UPDATES

ട്രെന്‍ഡിങ്ങ്

സദാചാര ഗുണ്ടായിസം; വര്‍ഗ്ഗീയ സംഘടനകള്‍ക്ക് വികല മനസ്സ്- മുഖ്യമന്ത്രി

പതിനെട്ടാം നൂറ്റാണ്ടിന്റെ ഇരുട്ടിലേക്ക് സ്ത്രീയെ പിന്തള്ളാന്‍ ശ്രമിക്കുന്നു

സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്ന സൂക്തം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ പ്രസ്ഥാനത്തിന്റെ ആളുകളാണ് സദാചാര ഗുണ്ടായിസത്തിനിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരുഷാധിപത്യപരമായ ഒരു സാമൂഹ്യാവസ്ഥയുടെ ഭാഗമായി ഇന്നും നിലനില്‍ക്കുന്ന വികലമായ ഒരു മനോഘടനയാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇന്നലെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന സംഭവത്തെക്കുറിച്ച് രൂക്ഷ വിമര്‍ശനം നടത്തിയത്.

പുരുഷന്റെ ആജ്ഞാനുവര്‍ത്തികളായി വീട്ടിനുള്ളിലെ ഇരുട്ടിനുള്ളില്‍ തളയ്ക്കപ്പെടേണ്ടവളാണ് സ്ത്രീ എന്ന പ്രകൃത ബോധമാണ് അവരെ നയിക്കുന്നത്. സ്ത്രീയ്ക്ക് പുരുഷനുള്ള ഒരു അവകാശവുമില്ല, സ്വാതന്ത്ര്യവുമില്ല, അധികാരവുമില്ല എന്ന മനോഭാവത്തോടെ അവരെ അടിച്ചമര്‍ത്തുന്ന ഒരു രീതി സമൂഹത്തില്‍ വളര്‍ന്നുവരുന്നു.

സ്ത്രീയെ പതിനെട്ടാം നൂറ്റാണ്ടിലെ ഇരുട്ടിലേക്ക് പിന്തള്ളാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. സ്ത്രീയും പുരുഷനും പൊതുമണ്ഡലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍, ഒരു കാറില്‍ യാത്ര ചെയ്താല്‍, ഒരു മുറിയില്‍ ഒരുമിച്ചിരുന്നു സംസാരിച്ചാല്‍, ഒരു കോഫീ ഹൗസിലിരുന്ന് ചായ കുടിച്ചാല്‍ അവിഹിതമാണെന്ന് പറയുകയും ആക്രമിക്കുകയും ചെയ്യുന്നത് വികലമായ ഒരു മാനിസികാവസ്ഥയാണ് കാണിക്കുന്നത്. ഈ മാനസികാവസ്ഥ സൃഷ്ടിച്ചതിലും ശക്തിപ്പെടുത്തിയതിലും വര്‍ഗ്ഗീയ പ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. സ്ത്രീയും പുരുഷനും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണ് എന്ന ഇവരുടെ വാദത്തില്‍ ഈ നിലപാട് നിഴലിച്ചുകാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കാലത്തേയും ലോകത്തെയും പിന്നോട്ടടുപ്പിക്കുന്ന സ്ത്രീയെ അടിമയാക്കി ഇരുട്ടറയിലടയ്ക്കാന്‍ വ്യഗ്രത കാണിക്കുന്ന വര്‍ഗ്ഗീയ പ്രേരിതമായ സദാചാര പോലീസിംഗ് അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുതരത്തിലുള്ള സദാചാര ഗുണ്ടായിസവും സംസ്ഥാനത്ത് അനുവദിക്കില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയത്തില്‍ പോലീസ് വേണ്ട രീതിയില്‍ ഇടപെടാത്തതിന്റെ ഭാഗമായി അവര്‍ക്കെതിരെ നടപടികള്‍ എടുത്തിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ ഉയരാനുള്ളത് തന്നെയാണ് പോലീസിന്റെ ലാത്തിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍