UPDATES

സയന്‍സ്/ടെക്നോളജി

എന്താണ് മുഖ്യമന്ത്രി പറഞ്ഞ കൃത്രിമ മഴ? ചില വസ്തുതകള്‍

ക്ലൌഡ് സീഡിങ്ങിലൂടെ വരള്‍ച്ചയെ മറികടക്കാന്‍ സാധിക്കുമോ?

വെള്ളം അമൂല്യമാണ്. വരള്‍ച്ചയുടെ കാലങ്ങളിലാണ് ഈ യാഥാര്‍ത്ഥ്യം നാം വേഗത്തില്‍ ഉള്‍കൊള്ളുക. വരള്‍ച്ച നിയന്ത്രണവിധേയമാകണമെങ്കില്‍ മഴപെയ്യണം. മഴ പെയ്യിക്കുന്നതിനുള്ള ശാസ്ത്രീയമായ മാര്‍ഗ്ഗമാണ് ക്ലൌഡ് സീഡിംഗ്. അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി മഴ കൃത്രിമമായി പെയ്യിക്കുന്ന രീതിയാണിത്. ഓസ്ട്രേലിയ, സ്പെയിന്‍, യു എ ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ വിജയകരമായി ക്ലൌഡ് സീഡിംഗ് നടത്തിയിട്ടുണ്ടെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

കേരളത്തില്‍ ക്ലൌഡ് സീഡിംഗ് വേണ്ടതുണ്ടോ?
കേരളത്തില്‍ ശരാശരി 203 സെമി മഴ ലഭിക്കേണ്ട സ്ഥാനത്ത് കഴിഞ്ഞ തെക്കുപടിഞ്ഞാറന്‍ മഴ സീസണില്‍ 216 സെമി മഴ ലഭിച്ചു. ആറു ശതമാനം കൂടുതല്‍. എന്നാല്‍ ആലപ്പുഴ ഉള്‍പ്പെടെ പല ഭാഗങ്ങളിലും ജനുവരി തീരും മുന്‍പുതന്നെ ശുദ്ധജലക്ഷാമം തുടങ്ങി. വേനല്‍ ആരംഭിക്കുമ്പോള്‍ ആലപ്പുഴയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും ജലജന്യ രോഗങ്ങള്‍ പെരുകുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിന്റെ 2.5 ശതമാനം സ്ഥലം കൊടുംവരള്‍ച്ചാ മേഖലയായി മാറിയെന്ന് പഠനങ്ങള്‍ പറയുന്നു. കേരളത്തിലെ 65 ശതമാനം പ്രദേശങ്ങളും ഇത്തവണ കൊടിയ വരള്‍ച്ചയുടെ പിടിയിലാകുമെന്ന് ദുരന്ത നിവാരണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വയനാട്ടിലെ 12.1 ശതമാനം മേഖലയും, കൊല്ലത്തിന്റെ എട്ടു ശതമാനവും പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളുടെ നാലുശതമാനവും കൊടുംവരള്‍ച്ചാ മേഖലകളില്‍ പെടുന്നു. ഇത് ചെടികളേയും മരങ്ങളേയും മനുഷ്യരേയും മറ്റു ജീവികളേയും ബാധിക്കുന്നതോടൊപ്പം കൃഷിയെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. കുടിവെള്ള വിതരണം, ജലവൈദ്യുതി ഉത്പാദനം, വിനോദ സഞ്ചാരം, ഗതാഗതം, ആരോഗ്യം തുടങ്ങിയ സകല മേഖലകളെയും കാര്യമായി ബാധിക്കും. ക്ലൌഡ് സീഡിങ്ങിലൂടെ ഈ ദുരന്തത്തെ ഒരു പരിധിവരെ മറികടക്കാം എന്നാണ് നിഗമനം. അതിന്റെ അടിസ്ഥാനത്തിലായിരിക്കാം മുഖ്യമന്ത്രി നിയമസഭയില്‍ വേണമെങ്കില്‍ വരള്‍ച്ച മറികടക്കാന്‍ കൃത്രിമ മഴയുടെ സാധ്യതകള്‍ പരിശോധിക്കും എന്നു പറഞ്ഞത്.

അല്‍പം ചരിത്രം
വിന്‍സെന്‍റ് ജോസഫ് ഷെയ്ഫര്‍ എന്ന അമേരിക്കന്‍ രസതന്ത്രശാസ്ത്രജ്ഞനാണ് ക്ലൌഡ് സീഡിംഗ് പ്രായോഗികവത്കരിച്ചത്. 1946 നവംബര്‍ 13-നായിരുന്നു ആ ശ്രമം. ഒന്നരക്കിലോയോളം വരുന്ന ഡ്രൈ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ്) മേഘപാളിയില്‍ വിതറി. കേവലം അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ മേഘം ഹിമച്ചില്ലുകളായി രൂപാന്തരപ്പെട്ടു. ഗംഭീരമായ ഈ നേട്ടം കാലാവസ്ഥാ നിയന്ത്രണം എന്ന മനുഷ്യന്‍റെ കാതങ്ങള്‍ നീണ്ട ആഗ്രഹം സാധ്യമാക്കി.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്തന്നെ ‘വേഗ്നറെ’പോലുള്ള യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. 1932-ല്‍ സോവിയറ്റ് യൂണിയന്‍ കാലാവസ്ഥയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ ‘ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ആര്‍ട്ടിഫിശ്യല്‍ റൈന്‍’ എന്ന ഒരു സ്ഥാപനം തന്നെ തുടങ്ങിയിരുന്നു. ഡ്രൈ ഐസിന് പകരം സില്‍വര്‍ അയോഡൈഡിനെ ഐസ് ന്യൂക്ലിയന്‍റ് (തണുത്ത മേഘത്തെ ഐസ് പരലുകള്‍ ആക്കുന്ന രാസപദാര്‍ത്ഥം) ആയി ഉപയോഗിക്കാം എന്ന് കണ്ടുപിടിച്ചതോടെ ചരിത്രം മാറി.

പ്രധാനപ്പെട്ട ആശങ്ക
ക്ലൌഡ് സീഡിംഗ് നടത്തുമ്പോള്‍ ലഭിക്കുന്ന മഴയുടെ അളവിനെ കുറിച്ചോ, മഴയുടെ തീവ്രതയെ കുറിച്ചോ വ്യക്തമായ പഠനങ്ങള്‍ ഒന്നുംതന്നെ നിലവിലില്ല. മഴയിൽനിന്നു ലഭിക്കുന്ന ജലത്തിന് എന്തു സംഭവിക്കുന്നു എന്ന് തീരുമാനിക്കുന്നതിൽ മഴയുടെ തീവ്രതയ്ക്ക് വലിയ പങ്കുണ്ട്. തീവ്രത കുറഞ്ഞ മഴയിൽനിന്നുള്ള ജലം ഏതാണ്ട് മുഴുവനും തന്നെ മണ്ണിലേക്ക് ഇറങ്ങിച്ചെല്ലുന്നു. എന്നാൽ ശക്തമായ മഴയുള്ളപ്പോൾ ജലത്തിൽ നല്ലൊരു ഭാഗം ഒലിച്ചുപോകാനാണ് സാദ്ധ്യത. മാത്രമല്ല, അത് മേൽമണ്ണിന്റെ ഒരു ഭാഗം എടുത്തുകൊണ്ടു പോകുകയും ചെയ്യുന്നു. അതുകൊണ്ട് ചെടികൾ ധാരാളം ഇല്ലാത്ത ഇടങ്ങളിൽ ശക്തമായ മഴ മണ്ണൊലിപ്പിനു കാരണമാകുന്നു. ക്ലൌഡ് സീടിംഗ് തെക്കുപടിഞ്ഞാറൻ മൺസൂണിനെയും മഴക്കാടുകളെയും ഏതു വിധത്തില്‍ ബാധിക്കുമെന്ന പഠനവും നടക്കേണ്ടതുണ്ട്. അമേരിക്കന്‍ നാഷണല്‍ റിസേര്‍ച്ച് കൌണ്‍സിലിന്‍റെ 2003-ലെ റിപ്പോര്‍ട്ട് പറയുന്നത് ക്ലൌഡ് സീഡിംഗ് കൊണ്ട് കാലാവസ്ഥാ നിയന്ത്രണം സാധ്യമാണ്, പക്ഷെ ശാസ്ത്രീയമായ രീതിയില്‍ ഇതിനെ ശരിവെക്കാന്‍ മാത്രം തെളിവുകള്‍ ഇല്ല എന്നാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സുഫാദ് ഇ മുണ്ടക്കൈ

സുഫാദ് ഇ മുണ്ടക്കൈ

വയനാട് സ്വദേശി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍