UPDATES

സമചിത്തതയുള്ളവര്‍ ചെയ്യാത്തതാണ്‌ സഹകരണ മേഖലക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

സമചിത്തതയുള്ളവര്‍ ചെയ്യാത്ത കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയോട് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടി സഹകരണ മേഖലയെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്. സഹകരണ ബാങ്കുകളില്‍ ഉള്ളത് സാധാരണക്കാരന്‍റെ പണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിന് മുന്നില്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

സഹകരണ നടപടിക്കെതിരായ നടപടി സാധാരണമല്ല. സമചിത്തതയുള്ള ഭരണാധികാരി ഇത്തരം നടപടി എടുക്കില്ല. സഹകരണ ബാങ്കുകളില്‍ ഉള്ളത് സാധാരണക്കാരന്റെ പണമാണ്. സംസ്ഥാനത്തെ കര്‍ഷകരുടെയും ചെറുകിട വ്യവസായികളുടെയും സാധാരണക്കാരുടെയും ആവശ്യങ്ങള്‍ക്ക് എന്നും ഒപ്പം നിന്നത് സഹകരണ ബാങ്കുകളാണ്. ഒറ്റയടിക്ക് ഒരു ബാങ്ക് ഇല്ല എന്ന് പ്രഖ്യാപിക്കലാണോ ഒരു ഭരണാധികാരി ചെയ്യേണ്ടതെന്നും പിണറായി ചോദിച്ചു.

ഗണേഷ് ബീഡി കമ്പനി പൂട്ടിപ്പോയപ്പോള്‍ തൊഴിലാളി സമരമുണ്ടായി. അന്ന് കര്‍ണാടകയിലെ ബീഡി മുതലാളിമാര്‍ക്ക് വേണ്ടി സമരക്കാരെ കായികമായി നേരിടാനാണ് ആര്‍എസ്എസ് ശ്രമിച്ചത്. കേരളത്തിന്റെ വളര്‍ച്ചയില്‍ ഒരു പങ്കും ആര്‍എസ്എസിന് വഹിക്കാനായിട്ടില്ല. എന്നാല്‍ സംസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ അവര്‍ പങ്ക് വഹിക്കുന്നുണ്ട്.

പ്രതിപക്ഷ നേതാക്കള്‍ ഇന്നലെ സംസാരിച്ചു. സഹകരണ മേഖല നേരിടുന്ന അതീവ ഗൗരവത്തോടെയാണ് അവരും കാണുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികളുടെ കൂടെനില്‍ക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. പല കാര്യങ്ങളും അവര്‍ ഉന്നയിച്ചു. അതിലെല്ലാം യോജിച്ച നിലപാടാണ് സര്‍ക്കാരിന് ഉണ്ടായത്. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായാണ് കേരളം അണിനിരക്കുന്നത്. ഇന്ന് വൈകുന്നേരം പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. 21ന് സര്‍വകക്ഷി യോഗം ചേരും. ഇതില്‍ നമ്മള്‍ ഒന്നിച്ച് നില്‍ക്കേണ്ടതുണ്ട്, രാഷ്ട്രീയ ദുഷ്ടലാക്കോടെ ഒരുമ്പെട്ടുവരുന്ന ശക്തികളെ തിരിച്ചറിഞ്ഞ് അവരെ പരാജയപ്പെടുത്താന്‍ കഴിയണം. സഹകരണ മേഖലയെ അതിന്റെ യശസ്സോടെ സംരക്ഷിക്കാന്‍ കഴിയണം. അതിനാണ് സമരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിഎസ് അച്യുതാനന്ദനും പ്രതിഷേധ സമരത്തിനെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കാൽനടയായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹ വേദിയിലെത്തിയത്. ഇന്നു രാവിലെ 10 മുതൽ 5 വരെയാണ് സത്യഗ്രഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍