന്വേഷണത്തിലും ഗിയൂസ്ട്രയുടെ ഇടപാടുകളുടെ വിവരങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.

ക്ലിന്‍റന്‍-ഗിയൂസ്ട്ര കൊളംബിയ ബന്ധം 2010, ജൂണില്‍ തന്നെ വെളിവായിരുന്നു.

ബില്‍ ക്ലിന്‍റന്നും ഗിയൂസ്ട്രയും സ്വകാര്യ വിമാനത്തില്‍ എത്തിയതിന് തൊട്ട് പിറകെ ഹിലാരി ക്ലിന്‍റന്‍ വിദേശകാര്യ സെക്രട്ടറി എന്ന നിലയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തി.

മൂവരും ബൊഗോട്ടയില്‍ ഒരുമിച്ച് കൂടി. അടുത്ത ദിവസം രാവിലെ ബില്‍ ക്ലിന്‍റന്‍ യുരീബിനെ പ്രസിഡന്റിന്റെ വസതിയില്‍ സ്വകാര്യമായി കണ്ടു.

കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം ഹിലാരി പ്രസിഡന്റുമായി ഔദ്യോഗിക കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് നടത്തിയ ഒരഭിമുഖത്തില്‍ കൊളംബിയയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതിനെ താന്‍ പിന്തുണക്കുന്നു എന്ന് പ്രഖ്യാപിച്ചു. 2008-ലെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രചാരണത്തില്‍ നേരെ തിരിച്ചായിരുന്നു നിലപാട്.

എന്നാല്‍ ഒബാമ സര്‍ക്കാരിന്റെ നയങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് ഹിലാരി എന്ന് അവരുടെ മാധ്യമ സെക്രട്ടറി ബ്രയാന്‍ ഫാല്ലന്‍ വിശദീകരിച്ചു.

എന്തായാലും ആ വാര്‍ത്ത കൊളംബിയന്‍ നേതാക്കളെയും അവരുടെ വ്യാപാരി സുഹൃത്തുക്കളെയും തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.

എന്നാല്‍ തങ്ങളുടെ സംഭാഷണങ്ങളില്‍ ഇതൊന്നും കടന്നുവരാറില്ല എന്നാണ് ഗിയൂസ്ട്ര പറയുന്നത്. “ ഞങ്ങള്‍ എന്റെ മക്കളെ കുറിച്ചു സംസാരിക്കും. വാന്‍കൂവര്‍ എത്ര സുന്ദരമാണെന്നും.”

കാരുണ്യ പ്രതിബദ്ധത
പെറുവില്‍ ആയിരക്കണക്കിന് തിമിര ശസ്ത്രക്രിയകള്‍ക്കും താഴ്ന്ന വരുമാനമുള്ള വീടുകളിലെ കുട്ടികള്‍ക്ക് ഭക്ഷണം നല്കാനും ഗിയൂസ്ട്ര പണം നല്‍കിയിട്ടുണ്ടെന്ന് അയാളുടെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊളംബിയ പോലുള്ള വികസ്വര രാജ്യങ്ങളിലെ ദരിദ്രരായ ജനങ്ങള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ലഭിക്കാനും അങ്ങനെ സ്ഥിരം തൊഴില്‍ സൃഷ്ടിക്കാനുമാണ് ഈ ശ്രമങ്ങളെന്ന് ഗിയൂസ്ട്ര ഈയിടെ അവകാശപ്പെട്ടു.

വാന്‍കൂവറില്‍ ഗിയൂസ്ട്രക്കൊപ്പം ജോലി ചെയ്തവര്‍ അയാളുടെ കാരുണ്യപ്രവര്‍ത്തനങ്ങളെ വിശുദ്ധവത്കരിക്കുന്നുണ്ട്. എന്നാല്‍ ക്ലിന്‍റനുമായുള്ള അടുപ്പത്തിന് ശേഷമാണ് അയാള്‍ അന്താരാഷ്ട്രതലത്തില്‍ വലിയ പേരാകുന്നത്.

“എല്ലാ ധനികരും ചിന്തിക്കണം,‘ഇത്രയും സമ്പത്തിന് താന്‍ അര്‍ഹനാണോ എന്ന്,” ഗിയൂസ്ട്ര ചോദിക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍