UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിത അന്തരിച്ചു

അഴിമുഖം പ്രതിനിധി

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് രാത്രി 11.30-നു മരണം സ്ഥിരീകരിച്ചു. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഹൃദയ സ്തംഭനം ഉണ്ടാവുകയും ആരോഗ്യനില മോശമാവുകയും ചെയ്തതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇന്ന് വെന്റിലെട്ടരിലേക്ക് മാറ്റി. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാണ്.

2016 മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയെ വീണ്ടും അധികാരത്തിലെത്തിച്ച ജയലളിത എംജിആറിന് ശേഷം ഭരണത്തുടര്‍ച്ച നേടുന്ന ആദ്യ തമിഴ്നാട് മുഖ്യമന്ത്രിയായി. പ്രധാന എതിരാളിയായ കരുണാനിധിയുടെ ഡിഎംകെ ജയലളിതയ്ക്ക് വലിയൊരു വെല്ലുവിളിയല്ലാതായി. നിയമക്കുരുക്കുകളും അഴിഞ്ഞു. ഇങ്ങനെ അനിഷേദ്ധ്യനേതാവായി ജയലളിത മുന്നോട്ട് പോകുന്നതിനിടെയാണ് ആരോഗ്യ പ്രശ്നങ്ങള്‍ അവരെ അലട്ടുന്നത്. ഏറെക്കാലമായി അവര്‍ പ്രസംഗവേദികളില്‍ നിന്നുകൊണ്ട് സംസാരിക്കാറില്ലായിരുന്നു. കസേരയില്‍ ഇരിക്കുക മാത്രമാണ് പതിവ്. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാന്‍ തുടങ്ങിയിട്ട് ഏറെ കാലമായെന്ന് വ്യക്തം. 

സെപ്റ്റംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പനിയും നിര്‍ജ്ജലീകരണവുമാണ് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഗുരുതരാവസ്ഥയിലാണ് ജയലളിതയെന്ന് വ്യക്തമാവുകയായിരുന്നു. ശ്വാസകോശത്തില്‍ ഗുരുതരമായ അണുബാധയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പിന്നീട് ജയലളിതയ്ക്ക് ദീര്‍ഘകാലം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് അറിയിച്ചിരുന്നു. ജയലളിത മരുന്നുകളോട് പ്രതികരിക്കുന്നതായും സംസാരിച്ചതായും എല്ലാം റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഒരു ചിത്രം പോലും ഇതുവരെ പുറത്തുവന്നില്ല. ജയലളിത സുഖം പ്രാപിച്ചു വരുന്നതായും അധികം വൈകാതെ തന്നെ ആശുപത്രി വിടാനാവും എന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ നിരന്തരം അറിയിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനില മോശമാവുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍