UPDATES

ട്രെന്‍ഡിങ്ങ്

വിവരാവകാശത്തെ പേടിക്കുന്നതെന്തിന്? സുതാര്യത ഇരുമ്പ് മറക്കുള്ളിലാവരുത്‌

പൊതുതാല്‍പര്യമുള്ള വിഷങ്ങള്‍ മാത്രമേ സര്‍ക്കാര്‍ തീരുമാനമാകുന്നുള്ളൂ. മന്ത്രിസഭാ തീരുമാനങ്ങളില്‍ സ്വകാര്യ താല്‍പര്യങ്ങളുടേയോ വ്യക്തിഗത താല്‍പര്യങ്ങളുടേയോ പ്രശ്‌നം വരുന്നില്ല. അപ്പോള്‍ പിന്നെ മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ സംബന്ധിച്ച് മറച്ച് വയ്ക്കാനെന്താണുള്ളത്‌?

വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്‌റെ ആവശ്യകതയെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും നടപ്പാക്കുന്നതിന് മുമ്പായി വിവരാവകാശ പ്രകാരം പുറത്ത് വിടാനാവില്ലെന്ന് ഒരു പൊതുപരിപാടിയില്‍ പിണറായി പറഞ്ഞതും ഇന്നലെയാണ്. വിവരാവകാശ നിയമം ദുരുദ്ദേശപരമായി ഉപയോഗിക്കപ്പെടുന്നു എന്നാണ് പിണറായി വിജയന്‌റെ പരാതി. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിലെ ആശങ്കയാണോ അതോ വിവരാവകാശ നിയമം ഒരു ശല്യമായി തോന്നിയതിന്‌റെ ഭാഗമായി പറഞ്ഞതാണോ എന്ന സംശയം ബാക്കി നില്‍ക്കുന്നു.

നൂഡിറ്റിയും (നഗ്നത) ട്രാന്‍സ്പരന്‍സിയും (സുതാര്യത) തമ്മിലുള്ള വ്യത്യാസം പ്രധാനമാണെന്ന് പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ.ഡി ബി ബിനു പറയുന്നു. എല്ലാം തുറന്ന് കാട്ടണം എന്നല്ല വിവരാവകാശ നിയമം ആവശ്യപ്പെടുന്നത്. സുതാര്യത വേണമെന്നാണ്. ഭരണകൂടത്തിന് രാജ്യസുരക്ഷ അടക്കമുള്ള കാര്യങ്ങളില്‍ രഹസ്യമാക്കി വയ്‌ക്കേണ്ട പല കാര്യങ്ങളുണ്ടാവും. അതൊന്നും പുറത്തുവിടണം എന്ന് വിവരാവകാശ നിയമം ആവശ്യപ്പെടുന്നില്ല. വ്യക്തമായ ബോത്തോടെയും ഉത്തരവാദിത്തോടെയും തന്നെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതാണ് 2005ലെ റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട്. വിവരാവകാശ നിയമം ഏതൊക്കെ വിവരങ്ങള്‍ ഭരണകൂടത്തിന് മറച്ച് വയ്ക്കാം എന്ന് വ്യക്തമാക്കുന്നുണ്ട്.

ആര്‍ടിഐ ആക്ട് സെക്ഷന്‍ 8 (1) (ഐ) പ്രകാരം രാജ്യസുരക്ഷ, പ്രോസിക്യൂഷന്‍ നടപടികള്‍, കേസ് അന്വേഷണ നടപടികള്‍, നിയമസഭയുടേയോ പാര്‍ലമെന്‌റിന്‌റേയോ അവാകാശ, അധികാരങ്ങളെ ബാധിക്കുന്ന വിവരങ്ങള്‍, വ്യാപാര രഹസ്യങ്ങള്‍, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള രഹസ്യവിവരങ്ങള്‍, പൗരന്മാരുടെ സുരക്ഷയ്ക്കും ജിവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന വിവരങ്ങള്‍, വ്യക്തിപരമായ കാര്യങ്ങള്‍ തുടങ്ങിയവ വിവരാവകാശ പരിധിയില്‍ വരില്ല. കാബിനറ്റ് ചര്‍ച്ചകളും ആലോചനകളും മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ചര്‍ച്ചകളും ആലോചനകളും സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടതില്ല. എന്നാല്‍ യോഗം എടുത്ത തീരുമാനവും അതിന് ആധാരമായ കാരണങ്ങളും സാഹചര്യവും വ്യക്തമാക്കണമെന്നും വ്യക്തമായി പറയുന്നു.

മന്ത്രിസഭാ തീരുമാനങ്ങളും അതിന്‌റെ വിശദാംശങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്നാണ് വിവരാവകാശ നിയമത്തില്‍ പറയുന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച് 8, 10 സെക്ഷനുകള്‍ കൃത്യമായി പറയുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍, അവയ്ക്ക് ആധാരമായ കാരണങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് വിവരാവകാശ നിയമം നിഷ്‌കര്‍ഷിക്കുന്നു. അല്ലാതെ തീരുമാനങ്ങള്‍ നടപ്പാക്കിയ ശേഷം മാത്രം അറിയിക്കണം എന്നല്ല. പൂര്‍ത്തിയാവാത്ത തീരുമാനം എന്നൊന്നില്ല. തെറ്റായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുന്നതും പിന്നീട് അത് തിരുത്തുകയാണെങ്കിലും ഇല്ലെങ്കിലുമെല്ലാം അത് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

യുഡിഎഫ് സര്‍ക്കാരിന്‌റെ കാലത്ത്, പ്രത്യേകിച്ച് അവസാന മാസങ്ങളിലുണ്ടായ വിവാദ ഉത്തരവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കാനാവില്ലെന്ന നിലപാടിനെ അന്ന് പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് ശക്തമായ പിന്തുണയും നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിവരാവകാശത്തെ ഭയക്കുന്നത് ജനം ആട്ടിപ്പുറത്താക്കുമെന്ന ഭയം കൊണ്ടാണെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞ മാര്‍ച്ചില്‍ പിണറായി പറഞ്ഞിരുന്നു.

2016 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 12 വരെ വരെയുള്ള മന്ത്രിസഭാ യോഗങ്ങളുടെ തീരുമാനങ്ങള്‍, അജണ്ട, മിനുട്ട്‌സ് എന്നിവയുടെ കോപ്പികള്‍, അവയില്‍ ഗവണ്‍മെന്‌റ് പുറപ്പെടുവിച്ച ഉത്തരവുകളുടെ കോപ്പികള്‍, ഉദ്യോഗസ്ഥര്‍ ഒപ്പ് വയ്ക്കാത്തതിനാല്‍ ഉത്തരവായി മാറാത്തവയുടെ കോപ്പികള്‍ എന്നിവ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിനു സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ തള്ളപ്പെടുകയായിരുന്നു. ജനങ്ങളെ പേടിയുള്ളത് കൊണ്ടാണോ ഇപ്പോള്‍ പിണറായിയും ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന്‌റെ അതേ സമീപനം സ്വീകരിക്കുന്നത് എന്ന് സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല.

തീരുമാനങ്ങള്‍ എല്ലാം പുറത്ത് വിടാനാവില്ലെന്നും ചിലത് നടപ്പാക്കിയ ശേഷം മാത്രമേ പുറത്ത് പറയാനാവൂ എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവരാവകാശ പ്രകാരം വെളിപ്പെടുത്തണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്‌റെ നിര്‍ദ്ദേശം ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിവരാവകാശ കമ്മീഷന്‌റെ ആവശ്യവുമായി ബന്ധപ്പെട്ട് ചില വ്യക്തതകള്‍ ആവശ്യമായതിനാലാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നായിരുന്നു നേരത്തെ നിയമസഭയില്‍ വിഡി സതീശന്‌റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത് കാബിനറ്റ് തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ല എന്നാണ്. സര്‍ക്കാരിന്‌റെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്.

അഴിമതി തടയുന്നതിലും ഭരണത്തിലും പൊതുരംഗത്തും സുതാര്യത ഉറപ്പ് വരുത്തുന്നതിലും വിവരാവകാശ നിയമത്തിനുള്ള പങ്കും പ്രാധാന്യവും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പറയുന്നുണ്ട്. അഴിമതി തടയുന്നതിനും സുതാര്യവും സംശുദ്ധവുമായ ഭരണം ഉറപ്പാക്കുന്നതിനും വിവരാവകാശ നിയമത്തെ ശക്തിപ്പെടുത്തുക സര്‍ക്കാര്‍ നയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭരണകൂടം, ആ നികുതിപ്പണം എങ്ങനെ ഉപയോഗിക്കുന്നു എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്ന് മുഖ്യമന്ത്രി പറയുന്നു. ഇങ്ങനെ പറയുന്ന മുഖ്യമന്ത്രി തന്നെയാണ് സംസ്ഥാന മന്ത്രിസഭ എടുക്കുന്ന എല്ലാ തീരുമാനങ്ങളും വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാനാവില്ലെന്ന് പറയുന്നത്. മുഖ്യമന്ത്രിയുടെ ഈ നിലപാടുകളില്‍ വൈരുദ്ധ്യമുണ്ട് എന്ന് വേണം മനസിലാക്കാന്‍.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്:

നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശത്രു അഴിമതിയും തീരുമാനങ്ങള്‍ എടുക്കുന്നതിലും നടപ്പാക്കലിലും ഉണ്ടാകുന്ന കാലതാമസവുമാണ്. ഓരോദിവസവും അഴിമതി രാജ്യത്ത് അര്‍ബുദം പോലെ വ്യാപിക്കുന്നത് നമ്മുടെ ഭരണവ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ്. ആധുനികഭരണസംവിധാനം അഴിമതിയ്ക്കവസരം ഉണ്ടാക്കുകയും അതുവഴി പല വികസനപദ്ധതികളും ജനോപകാരപ്രദമല്ലാതാക്കി തീര്‍ക്കുകയും ചെയ്യുന്നുവെന്നത് പൊതുവേ എല്ലാവര്‍ക്കുമറിയാവുന്ന ഒരു കാര്യമാണ്.

അഴിമതിരഹിതവും സുതാര്യവുമായ ഭരണം നടപ്പിലാക്കുക എന്നുളളതാണ് ഈ സര്‍ക്കാരിന്റെ നയം. അതിന്റെ ഭാഗമായാണ് ഭരണരംഗം ശുദ്ധീകരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ അഴിമതിരഹിതമായ ഭരണസംവിധാനം നിലനിര്‍ത്തുന്നതിന് ഈ നിയമത്തിന് കാര്യമായ തോതില്‍ സഹായിക്കാനാവും. സുതാര്യവും അഴിമതിരഹിതവുമായി കാര്യങ്ങള്‍ നടക്കണം. രേഖകള്‍ ഇരുമ്പുമറയ്ക്കപ്പുറത്താവേണ്ട കാര്യമില്ല. പൊതുജീവിതത്തിലെ ശുദ്ധി നിലനിര്‍ത്താനുള്ള സുതാര്യതയാണ് വിവരാവകാശ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.

സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ ഇപ്പോള്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ മാത്രമേയുള്ളു എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. 5 കമ്മീഷണര്‍മാരുടെ കുറവ് ഹൈക്കോടതി ഇടപെടലുകളുമായി ബന്ധപ്പെട്ടതുകൊണ്ടാണ് വൈകുന്നത്. അത് എത്രയുംവേഗം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. വിവരാവകാശ കമ്മീഷന്റെ ആസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായ സമീപനമാണുള്ളത്.

വിവരാവകാശ നിയമം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് വിവരാവകാശ കമ്മീഷനെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയിലുള്ളൊരു സോഫ്റ്റ്വയര്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് കമ്മീഷന്‍ ചെയര്‍മാന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അക്കാര്യത്തില്‍ വിശദമായ ഒരു രൂപരേഖ നല്‍കുന്ന മുറയ്ക്ക് സര്‍ക്കാര്‍ അക്കാര്യം പരിശോധിക്കും. അതുവഴി വിവരാവകാശ നിയമം കൂടുതല്‍ പേരിലെത്തിക്കാന്‍ നമുക്ക് കഴിയും. ഈ സംവിധാനം നമുക്ക് ശക്തമാക്കിയേ പറ്റൂ. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍തന്നെ വിവരാവകാശ നിയമത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കും. വിവരാവകാശ നിയമം കൂടുതല്‍ പേരില്‍ എത്തിക്കുവാന്‍ കൂടുതല്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തും.

ഒരു ഭരണകൂടം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്. അതുകൊണ്ടുതന്നെ, ജനങ്ങള്‍ നല്‍കിയ നികുതിപ്പണത്തിന്റെ വിനിയോഗത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. ഇന്നലെകളില്‍ അതീവരഹസ്യമായി ചെയ്തിരുന്ന പല കാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാനും അതുവഴി അഴിമതിക്കാരെ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടാനും കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുവാനും ഈ നിയമത്തിലൂടെ ജനങ്ങള്‍ക്ക് കഴിഞ്ഞു. വിവരാവകാശ നിയമത്തിന്റെ പ്രസക്തി, അതുകൊണ്ടുതന്നെ, ശക്തമായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകും.

മന്ത്രിസഭാ തീരുമാനം ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിക്ക് ലഭിച്ച അന്ന് തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് സെക്രട്ടറിയേറ്റ് മാന്വലില്‍ പറയുന്നത്. അതേസമയം തീരുമാനങ്ങള്‍ 48 മണിക്കൂറിനകം സര്‍ക്കാര്‍ ഉത്തരവുകളാവണമെന്നും ഗവണ്‍മെന്‌റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശമുണ്ട്. ഇതിനായി സെക്രട്ടറിയേറ്റ് മാന്വല്‍ ഭേദഗതി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മേയ് 25 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള 363 മന്ത്രിസഭാ തീരുമാനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതില്‍ 36 എണ്ണം നടപ്പായിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. ജൂലായ് നാല് മുതലുള്ള മന്ത്രിസഭാ യോഗങ്ങള്‍ എടുത്ത 293 തീരുമാനങ്ങളിലാണ് നടപ്പാകാത്ത തീരുമാനങ്ങളുള്ളത്. വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് പബ്ലിക് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ബിവിഎസ് മണി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. എന്തുകൊണ്ട് മന്ത്രിസഭാ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകളായില്ല എന്ന് ബന്ധപ്പെട്ട വകുപ്പില്‍ തന്നെ അന്വേഷിക്കണമെന്ന് മറുപടിയില്‍ പറയുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന വിവരാവകാശ നിയമം ജനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഇന്ന് കേരളം. വിവിധ വിവരാവകാശ സംഘടനകളും കൂട്ടായ്മകളും കേരളത്തില്‍ രൂപം കൊണ്ടു. മാധ്യമ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയവരാണ് ഇവിടെ ഏറ്റവും കൂടുതല്‍ നിയമം പ്രയോജനപ്പെടുത്തുന്നത്. വിവരാവകാശ ബന്ധപ്പെട്ട് രാജ്യത്തുണ്ടായിട്ടുള്ള സുപ്രധാനമായ പല കോടതിവിധികളും കേരളത്തിലെ വിവരാവകാശ പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് എന്നതും ശ്രദ്ധേയമാണ്.

ആര്‍ടിഐ സെക്ഷന്‍ 8 (1) ഐയില്‍ പറയുന്ന ഒഴിവാക്കപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ഒഴിച്ചുള്ള
എല്ലാ പൊതുവിവരങ്ങളും വിവരാവകാശ പ്രകാരം 30 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് നിയമം. പൊതുരംഗത്ത് പല മേഖലകളിലും ചെറിയ തോതിലെങ്കിലും സുതാര്യത കൊണ്ടുവരാന്‍ വിവരാവകാശ നിയമത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനെ വിവിധ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും പലപ്പോഴും പ്രഹസനമായി മാറ്റുന്ന അവസ്ഥയുണ്ട്. വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുകയും അനാവശ്യമായി രാജ്യസുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചും മറ്റും തടസവാദങ്ങളും ഒഴിവ് കഴിവുകളും നിരത്തുന്ന പ്രവണതയുണ്ട്. നിയമം നടപ്പില്‍ വന്ന് 120 ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ ഓഫീസുകളും തങ്ങളുടെ കൈവശമുള്ള എല്ലാ രേഖകളുടേയും പട്ടികയും സൂചികയും തയ്യാറാക്കണമെന്നും പരമാവധി വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കണമെന്നും സ്വമേധയാ പരസ്യപ്പെടുത്തണമെന്നുമാണ് സെക്ഷന്‍ 4ല്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ നിയമം നടപ്പില്‍ വന്ന് 11 വര്‍ഷം കഴിഞ്ഞിട്ടും സെക്ഷന്‍ 4 നടപ്പാക്കാനായിട്ടില്ല.

പ്രതിരോധം, വിദേശത്ത് നിന്നുള്ള രഹസ്യ വിവരങ്ങള്‍ ഇത്തരം കാര്യങ്ങളൊന്നും സംസ്ഥാന സര്‍ക്കാരിന്‌റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളല്ല. പിന്നെ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മുന്നോട്ട് വയ്ക്കുന്ന ആശങ്ക എന്താണെന്ന് മനസിലാകുന്നില്ല. പൊതുതാല്‍പര്യമുള്ള വിഷങ്ങള്‍ മാത്രമേ സര്‍ക്കാര്‍ തീരുമാനമാകുന്നുള്ളൂ. മന്ത്രിസഭാ തീരുമാനങ്ങളില്‍ സ്വകാര്യ താല്‍പര്യങ്ങളുടേയോ വ്യക്തിഗത താല്‍പര്യങ്ങളുടേയോ പ്രശ്‌നം വരുന്നില്ല. അപ്പോള്‍ പിന്നെ മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ സംബന്ധിച്ച് മറച്ച് വയ്ക്കാനെന്താണുള്ളത്‌?

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍