UPDATES

സഹകരണ പ്രതിസന്ധി: നാളെ റിസര്‍വ് ബാങ്കിന് മുന്നില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിഷേധം

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് റിസർവ് ബാങ്കിന് മുന്നിൽ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തും. രാവിലെ 10 മുതൽ 5 വരെയാണ് സമരം. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സമരത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ച മൂന്ന്‍ മണിക്ക് സർവകക്ഷി യോഗവും ചേരും. ഭാവി സമര പരിപാടികൾ സംബന്ധിച്ച് സര്‍വകക്ഷി യോഗം ചർച്ച ചെയ്യും. ബിജെപിയേയും യോഗത്തിലേക്ക് ക്ഷണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

പരിസ്ഥിതി പ്രശ്നങ്ങളടക്കം എല്ലാം പരിശോധിച്ച ശേഷം മാത്രമേ എരുമേലിയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയില്‍ തന്നെ വിമാനത്താവളം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കാര്യങ്ങള്‍ മനസിലാക്കാതെ ആദ്യം തന്നെ എതിര്‍പ്പുമായി രംഗത്ത് വരുന്നത് എന്തിനാണെന്നും പദ്ധതിയോടുള്ള ബിജെപി കേരള ഘടകത്തിന്‍റെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ബിജെപിയെ ശക്തമായി വിമര്‍ശിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചനയാണ് നീക്കത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ബിജെപി നീക്കത്തിനെതിരെ സര്‍ക്കാരുമായി യോജിച്ച് പ്രക്ഷോഭത്തിനു തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് അടിയന്തരമായി നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍