UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയിലും ഉത്തരാഖണ്ഡിലും ഇന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കും

മോദി തരംഗം ഇരു സംസ്ഥാനങ്ങളിലെയും വിജയത്തില്‍ നിര്‍ണായകമായെന്നതിനാല്‍ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിലും അവസാനവാക്ക് മോദിയുടേതാകും

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരെ ഇന്ന് തീരുമാനിക്കും. ഇതിനായി ഇന്ന് ബിജെപി പാര്‍ലമെന്ററി യോഗം ചേരും. കീഴ്‌വഴക്കമനുസരിച്ച് നിയമസഭാ കക്ഷി യോഗത്തിന് ശേഷമാകും പ്രഖ്യാപനമെങ്കിലും കേന്ദ്രനേതൃത്വം ശുപാര്‍ശ ചെയ്യേണ്ടതാരെയെന്ന് ഇന്ന് തീരുമാനിക്കും. നയമസഭാകക്ഷി യോഗത്തിന് ശേഷമാകും പ്രഖ്യാപനമെങ്കിലും കേന്ദ്രനേതൃത്വം ആരെ ശുപാര്‍ശ ചെയ്യുമെന്നാണ് ഇന്ന് വ്യക്തമാകുക.

നിയമസഭാ കക്ഷി നേതൃയോഗത്തില്‍ പങ്കെടുക്കാനുള്ള കേന്ദ്ര നിരീക്ഷകര്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ ശുപാര്‍ശ യോഗത്തില്‍ വെളിപ്പെടുത്തും. ഇരുസംസ്ഥാനങ്ങളിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരിച്ചത്. മോദി തരംഗം ഇരു സംസ്ഥാനങ്ങളിലെയും വിജയത്തില്‍ നിര്‍ണായകമായെന്നതിനാല്‍ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിലും അവസാനവാക്ക് മോദിയുടേതാകും.

എന്നാല്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ കൂടി അനുമതിയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. യുപിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ദേശീയ ഉപാധ്യക്ഷനും ലക്‌നൗ മേയറുമായ ദിനേശ് ശര്‍മ്മ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മുഖ്യമന്ത്രി ഏതുജാതിയില്‍ നിന്നാകണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും. സമാജ്‌വാദി പാര്‍ട്ടിയുടെ പിന്നാക്ക അടിത്തറ തകര്‍ത്ത യുപിയില്‍ പിന്നാക്ക മുഖ്യമന്ത്രി വേണമെന്ന് തീരുമാനിച്ചാല്‍ കേശവ് പ്രസാദ് മൗര്യയ്ക്ക് നറുക്കുവീഴും.

അതേസമയം സവര്‍ണ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ തീരുമാനിച്ചാല്‍ ദിനേശ് ശര്‍മയാകും മുഖ്യമന്ത്രി. അതേസമയം കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, മനോജ് സിന്‍ഹ, മഹേഷ് ശര്‍മ, ബിജെപി ദേശീയ സെക്രട്ടറിമാരായ സിദ്ധാര്‍ഥ് നാഥ് സിംഗ്, ശ്രീകാന്ത് ശര്‍മ, സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സല്‍ എന്നിവരുടെ പേരുകളും ശക്തമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഉത്തരാഖണ്ഡില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട് മുഖ്യമന്ത്രിയാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹം റാണിഖേത് മണ്ഡലത്തില്‍ പരാജയപ്പെട്ടതോടെ സത്പാല്‍ മഹാരാജ്, ത്രിവേന്ദ്ര സിംഗ് റാവത്ത് എന്നിവരുടെ പേരുകള്‍ക്കായി മുന്‍തൂക്കം. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ സത്പാല്‍ മഹാരാജിന് ആത്മീയ നേതാവെന്ന പരിവേഷമുണ്ട്. എന്നാല്‍ കൂടുതല്‍ സ്വീകാര്യനായ നേതാവിനെ പരിഗണിച്ചാല്‍ ത്രിവേന്ദ്ര സിംഗിന് സാധ്യതയേറും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍