UPDATES

വിക്കി മല്‍ഹോത്ര ഛോട്ടാ രാജന്റെ പിന്‍ഗാമിയാകും

കഴിഞ്ഞ ദിവസം അറസ്റ്റിലായ അധോലോക നേതാവ് ഛോട്ടാ രാജന്റെ പിന്‍ഗാമി വിക്കി മല്‍ഹോത്ര ആകും. രണ്ട് ദശാബ്ദങ്ങളായി സുഖത്തിലും ദുഖത്തിലും രാജനൊപ്പം നിലയുറപ്പിച്ചയാളാണ് വിക്കി. ബിസിനസ് ഏറ്റെടുക്കുന്ന വിക്കിക്ക് രാജന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ട്. 

2000-ത്തില്‍ ബാങ്കോക്കില്‍ വച്ചുണ്ടായ വധശ്രമത്തിന് ശേഷം രവി പൂജാര, സന്തോഷ് ഷെട്ടി എന്നീ വിശ്വസ്തരുമായി ഛോട്ടാ രാജന്‍ വഴി പിരിഞ്ഞുവെങ്കിലും വിക്കിയുമായുള്ള ബന്ധത്തെ ബാധിച്ചിരുന്നില്ല. 2005-ല്‍ ദല്‍ഹി അശോകാ ഹോട്ടലിന് സമീപത്ത് നിന്ന് അറസ്റ്റിലായ മല്‍ഹോത്ര 2010-ല്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. അതിന് ശേഷം വിക്കി ദുബായിലും ആഫ്രിക്കയിലുമായി കഴിയുകയാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. സായുധ യുദ്ധങ്ങള്‍ക്കായി ഡയമണ്ട് വിറ്റ് പണം കണ്ടെത്തുന്ന നിയമവിധേയമല്ലാത്ത വിപണിയില്‍ ഭാഗ്യം പരീക്ഷിക്കുന്ന ദാവൂദിന് താരതമ്യേന പുതിയ മേഖലയാണ് ആഫ്രിക്ക.

അതേസമയം ഇന്ത്യയില്‍ ഡി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഛോട്ടാ ഷക്കീല്‍ മുംബയ് അധോലോകത്തില്‍ എതിരാളികളില്ലാത്ത രാജാവായി മാറുന്നത് തടയാന്‍ വേണ്ടിയുള്ള നീക്കമായും മല്‍ഹോത്രയുടെ സ്ഥാനാരോഹണത്തെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ കാണുന്നുണ്ട്. കൂടാതെ, മല്‍ഹോത്രയുടെ വളര്‍ച്ചയെ തടയാന്‍ ഡി കമ്പനി ശ്രമിക്കുന്നത് മുംബയില്‍ പുതിയ അക്രമങ്ങള്‍ക്ക് കാരണമാകുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭയക്കുന്നുണ്ട്.

കഴിഞ്ഞ ഏപ്രില്‍-മേയ് മാസങ്ങളില്‍ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി രാജന്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. രാജനെ ഛോട്ടാ ഷക്കീലും സംഘവും ഓസ്‌ത്രേലിയയില്‍ കുരുക്കിയിട്ടപ്പോഴാണ് രാജന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടത്. ജൂലായില്‍ ഡി കമ്പനിയുടെ സമ്മര്‍ദ്ദം ഏറിയിരുന്നു. ഇതേതുടര്‍ന്ന് മല്‍ഹോത്രയെ ബന്ധപ്പെടുകയും അങ്ങേയറ്റം മോശം സാഹചര്യങ്ങളില്‍ സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അടുത്ത കാലത്തായി വിക്കി മല്‍ഹോത്ര സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.ഛോട്ടാ രാജനേയും മല്‍ഹോത്രയേയും തമ്മില്‍ തെറ്റിക്കാന്‍ ഡി കമ്പനി ഏറെ ശ്രമിച്ചിരുന്നുവെങ്കിലും അവര്‍ പരാജയപ്പെടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍